ലോകം ഉറ്റുനോക്കുന്നത് ട്രംപിന്റെ ഭരണപരിഷ്‌ക്കാരങ്ങളെ..!

JANUARY 30, 2025, 1:17 AM

അമേരിക്കയുടെ 47-ാം പ്രസിഡന്റായി വീണ്ടും ഡോണാൾഡ് ട്രംപ് വന്നതോടെ ലോകം തന്നെ മാറുന്ന അവസ്ഥയിലാകുകയാണോ എന്ന് സംശയക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു വനിതയെ പ്രസിഡന്റായി  സ്വീകരിക്കാൻ ഈ രാജ്യം ഇനിയും പാകപ്പെട്ടില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഡോണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷം തിരക്കിട്ട് ഒപ്പു വച്ച ഒട്ടേറെ തീരുമാനങ്ങൾ പലതും ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു.

ആദ്യ ദിവസത്തെ ട്രംപിന്റെ ഓരോ നടപടിയും വരാനിരിക്കുന്ന നാല് വർഷങ്ങളുടെ മുന്നോടിയായ കാര്യങ്ങൾ തന്നെയായിരുന്നു. സ്ഥാനമേറ്റ് ഉടൻ അൻപതിലധികം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പു വച്ചത്. ഇതിൽ 2021 ജനുവരി ആറിലെ ക്യാപിറ്റൽ കലാപകാരികൾക്ക് മാപ്പ് നൽകിയതും ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥാ ഉടമ്പടിയിൽ നിന്നുമുള്ള പിന്മാറ്റവും ഉൾപ്പെടുന്നു. ഇക്കാലമത്രയും ഏറ്റവും കൂടുതൽ ഫണ്ട് ലോകാരോഗ്യ സംഘടനക്ക് നൽകിയിരുന്നത് അമേരിക്ക ആയിരുന്നു.

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതിനൊപ്പം, ആരോഗ്യമേഖലയിൽ വൻതിരിച്ചടിയുണ്ടാക്കുന്ന മറ്റു നിരവധി തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ ഡോണാൾഡ് ട്രംപ്, എടുത്തിരിക്കുന്നു. കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള തീരുമാനവും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് ശാസ്ത്രവിരുദ്ധരെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള നീക്കവും ആഗോളതലത്തിൽ തന്നെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കും.

vachakam
vachakam
vachakam

അമേരിക്കയ്ക്ക് പുതിയൊരു സുവർണ്ണ കാലഘട്ടം വാഗ്ദാനം ചെയ്താണ് ട്രംപ് തന്റെ രണ്ടാം ഊഴത്തിന് തുടക്കമിടുന്നത്. സ്ഥാനാരോഹണ പ്രസംഗത്തിലുടനീളം നിറഞ്ഞ് നിന്നത് അമേരിക്കയുടെ മഹത്വം വീണ്ടെടുക്കുമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളായിരുന്നു. താനടക്കമുള്ള രാഷ്ട്രീയ എതിരാളികളെ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയ അഴിമതി നിറഞ്ഞ സർക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ജനങ്ങളുടെ അധികാരവും സമ്പത്തും കവർന്ന അവരുടെ കാലം അവസാനിച്ചിരിക്കുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എനിക്ക് വീണ്ടുമൊരു അവസരം തന്നിരിക്കുകയാണ്. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് രാജ്യത്തെ മുന്നോട്ട് നയിക്കാനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ട്രംപ് പറഞ്ഞു. എന്തിനേറെ ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നുകൂടി പറയാൻ ട്രംപ് മടിച്ചില്ല.

അജൻഡ 47 എന്നു പേരിട്ടിട്ടുള്ള, ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ആദ്യത്തെ രണ്ടു വാഗ്ദാനങ്ങൾ. അതുകൊണ്ടുതന്നെ കുടിയേറ്റ വിഷയത്തിൽ ട്രംപ് നയം കടുപ്പിക്കുമെന്നത് ഉറപ്പാണ്.
യുഎസിൽ ജനിക്കുന്നയാൾക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന ബർത് റൈറ്റ് സിറ്റിസൻഷിപ്പ്, 16 വയസ്സിനു മുൻപ് യുഎസിലെത്തി 2007 മുതൽ രാജ്യത്ത് തുടരുന്ന അനധികൃത കുടിയേറ്റക്കാരായ കുട്ടികളെ പുറത്താക്കലിൽനിന്നു സംരക്ഷിച്ച് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവകാശം നൽകുന്ന ഡെഫേഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡാക) തുടങ്ങിയ നയങ്ങൾ റദ്ദാക്കുമെന്നും ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മെക്‌സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അനധികൃത കുടയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്നും ഇതിനായി സൈന്യത്തെ ഉപയോഗിക്കാനും തുടക്കമിട്ടുകഴിഞ്ഞു. തന്റെ ആദ്യ ഊഴത്തിലും മെക്‌സിക്കൻ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടായിരുന്നു ട്രംപ് കൈക്കൊണ്ടത്. അതിർത്തികൾ അടച്ച് നിയമവിരുദ്ധമായ കുടിയേറ്റവും, മയക്കുമരുന്ന് കടത്തും തടയാൻ 30 ദിവസത്തിനുള്ളിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ ട്രംപ് പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മെക്‌സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. മുൻപും ഇതേക്കുറിച്ച് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ മയക്കുമരുന്ന് കടത്തുകാരുടെ നിയന്ത്രണത്തിലാണ് മെക്‌സിക്കൻ ഉൾക്കടലെന്നാണ് ട്രംപിന്റെ വാദം. ഇതവസാനിപ്പിച്ച് യുഎസ് അതിർത്തികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം അമേരിക്കൻ പരമാധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇതിനു പുറമെ സാമ്പത്തികപരമായ ലക്ഷ്യങ്ങളും പുതിയ പ്രസ്താവനയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ സമുദ്ര എണ്ണ ഖനനത്തിന്റെ നല്ലൊരു പങ്കും മെക്‌സിക്കൻ ഉൾക്കടലിൽ നിന്നാണ്. അതിനാൽ ഈ മേഖലയിൽ കൂടുതൽ സ്വാധീനമുറപ്പിക്കുകയാണ്പുതിയ പ്രസ്താവനയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.

പനാമ കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഒട്ടേറെ പണവും ജീവനും ബലി നൽകി അമേരിക്ക നിർമ്മിച്ചതാണ് പനാമ കനാലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അത് വഴി കടന്നു പോകുന്ന അമേരിക്കൻ കപ്പലുകളിൽ വൻ തുകയാണ് പനാമ ഈടാക്കുന്നത്. മാത്രമല്ല, കനാലിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അതിനാൽ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ലോകത്തെ ചരക്കുനീക്കത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്ന പനാമ കനാൽ, അമേരിക്കയെ സംബന്ധിച്ച് സാമ്പത്തികമായും സൈനികമായും ഏറെ പ്രാധാന്യമർഹിക്കുന്നൊരു വ്യാപാര പാതയാണ്. എന്നും അതിന്റെ നിയന്ത്രണം കൈക്കലാക്കാൻ അമേരിക്ക ആഗ്രഹിച്ചിരുന്നു.

1977ൽ ഗത്യന്തരമില്ലാതെയായിരുന്നു അവർ നിയന്ത്രണം പനാമയ്ക്ക് തന്നെ കൈമാറിയത്. അമേരിക്കയുടെ സർവ്വാധിപത്യം സ്വപ്‌നം കാണുന്ന ട്രംപ് അതിൽ അവകാശവാദമുന്നയിച്ചതിൽ അദ്ഭുതപ്പെടാനില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. പക്ഷെ അതിന്റെ നിയന്ത്രണം കൈക്കലാക്കുക എളുപ്പമാകില്ലെന്ന് മാത്രം. പനാമ കനാലിന് പുറമെ ഗ്രീൻലാന്റിനും കാനഡയ്ക്കും മേലുള്ള താല്പര്യവും ട്രംപ് തുറന്ന് പ്രകടിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറിയതായിരുന്നു മറ്റൊരു പ്രധാന തീരുമാനങ്ങളിലൊന്ന്. എന്നും കാലാവസ്ഥാ ഉടമ്പടിക്കെതിരായിരുന്നു ട്രംപിന്റെ നിലപാട്. പരിസ്ഥിതിയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നുള്ള പിന്മാറ്റം. എണ്ണ, പ്രകൃതി വാതക ഉൽപ്പാദനം പരമാവധിയാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടികൾ വേഗത്തിൽ ഊർജ്ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഇത് വാഹന വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. കോവിഡും മറ്റ് ആരോഗ്യ പ്രതിസന്ധികളും കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം.

ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്നൊഴിവാക്കിയ ബൈഡൻ ഭരണകൂടത്തിന്റെ നടപടി റദ്ദാക്കിയതാണ് ട്രംപ് കൈക്കൊണ്ട മറ്റൊരു നടപടി. വത്തിക്കാന്റെ കൂടി ഇടപെടലിന്റെ ഭാഗമായി, ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്തായിരുന്നു ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിന്റെ ഫലമായി അഞ്ഞൂറോളം തടവുകാരെ വിട്ടയക്കാമെന്ന് ക്യൂബയും സമ്മതിച്ചിരുന്നു. ആദ്യ ഘട്ട തടവുകാരെ കഴിഞ്ഞ ബുധനാഴ്ച വിട്ടയ്ക്കുകയും ചെയ്തു. എന്നാൽ ട്രംപിന്റെ പുതിയ നടപടി സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ക്യൂബയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

ട്രാൻസ്‌ജെൻഡേഴ്‌സിനെ പൂർണമായും തള്ളുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. അമേരിക്കയിൽ ഇനി സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങൾ മാത്രമേയുണ്ടാകൂ എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനെതിരെ വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. അധികാരത്തിലേറിയാൽ ദിവസങ്ങൾക്കകം എല്ലാ യുദ്ധങ്ങൾക്കും പരിഹാരുമുണ്ടാക്കുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇസ്രയേൽ - ഗാസ വെടിനിർത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ , അതെത്ര കാലം നീണ്ടു നിൽക്കുമെന്നുറപ്പില്ലെന്നായിരുന്നു മറുപടി. ഇത് ഞങ്ങൾ ഇടപെടേണ്ട യുദ്ധമല്ല. പക്ഷെ ഗാസയുടെ പുനർനിർമ്മാണത്തിലടക്കം സഹായത്തിനൊരുക്കമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധങ്ങളെ എതിർക്കുന്നതാണ് ട്രംപിന്റെ രീതി. അതിനു പിന്നിലെ മനുഷ്യനാശം കൊണ്ടല്ല. യുദ്ധം ചെലവേറിയതെന്ന കാരണത്താലാണത്. ആഗോള സംഘർഷങ്ങൾക്കായി യുഎസ് പണം ചെലവഴിക്കുന്നതിനെയും ട്രംപ് അനുകൂലിക്കുന്നില്ല.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam