ദരിത്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടി നിലകൊള്ളുകയും കത്തോലിക്ക സഭയുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട് സഭയില്‍ മാറ്റത്തിന് വഴി ഒരുക്കുകയും ചെയ്ത വലിയ ഇടയനണ് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ.
സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്നാണ് ആ വലിയ മനുഷ്യ സ്നേഹി വിശേഷിപ്പിച്ചത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി എന്നും നിലകൊണ്ടു. ബാലപീഡനത്തിനും ലൈംഗിക പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി. യുദ്ധ ഇരകള്‍ക്ക് വേണ്ടി എന്നും ആ വലിയ ഇടയന്‍ ശബ്ദമുയര്‍ത്തി.
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പായിരുന്നു അദ്ദേഹം. മുതലാളിത്തത്തിന്റെ ശക്തനായ വിമര്‍ശകനും. വത്തിക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. കാല്‍പ്പന്തിനെ പ്രണയിച്ച മാര്‍പാപ്പയുടെ ജീവിതം ലാളിത്യവും നര്‍മ്മവും നിറഞ്ഞതായിരുന്നു. ബ്യൂനസ് ഐറിസിലെ സാന്‍ലോറന്‍സോ ക്ലബ്ബില്‍ അംഗമായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്ന ആ ചെറുപ്പക്കാരന്‍.
1935 ഡിസംബര്‍ 17ന് അര്‍ജന്റീനിയയിലെ ബ്യൂനസ് ഐറിസിലാണ് ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ജനിച്ചത്. റെയില്‍വേയിലെ അക്കൗണ്ടന്റായ മാരിയോ ഗ്യൂസെപ്പെ ബര്‍ഗോളിയോ വസാല്ലോ -റെജീന മരിയ സിവോറി ഗോഗ്‌ന ദമ്പതികളുടെ അഞ്ച് മക്കളിലൊരാളായിരുന്നു. ഇറ്റലിയിലെ പീഡ്‌മോണ്ടില്‍ ജനിച്ച് 1920ല്‍ അര്‍ജന്റീനിയയിലേക്ക് കുടിയേറിയതാണ് പിതാവ്.
അര്‍ജന്റീനിയയില്‍ ജനിച്ചെങ്കിലും പീഡ്‌മോണ്ടില്‍ നിന്നുള്ള ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ മകളായിരുന്നു റെജീന. കുട്ടിക്കാലത്തേ ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകള്‍ ബര്‍ഗോളിയോ വശമാക്കി. വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളുടെ ദുരവസ്ഥ മനസിലാക്കി. സാമൂഹ്യബോധത്തോടെയാണ് അദ്ദേഹം വളര്‍ന്ന് വന്നത്. വിദ്യാര്‍ഥി ആയിരിക്കെ ക്ലബ്ബില്‍ ബൗണ്‍സറായി ജോലി ചെയ്തു. ഡിപ്ലോമ നേടിയ ശേഷം ലബോറട്ടറി ടെക്നീഷ്യനായി ജോലി ചെയ്തു. അന്നത്തെ അര്‍ജന്റീനിയയുടെ രാഷ്ട്രീയ അന്തരീക്ഷവും അദ്ദേഹത്തെ സ്വാധീനിച്ചു. തൊഴിലാളി വര്‍ഗത്തിന്റെയും ഗ്രാമീണ മേഖലകളുടെയും പുരോഗതി, വരുമാനത്തിലെ വ്യത്യാസങ്ങള്‍ എന്നിവയെപ്പറ്റി ആഴത്തില്‍ ചിന്തിച്ചു.
ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ബ്യൂനസ് ഐറിസ് സര്‍വകലാശാലയില്‍ ചേര്‍ന്നു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം. പൗരോഹിത്യത്തിലേക്ക് ഉള്‍വിളി ഉണ്ടായതോടെ കാമുകിയുമായി വേര്‍പിരിഞ്ഞു. ചിലെയില്‍ മാനവിക വിഷയങ്ങളില്‍ പഠനം നടത്തി. 1963ല്‍ അര്‍ജന്റീനിയയിലേക്ക് മടങ്ങി. സാന്‍മിഗ്വലിലെ കൊളീജീയോ ഡി സാന്‍ജോസില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1964 മുതല്‍ 1966 വരെ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967 മുതല്‍ 1970 വരെ ദൈവ ശാസ്ത്രം പഠിച്ചു.
ഇരുപത്തൊന്നാം വയസില്‍ ബ്യൂനസ് ഐറിസിലെ വില്ല ഡെവോട്ടോയില്‍ സെമിനാരി പഠനത്തിന് ചേര്‍ന്നെങ്കിലും വളരെക്കാലം കഴിഞ്ഞ് 1969ല്‍ മുപ്പത്തി മൂന്നാം വയസിലാണ് വൈദിക പട്ടം സ്വീകരിച്ചത്. പിന്നാലെ ജെറുസലേമിലേക്ക് തീര്‍ത്ഥാടനം. 1969 ഡിസംബര്‍ 13ന് വൈദികനായി. 1973 മുതല്‍ 1979 വരെ അര്‍ജന്റീനിയന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍.
1980ല്‍ താന്‍ പഠിച്ച സാന്‍ മിഗ്വല്‍ സെമിനാരിയുടെ റെക്ടര്‍ ആയി. 1998ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്. 2001ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കുരിയായുടെ വിവിധ ഭരണ പദവികളില്‍ സേവനമനുഷ്ഠിച്ചു. 2005ല്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍. മൂന്ന് വര്‍ഷത്തിന് ശേഷം ഇതേ പദവിയില്‍ വീണ്ടുമെത്തി. ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരിക്കെ കര്‍ദിനാല്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013ല്‍ കത്തോലിക്ക സഭയുടെ 266ാം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിത പ്രകാശം കണ്ടെത്തിയ അസീസിയയിലെ ഫ്രാന്‍സിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. ഭീകരതയും അഭയാര്‍ഥി പ്രശ്നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്