വ്യത്യസ്തതയെ അടയാളപ്പെടുത്തുന്ന വിശേഷണപദമാണ് മാവെറിക്. ഇലോൺ മസ്‌കിനെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ഈ പദം ബോബി ചെമ്മണ്ണൂരിനും അനുയോജ്യമാണ്. ഇപ്പോൾ ബോചെ എന്നാണ് ബോബി ചെമ്മണ്ണൂർ അറിയപ്പെടുന്നത്. ബോചെയ്ക്കും രാഹുൽ ഈശ്വറിനും എതിരെ ഹണി റോസ് ഉന്നയിക്കുന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി അറിയില്ല. പരാതിക്കാസ്പദമായ പരാമർശം ആവർത്തിച്ചാൽ കുറ്റത്തിന്റെ ആവർത്തനമാകുമെന്നതുകൊണ്ട് വാർത്തയിൽ അവ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.
ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് ബോചെയെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലാക്കിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിലത്ത് പത്രം വിരിച്ച് കിടക്കുന്ന യാത്രക്കാരെപ്പോലെയാണ് ബോചെ ജയിലിൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്കൊപ്പം അഞ്ച് ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയത് എന്ന അറിവ് ഹണി റോസിനെ സന്തോഷിപ്പിച്ചിട്ടുണ്ടാകാം. പരാതിയെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ അറസ്റ്റിലാകുന്ന വ്യക്തിയെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയാണോ എന്ന പൊതുവായ ചോദ്യം തടവിലാകുന്നവരുടെ അന്തസിനെയും അവകാശങ്ങളെയും മുൻനിർത്തി ഞാൻ ഉന്നയിക്കുന്നു. രേഖപ്പെടുത്തപ്പെട്ടതിനെ മാത്രം അടിസ്ഥാനമാക്കി അന്വേഷണവും വിചാരണയും നടക്കേണ്ട കേസിൽ അറസ്റ്റ് തന്നെ അനാവശ്യമാണെന്നിരിക്കേ ജാമ്യം നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?ശിക്ഷയ്ക്കുശേഷം നൽകപ്പെടുന്ന ആനുകൂല്യങ്ങൾ വിചാരണയ്ക്ക് മുമ്പുള്ള ഘട്ടങ്ങളിലും തടവുകാരന് ലഭിക്കണം.
തിഹാർ ജയിലിൽ നിലത്ത് കിടന്ന് മരുന്നുപോലും ലഭിക്കാതെ മരിച്ച ബിസ്‌കറ്റ് രാജാവ് രാജൻ പിള്ളയെ നമ്മൾ മറന്നു. തടവുകാർ പ്രാകൃതമായി കൈകാര്യം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാട് പ്രാകൃതമായ സമൂഹത്തിന്റെ വികൃതമായ മനസ്സിൽനിന്നാണുണ്ടാകുന്നത്. വാക്കാണ് പ്രശ്‌നം. ജീവൽഭാഷയിൽ വാക്കിന് അർത്ഥപരിവർത്തനമുണ്ടാകും. വാക്കിന്റെ അർത്ഥവും അനർത്ഥവും ജയിലിലേക്കുള്ള വഴി തുറക്കുന്നുവെന്ന അവസ്ഥ സംസാരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള മൗലികമായ അവകാശത്തിന്റെ നിഷേധമാണ്. ഫ്രീഡം ഓഫ് സ്പീച്ച് എന്നതിനർത്ഥം ഫ്രീഡം ആഫ്ടർ സ്പീച്ച് എന്നാണ്. സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കുകൾക്ക് ദ്വയാർത്ഥം മാത്രമല്ല നാനാർത്ഥങ്ങൾ ഉണ്ടാകും. അത് ഭാഷയുടെ കരുത്തും സൗന്ദര്യവുമാണ്. സംസാരിക്കുന്നതെല്ലാം നന്നായിരിക്കണമെന്നില്ല.
അശ്‌ളീലമെന്നോ അപകീർത്തികരമെന്നോ രാജ്യദ്രോഹമെന്നോ ദൈവനിന്ദയെന്നോ വിശേഷിപ്പിക്കാവുന്ന വാക്കുകൾകൂടി ചേരുന്നതാണ് ജീവനുള്ള ഭാഷ. ലീലാവതി ടീച്ചർ നല്ലെഴുത്ത് പരിശോധിക്കുന്നതുപോലെ വാക്കുകളുടെ ഗുണദോഷനിർണയം പോലീസ് സ്റ്റേഷനുകളിൽ നടക്കുന്നത് അപകടമാണ്. ശുദ്ധമായ മലയാളത്തിലാണെങ്കിലും പോലീസ് സ്റ്റേഷനുകളിലെ ഭാഷ അത്ര ശുദ്ധമല്ലെന്ന് കേട്ടിട്ടുള്ളവർ പറയുന്നു. അങ്ങനെയുള്ള പോലീസുകാർ ഭാഷാശുദ്ധിയുടെ പരിശോധകരാകുന്ന അവസ്ഥ സംഭ്രാന്തിജനകമാണ്. അപകീർത്തി തുടങ്ങിയ വിഷയങ്ങളെ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് പറയുന്നത് സംസാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലീസിന്റെ ഇടപെടൽ ഒഴിവാക്കുന്നതിനുവേണ്ടിയാണ്.
പക്ഷേ ഭാരതീയ ന്യായസംഹിത ഈ വിഷയത്തിൽ ഒരു മാറ്റവും വരുത്തിയില്ല.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ കൂടുതൽ കാഠിന്യത്തോടെ ഭാരതീയ ന്യായസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉടലറിവിന്റെ നാനാർത്ഥങ്ങളിൽ വ്യാപരിച്ച ബോചെയുടെ ദ്വയാർത്ഥപ്രയോഗം എന്തെന്നറിയാത്തതുകൊണ്ട് ഏകാർത്ഥത്തിൽ സംസാരിക്കാൻ ശ്രമിച്ചാലും അപകടത്തിൽപ്പട്ടുകൂടെന്നില്ല. വാക്കുകൾ പുതിയ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നത് ആരെയും വിസ്മയിപ്പിക്കും. ലോൺഡ്രിയുടെ മുന്നിൽ തേച്ചുകൊടുക്കപ്പെടും എന്ന ബോർഡ് കണ്ടാൽ പ്രണയകാലത്തിനുശേഷം പെൺകുട്ടികൾ ആൺകുട്ടികളെ കൈകാര്യം ചെയ്യുന്ന ഒരു രീതി എന്ന അർത്ഥം കൂടിയുണ്ടെന്ന് പഴയ ആളുകൾക്ക് മനസ്സിലാവില്ല.
ചലച്ചിത്രോത്സവം കൊച്ചിയിൽ നടത്താൻ തീരുമാനമായപ്പോൾ അടിച്ചു പൊളിക്കണം എന്ന് മമ്മൂട്ടി പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് മന്ത്രി ടി.കെ. രാമകൃഷ്ണൻ എന്നോടു ചോദിച്ചു. തകർക്കണം എന്നു പറഞ്ഞാലും ഇതേ കൺഫ്യൂഷനുണ്ടാകും. എറണാകുളത്ത് എന്തോ സംഭവിച്ചപ്പോൾ എം.എൽ.എ തിരിഞ്ഞുനോക്കിയില്ല എന്ന ആക്ഷേപം എനിക്കെതിരെ ഒരു ചാനൽ റിപ്പോർട്ടർ ഉന്നയിച്ചു. മുഖാമുഖം നോക്കുന്നത് ശരിയും തിരിഞ്ഞുനോക്കുന്നത് ശരികേടുമാണെന്ന് എന്റെ വിദ്യാർത്ഥിനിയായ വനിതാ റിപ്പോർട്ടറുടെ മുഖത്തു നോക്കി ദ്വയാർത്ഥമില്ലാതെ ഞാൻ പറഞ്ഞു. സോദോമിൽനിന്നുള്ള പലായനത്തിനിടയിൽ ലോത്തിന്റെ ഭാര്യ നിർദ്ദേശം ലംഘിച്ച് പിന്തിരിഞ്ഞ് നോക്കിയപ്പോൾ ഉപ്പുതൂണായിപ്പോയി. പിന്നാലെ നടക്കുന്നത് ആരാധന; തിരിഞ്ഞുനോക്കുന്നത് അമാന്യത.
ചിറ്റ്‌ചോർ മാതൃകയിൽ പിന്നാലെ നടന്നാൽ ബി.എൻ.എസ് വകുപ്പ് 78 അനുസരിച്ച് അഞ്ചു വർഷം തടവുശിക്ഷ ലഭിച്ചേക്കാം. നോട്ടം തുറിച്ചുനോട്ടമായാലും ശിക്ഷയുണ്ടാകും. പതിമൂന്ന് സെക്കൻഡ് കഴിഞ്ഞാൽ നോട്ടം തുറിച്ചുനോട്ടമാകുമെന്നാണ് ഋഷിരാജ് സിങ് പറഞ്ഞത്. ദ്വയാർത്ഥപ്രയോഗം പ്രാവീണ്യം ആവശ്യപ്പെടുന്ന കലയാണ്. അതുപോലെതന്നെ വൈദഗ്ധ്യം ആവശ്യമുള്ളതാണ് മറിച്ചുചൊല്ലൽ. വാക്കുകളുടെ ആദ്യക്ഷരങ്ങൾ പരസ്പരം മാറ്റി വാക്യത്തിന് അർത്ഥവ്യത്യാസം വരുത്തുന്ന സംസാരമാണ് മറിച്ചുചൊല്ലൽ. ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന വാക്യങ്ങൾ കടുത്ത അശ്‌ളീലമായിരിക്കും. പോലീസിന്റെ സാംസ്‌കാരിക പരിപാലന ദൗത്യത്തിൽ ഇത്തരം വികൃതികൾക്കെതിരായ നടപടികളും ഉൾപ്പെടുമോ?
മനഃപൂർവമല്ലാതെ സാധാരണസംഭാഷണത്തിൽ പദങ്ങൾ മാറിപ്പോകുന്നതിനെ മാലപ്രോപിസം എന്നാണ് ഇംഗ്‌ളിഷിൽ പറയുന്നത്. ഷെറിഡന്റെ നാടകത്തിലെ കഥാപാത്രമായ മിസിസ് മാലപ്രോപ് ഇപ്രകാരം സംസാരിക്കുന്നതുകൊണ്ടാണ് ഈ വാക്കുണ്ടായത്. സദൃശശബ്ദങ്ങൾ മാറിപ്പോകുന്നത് എപ്പോഴും യാദൃച്ഛികമായിട്ടാവണമെന്നില്ല. ഇറിഗേഷൻ മിനിസ്റ്റർ ഒരിക്കൽ എന്റെ റിപ്പോർട്ടിൽ ഇറിറ്റേഷൻ മിനിസ്റ്റർ ആയത് മനഃപൂർവമായിരുന്നില്ലെങ്കിലും അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ കെ.ജി. അടിയോടിക്ക് ചേരുന്ന വിശേഷണമായിരുന്നു. ഈ വിഷയത്തിൽ ഞാനെഴുതിയ ലേഖനം മനഃശാസ്ത്രം മാസികയിൽ അടിച്ചുവന്നപ്പോൾ എന്റെ പേര് പെബാസ്റ്റ്യൻ സോൾ എന്നാണ് കൊടുത്തിരുന്നത്. ഇ.വി. കൃഷ്ണപിള്ളയുടെ ബി.എ മായാവി എന്ന നാടകത്തിൽ ഹാസ്യത്തിനുവേണ്ടി സദൃശപദങ്ങൾ മാറ്റിപ്പറയുന്നുണ്ട്. ഇവയെല്ലാം പോലീസിന്റെ പരിശോധനയ്ക്ക് വിഷയമാക്കിയാൽ കൃഷ്ണപിള്ള മാത്രമല്ല ഷെറിഡനും പ്രോസിക്യൂഷന് വിധേയനാകേണ്ടിവരും.
അനുച്ഛേദം 19(1)(എ) നൽകുന്ന സ്വാതന്ത്ര്യത്തിന് അനുച്ഛേദം 19(2) പരിധി നിശ്ചയിക്കുന്നു. അപകീർത്തി തടയുന്നതിനുള്ള നിയന്ത്രണം ന്യായമായ പരിമിതിയാണ്. പോലീസ് നടപടിയിലൂടെ നിവർത്തിക്കപ്പെടേണ്ടതാവരുത് ആ പരിമിതി. സിവിൽ കോടതിയിൽനിന്ന് ഇൻജങ്ഷൻ മുഖേന അപകീർത്തി തടയാം. അല്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കി നഷ്ടപ്പെട്ട കീർത്തി തിരിച്ചുപിടിക്കാം. അതിനു പകരം വാക്കുകൾ പോലീസിന്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ അഭിപ്രായപ്രകടനസ്വാതന്ത്ര്യം എന്ന മൗലികമായ അവകാശത്തിന് നാം ക്ഷതമേൽപിക്കുന്നു. ന്യൂ മീഡിയ സങ്കേതമുപയോഗിച്ചുള്ള ടോയ്‌ലറ്റ് ഗ്രാഫിറ്റിയുടെ ഡിജിറ്റൽ ആവിഷ്‌കാരത്തിന് സോഷ്യൽ മീഡിയ എന്ന തെറ്റായ പേര് നൽകി മാധ്യമങ്ങളെയാകെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത ജനാധിപത്യത്തിനെതിരെയുള്ള സംഹാരക്രിയയാണ്.
ഉരുളയ്ക്കുപ്പേരിയാണ് ചില കാര്യങ്ങൾക്കുള്ള പ്രതിവിധി. നിശ്ശബ്ദതകൊണ്ടും പ്രതിയോഗിയെ നിരായുധനാക്കാം. ഈ കുറിപ്പ് ബോചെയ്ക്കും രാഹുൽ ഈശ്വറിനും വേണ്ടിയുള്ളതല്ല. പോലീസ് നടപടിയിലൂടെ സംസാരം നിയന്ത്രിതമാക്കുന്നതിലെ അപകടമാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. A rose by any other name എന്നെഴുതിയ ഷേക്‌സ്പിയർക്കെതിരെയും ആരെങ്കിലും പരാതിപ്പെട്ടാൽ ദ്വയാർത്ഥപ്രയോഗത്തിന് കേസെടുക്കാൻ മടിക്കാത്തവരാണ് നമ്മുടെയെന്നല്ല എവിടെയുമുള്ള പോലീസ്. നിയമത്തിന്റെ പാലകർ ജനാധിപത്യത്തിന്റെ സംരക്ഷകരാകണമെന്നില്ല.
സെബാസ്റ്റ്യൻ പോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്