രാഷ്ട്രപതിയുടെ കേരള വിഷൻ 2010 നു പിന്നാലെ സുനാമി ദിനങ്ങളും

MARCH 19, 2025, 11:36 PM

ഡോ. കലാമിന്റെ മിഷൻ 2010 പലതരത്തിൽ പഠനവിധേയമാക്കി ഉമ്മൻചാണ്ടി മന്ത്രിസഭ. നിയമസഭയും ചർച്ച ചെയ്തു 13,459 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. അത് പൂർണ്ണമായി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല എന്നത് ഏറെ ദുഃഖത്തോടെയാണ് ഉമ്മൻചാണ്ടി ഓർമിക്കുന്നത്.  

ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയെ സംബന്ധിച്ച് 2005 ജൂലൈ 28 ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. അന്നാണ് ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' കേരളത്തിൽ വന്നതും കേരള നിയമസഭ സന്ദർശിച്ചതും. അതൊരു വെറും സന്ദർശനമായിരുന്നില്ല. അദ്ദേഹം കേരളത്തിന്റെ വികസനത്തിനു വേണ്ടി  മിഷൻ 2010 എന്നൊരു പദ്ധതി തന്നെ അവതരിപ്പിച്ചു. അത് അതുല്യമായ പ്രതിഭാസ്പർശം നിരഞ്ഞു നിന്നതായിരുന്നു.

കുരുന്നുകളെ സ്വപ്‌നം കാണാൻ പഠിപ്പിച്ച ശാസ്ത്രജ്ഞൻ. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീർഘവീക്ഷണമുള്ള രാഷ്ട്രപതി, പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു അദ്ദേഹം. 2002ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ജനകീയ നയങ്ങളാൽ, 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരിൽ പ്രശസ്തനായി.

vachakam
vachakam
vachakam


രാവിലെ കൃത്യം 11ന് തന്നെ നിയമസഭയിൽ കേരളത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പം മിഷൻ 2010 വളരെ മനോഹരമായി അവതരിപ്പിച്ചു. 10 കാര്യങ്ങളാണ് രാഷ്ട്രപതിയുടെ ദർശന രേഖയിൽ ഇടംപിടിച്ചത് അത് നടപ്പാക്കിയാൽ തീർച്ചയായും കേരള വികസനത്തിന് വലിയ മുതൽക്കൂട്ട് ആകുമെന്ന് ഉമ്മൻചാണ്ടിക്ക് തോന്നി. കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ 52 മിനിറ്റ് നീണ്ട പ്രഖ്യാപനം ഇദ്ദേഹം നടത്തി. ഇരു രാഷ്ട്രീയമുന്നണികളും സ്വാഗതം ചെയ്ത ഈ പദ്ധതികൾ പത്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. രാഷ്ട്രപതിക്കൊപ്പം മറ്റു പരിപാടികൾക്കായി കാറിൽ പോകുമ്പോൾ ഉമ്മൻചാണ്ടി ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം ബന്ധപ്പെട്ടവരുടെ യോഗം അന്ന് വൈകിട്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേരാൻ ഏർപ്പാട് ചെയ്തു.

മിഷൻ 2012 നടപടികൾ തുടങ്ങാനായി ഉത്തരവ് തയ്യാറാക്കാനും നിർദ്ദേശം കൊടുത്തു ഉമ്മൻചാണ്ടി. രാഷ്ട്രപതിയുടെ കൂടെ ഇനി കൊച്ചിക്ക് പോകണം ഉമ്മൻചാണ്ടിക്ക്. അതിനായി ലിഫ്റ്റിൽ കയറുമ്പോൾ ആണ് ഓഫീസിൽ നിന്നും കടലാസ് എത്തിയത്. അവിടെ നിന്നുകൊണ്ടുതന്നെ ഉമ്മൻചാണ്ടി ഉത്തരവിൽ ഒപ്പുവച്ചു. തുടർന്ന് പലതരത്തിൽ മിഷൻ 2010 പഠനവിധേയമാക്കി നിയമസഭയും ചർച്ച ചെയ്തു 13,459 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. അത് പൂർണ്ണമായി നടപ്പാക്കാൻ ഉമ്മൻചാണ്ടി സർക്കാരിന് കഴിഞ്ഞില്ല എന്നത് ഏറെ ദുഃഖത്തോടെയാണ് ഉമ്മൻചാണ്ടി ഓർമിക്കുന്നത്. 

vachakam
vachakam
vachakam

തെങ്ങിൽ നിന്ന് നീരയും കപ്പയിൽ നിന്ന് ജൈവ ഇന്ധനവും ഉല്പാദിപ്പിക്കാനുള്ള രണ്ട് പദ്ധതികൾക്ക് ഉടനടി അനുമതി നൽകാൻ ഉമ്മൻചാണ്ടിക്കായി. 20,000 കോടി രൂപയുടെ കേന്ദ്ര നിക്ഷേപം കൊണ്ടുവന്നതായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം തിരുവനന്തപുരം ടെക്‌നോസിറ്റി ആരംഭിച്ചത് പുതിയ സാധ്യതകൾ തുറന്നു. മലയോരപാതയ്ക്കും തുടക്കം കുറിക്കാനായി ഉമ്മൻചാണ്ടിക്ക്.

സുനാമി ദിനങ്ങൾ

2004 ഡിസംബർ 26ന് കേരള തീരങ്ങളെയടക്കം പ്രകമ്പനം കൊള്ളിച്ച സുനാമിക്കുമുന്നിൽ മനുഷ്യർക്ക് നിസഹായനായി നിൽക്കാനെ കഴിഞ്ഞുള്ളു. ഡോ. മൻമോഹൻ സിങ്ങ് ആണ് പ്രധാനമന്ത്രി. ഇത്തരം സന്ദർഭങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയായി  അത് ഇന്നും ഓർമ്മിക്കപ്പെടുന്നു. അങ്ങ് സുമാത്ര തീരത്ത് 8.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ മാരകമായ സുനാമിയിൽ ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടുകയും കൃഷി, കന്നുകാലികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ദിവസം രാഷ്ട്രം ഒരിക്കലും മറക്കില്ല. 

vachakam
vachakam
vachakam

ആന്ധ്രാപ്രദേശിൽ 107, കേരളത്തിൽ 177, തമിഴ്‌നാട്ടിൽ 8009, പോണ്ടിച്ചേരിയിൽ 599, ആൻഡമാൻ  നിക്കോബാർ ദ്വീപുകളിൽ 3513 എന്നിങ്ങനെ 3,00,000ത്തിലധികം മനുഷ്യ ജീവൻ നഷ്ടപ്പെട്ടു. വിദേശത്ത് 14 ഇന്ത്യക്കാർ; ശ്രീലങ്കയിൽ 13, മാലിദ്വീപിൽ ഒന്ന് എന്നിങ്ങനെയും ജീവൻ നഷ്ടപ്പെട്ടു. സുനാമി തിരമാലകൾ മണിക്കൂറിൽ 700-800 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ആഫ്രിക്കയുടെ തീരം വരെ എത്തി. സുമാത്ര തീരത്തിന് തൊട്ടടുത്തുള്ള നിക്കോബാർ ദ്വീപസമൂഹത്തിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. പവിഴപ്പുറ്റുകൾ, മനോഹരമായ തീരപ്രദേശം, കൃഷി, തെങ്ങുകൾ എന്നിവയെല്ലാം ഒലിച്ചുപോയി.

അത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്തുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മുതൽ 1400 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി എന്നീ തീദേശ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യാ ഗവൺമെന്റ് ഉടൻ തന്നെ ദുരിതബാധിത സംസ്ഥാനങ്ങളുമായി ബന്ധപ്പെടുകയും മുമ്പൊരിക്കലും നടന്നിട്ടില്ലാത്തത്ര വലിയ തോതിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വിവരങ്ങൾ ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ നിരീക്ഷണത്തിനും ദുരിതാശ്വാസത്തിനുമായി രണ്ട് വിമാനങ്ങൾ വ്യോമസേനയെത്തി. സുനാമിയിൽ ഗുരുതരമായി തകർന്ന   അയൽരാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവയെ സഹായിക്കാനും ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. സ്വീകരിച്ച അടിയന്തര നടപടികൾ അവലോകനം ചെയ്യുന്നതിനായി ദേശീയ പ്രതിസന്ധി മാനേജ്‌മെന്റ് കമ്മിറ്റി സജീവമാക്കുകയും മൂന്ന് മണിക്കൂറിനുള്ളിൽ യോഗം ചേരുകയും ചെയ്തു. ദുരന്തത്തെ നേരിടാനുള്ള തന്ത്രം വ്യക്തമായി നിർവചിക്കപ്പെട്ടു.

ദ്വീപുകൾ മുതൽ വൻകര വരെയുള്ള സുനാമി ബാധിത പ്രദേശങ്ങളിൽ ആഘാത വിലയിരുത്തലിനായി അടിയന്തര വിലയിരുത്തൽ നടത്തി. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 700 കോടി രൂപ കേന്ദ്ര സർക്കാർ ദുരിതബാധിത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചു. ഇതിൽ തമിഴ്‌നാടിന് 250 കോടി രൂപയും ആന്ധ്രാപ്രദേശിന് 100 കോടി രൂപയും കേരളത്തിന് 100 കോടി രൂപയും പോണ്ടിച്ചേരിക്ക് 50 കോടി രൂപയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് 200 കോടി രൂപയും ഉൾപ്പെടുന്നു. സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഫണ്ടിന്റെ ആവശ്യകതയ്ക്കും മാത്രമല്ല, പ്രശ്‌നബാധിത പ്രദേശങ്ങൾ മനസ്സിലാക്കുന്നതിനും അടിയന്തര ദുരിതാശ്വാസത്തിനായി ജനങ്ങളുടെ ആവശ്യങ്ങൾ അറിയുന്നതിനും എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘങ്ങളെ നിയോഗിച്ചു.

സായുധ സേനയുടെ സഹായത്തോടെ വിപുലമായ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്ര പാരാമിലിറ്ററി സേനകളും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് മെഡിക്കൽ ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ് ടീമുകളും ഇവയെ പിന്തുണച്ചു. മൊത്തത്തിൽ, 20,907 ഉദ്യോഗസ്ഥർ; കരസേനയിൽ നിന്ന് 8,300, നാവികസേനയിൽ നിന്ന് 5,500; വ്യോമസേനയിൽ നിന്ന് 3000; കോസ്റ്റ് ഗാർഡിൽ നിന്ന് 2000, സിപിഎംഎഫിൽ നിന്ന് 2107, 40 കപ്പലുകൾ, 34 വിമാനങ്ങൾ, 42 ഹെലികോപ്റ്ററുകൾ എന്നിവ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി വിന്യസിക്കപ്പെട്ടു. ഇത്രയും വലിയ തോതിലുള്ള ഏകോപിത പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും നടന്നിട്ടില്ല. ഒറ്റപ്പെട്ടുപോയവരെകണ്ടെത്തി രക്ഷപ്പെടുത്തുക; ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുക; താൽക്കാലിക അഭയകേന്ദ്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും നൽകുക എന്നിവയായിരുന്നു അടിയന്തര ആശങ്കകൾ. മൃതദേഹങ്ങൾ വീണ്ടെടുക്കലും സംസ്‌കരിക്കലും ഒരു വലിയ വെല്ലുവിളി ഉയർത്തി.

ആകെ 28,734 പേരെ രക്ഷപ്പെടുത്തി. വിവേകാനന്ദ പാറ സ്മാരകത്തിൽ ഏകദേശം ആയിരം പേർ കുടുങ്ങി. ആദ്യം ഹെലികോപ്റ്ററുകളിലും പിന്നീട് വലിയ ബോട്ടുകളിലും അവരെ രക്ഷപ്പെടുത്തേണ്ടിവന്നു. രക്ഷാപ്രവർത്തനങ്ങൾ രാത്രി മുഴുവൻ തുടർന്നു. ആകെ 6.47 ലക്ഷം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

മൃതദേഹങ്ങൾ വീണ്ടെടുക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്നത് അടിയന്തര ആവശ്യമായിരുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിലും ദ്വീപുകളിലും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും സഹായിക്കുന്നതിനായി സെൻട്രൽ പാരാമിലിറ്ററി ഫോഴ്‌സിലെയും മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെയും ജീവനക്കാരെ നിയോഗിച്ചു. വേഗത്തിലുള്ള സംസ്‌കരണം നേരത്തെയുള്ള ശുചിത്വവൽക്കരണത്തിനും തുടർന്നുള്ള പകർച്ചവ്യാധികൾ തടയുന്നതിനും സഹായിച്ചു.
6.04 ലക്ഷം ആളുകളെ പാർപ്പിക്കുന്നതിനായി ആകെ 930 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു. വൻകരയിൽ രണ്ട് മാസത്തിലധികവും ദ്വീപുകളിൽ ഏകദേശം അഞ്ച് മാസവും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടർന്നു. ദുരിതബാധിതമായ പതിമൂന്ന് ദ്വീപുകളിൽ ആറെണ്ണം പൂർണ്ണമായും ഒഴിപ്പിക്കുകയും ദുരിതബാധിതരായ ആളുകൾ അയൽ ദ്വീപുകളിലേക്കോ പോർട്ട് ബ്ലെയറിലേക്കോ പ്രധാന ഭൂപ്രദേശത്തേക്കോ താമസം മാറ്റുകയും ചെയ്തു.

ഇതിനിടെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് ദുരിതപ്രദേശങ്ങൽ നേരിട്ടുകാണാൻ കേരളത്തിലുമെത്തി. ആ യാത്രയിലുടനീളം ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു. പിന്നീട് രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിസഭ യോഗം ചേർന്നു. വിശദമായി ചർച്ച നടന്നു. 246 കോടി രൂപയുടെ അടിയന്തിര സഹായം അനുവദിക്കുകയും ചെയ്തു. 

ദുരന്ത നിവാരണത്തിനായുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി, 2005 മെയ് 11ന് പാർലമെന്റിൽ ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര നിയമ ബിൽ അവതരിപ്പിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തെ ദുരന്ത നിവാരണ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

(തുടരും)

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam