കിഫ്ബി കൊള്ളയും കാട്ടു കള്ളന്മാരും 

OCTOBER 29, 2026, 1:31 AM

കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌ബോർഡ് എന്ന സ്ഥാപനം ഒന്നാം പിണറായി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്കിന്റെ സ്വപ്‌ന സന്തതിയാണ്. കേരളത്തിൽ വികസനം നടക്കാത്തതിന്റെ മുഖ്യകാരണം സംസ്ഥാനത്തു അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ മഹാപണ്ഡിതനായ ഡോ. ഐസക്ക് കണ്ടെത്തിയത്. അതിൽ ഒരു പരിധിവരെ ശരിയുമുണ്ട്. കേരളത്തിൽ റോഡ്, തീവണ്ടി ഗതാഗത സൗകര്യങ്ങൾ കുറവാണ്. നദികളും കായലുകളും തിങ്ങിനിറഞ്ഞ ഈ നാട്ടിൽ ജലഗതാഗതം വളരെ പരിമിതവുമാണ്.

അടിസ്ഥാന സൗകര്യങ്ങളിൽ പിന്നെവേണ്ടത് യാതൊരു തടസ്സവുമില്ലാതെയുള്ള വൈദ്യുതി വിതരണമാണ്. വൈദ്യുതിയില്ലെങ്കിൽ ഒരു വ്യവസായവും നടക്കില്ല; ഒരുസേവനവും നൽകാനാവില്ല. അതിനാൽ വൈദ്യുതി പരമപ്രധാനമാണ്. പിന്നെ പ്രധാനം കർമശേഷിയുള്ള തൊഴിൽസേനയാണ്. തൊഴിലെടുക്കാൻ ശേഷിയുള്ളവർക്കു നാട്ടിൽ ക്ഷാമമൊന്നുമില്ല. പക്ഷേ അവർക്കു അതിനാവശ്യമായ വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവുമുണ്ടോ എന്നതു വേറെക്കാര്യം.

അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ  വികസിപ്പിക്കുന്നതിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾവേണം എന്ന് ഒന്നാം പിണറായി സർക്കാർ നിശ്ചയിച്ചു. അതിനു ഉടൻ പണം കണ്ടെത്തണം. സർക്കാർ രീതിയിൽപോയാൽ ഒന്നും നടക്കില്ല. സർക്കാർ കാര്യം മുറപോലെ എന്നാണല്ലോ ചൊല്ല്. അതിനാൽ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നും വിമുക്തമായ ഒരു സംവിധാനം വഴി അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ നിക്ഷേപം നടത്തണം.

vachakam
vachakam
vachakam

ചുവപ്പുനാടയുടെ ഒരു ശല്യവും അത്തരം പദ്ധതികൾ നേരിടാൻ പാടില്ല. അതിനുവേണ്ടി കിഫ്ബി സംവിധാനം രൂപപ്പെടുത്തിയപ്പോൾ സർക്കാരിന്റെ ഭാഗമായ ധനവകുപ്പോ നിയമസഭയോ അകൗണ്ടന്റ് ജനറൽ ഓഫീസോ ഒരു പ്രശ്‌നവും ഉണ്ടാക്കില്ല എന്ന് ഉറപ്പു വരുത്തി. കിഫ്ബി പറയുന്നതെന്തോ അതായി അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളിൽ സർക്കാർ നയം. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു ഇന്നയിന്ന പദ്ധതികൾവേണം എന്ന് കിഫ്ബി നിശ്ചയിക്കുന്നു. അതിനായി ഫണ്ടും കിഫ്ബി അനുവദിക്കുന്നു. പദ്ധതികളുടെ നടത്തിപ്പുകാരെയും കോൺട്രാക്ടർമാരെയും കിഫ്ബി നിശ്ചയിക്കുന്നു. അതു സംബന്ധിച്ച ഒരുമേൽനോട്ടവും നിയമസഭക്കോ മന്ത്രിസഭയ്‌ക്കോ ഇല്ല. കിഫ്ബിയുടെ കാര്യങ്ങൾ നോക്കുന്നത് മുഖ്യമന്ത്രിയും ധനമന്ത്രിയും കിഫ്ബി മാനേജിങ് ഡയറക്ടർ കെ.എം. അബ്രഹാമും അടങ്ങുന്ന ഒരു സംഘമാണ്.  

അങ്ങനെ സർക്കാരിന്റെ ചുവപ്പുനാടയിൽ നിന്നും പൂർണമായും വിമോചിപ്പിച്ചു കിഫ്ബിയുടെ പ്രവർത്തനങ്ങൾ സർവതന്ത്ര സ്വതന്ത്രമാക്കി മാറ്റിയാണ് ഒന്നാം പിണറായി സർക്കാർ സമാപിച്ചത്. രണ്ടാം സർക്കാരിൽ ഡോ.തോമസ് ഐസക്കിന് സ്ഥാനം കിട്ടിയില്ലെങ്കിലും കിഫ്ബിയും അതിന്റെ പരമാത്മാവായ ഡോ. കെ.എം. അബ്രഹാമും യാതൊരു തടസ്സവുമില്ലാതെ തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. ധാരാളം പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകി. സ്വകാര്യമേഖലയിൽ നിന്ന്‌ബ്ലേഡ് പലിശയ്ക്കു പണം കടം വാങ്ങി നിക്ഷേപം നടത്തി. അതിനുള്ള പണം കണ്ടെത്താനായി കിഫ്ബിബോണ്ടുകൾ അഥവാ കടപ്പത്രങ്ങൾ ഇറക്കി. അതിലൂടെ പണം സമാഹരിച്ചു വികസനാവശ്യത്തിനു വിനിയോഗിച്ചു.

ഇങ്ങനെ പണം സമാഹരിക്കാനായി കിഫ്ബി ഇറക്കിയ ബോണ്ടുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മളൊക്കെ കടം വാങ്ങുന്നവരാണ്. പലിശ കൊടുക്കുന്നവരുമാണ്. അതിനാൽ ഒരു ആവശ്യത്തിന് പണം കടം വാങ്ങുമ്പോൾ പലിശ എത്രവരെ ആവാമെന്നതിനെ കുറിച്ച് ഓരോ മലയാളിക്കും കൃത്യമായ അവബോധമുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവർ ആശുപത്രിയിൽ കിടക്കുമ്പോൾ ചികിൽസിക്കാൻ കിടപ്പാടം വിറ്റും നമ്മളൊക്കെ പണം കണ്ടെത്തും.

vachakam
vachakam
vachakam

എന്നാൽ അയൽപക്കക്കാരന്റെ ഇമ്പാല കാറുപോകാൻ സൗകര്യത്തിനു റോഡ് വികസിപ്പിക്കാൻ അങ്ങനെ പണം കണ്ടെത്തണം എന്ന് ആരെങ്കിലും പറഞ്ഞാൽ അയാളെ ആട്ടിവിടുകയും ചെയ്യും. 
അതാണ് സത്യത്തിൽ കിഫ്ബിയിൽ സംഭവിച്ചത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യം എന്നൊക്കെ പറയുമ്പോൾ അതിന്റെ പ്രധാന്യം ആരാണ് നിശ്ചയിക്കുന്നത്? സാധാരണ നിലയിൽ വരുമാനം കുറവും ആവശ്യങ്ങൾ കൂടുതലും ആകുമ്പോൾ ഏതു കുടുംബനാഥനും മക്കളോടും ഭാര്യയോടും ഒക്കെ ഒരു അഭിപ്രായംതേടും. കാരണം വീടു പണയപ്പെടുത്തി കാശു വാങ്ങി ചെലവാക്കുമ്പോൾ ഭാവിയിൽ അതിന്റെ ഉത്തരവാദിത്വം കുടുംബത്തിനും കൂടിയുള്ളതാണല്ലോ. കടം വരുത്തി വെച്ച കാരണവർ ചത്തുപോയാലും കടം കടമായി അവശേഷിക്കും. കാരണം കടം നൽകുന്നവർക്ക് അതെങ്ങനെ പലിശ സമേതം തിരിച്ചു പിടിക്കണം എന്ന് നന്നായി അറിയാം. കാശ് കിട്ടിയില്ലെകിൽ അത് ഈടാക്കാൻ ഏതു കോടതിയിൽ പോകണമെന്നും അവർക്കറിയാം. കിഫ്ബിക്കു കടം  കൊടുത്തവർക്കും ഇതൊക്കെ അറിയാം.

അപ്പോൾ കിഫ്ബിയിൽ എന്താണ് സംഭവിച്ചത്? മസാലബോണ്ട് എന്നപേരിൽ വിദേശങ്ങളിൽ നിന്നും അവർ വമ്പിച്ച തുക വായ്പ വാങ്ങി. വിദേശ നിക്ഷേപകർ പണം നൽകണമെങ്കിൽ മാന്യമായ പലിശയും കൃത്യമായ തിരിച്ചടവും ഉറപ്പാക്കണം. അതിനായി കൂടുതൽ പലിശ കൊടുത്തും കിഫ്ബി കടം വാങ്ങി. ആദ്യം കടം വാങ്ങിയത് കാനഡയിലെ സിഡിപിക്യു എന്ന കമ്പനിയിൽ നിന്നാണ്. പിണറായി  സർക്കാരിന് നല്ല പരിചയമുള്ള കൂട്ടരാണ് അവർ. കാരണം ലാവ്‌ലിൻ കമ്പനിയുടെ ഹോൾഡിങ് കമ്പനിയാണ് അവർ.

അങ്ങനെ ഉലകെങ്ങും തപ്പിയാണ് കിഫ്ബി വികസനത്തിന് പണം കണ്ടെത്തിയത്. ബ്ലേഡ് കമ്പനി റേറ്റിൽ പലിശ. അതിനു സർക്കാരിന്റെ ഗ്യാരണ്ടി. ലോകത്തു ആദ്യത്തെ സാമ്പത്തിക പരീക്ഷണമായിരിക്കണം അത്. സാധാരണ നിലയിൽ പലിശ ഉയരുന്നത് നിക്ഷേപത്തിന്റെ ഭദ്രത ഉറപ്പില്ലാത്ത സമയത്താണ്. റിസ്‌ക് പ്രീമിയം എന്നാണ് അതിനു പറയുന്നത്. ഇവിടെ നേരെ മറിച്ചാണ്. വായ്പക്ക് സർക്കാർ ഗ്യാരണ്ടി. പലിശയാകട്ടെ ബ്ലേഡ് കമ്പനിറേറ്റിൽ. സത്യത്തിൽ ഷൈലോക്ക് പോലും ഇങ്ങനെയൊരു സംവിധാനം സ്വപ്‌നത്തിൽ പോലും സങ്കല്പിച്ചിട്ടുണ്ടാവില്ല.
അതാണ് പറയുന്നത്. ഷൈലോക്കിന്റെ സൃഷ്ടാവായ ഷേക്‌സ്പിയറിന്റെ ഗുരുവാകാൻ യോഗ്യനാണ്‌ഡോ.തോമസ് ഐസക്ക്. കടം വാങ്ങിയവന്റെ നെഞ്ചിൽ നിന്നും ഒരു റാത്തൽ ഇറച്ചി മാത്രമാണ് ഷൈലോക്ക് പലിശയായി ആവശ്യപ്പെട്ടത്. ഒരു നാടിനെ മൊത്തം തൂക്കി വിൽക്കാനാണ് ഡോ. ഐസക്ക് വിദേശികളുമായി കരാറുണ്ടാക്കിയത്.

vachakam
vachakam
vachakam

അതൊക്കെ പോകട്ടെ. കേരളം നന്നായോ? കൊടും പലിശയ്ക്ക് കടം വാങ്ങി കേരളത്തെ വികസന പാതയിൽ സർക്കാർ മുന്നിലെത്തിച്ചുവോ? അതൊന്നും സംഭവിച്ചില്ല. കേരളത്തിലേക്കു സാമ്പത്തിക നിക്ഷേപകർ ഇനിയും വന്നുചേരണം. റോഡ്, തീവണ്ടി, ജലഗതാഗതം ഇനിയും കരകേറണം. യുവജനങ്ങൾ തൊഴിൽതേടി ഇപ്പോഴും കടൽ കടന്നുപോകുന്നു. പലരും ഒരു ഗതിയും കിട്ടാതെ ആത്മഹത്യ ചെയ്യുന്നു. ഡോ. ഐസക്കിന്റെ ഐശ്വര്യ കേരളം യഥാർത്ഥത്തിൽ ഒരു കടക്കെണി കേരളമായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

ആസൂത്രണ കമ്മിഷൻ മുൻ സെക്രട്ടറി സുധാപിള്ളയുടെ അധ്യക്ഷതയിലുള്ള അന്വേഷണ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ നാട്ടിലെങ്ങും പാട്ടാണ്. അഴിമതിക്കു വേണ്ടി മാത്രം ഒരു സർക്കാർ സംവിധാനം എങ്ങനെ രൂപീകരിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് കിഫ്ബി എന്ന ഏർപ്പാട്. സത്യത്തിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ തുറുങ്കിലാണ് അന്ത്യം കാണേണ്ടത്. അതൊക്കെ സംഭവിക്കുമോ എന്നൊന്നും അറിയില്ല. ഒരു കാര്യം അറിയാം: കേരളം കണ്ട ഏറ്റവും വലിയ അഴിമതി സംവിധാനമാണ് കിഫ്ബി എന്നപേരിൽ അറിയപ്പെടുന്നത്. എന്നിട്ടും അതിന് ഇന്നത്തെ സർക്കാരിലെ ചില കക്ഷികളും കൂട്ടു നില്കുന്നുണ്ടോ എന്നൊരുചോദ്യവും മുഴങ്ങി കേൾക്കുന്നുണ്ട്. കിഫ്ബി വിഷയത്തിൽ പിണറായി വിജയൻ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്കു നിയമസഭയിൽ നന്ദി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. അതിൽ അസ്വാഭാവികതയൊന്നുമില്ല. 'ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം' അല്ലേ ജനാബ് കുഞ്ഞാലിക്കുട്ടി സാർ...?

എൻ.പി.ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam