ഒരു ഭാഗത്ത് കലിയിളകി വരുന്ന കാട്ടുമൃഗങ്ങൾ. മറുഭാഗത്ത് ജാമ്യം ലഭിച്ചും, അല്ലാതെയും തടവറകളിൽ നിന്ന് കൊലക്കത്തിയും വടിവാളുമായി കുതിച്ചെത്തുന്ന നരാധമന്മാർ. പഠിക്കേണ്ട വിദ്യാർത്ഥികൾ പരസ്പരം സ്റ്റണ്ട് നടത്തുന്ന കലാലയാങ്കണങ്ങൾ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾ പോലും ചില രാഷ്ട്രീയക്കാരും കൊടും ക്രിമിനലുകളും ചേർന്ന് തട്ടിത്തെറിപ്പിക്കുന്ന അണിയറ വിഷ്വലുകൾ വേറെ. കേരളം എല്ലാ കാര്യത്തിലും നമ്പർ വൺ ആയെന്ന പി.ആർ. വർക്കിന് പത്തരകോടിയിലധികം ചെലവഴിക്കാൻ പോകുന്ന സർക്കാർ റേഷൻകടകളിൽ അരിയെത്തിച്ചു നൽകുന്ന ലോറിയുടമകളെ പണം കൊടുക്കാതെ എയറിൽ നിർത്തുമ്പോഴാണ് നമ്മുടെ 'മുൻഗണന'കൾ മൂക്ക് കുത്തി വീണു കഴിഞ്ഞുവെന്ന് നാം അറിയുന്നത്.
എന്തുപറ്റി നമ്മുടെ പോലീസിന് ?
കേരളാ പോലീസ് ദേശീയതലത്തിൽ എപ്പോഴും മികവ് കാണിച്ച ചരിത്രമേ നമ്മുടെ മുമ്പിലുള്ളൂ. എന്നിട്ടും സമീപകാലത്തായി സംഭവിച്ച ചില കുറ്റകൃത്യങ്ങളുടെ ചുവടിളക്കി പരിശോധിക്കുമ്പോൾ, എന്തെല്ലാമോ ചീഞ്ഞു കിടക്കുന്നതായി നമുക്ക് ബോധ്യപ്പെടുന്നുണ്ട്. നമുക്ക് പുതുവർഷാരംഭത്തിൽ ഫോർട്ടുകൊച്ചിയിൽ സംഭവിച്ചതെന്തെന്ന് നോക്കാം. ഒരു വിദേശ വനിതയെ നവവൽസരാഘോഷ വേളയിൽ ഒരു യുവാവ് മാനഭംഗപ്പെടുത്തി. കുറ്റവാളിയുടെ പേര് പോലീസ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ആ പേര് ഇവിടെ കുറിക്കുന്നില്ല. അയാൾ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളിലും പിടിച്ചുപറി സംഭവങ്ങളിലും കുറ്റാരോപിതനായ വ്യക്തിയാണ്. പക്ഷെ അയാൾ ജാമ്യത്തിലിറങ്ങി നിൽക്കുമ്പോഴാണ് ഈ ക്രൂരകൃത്യം ചെയ്തത്.
പുതുവൽസര ദിവസത്തിൽ തന്നെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ഒരു കൊലപാതക കേസും മാധ്യമങ്ങളിൽ കണ്ടു. ഒരു യുവാവിനെ കൊലപ്പെടുത്തിയ ആ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത് ഒരു 14കാരനും 16കാരനുമാണ്. പതിനാലുകാരനാകട്ടെ വിയ്യൂരിലെ കറക്ഷൻ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടപ്പോയതാണെന്ന് പോലീസ് പറയുന്നു. കാട്ടാക്കടയിൽ ജനുവരി 6ന് ഒരു പാവം വൃദ്ധയെ ഒരു പോലീസുകാരനും കൂട്ടുകാരനും ചേർന്ന് ബലാൽക്കാരം ചെയ്യുകയും പണം പിടിച്ചു പറിക്കുകയും ചെയ്ത സംഭവമുണ്ടായി.
പോലീസിലെ ക്രിമിനലുകളെയും നിരീക്ഷിക്കേണ്ട പ്രതികളെയും കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മേൽ വിവരിച്ച സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, പണ ഞെരുക്കം മൂലം പോലീസ് സ്റ്റേഷൻ അതിർത്തിയിലെ നിരീക്ഷണമെല്ലാം ഇപ്പോൾ അയഞ്ഞ മട്ടിലായിട്ടുണ്ട്. വനം, ആഭ്യന്തരവകുപ്പുകളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് പണമില്ലായ്മ തടസ്സമാണെന്ന് ചില വാർത്തകൾക്കിടയിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന് ഫോണിൽ വിളിച്ചു പറഞ്ഞ നാട്ടുകാർക്ക് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ലഭിച്ച മറുപടി ജീപ്പ് ഓടിക്കാൻ വേണ്ട ഡീസൽ സ്റ്റോക്കില്ലെന്നായിരുന്നു.
വനം വകുപ്പിനായി ബജറ്റിൽ നീക്കിവച്ച തുകയുടെ 48% ആണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്ന കണക്ക് കൂടി ഇവിടെ ചേർത്തുവായിക്കണം. വനം വകുപ്പിന്റെ കൈവശമുള്ള തോക്കുകളുടെ കണക്ക് കൂടി കേട്ടോളൂ: 202 റൈഫിൾ, 12 ബോർ റൈഫിൾ, 315 റൈഫിൾ, പമ്പ് ആക്ഷൻ ഗണ്ണുകളുമാണ് വനംവകുപ്പിന്റെ കൈവശമുള്ളത്. വെടിവെയ്ക്കാൻ ഉണ്ട വാങ്ങണമെങ്കിൽ, ഉദ്യോഗസ്ഥൻ ആദ്യം കളക്ടർക്ക് അപേക്ഷ നൽകണം. കളക്ടർ അനുവദിച്ചാൽ പിന്നീട് സർക്കാർ ആർമറിയെ സമീപിക്കണം. സർക്കാർ ആർമറിയിൽ വെടിയുണ്ടകൾ സ്റ്റോക്കില്ലെങ്കിൽ സ്വകാര്യ ആർമറികളിൽ നിന്ന് വാങ്ങാനും നിരവധി കടമ്പകളുണ്ട്.
ചെന്താമരയെന്ന സൈക്കോ കില്ലർ
പാലക്കാട് ജില്ലയിലെ നെന്മാറ പോലീസ് സ്റ്റേഷനിൽ നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമര പോലീസ് പിടിയിലായിട്ടുണ്ട്. അഞ്ചുപേരെ കൊല്ലാനിറങ്ങിയിട്ട് രണ്ടുപേരെ 'തീർക്കാനേ' കഴിഞ്ഞുള്ളുവെന്ന സങ്കടത്തിൽ ചിക്കനും ചോറും രുചിയോടെ വെട്ടിവിഴുങ്ങുന്ന ചെന്താമര എത്രത്തോളം അപകടകാരിയാണെന്നറിയാൻ അത്ര വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട. സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ ചെന്ന പോലീസിനോട് ജയിലിൽ അടയ്ക്കാനാണോ സാറേ, ഷർട്ടും മുണ്ടും എടുത്തുവയ്ക്കട്ടേ എന്നു കുശലം ചോദിച്ച ചെന്താമരയുടെ 'ക്രിമിനൽ മനസ്' എന്തേ നെന്മാറ സ്റ്റേഷനിലെ പോലീസുകാർക്ക് മനസ്സിലാകാതെ പോയി?
ചെന്താമരയെ ഉപദേശിച്ചു നന്നാക്കാമെന്ന് കരുതിയ പോലീസ് ഏമാൻ ഏതു ലോകത്താണ് ജീവിക്കുന്നത്? ഡിസംബർ 29നാണ് കൊല്ലപ്പെട്ട സുധാകരൻ മകളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി ചെന്താമരയ്ക്കെതിരെ പരാതി നൽകിയത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു കഴിഞ്ഞ പ്രതിക്കെതിരെയുള്ള പരാതി ഏറെ ലാഘവത്തോടെ കൈകാര്യം ചെയ്ത നെന്മാറ പോലീസ് കഴിഞ്ഞ ദിവസം ചാനലുകളിൽ മാറത്തടിച്ചു കരഞ്ഞ സുധാകരന്റെ കുരുന്നു മക്കളോട് എന്തു മറുപടി പറയും? രാഷ്ട്രീയപ്പക പോക്കാനുള്ള ഭരണകക്ഷിയുടെ നെറികെട്ട നടപടികൾക്ക് പന്തലൊരുക്കാൻ പാതിരാത്രി വരെ വീട് വളഞ്ഞ് രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുന്ന പോലീസ് ചെന്താമരയോട് പ്രകടിപ്പിച്ച 'തണുത്ത സമീപന' ത്തിന് ആരാണ് ഉത്തരവാദി ?
രാഷ്ട്രീയ എതിരാളികളെ 'ഒതുക്കാനും ചവിട്ടിക്കൂട്ടാനും' തലസ്ഥാനത്ത് നിന്നുള്ള ഉത്തരവുകൾ നടപ്പാക്കാൻ മാത്രമാണോ പോലീസ് ? ജനങ്ങളുടെ സുരക്ഷയ്ക്കാണ് പോലീസ് എന്ന ചിന്ത ആരാണ് നാലായി മടക്കി 'കടലാസ് വിമാനമുണ്ടാക്കി' കളിക്കാൻ എറിഞ്ഞു കൊടുക്കുന്നത്? എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തും പോലീസ് അലംഭാവം കാണിച്ചുവെന്ന ആരോപണത്തിന്റെ ആരവവും ഇതുവരെ അടങ്ങിയിട്ടില്ല.
വാറ്റ് കമ്പനിയും സി.പി.ഐയും
പാലക്കാട്ടെ എലപ്പുള്ളി പഞ്ചായത്തിൽ സ്ഥാപിക്കാൻ പോകുന്ന ബ്രൂവറി യഥാർത്ഥത്തിൽ ഒരു വാറ്റ് ഫാക്ടറി മാത്രമാണ്. അതിന് 'വ്യവസായ' മെന്ന ലേബൽ നൽകി സ്നാനപ്പെടുത്തിയതിന്റെ പിന്നിൽ ചില ഗൂഢ താൽപ്പര്യങ്ങളുണ്ട്. ഈ 'വാറ്റ് കമ്പനി' യുമായി യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടാകാം, വാറ്റ് കമ്പനിയ്ക്കെതിരെ സമരത്തിനിറങ്ങിയ ബി.ജെ.പി. തൽക്കാലത്തേയ്ക്ക് 'വലിഞ്ഞ' മട്ടാണ്. ഡെൽഹിയിലെ ആം ആദ്മി സർക്കാരിനെ ഉലച്ച 'മദ്യ ലൈസൻസ്' വിവാദത്തിൽ എലപ്പുള്ളിയിലെ നിർദ്ദിഷ്ട കമ്പനിയാണ് പ്രതിക്കൂട്ടിലുള്ളത്.
രണ്ട് വാദങ്ങളാണ് മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചത്. ഒന്ന് വ്യവസായങ്ങൾക്ക് വെള്ളം നൽകുന്നത് പാപമല്ല. രണ്ട് ഈ ഫാക്ടറി തുടങ്ങിയാൽ 650ൽ ഏറെ പേർക്ക് തൊഴിൽ കിട്ടും. ആദ്യത്തെ അവകാശ വാദത്തിനുള്ള മറുപടി തേടുമ്പോൾ എന്തുകൊണ്ട് പാലക്കാട് ജില്ലയിൽ തന്നെയുള്ള പ്ലാച്ചിമടയിൽ സ്ഥാപിക്കാൻ പോയ കൊക്കാകോള കമ്പനിയെ അന്ന് പാർട്ടി എതിർത്തുവെന്ന് വ്യക്തമാക്കേണ്ടി വരും. രണ്ടാമതായി തൊഴിൽ കിട്ടുന്ന കാര്യം. പാലക്കാട് കേരളത്തിന്റെ നെല്ലറയാണെന്നിരിക്കേ അവിടെയുള്ള കർഷകരുടെ തൊഴിൽ ചെയ്യാനുള്ള അവകാശത്തെ ഹനിക്കുന്നതല്ലേ ഈ തീരുമാനം ? പ്രതിദിനം 5 ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുന്ന ഈ കമ്പനിയുടെ പ്രവർത്തനം ജില്ലയിലെ കാർഷിക മേഖലയെ ബാധിക്കില്ലേ?
മന്ത്രിസഭാ യോഗത്തിൽ വായിൽ അമ്പഴങ്ങ തിരുകിയിരുന്ന സി.പി.ഐ. മന്ത്രിമാരും, പാലക്കാട് ജില്ലക്കാരനായ മന്ത്രി കൃഷ്ണൻ കുട്ടിയും എന്തുകൊണ്ട് 'നെഗറ്റീവ്' വ്യവസായ പട്ടികയിൽപെടുന്ന ഈ വാറ്റു കമ്പനിയെ എതിർത്തില്ല ? 2023 നവബർ 13നാണ് ഡെൽഹി കമ്പനി വാറ്റ് ഫാക്ടറി തുടങ്ങാൻ സർക്കാരിന് അപേക്ഷ നൽകിയത്. എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. നിർദ്ദിഷ്ട വാറ്റ് ഫാക്ടറി വരുന്ന വാർഡിലെ കൗൺസിലർ സി.പി.എം.കാരിയായ ഒരു പാവം വീട്ടമ്മയാണ്. പഞ്ചായത്തിനോട് ഡെൽഹി കമ്പനി പറഞ്ഞത് സ്ഥലം വാങ്ങുന്നത് കോളേജ് സ്ഥാപിക്കാനാണെന്നായിരുന്നു. ജല അതോറിറ്റിക്ക് കൊടുത്ത അപേക്ഷയിൽ എഥനോൾ നിർമ്മിക്കാനാണെന്നും കമ്പനി പറഞ്ഞിരുന്നു.
വിജയിക്കുന്ന നുണയാണോ സത്യം
ഇങ്ങനെ നുണകൾ പറഞ്ഞുകൊണ്ട് പാലക്കാട്ടെ കർഷകരെ കബളിപ്പിക്കാൻ ഒരുങ്ങുന്നവരിൽ ഇപ്പോഴും ചിഹ്നത്തിൽ നെൽക്കതിരുള്ള സി.പി.ഐ. എങ്ങനെ കണ്ണുമടച്ച് വിശ്വസിച്ചു ? നല്ല ഡിമാൻഡുള്ള 'ജവാൻ' മദ്യം നിർമ്മിക്കുന്ന മലബാർ ഡിസ്റ്റിലറിക്ക് പാലക്കാട്ടും ഒരു യൂണിറ്റുണ്ട്. ജവാൻ ഇപ്പോൾ നിർമ്മിക്കുന്നത് തിരുവല്ലയിലെ മലബാർ ഡിസ്റ്റിലറിയുടെ യൂണിറ്റിലാണ്. എന്നാൽ വെള്ളം ലഭിച്ചാൽ പാലക്കാട്ടെ യൂണിറ്റിൽ ഡിമാൻഡ് ഏറെയുള്ള ജവാൻ നിർമ്മിക്കാൻ കഴിയും. പൊതുമേഖലയിലുള്ള മലബാർ ഡിസ്റ്റിലറിയെ അവഗണിച്ചുകൊണ്ടാണ് ഇടതുസർക്കാർ ഇപ്പോൾ എലപ്പുള്ളിയിൽ നിർദ്ദിഷ്ട ഫാക്ടറി സ്ഥാപിക്കാൻ പോകുന്നത്.
ഇടതുമുന്നണിയിലെ വല്യേട്ടന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ സി.പി.ഐ. വല്ലാതെ മെലിയുകയാണ്. ബിനോയ് വിശ്വത്തെ പോലെ മാന്യനായ ഒരു രാഷ്ട്രീയക്കാരന് വാ തുറന്നൊന്നും പറയാനാവാത്ത അവസ്ഥയാണ് നിലവിൽ. സി. അച്ച്യുത മേനോനും, പി.കെ. വാസുദേവൻ നായരുമെല്ലാം ഇടതുമുന്നണി നയിച്ചിരുന്ന ഇടതു വീര്യമേറിയ പഴയ നാളുകൾ ഇനിയുണ്ടാകുമോയെന്നറിയില്ല. എലപ്പുള്ളിയിലെ വാറ്റ് ഫാക്ടറിയുടെ കാര്യത്തിൽ വല്യേട്ടന്റെ 'മയക്കുവെടി' യേറ്റ് സി.പി.ഐ. വീഴുമോ? അറിയില്ല. രാഷ്ട്രീയമല്ലേ?
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്