അട്ടിമറിക്കപ്പെട്ട ഫൊക്കാന തിരഞ്ഞെടുപ്പ്

JULY 27, 2024, 10:25 AM

വടക്കേ അമേരിക്കയിലെ മലയാളികളുടെ മാമാങ്കമായി കണക്കാക്കപ്പെടുന്ന ഫൊക്കാന കൺവെൻഷന് വാഷിംഗ്ടൺ ഡിസിയിൽ 2024 ജൂലൈ 18 മുതൽ 20 വരെ ഗംഭീരമായി നടത്തപ്പെട്ടു. 41-ാം വർഷത്തിലേക്ക് കാലെടുത്തു വെച്ച ഫൊക്കാന പടലപ്പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷ രാവുകൾക്കു ശേഷം പിരിഞ്ഞു പോയിട്ടും മലയാളികളുടെ സ്വതസിദ്ധമായ കുത്തിത്തിരുപ്പും, കാലു വാരലും, അട്ടിമറിക്കലും, നവ പത്രദൃശ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന 'തള്ളി മറിക്കലുകൾ കാണുമ്പോൾ ഏറെ കാലമായി ഫൊക്കാനയുടെ കൂടെ സഞ്ചരിക്കുന്ന വ്യക്തിയും നിലവിലുള്ള ബോർഡ് ഓഫ് ട്രസ്റ്റീ അംഗവുമെന്ന നിലയിൽ എന്റെ നിലപാടുകൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

2022ൽ ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റായതു മുതൽ ഇരുവിഭാഗങ്ങളായി പിരിഞ്ഞു നിന്നിരുന്ന ഫൊക്കാന പ്രവർത്തകരെ രമ്യതയിലെത്തിക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചതിലുള്ള സന്തോഷം ഇവിടെ പങ്കുവെക്കുന്നു. മറ്റേതു ഫൊക്കാന പ്രസിഡന്റുമാരേക്കാളും ഫൊക്കാനയുടെ പേരിൽ ഏറ്റവും കൂടുതൽ മൂല്യവത്തായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചു എന്നതും അർത്ഥശങ്കക്കിട നൽകാതെ അമേരിക്കൻ മലയാളികൾക്ക് അഭിമാനിക്കാൻ വക നൽകുന്നു.

സാധാരണയായി ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുമതല ട്രസ്റ്റീ ബോർഡിനാണ്. ചട്ടപ്രകാരം ബോർഡിന്റെ അംഗസംഖ്യ 9 (ഒമ്പത്) പേരടങ്ങുന്നതാണ്. പക്ഷെ, മീറ്റിംഗുകളിലാകട്ടേ അത് 11 (പതിനൊന്ന്) വരെയാകും. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നോ, ഇതിന് എങ്ങനെ ഒരു പരിഹാരം കാണാം എന്നോ ഈ ഭാരവാഹികൾക്ക് ഇതുവരെ അറിവില്ല. ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളുടെ യോഗ്യത മുൻ പ്രസിഡന്റോ സെക്രട്ടറിയോ ആയിരിക്കണമെന്ന നിയമം നിലനിൽക്കേ, ചെയർമാനടക്കം പകുതിയിലധികം അംഗങ്ങളും ഈയോഗ്യതയുള്ളവരല്ല എന്ന സത്യം ഇപ്പോഴും നിലനിൽക്കുന്നു. 

vachakam
vachakam
vachakam

കഴിഞ്ഞ കുറെ വർഷങ്ങളായി ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നത് ഇപ്പറഞ്ഞ ഉപജാപക സംഘങ്ങളാണെന്നതാണ് വിരോധാഭാസം. ചട്ടപ്രകാരമുള്ള യോഗ്യതയില്ലാതെ, മാറിയും മറിഞ്ഞും തെളിഞ്ഞും തെളിയാതെയും സംഘടനയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഇക്കൂട്ടർ എടുക്കുന്ന തീരുമാനങ്ങളാകട്ടേ യാതൊരു നിയമസാധുതയില്ലാത്തതുമാണ്.

ഡോ. ബാബു സ്റ്റീഫന്റെ സംഘടനാ മികവിൽ ആകൃഷ്ടരായി 31 മലയാളി സംഘടനകളാണ് ഈ വർഷം ഫൊക്കാനയിൽ അംഗത്വത്തിന് അപേക്ഷ നൽകിയത്. ഈ അപേക്ഷകൾ നടപടിക്രമം പൂർത്തിയാക്കി തീരുമാനമെടുക്കേണ്ടത് നാഷണൽ കമ്മിറ്റിയാണ്. എന്നാൽ, അവരാകട്ടേ ആ ജോലി ബോർഡ് ഓഫ് ട്രസ്റ്റീയെ വിശ്വസിച്ച് ഏൽപ്പിച്ചു. ബോർഡ് ഓഫ് ട്രസ്റ്റീ അവർക്ക് വീണുകിട്ടിയ അവസരം മുതലാക്കി. പക്ഷപാതപരമായി മാത്രം പെരുമാറുന്ന ട്രസ്റ്റീ ബോർഡ് അംഗങ്ങൾ അവരിലൊരാളായ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന 15 (പതിനഞ്ച്) സംഘടനകൾക്ക് മാത്രം അംഗത്വം നൽകി. ഇക്കൂട്ടർ തന്നെ ഏകപക്ഷീയമായി നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും കൂടി നടത്തിയ ഫൊക്കാന തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്.

ഫൊക്കാനയുടെ 2024ലെ ഇലക്ഷന് നോട്ടിഫിക്കേഷൻ തന്നെ തെറ്റാണ്. മെരിലാന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, ന്യൂയോർക്കിലേയും മെരിലാന്റിലേയും കോടതികൾ യഥാർത്ഥ ഫൊക്കാനയുമായി യാതൊരു ബന്ധവുമില്ല എന്ന് വിധിച്ചിട്ടുള്ള 'FOKANA, INC.' എന്ന കടലാസ് സംഘടനയുടെ പേരിലായിരുന്നു ഇലക്ഷൻ നോട്ടിഫിക്കേഷൻ. ഫൊക്കാനയുടെ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത് നിയമാവലിയിലെ ആർട്ടിക്കിൾ V സെക്ഷൻ 2 പ്രകാരമാണ്. അതനുസരിച്ച് 99 അംഗങ്ങളുള്ള സംഘടനക്ക് ഒരു പ്രതിനിധിയും, 400 ലധികം അംഗങ്ങളുണ്ടെങ്കിൽ 7 (ഏഴ്) പ്രതിനിധികളും,

vachakam
vachakam
vachakam

ആയിരത്തിലധികം അംഗങ്ങളുണ്ടെങ്കിൽ 10 (പത്ത്) പ്രതിനിധികളും എന്നതാണ് ചട്ടം. ഇത് ഇലക്ഷൻ നോട്ടിഫിക്കേഷന്റെ ഒന്നാം പേജിൽ വ്യക്തമാക്കിയിട്ടുമുണ്ട്. വടക്കേ അമേരിക്കയിൽ ആയിരത്തിലധികം അംഗങ്ങളുള്ള നാല് സംഘടനകൾ മാത്രമേ ഉള്ളൂ എന്നാണെന്റെ അറിവ്. ഹ്യൂസ്റ്റൺ, ബോസ്റ്റൺ, ന്യൂയോർക്ക്, ടൊറന്റോ എന്നിവിടങ്ങളിലെ സംഘടനകളാണവ. 400ലധികം അംഗങ്ങളുള്ള സംഘടനകൾ ഏകദേശം 8 എണ്ണം വരും. സംഘടനകളുടെ ശരിയായ അംഗത്വ ലിസ്റ്റ് അനുസരിച്ച് കണക്കാക്കിയാൽ ഏകദേശം 250-300 പ്രതിനിധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനു പകരം 70 സംഘടനകൾക്കായി 624 പേരുടെ ലിസ്റ്റാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്.

അംഗ സംഘടനകളുടെ നിലവിലെ പ്രസിഡന്റിനും, മുൻ പ്രസിഡന്റിനും ഫൊക്കാനയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ മീറ്റിംഗുകളിലും ജനറൽ കൗൺസിൽ മീറ്റിംഗിലും പങ്കെടുക്കാം. എല്ലാ പ്രതിനിധികൾക്കും ഫൊക്കാനയുടെ ജനറൽ കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കാം. എന്നാൽ, നിലവിലുള്ള ഭാരവാഹികൾക്ക് ഫൊക്കാനയുടെ ജനറൽ ഇലക്ഷനിൽ വോട്ടു രേഖപ്പെടുത്താം.  അതായത് വോട്ടവകാശമുണ്ട് എന്ന് ഫൊക്കാനയുടേ ഭരണഘടനയിലില്ല! ഇതിനെ മറികടന്നാണ് ഇലക്ഷൻ കമ്മിറ്റി 50ൽ അധികം ഭാരവാഹികളെ പ്രതിനിധി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. അവരിൽ ചിലർ ഈ ഇലക്ഷനിൽ സ്ഥാനാർത്ഥികളാവുകയും വിജയിക്കുകയും ചെയ്തു!

പതിവിൽ നിന്നും വിഭിന്നമായി ഇപ്രാവശ്യം മൂന്ന് പ്രസിഡന്റ് സ്ഥാനാർത്ഥികളുൾപ്പടെ 80ലധികം സ്ഥാനാർത്ഥികളാണ് ഭാഗ്യപരീക്ഷണത്തിന് മുന്നോട്ടു വന്നത്. സ്വാഭാവികമായും പരാതികളുടെ എണ്ണത്തിലും അതനുസരിച്ച് വർദ്ധനവുണ്ടായി. ഇലക്ഷൻ കമ്മിറ്റി മുൻകൈയ്യെടുത്ത് ഏതെങ്കിലും പരാതി പരിഹരിച്ചതായി അറിവില്ല. എങ്കിലും, ബോർഡ് ഓഫ് ട്രസ്റ്റീക്ക് കിട്ടിയ വിവിധ പരാതികൾ പരിശോധിച്ചതിൽ കണ്ടെത്തിയ ഗുരുതരമായ ചില പോരായ്മകൾ ചൂണ്ടിക്കാണിക്കട്ടേ....

vachakam
vachakam
vachakam

ന്യൂയോർക്ക് അപ്‌സ്റ്റേറ്റിലുള്ള ഒരു സംഘടനയുടെ (പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല) വെബ്‌സൈറ്റിൽ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നതനുസരിച്ച് അവരുടെ ആകെ അംഗസംഖ്യ 119 ആണ്. 2023-24 വർഷത്തിൽ അംഗത്വം പുതുക്കിയവർ 61 ആണ്. ഇതനുസരിച്ച് ഈ സംഘടനക്ക് രണ്ട് പ്രതിനിധികളാണ് അർഹതയുള്ളവർ. എന്നാൽ, അവർ ഏഴ് പ്രതിനിധികളുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നൽകിയതായി കണ്ടു. അതായത് അഞ്ച് പേര് കൂടുതൽ. അവരിൽ മൂന്നു പേര് ഈ സംഘടന പ്രവർത്തിക്കുന്ന പ്രദേശത്തെ താമസക്കാരോ സംഘടനയിലെ അംഗങ്ങളോ അല്ല. മൂന്നു പേരിൽ രണ്ടു പേര് ന്യൂജേഴ്‌സിയിലെ താമസക്കാരും, ഒരാൾ ന്യൂയോർക്കിൽ താമസിക്കുന്നതാണെന്നും മാത്രമല്ല, അവർ ഫൊക്കാനയുടെ ഉന്നത നേതാക്കളുടെ ഭാര്യമാരുമാണ്!

അടുത്തതായി, ഈ സംഘടനയുടെ മുൻ പ്രസിഡന്റ് എന്നു പറഞ്ഞ് വോട്ടു ചെയ്യാൻ വന്ന വ്യക്തി സംഘടനയുടെ പ്രസിഡന്റായിരുന്നിട്ടില്ല. മൂന്ന് ഗുരുതര ക്രമക്കേടാണ് ഈ സംഘടന ചെയ്തിട്ടുള്ളത് ... 1) അർഹതയില്ലാത്ത പ്രതിനിധികളെ വോട്ടു ചെയ്യാൻ അയച്ചു, 2) സംഘടനയിൽ അംഗങ്ങളല്ലാത്തവരെ അംഗത്വ ലിസ്റ്റിൽ ഉൾപ്പെടുത്തി അവരെ വോട്ടു ചെയ്യാൻ അയച്ചു, 3) മുൻ പ്രസിഡന്റിന്റെ പേരിൽ ആൾമാറാട്ടം നടത്തി വോട്ടു ചെയ്തു.

മെരിലാന്റിൽ നിന്നും കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അവിടത്തെ ഒരു സംഘടക്ക് സ്റ്റേറ്റ് രജിസ്‌ട്രേഷൻ പോലുമില്ല എന്നു കണ്ടെത്തി. എന്നാൽ, ഈ സംഘടന ഏഴ് പ്രതിനിധികളുൾപ്പടെ 9 വോട്ടുകളാണ് രേഖപ്പെടുത്തിയത്. അവിടെ നിന്ന് മത്സരിച്ച ഒരു സ്ഥാനാർത്ഥി 4 വോട്ടിന് പരാജയപ്പെടുകയുണ്ടായി. കാനഡയിൽ നിന്നും കിട്ടിയ ഒരു പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, പുതിയതായി ചേർത്ത ഒരു അംഗ സംഘടനക്ക്

നിലവിലെ പ്രസിഡന്റു മാത്രമുള്ളപ്പോൾ മുൻ പ്രസിഡന്റ് എന്ന നിലയിൾ ഒരാൾ കള്ള വോട്ട് ചെയ്തു. സ്ഥാനാർത്ഥി ഒരു വോട്ടിന് പരാജയപ്പെട്ടു.

കണക്റ്റിക്കട്ടിൽ നിന്നു പങ്കെടുത്ത ഒരു സംഘടന എഴുതിക്കൊടുത്ത അപേക്ഷയിൽ അവർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് 148 അംഗങ്ങൾ എന്നാണ്. മറ്റൊരു സംഘടന കൊടുത്തിരിക്കുന്നത് 155 അംഗങ്ങൾ എന്നാണ്. ഈ രണ്ട് സംഘടനകൾക്ക് നൽകിയിരിക്കുന്നത് ഏഴു വീതം പ്രതിനിധികളെയാണ്. സംഘടനകൾ ആവശ്യപ്പെട്ടതിലും കൂടുതൽ  നൽകിയെന്നു മാത്രമല്ല, അവർക്കു വേണ്ടി വോട്ടു ചെയ്തത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.

ഫൊക്കാനയുടെ 2024 ജനറൽ ഇലക്ഷനിലെ ഏറ്റവും നിന്ദ്യമായ തട്ടിപ്പ് ജൂലൈ 4ന് പുറത്തുവിട്ട ഫൈനൽ ഡെലിഗേറ്റ് ലിസ്റ്റ് വീണ്ടും വീണ്ടും തിരുത്തി എന്നതാണ്. ജൂലൈ 4ന് പ്രസിദ്ധീകരിച്ച ലിസ്റ്റും ജൂലൈ 15ലെ ലിസ്റ്റും ഒത്തുനോക്കിയാൽ ഈ വൈരുദ്ധ്യം കാണാവുന്നതാണ്.

അർഹതപ്പെട്ടതിലും കൂടുതൽ പേരെ പ്രതിനിധികളാക്കുക, അംഗസംഘടനകളിൽ അംഗങ്ങളല്ലാത്തവർ വോട്ടു ചെയ്യുക, പൊസിഷൻ മാറി വോട്ടു ചെയ്യുക, അംഗ സംഘടനയാകാൻ യോഗ്യതയില്ലാത്ത സംഘടനകളെ വോട്ടു ചെയ്യാൻ അനുവദിക്കുക തുടങ്ങിയ ചട്ടലംഘനങ്ങളിലൂടെ ഇരുന്നൂറിലധികം അനർഹരാണ് ഇത്തവണ ഫൊക്കാനയിൽ വോട്ടു രേഖപ്പെടുത്തിയത്.

ഫൊക്കാനയുടെ ഭരണഘടനയനുസരിച്ച് ജനറൽ കൗൺസിൽ മീറ്റിംഗും, തുടർന്ന് തിരഞ്ഞെടുപ്പുമാണ് നടത്തേണ്ടത്. ജനറൽ കൗൺസിലിനു മുമ്പ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേരണം. അതനുസരിച്ച് ജനറൽ സെക്രട്ടറി അയച്ച അജണ്ട എല്ലാവർക്കും ലഭിച്ചിട്ടുമുണ്ട്. പക്ഷെ, ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മിഡ് ടേം ജനറൽ ബോഡിയോ വാർഷിക ജനറൽ ബോഡിയോ കൂടിയതായി എനിക്കറിവില്ല. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് മീറ്റിംഗ്, ജനറൽ കൗൺസിലിലെ സെക്രട്ടറിയുടെ റിപ്പോർട്ട്, ട്രഷററുടെ കുറിപ്പുകൾ തുടങ്ങിയവ കാണുകയോ കേൾക്കുകയോ പോലും ചെയ്തിട്ടില്ല.

നിയമാനുസൃതം നോട്ടീസ് നൽകി അനുവാദം വാങ്ങിയ ഒരു പ്രമേയത്തിലൂടെ ബോർഡ് ഓഫ് ട്രസ്റ്റിയിലെ യഥാർത്ഥ ഭൂരിപക്ഷമായ 5 അംഗങ്ങൾ ചേർന്ന് ഈ തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമല്ല എന്ന് തെളിവു സഹിതം കൺവെൻഷനിൽ പങ്കെടുത്തവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്.

2024ലെ ഫൊക്കാനയുടെ ജനറൽ ഇലക്ഷൻ സത്യസന്ധമായിട്ടല്ല നടത്തപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. ഭംഗിയായി പര്യവസാനിക്കേണ്ട ഒരു കൺവെൻഷൻ കുത്സിത പ്രവർത്തികൾക്ക് പേരുകേട്ട ബോർഡിലെ ചില അംഗങ്ങളും അവരുടെ ഉപജാപകവൃന്ദങ്ങളായി നിലകൊണ്ട ഇലക്ഷൻ കമ്മീഷണർമാരും കൂടി കമ്മിറ്റി ഭാരവാഹികളെയും അംഗസംഘടനകളേയും തെറ്റിദ്ധരിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. തിരഞ്ഞെടുപ്പിൽ പരാജിതരായവർ കുണ്ഠിതപ്പെടേണ്ടതില്ല. അവർ സത്യത്തിലും നീതിയിലും ധർമ്മത്തിലും ഉറച്ചുനിന്ന് പൊരുതി തോറ്റവരാണ്. അതിൽ അവർക്ക് അഭിമാനിക്കാം. എന്നാൽ, വളഞ്ഞ വഴിയിലൂടെ, കള്ള വോട്ടു നേടി വിജയിച്ചവർക്കും, അവർക്കു വേണ്ടി വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്തവർക്ക് ആനന്ദിക്കാനും അഭിമാനിക്കാനും അവകാശമില്ല. അസത്യത്തിലൂടെയും അധർമ്മത്തിലൂടെയും നേടിയതൊന്നും ശാശ്വതമാകുകയില്ല, അതാണ് ലോക നീതി. ഇന്നല്ലെങ്കിൽ നാളെ അവരെ ജനം തിരിച്ചറിയും. അതുമല്ലെങ്കിൽ കുറ്റബോധത്തോടെ ശിഷ്ടകാലം അവർക്ക് കഴിച്ചുകൂട്ടേണ്ടി വരും.

'You can fool some of the people all of the time, and all of the people some of the time, but you can not fool all of the people all of the time.' (Abraham Lincoln)

അടിക്കുറിപ്പ്: ഇതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ കുറ്റമറ്റ രീതിയിൽ തെളിയിക്കാനുള്ള രേഖകൾ എന്റെ കൈവശമുണ്ട്. വായനക്കാരുമായി അത് പങ്കു വെയ്ക്കാനോ, സംവദിക്കാനോ ലേഖകന് എപ്പോഴും തയ്യാറുമാണ്.

ജോസഫ് കുരിയപ്പുറം (845 507 2667)


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam