വാവിട്ട വാക്കും പെട്ടിയിലായ വോട്ടും 

APRIL 8, 2026, 2:13 PM

കേരളത്തിൽവോട്ടെല്ലാം പെട്ടിയിലായിക്കഴിഞ്ഞു. ആന കുത്തിയാൽ അതിൽ ഇളക്കമുണ്ടാവില്ല. പക്ഷേ ജനമനസ്സിലെന്ത് എന്നറിയാൻ ഇനിയും മാസമൊന്നു കാത്തിരിക്കണം. കാരണം ബംഗാളും ആസാമും തമിഴ്‌നാടും അടക്കംവേറെയും സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. പലേടത്തും അക്രമം പതിവായി നടക്കുന്നതാണ്. അതിനാൽ ഒന്നിച്ചു ഒറ്റയടിക്കൊരു തെരഞ്ഞെടുപ്പു സാധ്യമല്ല. എന്നാൽ വോട്ടെണ്ണൽ ഒന്നിച്ചേ നടത്താൻ പറ്റൂ. അതിനാൽ വോട്ടെടുപ്പെല്ലാം കഴിഞ്ഞു മെയ് അഞ്ചിന് പെട്ടി തുറക്കും വരെ കാത്തിരിക്കണം. അതിനിടയിൽ കൂട്ടലും കിഴിക്കലും തകൃതിയായി നടത്തുകയുമാവാം. 

അവകാശവാദങ്ങൾ അരങ്ങു തകർക്കുകയാണ്. കേരളത്തിൽ തങ്ങൾ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചുവരും എന്നാണ് സി.പി.ഐ(എം)നേതൃത്വത്തിലുള്ള  ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെനേതാക്കളും പറയുന്നത്. പിണറായി വിജയൻ ഭരണത്തെപ്പറ്റി ജനങ്ങൾക്ക് ഒരു പരാതിയും ഇല്ല. കിറ്റ്‌വേണ്ടവർക്ക് കിറ്റ്; കള്ള്‌വേണ്ടവർക്ക് കള്ള്; വീടുവേണ്ടവർക്കു വീട്; റോഡ് വേണ്ടവർക്ക് റോഡ്; പാലം വേണ്ടവർക്ക് പാലം... മഹാബലിയുടെ  ഭരണശേഷം ഇങ്ങനെയൊരു സൽഭരണം കേരളനാട് കണ്ടിട്ടില്ല എന്നാണ് സഖാക്കൾ ആണയിട്ടു പറയുന്നത്.

അതിനാൽ ജനങ്ങൾക്കു മറിച്ചൊന്നു ചിന്തിക്കാൻ യാതൊരു കാരണവുമില്ല. അങ്ങനെ ചെയ്യാൻ അവർക്കു അവകാശവുമില്ല. അഥവാ അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അതു നന്ദികേടാവും എന്ന് സഖാക്കൾ ജനങ്ങളെ അല്പം ഭീഷണി സ്വരത്തിൽ ഓർമിപ്പിക്കുന്നുമുണ്ട്.
കിറ്റും കാശും ജോലിയും കൂലിയും വാങ്ങി നന്ദികേട് കാണിച്ചാൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും പാർട്ടിക്കറിയാം. സഖാവ് പിണറായി വിജയൻ അത്തരക്കാർക്കു നൽകിയിരിക്കുന്ന നാമധേയം 'കുലംകുത്തി' എന്നതാണ്. പണ്ട് പാർട്ടിയിൽ നിന്ന് തെറ്റിപ്പോയി ഒഞ്ചിയത്ത് വേറെ പാർട്ടിയുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരൻ എന്ന സഖാവിനു പിണറായി കല്പിച്ചനുവദിച്ച നാമധേയമാണത്.

vachakam
vachakam
vachakam

പക്ഷേ എല്ലാ നന്ദികെട്ടവർക്കും ഈപേര് നൽകാറില്ല. അത് കൊടിയ നന്ദികേടുകാർക്കു മാത്രം റിസർവ് ചെയ്യപ്പെട്ട ഡബിൾ എ പ്ലസ് നാമമാണ്. അവർക്കാകട്ടെ, മരിച്ചാലും കുലകുത്തി പദവിയിൽ നിന്ന് മോചനവുമില്ല. ഒരിക്കൽ കുലംകുത്തി പട്ടം അനുവദിച്ചു കിട്ടിയാൽ കല്പാന്തകാലത്തോളം പ്രസ്തുത പദവി അവർക്കും അവരുടെ അനന്തര തലമുറകൾക്കും ഉള്ളതാകുന്നു. അതായതു മലയാള രാജ്യത്തെ പഴയകാല രാജാക്കന്മാർ ഭൂമിയും മറ്റു അവകാശങ്ങളും സാമന്തന്മാർക്കു ചാർത്തിക്കൊടുക്കുന്ന സമയത്തു ഉപയോഗിച്ചു വന്ന ഒരു ശൈലി ഇവിടെ ജനാധിപത്യ കാലത്തും ബാധകമാണ് എന്നർത്ഥം.

അതായതു സൂര്യചന്ദ്രന്മാർ ഉള്ള കാലത്തോളം ഈ അവകാശവും പദവിയും നിങ്ങൾക്കും നിങ്ങളുടെ അനന്തര തലമുറകൾക്കും ഉള്ളതാകുന്നു. അതിനെ സസന്തോഷം ഏറ്റുവാങ്ങി അനുഭവിച്ചു കൊൾക! വർണശബളമായ നാമധേയങ്ങളും പദവികളും കല്പിച്ചു കൊടുക്കുന്ന കാര്യത്തിൽ കേരളത്തിന്റെ ഭരണാധികാരി പിണറായി വിജയൻ സാമൂതിരി തമ്പുരാക്കന്മാരേക്കാൾ ഉദാരനാണ്. തന്റെ ഇഷ്ടകഥാപാത്രങ്ങൾക്കു സ്ഥാനമാനങ്ങളും പദവികളും എന്തിനു ഭൂമിപോലും യഥേഷ്ടം ചാർത്തിക്കൊടുക്കാൻ അദ്ദേഹം ഒരു മടിയും കാണിച്ചിട്ടില്ല.

ഹിന്ദുത്വ  സ്വാമിയാരായി നടക്കുന്ന ശ്രീ എം എന്ന കക്ഷി തനിക്കുവേണ്ടി ചെയ്ത സേവനത്തിനു പകരമായി തിരുവനന്തപുരം നഗരിയിൽ കണ്ണായ സ്ഥലത്തു ഭൂമി ചാർത്തി നൽകിയാണ് അദ്ദേഹം അനുഗ്രഹം ചൊരിഞ്ഞത്. വേറെയും ധാരാളം പേർക്ക് അദ്ദേഹത്തിന്റെ ഇഷ്ടദാനം കാര്യമായി ലഭിക്കുകയുണ്ടായി. അവരെല്ലാം അദ്ദേഹത്തെ രാവും പകലും പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. മന്നവേന്ദ്രാ വിളങ്ങുന്നൂ, ചന്ദ്രനെപ്പോലെ നിന്മുഖം! 

vachakam
vachakam
vachakam

എന്നാൽ ശ്രീ എം മുതൽ മമ്മുട്ടി വരെയുള്ള മഹാരഥന്മാർക്കു കിട്ടിയ പരിഗണനയല്ല പതിറ്റാണ്ടുകൾ കൂടെ നിന്ന എൻ.കെ. പ്രേമചന്ദ്രൻ മുതൽ ജി. സുധാകരൻ വരെയുള്ള സഖാക്കൾക്ക് കിട്ടിയത്. പ്രേമചന്ദ്രൻ ആർ.എസ്.പി എന്ന പാർട്ടിയിൽ ആണെങ്കിലും എന്നും ഇടതുപക്ഷ മുന്നണിയുടെ കരുത്തനായ പോരാളിയും വക്താവും ആയിരുന്നു. പാർലമെൻറ്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു ജയിച്ചുവന്ന കൊല്ലം സീറ്റ് പിണറായിയും പാർട്ടിയും പിടിച്ചെടുത്തപ്പോൾ പ്രേമചന്ദ്രനും പാർട്ടിയും തെറ്റിപ്പിരിഞ്ഞു. കൊല്ലത്തു അദ്ദേഹം യു.ഡി.എഫ് പിന്തുണയിൽ തെരഞ്ഞെടുപ്പിൽ നിന്നനേരത്താണ് അശരീരി പോലെ ആ പ്രഖ്യാപനം അന്തരീക്ഷത്തിൽ മുഴങ്ങിയത് 'പരനാറി'!കേട്ട കൊല്ലത്തുകാർ മൂക്കത്തു വിരൽ വെച്ചു.

പ്രേമചന്ദ്രനെ അവർക്കു നന്നായറിയാം. നന്നായി കുളിച്ചു പൗഡർ ഇട്ട് ഇസ്തിരിയിട്ട വസ്ത്രം മാത്രം ധരിച്ചു പുറത്തിറങ്ങുന്ന പ്രേമചന്ദ്രൻ പരനാറിയോ? അത്ഭുതം! അവർക്കു അത് ബോധിച്ചില്ല. ഫലം, പിണറായിയുടെ പാർട്ടിക്കവേണ്ടി കൊല്ലത്തു തെരഞ്ഞെടുപ്പിനു നിന്ന എം.എ.ബേബി എട്ടുനിലയിൽ പൊട്ടി. ചിലർ പറയുന്നത്, പരനാറി പ്രയോഗം നടത്തുമ്പോൾ യഥാർഥ ലക്ഷ്യം അതുതന്നെയായിരുന്നു എന്നാണ്. അല്ലെങ്കിൽ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നു കൂട്ടിക്കോളൂ... അതൊന്നും സഖാവ് പിണറായിയെ ബാധിക്കുന്ന വിഷയമല്ല.

പുള്ളിക്കാരനെ തോൽപ്പിക്കാനും  കഴിയില്ല. അദ്ദേഹം ധർമ്മടത്തു മാത്രമേ മത്സരിക്കുകയുള്ളൂ. വേറെ സ്ഥലത്തുപോയി മത്സരിച്ചു തടികേടാക്കാൻ അദ്ദേഹം ബേബിയെപ്പോലെ പൊട്ടനല്ല. 
ഇപ്പോൾ വെറും വഞ്ചകൻ ആയി മാറിയ ജി. സുധാകരൻ അറുപതുകൾ മുതൽ പിണറായിയുടെ സ്വന്തം സഖാവ് ആയിരുന്നു. തലശ്ശേരി ബ്രെണ്ണൻ കോളേജിൽ പഠിക്കുമ്പോൾ ആർ.എസ്.എസ് വിദ്യാർഥികൾ കുലകുലയായി തൂക്കിയിട്ട കത്തികൾക്കു കീഴിലൂടെ തലയുയർത്തി ധീരതയോടെ നടന്നുപോയ കക്ഷിയാണ് പിണറായി എന്ന് ചിലർ പറയുന്നുണ്ട്. അന്ന് ബ്രണ്ണൻ കോളേജിൽ കൂടെപ്പഠിച്ച പലരും ഇന്ന് തലശ്ശേരിയിലും കോഴിക്കോട്ടും ഒക്കെയായി ജീവിക്കുന്നുണ്ട്.

vachakam
vachakam
vachakam

അവരിൽ പലരോടുചോദിച്ചിട്ടും ഇങ്ങനെയൊരു സംഭവം അവരാരും ഓർമിക്കുന്നല്ല. സത്യത്തിൽ ബ്രെണ്ണനിൽ എന്നല്ല അക്കാലത്തു മലബാറിൽ തന്നെ ഒരുകോളേജിലും ആർ.എസ്.എസ് അനുഭാവി വിദ്യാർഥികൾ അത്രയൊന്നും വലിയ ശക്തിയേ ആയിരുന്നില്ല. അവർക്കു സ്വീകാര്യത ലഭിക്കുന്നത് 1977ലെ തെരഞ്ഞെടുപ്പിനുശേഷമാണ്. ആ തെരഞ്ഞെടുപ്പിൽ അവരുടെ കൂട്ടുകാർ പിണറായിയും പാർട്ടിയും ആയിരുന്നു താനും. 

അതാണ് വാക്കും പ്രവർത്തിയും തമ്മിലുള്ള വ്യത്യാസം. കാലം മാറുമ്പോൾ ചരിത്രവും അതിനു അനുസരിച്ചു മാറണം. അല്ലെങ്കിൽ പിന്നെ ചരിത്രത്തിനു എന്ത് പ്രസക്തി? അത് വർത്തമാനത്തെ ദീപ്തമാക്കാൻ ബാധ്യസ്ഥമാണ്. അതിനായി വേണ്ടിവന്നാൽ അല്പം ചില  കൈക്രിയകളും ആകാമെന്ന് പിണറായിയും പാർട്ടിയും കരുതുന്നു. 

ഇതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. മലയാളികൾക്ക് അഭിമാനിക്കാനായി ധാരാളം കുലംകുത്തികളും വഞ്ചകരും പരനാറികളും പ്രത്യക്ഷമായ തെരഞ്ഞെടുപ്പാണിത്. വടക്കു പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനിൽ തുടങ്ങി തെക്കു സുധാകരനും ഐഷാപോറ്റിയും വരെ എത്രയെത്ര വർഗ്ഗവഞ്ചകർ! മുമ്പൊന്നും ഇങ്ങനെ ലോറിക്കണക്കിനു വർഗ്ഗവഞ്ചകർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ശ്വാസംമുട്ടി പുറത്തുവന്ന അനുഭവമില്ല.

അപ്പോൾ ഒരുപക്ഷേ നാറ്റം അകത്തു നിന്നു തന്നെയാണെന്ന് വരമോ? അകം വൃത്തിയാക്കിയിട്ടപോരെ പുറത്തുള്ളവരെയും പുറത്തപോയവരെയും  നാറി എന്നു വിളിക്കുന്നത്? വാവിട്ട വാക്കിനെ തിരിച്ചു വിളിക്കാൻ ഒരു ശക്തിയ്ക്കും സാധ്യമല്ല എന്നോർക്കുന്നതും നല്ലതല്ലേ? 

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam