ലഹരി നുണഞ്ഞ് യുവത, നാടെങ്ങും തല്ലുമാല

JANUARY 30, 2025, 12:59 AM

ഈയിടെ കേരളത്തിന്റെ വാർത്താ ദിനങ്ങൾ കൺകണ്ടുണരുന്നത് കുട്ടികളുടെ കൂട്ടത്തല്ലിലേയ്ക്കും വലിയവരുടെ കുട്ടിത്തരങ്ങളലേയ്ക്കുമാണ്. രണ്ട് റീൽസിടണമെങ്കിൽ നാലു തല്ലെങ്കിലുമുണ്ടാക്കണം എന്ന നിലയിലേയ്ക്ക് കേരളത്തിലെ കുറച്ചു ചെറുപ്പക്കാരെങ്കിലും എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ ആഭ്യന്തര വകുപ്പിന്റെ കണ്ണും കാതും എത്തേണ്ടിടത്ത് യഥാസമയം എത്തുന്നില്ല എന്നു വേണം കാണാൻ.

കാമ്പസുകളിലെ തല്ല് പണ്ടത്തെപ്പോലെ കയ്യൂക്കുള്ളവന്റേതു മാത്രമല്ല, ആയുധമേന്തിയവന്റെതു കൂടിയാവുന്നു. അതും അടുത്തിടെ കണ്ട സിനിമയിലേതു പോലെയാകണമെന്ന് നിർബന്ധം! എതിർക്കാൻ വരുന്നത് പോലീസാണെങ്കിൽ വീര്യം അൽപം കൂടും. യൂണിഫോമിട്ടവനെ ആക്രമിക്കുന്നതാണ് ത്രിൽ. ഇപ്രകാരം മർദ്ദനമേറ്റ പോലീസുകാരുടെ എണ്ണം ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നുണ്ട്. അത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേക്കാളും വളരെ കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. അപ്പോൾ കുറ്റം ആഭ്യന്തര വകുപ്പിന്റെ മാത്രമാണോ? അതേ സംവിധാനങ്ങൾ; പക്ഷെ കാലം മാറുകയാണ്, അതിവേഗം.

തല്ലുമാല

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ മലയാള സിനിമ അര പതിറ്റാണ്ടായി സഞ്ചരിക്കുന്ന ട്രാക്ക് ഇവിടെ പരിശോധിക്കപ്പെടേണ്ടതാണ്. അതിന് യുവാക്കളിൽ ചെലുത്താനാവുന്ന സ്വാധീനം പഠിക്കേണ്ടതാണ്. ഒരു സിനിമയും ആരെയെങ്കിലും കുറച്ചു പേരെ സ്വാധീനിക്കാതെ തിയറ്റർ വിട്ടുപോകുന്നില്ല. മദ്യപാന രംഗത്തോടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സിനിമകൾ വന്നപ്പോൾ ആദ്യം അതൊരു ലഘുവായ കാര്യമായി പ്രേക്ഷകന് തോന്നി. ലഹരി ഉപയോഗിക്കുന്നതിനു പുറമെ, അതിനെ മഹത്വവൽക്കരിക്കാൻ തിരക്കഥാകാരന്മാർ ശ്രമിക്കുന്നത് പ്രേക്ഷകർ മെല്ലെ അറിയാതെ തിരിച്ചറിഞ്ഞു.

അധോലോകങ്ങളുടെ അഴിഞ്ഞാട്ടങ്ങൾ നല്ല ആക്ഷനും മ്യൂസിക്കുമിട്ട് വെള്ളിത്തിരയിൽ നിറഞ്ഞു. ഏറെയും കൗമാരക്കാരുടെ ഹൃദയം കീഴടക്കി. കണ്ടത് ഒരു പാഠമായി അവർ സ്‌കൂളിൽ സഹപാഠിയിൽ പരീക്ഷിച്ചു. മർദ്ദനങ്ങൾക്ക് മാർദ്ദവം വേണ്ടെന്ന സന്ദേശം സിനിമകൾ നൽകിക്കൊണ്ടിരുന്നു. ചോദ്യം ചെയ്യുന്ന അദ്ധ്യാപകരെ ' കൈകാര്യം' ചെയ്യുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

മറുവശത്ത് വല്യേട്ടന്മാർ കാമ്പസ് കേന്ദ്രമാക്കി തല്ലുമാലകൾ നടത്തി. ലഹരിയുടെ പിടി എല്ലാ മേഖലയിലും വ്യാപിച്ചപ്പോൾ പോലീസുകാരും എക്‌സൈസുകാരും ഓടിത്തളർന്നു. പലർക്കും മർദ്ദനമേറ്റു.

vachakam
vachakam
vachakam

മുംബൈ മോഡൽ

എളുപ്പം സ്വാധീനിക്കാൻ സിനിമയോളം പോന്ന മറ്റൊരു മാധ്യമമില്ല. ഇതുവരെ ബോളിവുഡിൽ മാത്രമുണ്ടായിരുന്ന ലഹരി മാഫിയാ സ്വാധീനം ദക്ഷിണേന്ത്യൻ സിനിമകളിലേക്കും കടന്നുവന്നതാണെന്ന് കരുതുന്നവരുണ്ട്. ദക്ഷിണേന്ത്യൻ സിനിമകൾക്കായി മാഫിയ നാനൂറു കോടിയലേറെ രൂപ ചെലവിടുന്നുണ്ടെന്നാണ് അനൗപചാരിക കണക്കുകൾ. ലഹരി വില്പനക്കാർക്കു വേണ്ടി മാത്രം ചലച്ചിത്രങ്ങളെടുക്കുന്ന സംവിധായകരും ബിനാമി നിർമ്മാതാക്കളും!

ഈ ലഹരിക്കമ്പനി ജനപ്രിയ സിനിമകളിലെ കഥാപാത്രങ്ങൾ രാസലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവിൽ ഒരു വിഹിതം നൽകുന്നതാണിവരുടെ രീതി. അടുത്ത കാലത്ത് ഒരു ദക്ഷിണേന്ത്യൻ സൂപ്പർഹിറ്റ് സിനിമയിൽ നായകൻ ലഹരി ഉപയോഗിക്കുന്ന രംഗം കൂട്ടിച്ചേർക്കാൻ വൻതുക ലഹരിമാഫിയ നൽകിയെന്ന വാർത്ത അവിശ്വസനീയമല്ല. അത്തരം രംഗങ്ങൾ ഉൾപ്പെടുത്താനായി തിരക്കഥയിൽ തന്നെ മാറ്റം വരുത്തിയത്രേ. നായകൻ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആദ്യം തിരക്കഥയിലുണ്ടായിരുന്നില്ല. പിന്നീട് ഈ രംഗം കൂട്ടിച്ചേർക്കുന്നതിന് വൻതുകയാണ് അധോലോക ലഹരി സംഘം നൽകിയത്.

vachakam
vachakam
vachakam

ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട് തകർന്ന അവസ്ഥയിൽ നിന്ന് തിരിച്ചു വരാൻ നായകൻ ലഹരി ഉപയോഗിക്കുന്നു. ഇത്തരം രംഗങ്ങൾ ചേർക്കാൻ അധോലോക സംഘങ്ങൾ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. അവർക്ക് വഴങ്ങാതെ സിനിമ പുറത്തിറക്കാൻ കഴിയാത്ത സ്ഥിതി വേറെ. മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉൾപ്പടെയുള്ള രാസലഹരികൾ ഉപയോഗിക്കുന്ന രംഗങ്ങൾ ചിത്രത്തിലുടനീളം ചേർത്തത് വിവാദമാകുകയും എക്‌സൈസ് കേസെടുക്കുകയും ചെയ്തതോടെ ഒരു മലയാള ചിത്രം തീയറ്ററുകളിൽ നിന്ന് പിൻവലിച്ചത് സമീപകാലത്താണ്. ആ ചിത്രം വലിയ ചലനം സൃഷ്ടിക്കാതെ പോയെങ്കിലും ബോളിവുഡും കടന്ന് മലയാള സിനിമാപരിസരത്തേക്ക് ലഹരിമാഫിയയുടെ കടന്നുകയറ്റം എത്രവേഗമെത്തിയെന്നതിന്റെ നേർചിത്രമാണ് അത് കാണിച്ചത്.

അതിനിടെ, സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേയും സ്റ്റുഡിയോകളിലെയും ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ ഹൈക്കോടതിയുടെ പോലും ഇടപെടൽ വേണ്ടി വന്നു. സിനിമാ മേഖലയിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക പോലിസ് സംഘത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സിനിമയുമായി ബന്ധപ്പെട്ട ഒരു മേഖലയിലും ലഹരി ഉപയോഗം ഉണ്ടാവരുതെന്നാണ് നിർദേശിച്ചത്. സിനിമാ മേഖലയെ കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റപോർട്ടിൽ ലഹരി ഉപയോഗത്തെ കുറിച്ച് സൂചന വന്നതാണ് നിർണായകമായ ഉത്തരവിറക്കിറക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

ലഹരി പ്രവാഹം

ഇതിനിടെ കേരളത്തിലേയ്ക്കുള്ള ലഹരി പ്രവാഹത്തിന്റെ അളവും വിസ്മയകരമാം വിധം വലുതായി.

കൊച്ചി വിമാനത്താവളത്തിൽ 60 കോടി രൂപ വിലമതിക്കുന്ന 30 കിലോ സൈക്കോട്രോപിക് മയക്കുമരുന്നുമായി ഒരു യാത്രക്കാരനെ പിടികൂടിയത് സമീപ നാളിലാണ്. സിംബാബ്‌വെയിൽ നിന്ന് ദോഹ വഴിയാണ് ഇയാൾ എത്തിയത്.

മാസങ്ങൾക്കുള്ളിൽ അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി, നെതർലൻഡ്‌സ്, പോളണ്ട്, യുഎസ്, ഖത്തർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊറിയറുകളിൽ എത്തിച്ച 291 എൽ.എസ്.ഡി സ്റ്റാമ്പുകളും 3,115.80 ഗ്രാം എം.ഡി.എം.എയും 9,881.90 ഗ്രാം കൊക്കെയ്‌നും എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.  അവിടേയും നവ സാങ്കേതികവിദ്യ ലഹരിക്കാർക്ക് തുണയായി ഈ കേസുകളിലെല്ലാം, ഓർഡറുകൾ ഡാർക്ക് വെബിൽ നൽകുകയും ക്രിപ്‌റ്റോകറൻസി വഴിയുള്ള പേയ്‌മെന്റുകൾ നൽകുകയും ചെയ്ത് അവർ അന്വേഷണത്തെ തടസ്സപ്പെടുത്തി.

കുരുക്കഴിക്കുന്നവർ

ഇതിനിടെ വ്യാപകമായ ലഹരി വേട്ടയും കേരളത്തിൽ നടക്കുന്നുണ്ടെന്നത് മറന്നുകൂടാ. ഡിജെ പാർട്ടികൾ, നിശാഡാൻസുകൾ, അത്താഴ പാർട്ടികൾ, ക്ലബ് ആഘോഷങ്ങൾ, ഹൗസ് ബോട്ട് പരിപാടികൾ, വിവാഹ പാർട്ടികൾ, റെസിഡൻഷ്യൽ കോളനി ഒത്തുകൂടലുകൾ എന്നിവക്കായി മയക്കു മരുന്നും മദ്യവും എത്തിച്ചു കൊടുക്കുന്നവരാണ് പിടിക്കപ്പെടുന്നതിൽ ഏറെയും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ലഹരി വിറ്റു പിടിയിലാകുന്നവരും ഏറെയാണ്.
പരിശോധനകൾ കർശനമാക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഇടപാടുകളിൽ വർധനയാണ് കാണുന്നത്. 2016 മുതൽ 2022 വരെയുള്ള കണക്കുകളിൽ ലഹരിക്കേസുകളിൽ 360 ശതമാനം വർധനയാണ് കേരളത്തിൽ ഉണ്ടായത്. 2021ൽ 25,000ത്തോളം പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. 2022ൽ രാജ്യത്തെ മൊത്തം എൻ.ഡി.പി.എസ്. അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു. 2023ൽ അറസ്റ്റിലായവരുടെ എണ്ണം 30,000 കടന്നിട്ടുണ്ട്.

അതിർത്തി കടന്നുള്ള ലഹരിക്കടത്ത് കൂടിയതോടെയാണ് കേരളം ലഹരിമാഫിയയുടെ പിടിയിലമർന്നതെന്ന് എക്‌സൈസ് വകുപ്പ് കണക്കുകൾ ഉദ്ധരിച്ച് പറയുന്നു. വിദേശത്തുനിന്ന് അതിർത്തി കടത്തിയാണ് നേരത്തേ രാസലഹരി രാജ്യത്തേക്ക് എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗോവ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ലഹരിനിർമാണ കേന്ദ്രങ്ങൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായി ഹൈദരാബാദിൽ രാസലഹരി നിർമാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്തത് കേരളത്തിൽ നിന്നുള്ള പോലീസ് സംഘമായിരുന്നു. തൃശ്ശൂരിൽ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രം പോലീസ് കണ്ടെത്തിയത്.

ലഹരിക്കേസുകൾ സംസ്ഥാനമൊട്ടുക്ക് കൂടുമ്പോൾ അതിൽ മുന്നിൽ കൊച്ചിയാണ്. ഇക്കഴിഞ്ഞ സെപ്തംബറിൽ മാത്രം കൊച്ചിയിൽ 137 കേസുകളിലായി 153 പേരാണ് അറസ്റ്റിലായത്. വർദ്ധിച്ചു വരുന്ന തല്ലുമാലകൾക്ക് തടയിടണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ പോരെന്ന പുതിയ പാഠമാണ് നവകേരളത്തിന് പഠിക്കാനുള്ളത്.

പ്രിജിത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam