അഴിമതിയുടെ കൂമ്പാരമേഘങ്ങൾക്ക് താഴെ വിറച്ചും വിറങ്ങലിച്ചും

JULY 8, 2026, 9:28 AM

സി.പി.എമ്മിൽ രണ്ടാംനിര നേതാക്കളുടെ മണ്ണിടിച്ചിൽ ഭീഷണിയിൽ വിറങ്ങലിച്ച് പിണറായിയും ഗോവിന്ദനും. പാർട്ടിയുടെ 'റെഡ്‌ഫോർട്ടാ'യി അറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ അണികളുടെ കൂമ്പാരമേഘക്കസർത്ത്. പാർട്ടിയിലെ ഈ കൂട്ടപ്പൊരിച്ചിൽ മൂലം കൈകാലിട്ടടിക്കുന്ന ഒന്നാംനിര നേതാക്കളിൽ പലരും എപ്പോൾ വേണമെങ്കിലും പിണറായി-ഗോവിന്ദ ദ്വയങ്ങളെ കൈവിടുമെന്ന രീതിയിലാണ് കാര്യങ്ങൾ.

നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി ലോക തോൽവിയാണെന്നു നേതാക്കൾ മാത്രമല്ല അണികളും പറഞ്ഞുതുടങ്ങി. എല്ലാം 'വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാര വേല' യെന്ന പിണറായിയുടെ നിയമസഭയിലെ ന്യായീകരണത്തിനു പിന്നാലെയാണ് കണ്ണൂർ ടി.വി. ചാനലിൽ എം.വി.ജയരാജന്റെ പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്തത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് പാർട്ടിയുടെ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഈ അഭിമുഖത്തിൽ ഏറ്റുപറഞ്ഞു.

ഇതോടൊപ്പം വിമതരായി പയ്യന്നൂരിൽ ജയിച്ച കെ.കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പിൽ ജയിച്ച ടി.കെ. ഗോവിന്ദനും തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന ഓഫർ കൂടി ജയരാജൻ മുന്നോട്ടുവയ്ക്കുകയുണ്ടായി. ജയരാജന്റെ അഭിമുഖത്തിനു തൊട്ടു പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചന്തി പൊള്ളിചാടിയെഴുന്നേറ്റ് മാധ്യമങ്ങൾക്ക് മുന്നിലെത്തി ജയരാജനെ തള്ളിപ്പറഞ്ഞു.

vachakam
vachakam
vachakam

ഏതോ പ്രാദേശിക ചാനലിൽ പറഞ്ഞതിനു മറുപടി പറയേണ്ട കാര്യം ''എനക്കില്ലെങ്കിലും'' ജയരാജന്റെ നിലപാടല്ല പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് ഗോവിന്ദൻ വെട്ടിത്തുറന്നു പറഞ്ഞു. 'വർഗവഞ്ചകർ' എന്ന സൂപ്പർലേറ്റീവ് ഡിഗ്രിയിൽ തന്നെയാണ് ഇപ്പോഴും വിമതരായി ജയിച്ച സുധാകരനും കുഞ്ഞിക്കൃഷ്ണനും ഗോവിന്ദനുമെന്നായിരുന്നു പാർട്ടി സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചത്.

സൈദ്ധാന്തികനല്ല, പൊട്ടൻ! 

''നിങ്ങൾ മാധ്യമങ്ങളാണ് ഗോവിന്ദനെ വലിയ സൈദ്ധാന്തികനാക്കുന്നത്. വെറും പൊട്ടനാണ് പാർട്ടി സെക്രട്ടറിയായ ഗോവിന്ദൻ. എം.വി.ജയരാജൻ ചാനൽ അഭിമുഖത്തിൽ എന്റെ പേര് പറയാതിരുന്നിട്ടും, എം.വി.ഗോവിന്ദൻ എന്റെ പേര് കൂടി മാധ്യമങ്ങൾക്കു മുമ്പിൽ ഉൾപ്പെടുത്തിയത്  എന്തിനെന്ന്  അറിയില്ല. ജയരാജൻ എന്റെ പേര് പറയുകയുണ്ടായില്ല. എന്നെ പാർട്ടി പുറത്താക്കിയതല്ല, ഞാൻ അംഗത്വം പുതുക്കാതെ പാർട്ടിവിട്ടു പോരുകയല്ലേ ചെയ്തത്?

vachakam
vachakam
vachakam

'വർഗം' എന്താണെന്ന് അറിയാത്ത ഗോവിന്ദനാണ് ഞാനടക്കമുള്ളവരെ വർഗവഞ്ചകനെന്നു വിശേഷിപ്പിക്കുന്നത്! ഗോവിന്ദനെ ആ കേസരയിൽ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നാണ് എന്റെ അഭിപ്രായം.''  ഈ വാക്കുകളത്രയും ജി.സുധാകരന്റേതാണ്. സ്വന്തം സഹോദരൻ രക്തസാക്ഷിയായി മാറിയ കേസ് വാദിക്കാൻ പറമ്പിലെ പുളിമരം വെട്ടി വിറ്റ കുടുംബമാണ് സുധാകരന്റേത്. ഇത്തരം നേതാക്കളെ വർഗവഞ്ചകനെന്നെല്ലാം വിളിക്കുന്ന ഗോവിന്ദന് സാമാന്യ രാഷ്ട്രീയബോധം പോലുമില്ലേ? 

ചില നേതാക്കളും അണികളും തനിക്ക് എതിരെ തിരിയാൻ പോകുന്നുവെന്ന ചിന്തയിലാണ് പിണറായി സ്വയരക്ഷയ്ക്കായി ഗോവിന്ദനെ കൂട്ടുപിടിച്ചത്. തളിപ്പറമ്പിൽ ജയിച്ച വിമത എം.എൽ.എ. ടി.കെ.ഗോവിന്ദൻ പിണറായിയുടെ അടുത്ത ബന്ധുവാണ്. ഏതായാലും പിണറായിയെ ചുറ്റുമുള്ള 'കോക്കസ്' കുഴിയിൽ ചാടിച്ചതാണെന്നാണ് ടി.കെ.ജി.യും മറ്റും വിശ്വസിക്കുന്നത്. ഈ ചതിയൻ ചന്തുമാരുടെ കൂട്ടത്തിൽ ഒന്നാമനാണ് പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി യെന്നും അവർ കരുതുന്നു.

എങ്ങനെയും പിണറായിയിൽ നിന്ന് ഗോവിന്ദനെ വേർപെടുത്തി 'ശത്രുസംഹാരം' നടത്താമെന്ന് ഒരിക്കൽ കണ്ണൂരിലെ വിമതർ ചിന്തിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ ഇണപിരിയാത്ത സയാമീസ് ഇരട്ടകളാണിപ്പോൾ പിണറായിയും ഗോവിന്ദനും. പിണറായി ദേശീയ സെക്രട്ടറിയായി അവരോധിച്ച എം.എ.ബേബി പോലും ഇപ്പോൾ ഇരുവർക്കുമെതിരെ തിരിഞ്ഞുകഴിഞ്ഞു. 'ഇ.എം.സി.ന്റെ ലോക'മെന്ന ടൈറ്റിലിൽ നടത്തിവന്ന സെമിനാറുകളിലെല്ലാം തന്നെ വാക്കുകൾ കൊണ്ട് പരോക്ഷമായി സ്വരാജും ബേബിയുമെല്ലാം അരങ്ങിലെത്തിച്ചത് 'പിണറായി ഗോവിന്ദൻ വധം' ബാലെയാണ്.

vachakam
vachakam
vachakam


സഖാവേ, പിന്നെയും പിന്നെയും 'പണി' യോ

പിണറായി സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തുവെന്ന് സി.പി.ഐ.ക്കാരനായ അഡ്വ.ജയശങ്കർ പോലും ഇപ്പോഴും നവ മാധ്യമങ്ങളിൽ തള്ളുന്നുണ്ട്. എന്നാൽ ഓരോ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കുമ്പോഴും അതിന്റെ പിന്നിലെ അഴിമതിയുടെ അറ്റത്ത് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കരിങ്കോലങ്ങൾ കാണാൻ കഴിയുന്നുണ്ട്. 

ഈയിടെ വയനാട്ടിലെ മെഡിക്കൽ കോളജിൽ മിന്നൽ സന്ദർശനത്തിനെത്തിയ ആരോഗ്യ വകുപ്പു മന്ത്രി കെ.മുരളീധരൻ സ്ഥിരമായി അടച്ചിട്ടിരുന്ന ചില മുറികൾ തുറന്നു കാണണമെന്ന് ശഠിച്ചു. 20 കോടിയോളം രൂപ വില വരുന്ന വില കൂടിയ സ്‌കാനറുകളും മറ്റും 'പെട്ടി പൊട്ടിക്കാത്ത' അവസ്ഥയിൽ ആ മുറികളിൽ സൂക്ഷിച്ചിരിക്കുകയാണ്! സർക്കാർ ആശുപത്രികളിൽ ഇല്ലാത്ത സൗകര്യം പുറത്തുള്ള സ്വകാര്യ ലാബുകളേ ലഭിക്കൂ. ഈ 'സ്വകാര്യ' ലാബുകൾ മിക്കവാറും ഏതെങ്കിലും പാർട്ടി അനുഭാവിയുടേതോ യൂണിയൻ നേതാക്കളുടെ ബന്ധുക്കളുടെയോ പേരിലാവാം.

ആരോഗ്യവകുപ്പ് മന്ത്രിമാരായ ശൈലജ ടീച്ചറിനെയും വീണാ ജോർജ്ജിനെയുമെല്ലാം പ്രതിക്കൂട്ടിലാകാൻ സാധ്യതയുള്ള കണ്ടെത്തലുകൾ ഈ മുറികളിൽ നിന്ന് മന്ത്രിക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. കോവിഡ് പർച്ചേയ്‌സുകളിലും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ക്രമപ്രകാരമല്ലാത്ത ഇടപെടലുകൾ ഉണ്ടായതായി മുരളീധരൻ സൂചന നൽകിക്കഴിഞ്ഞു.

കണ്ണൂർ വിമാനത്താവളമെന്ന 'വിചിത്ര ശിശു'വും നികുതിപ്പണം കൊള്ളയടിച്ചതിൽ സാരമായ പങ്ക് വഹിച്ചിട്ടുണ്ട്. രേഖകളിൽ കണ്ണൂർ വിമാനത്താവളം സർക്കാർ സ്ഥാപനമാണ്. 87 കോടിയോളം രൂപ സർക്കാർ ഈ വിമാനത്താവള നടത്തിപ്പിനുവേണ്ടി നൽകിയെങ്കിലും ഈ സ്ഥാപനത്തിന്റെ  ഓഡിറ്റ്  ചെയ്യാൻ വിമാനത്താവള അധികൃതർ സന്നദ്ധരല്ല. കണ്ണൂർ വിമാനത്താവള സൊസൈറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പുതിയ സർക്കാർ. 


കണ്ണൂരിലെ 'ദിവ്യ'യും വിഴിഞ്ഞത്തെ 'ദിവ്യ'യും

മുൻമന്ത്രി ജി.കാർത്തികേയന്റെ മരുമകളും നേമത്ത് തോറ്റ കെ.എസ്.ശബരീനാഥിന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യർ പിണറായിയുടെ മാത്രമല്ല, മുൻ മുഖ്യന്റെ സെക്രട്ടറിയായ കെ.കെ.രഗേഷിന്റെയും പ്രധാന 'ആളാ' യിരുന്നു. അദാനി വിഴിഞ്ഞത്തെ ഓഹരികൾ എം.എൻ.സി.ക്ക് വിൽക്കാൻ പോകുന്ന കാര്യം പിണറായിക്കും ദിവ്യയ്ക്കുമറിയാമായിരുന്നു. ഈ കരാർ സംബന്ധിച്ച വാർത്ത പാർട്ടി പത്രത്തിൽ 2026 ജൂൺ 5ന് പ്രസിദ്ധീകരിച്ചിരുന്നു.

ബുധനാഴ്ച വിഴിഞ്ഞം കരാറിന്റെ പേരിൽ തന്നെ അദാനി പക്ഷക്കാരനായി മുദ്ര കുത്താനുള്ള ദേശാഭിമാനി ലേഖകന്റെ തത്രപ്പാടിൽ മുഖ്യമന്ത്രി സതീശൻ ഈ 'കള്ളക്കളി' മാധ്യമങ്ങൾക്കു മുമ്പിൽ പൊളിച്ചു. പുതിയ സർക്കാർ പോലും അറിയാത്ത കരാറിനെപ്പറ്റി ദേശാഭിമാനിക്ക് എങ്ങനെ വിവരം കിട്ടിയെന്ന ചോദ്യത്തിന് മറുപടി നൽകാൻ ദേശാഭിമാനി ലേഖകന് കഴിഞ്ഞില്ല.

അദാനി വിഴിഞ്ഞം പദ്ധതി നടത്തിപ്പുകാർ മാത്രമാണെന്നും തുറമുഖത്തിന്റെ സമ്പൂർണ്ണ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണെന്നും സതീശൻ പറഞ്ഞു. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആഴങ്ങളിലും രണ്ടാം പിണറായി സർക്കാർ വക അഴിമതിയുടെ അസ്ഥികൂടങ്ങൾ കിടപ്പുണ്ടാവുമെന്ന സന്ദേഹത്തിലാണ് മാധ്യമങ്ങൾ.

നുണകളുടെ തുരങ്കം തീർത്തവർ...

വയനാട്ടിലെ മണ്ണിടിച്ചിൽ പുതിയ ഭരണകൂടത്തിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ സി.പി.എമ്മിന്റെ സൈബർ പോരാളികൾ നിരന്തരം ശ്രമിച്ചുവരികയാണ്. എത്രത്തോളം ഈ പ്രശ്‌നത്തിൽ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി ഇടതുപക്ഷം ശ്രമിച്ചുവോ, അതിന്റെ ഇരട്ടി ശക്തിയിലാണ് ഭരണപക്ഷം സഖാക്കളെ കുഴിയിൽ വീഴ്ത്തുന്നത്. പരിസ്ഥിതി സംബന്ധിച്ചും, അവിടെ വസിക്കുന്നവരെ സംബന്ധിച്ചുമുള്ള നുണകൾ കേന്ദ്രത്തിനു മുമ്പിലും സുപ്രീം കോടതിക്കു മുമ്പിലും ഇടതു സർക്കാർ അവതരിപ്പിച്ചുവെന്നത് ഇപ്പോൾ വാർത്തയായിക്കഴിഞ്ഞു. 

അപകടമുണ്ടായ പ്രദേശം 2018ൽ ഉരുൾ പൊട്ടലുണ്ടായ പുത്തുമലയിൽ നിന്ന് വെറും 800 മീറ്റർ മാത്രം അകലെയാണ്. 5 കിലോമീറ്റർ ചുറ്റളവിലുള്ള പരിസ്ഥിതി ദുർബല മേഖലയ്ക്കുള്ളിലാണ് കള്ളാടിയും. 2022 മേയിൽ ഈ പ്രദേശം പരിസ്ഥിതി ലോല പട്ടികയിൽ പെടില്ലെന്ന് ഇടതു സർക്കാർ കേന്ദ്രത്തിന് എഴുതി നൽകിയതാണ്. ഇരട്ട തുരങ്കപ്പാതയുടെ മുമ്പിലെ 60 മീറ്റർ വ്യാസമുള്ള ഭാഗത്തുനിന്നാണ് ഇപ്പോൾ മണ്ണെടുത്തിട്ടുള്ളത്.

തുരങ്കപ്പാത നിർമ്മിക്കുന്ന ദേശത്തെ മുകൾപ്പരപ്പിൽ 32 ആദിവാസി ഊരുകളുണ്ട്. 1960 മുതൽ ഈ പ്രദേശം പൂർണ്ണമായും 'പരിസ്ഥിതിലോല' മെന്ന് ജിയോളജി വകുപ്പ് രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുള്ളതാണ് ഈ സ്ഥലം. അന്നത്തെ മുഖ്യമന്ത്രിയും പി.ഡ.ബ്ലി.യു.ഡി. മന്ത്രിയും ചേർന്ന് 'പച്ച നുണ' പറഞ്ഞാണ് കേന്ദ്രസർക്കാരിൽ നിന്ന് തുരങ്ക നിർമ്മാണത്തിനുള്ള അനുമതി നേടിയത്. 

ഇരട്ടതുരങ്കപ്പാത നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ 60 ഇന ഉപാധികൾ മുന്നോട്ടുവച്ചിരുന്നു. ഇതൊന്നും പാലിച്ചില്ലെന്നത് പിണറായി സർക്കാരിന്റെ വീഴ്ചയാണ്. ഏതായാലും കേന്ദ്രസർക്കാരിന്റെ മുമ്പിലും സുപ്രീംകോടതിക്കു മുമ്പിലും വസ്തുതകൾ മറച്ചുവെച്ച കാര്യവും ഇപ്പോൾ യു.ഡി.എഫ്. സർക്കാർ അന്വേഷിക്കുവാൻ ഒരുങ്ങുകയാണ്. വിശദമായ പഠനങ്ങൾക്ക് ശേഷമേ തുരങ്കപ്പാത നിർമ്മാണം പുനരാരംഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. 

നവോത്ഥന നായകൻ, വികസന നായകൻ, ഇരട്ട ചങ്കൻ തുടങ്ങിയ കോമള പദാവലികൾ കൊണ്ടുള്ള കിരീടങ്ങൾ ഓരോന്നായി കളർ പോയി വികൃതമാകുമ്പോൾ, സി.പി.എമ്മിനെ ഇപ്പോഴും നെഞ്ചേറ്റുന്ന സഖാക്കൾ അമ്പരന്നുനിൽക്കുന്നു. എവിടെ അഴിമതിയുണ്ടോ, അവിടെ ഞങ്ങളുടെ സഖാക്കളുണ്ടെന്ന മട്ടിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതു നോക്കി വണ്ടറടിച്ച് നിൽക്കുകയാണ് ഇടതുപക്ഷ ചിന്താഗതി ഇനിയും കൈമോശം വരാത്ത എല്ലാവരും തന്നെ'.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam