വാർധക്യത്തിന്റെ വിവശതയിൽ നാടും നിർമിതികളും

JULY 9, 2025, 9:41 AM

വാർധക്യത്തിന്റെ വാൾമുനയിലാണ് മലയാളികളും അവരുടെ ജീവിത പരിസരങ്ങളും ഇന്ന്. ഇതുസംബന്ധിച്ച മുന്നൊരുക്കമൊന്നും നാം നടത്തുന്നില്ല. കേരളത്തിലെ ഭരണകൂടമാകട്ടെ, ഒരു ദിവസം സർക്കാർ ജോലിക്കാർ പണിമുടക്കിയാൽ ഏകദേശം 10 കോടിയോളം രൂപ ലാഭം കിട്ടുമല്ലോ എന്നോർത്ത് ഹാപ്പിയാണുതാനും.

2030 ആകുമ്പോൾ കേരളത്തിലെ ജനങ്ങളിൽ 17 ശതമാനവും വൃദ്ധജനങ്ങളായി മാറും. ഇതോടൊപ്പം നമുക്കുചുറ്റുമുള്ള പലതും വാർധക്യപരുവത്തിലാകും. നമ്മുടെ വീടടക്കമുള്ള നിർമിതികൾക്കും പ്രായമേറുന്ന ഈ വരും വർഷങ്ങൾക്കായി എന്തെങ്കിലും ഒരു കർമപദ്ധതി നാം തയ്യാറാക്കുന്നുണ്ടോ? ഇല്ലെന്ന കാര്യം തീർച്ചയാണ്. കാലം തെറ്റിയുള്ള മഴയും വെയിലും താങ്ങാൻ പറ്റാതെ വിറച്ചു നിൽക്കുകയാണ് നമ്മുടെ നിർമ്മിതികൾ. 

ഇന്ത്യ ഡിജിററലായി മാറിയിട്ട് 10 വർഷം കഴിഞ്ഞുവെന്ന് കേന്ദ്രസർക്കാരിന്റെ വക ഒരു പരസ്യം കണ്ടു. അതേദിവസം, കാക്കനാട്ടുള്ള സർക്കാർ ട്രഷറിയിൽ പെൻഷൻകാർ കാത്തിരുന്ന് മടങ്ങിപ്പോയ വാർത്തയും വായിക്കാൻ കഴിഞ്ഞു. കമ്പ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാർ 'ഇപ്പ ശരിയാക്കിത്തരാ'മെന്ന കുതിരവട്ടം പപ്പുവിന്റെ സിനിമാ ഡയലോഗ് ഉന്നതങ്ങളിൽനിന്നെത്തിയെങ്കിലും ടാക്‌സിയും ഓട്ടോയുമെല്ലാംപിടിച്ചും പരസഹായത്തോടെയുമെല്ലാം ട്രഷറിയിലെത്തിയ വൃദ്ധജനം ഗതികെട്ട് പെൻഷൻ ലഭിക്കാതെ തിരിച്ചുപോകുകയായിരുന്നു.

vachakam
vachakam
vachakam

മൂന്നരയായപ്പോൾ കമ്പ്യൂട്ടർ ശൃംഖല ഓക്കെ ആയി. പക്ഷെ, അപ്പോഴേയ്ക്കും ട്രഷറി ഇടപാടുകൾ നിർത്തേണ്ട സമയവുമായി. ഇത്തരം സന്ദർഭങ്ങളിൽ പെൻഷൻകാരെ വലയ്ക്കാതിരിക്കാൻ ഇടപാട് സമയം നീട്ടിക്കൊടുക്കാൻ അധികൃതർക്ക് കഴിയുമായിരുന്നില്ലേ? അല്ലേ, അതിന്റെ ശരി?


വീണ മന്ത്രിയും വീണ കെട്ടിടവും

vachakam
vachakam
vachakam

ആരോഗ്യവകുപ്പുമന്ത്രി വീണ ജോർജ് കോട്ടയത്തുള്ളപ്പോഴാണ് മെഡിക്കൽ കോളജിൽ പൊളിക്കാനിട്ടിരുന്ന പഴഞ്ചൻ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പിൽനിന്നുള്ള ഒരു വീട്ടമ്മ മരിച്ചത്. പഴയ കെട്ടിടം ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് അവകാശപ്പെട്ട് മന്ത്രി വീണയും മന്ത്രി വാസവനും നടത്തിയ അമിതമായ ആത്മവിശ്വാസപ്രകടനമാണ് എല്ലാം കുളമാക്കിയത്. വിലപ്പെട്ട രണ്ടര മണിക്കൂർ സമയമാണ് രക്ഷാ പ്രവർത്തനത്തിൽ അലംഭാവം കാണിച്ച് അധികൃതർ പാഴാക്കിയത്.

പുതിയ കെട്ടിടം രോഗികളെ പ്രവേശിപ്പിക്കാൻ തക്കവിധം തയ്യാറായിരുന്നുവെങ്കിലും വൈകിയത് പ്രശ്‌നമായി. പുതുപ്പള്ളി എം.എൽ.എ. ചാണ്ടിഉമ്മൻ പറഞ്ഞിട്ടുപോലും രക്ഷാ പ്രവർത്തനം വൈകുകയായിരുന്നു. ന്യായീകരണ ക്യാപ്‌സൂളുകൾ പലതും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടും ഫലം കാണാതെവന്നപ്പോൾ 'ഡാമേജ് കൺട്രോളി'ന് പാർട്ടിയും മന്ത്രിമാരും മുണ്ടും മടക്കിക്കുത്തിയിറങ്ങി. ഒടുവിൽ മന്ത്രി വാസവന്റെ സൂപ്പർ ഡയലോഗ്! ''ഇതെല്ലാം കേട്ടാൽ  തോന്നും കെട്ടിടം മന്ത്രി മറിച്ചിട്ടതാണെന്ന്.'' വാസവൻ മന്ത്രീ, ആ വാക്കുകൾ കേട്ടാൽ ആരും നമിച്ചുപോകും.

മരിച്ച വീട്ടമ്മയുടെ ഭർത്താവ് സി.പി.എം.കാരനാണ്. അതിനനുസരിച്ചുള്ള വിധേയത്വം മരിച്ച ബിന്ദുവിന്റെ ഭർത്താവിൽ പിന്നീട് ഉണ്ടായത് ഉദാരമായ സർക്കാർ സഹായം പ്രതീക്ഷിച്ചാണെന്നും മനസ്സിലായി. ഏതെങ്കിലും സഹായം ആ കുടുംബത്തിന് കിട്ടിയാൽ നമ്മളെല്ലാം ഹാപ്പിയാകും. ഈ കോലാഹലമെല്ലാം കഴിയുമ്പോൾ സഹായവാഗ്ദാനങ്ങൾ പാഴ്‌വാക്കുകളാകാതിരിക്കാനുള്ള ജാഗ്രത ആ കുടുംബത്തോടൊപ്പം ഇന്ന് നിലകൊള്ളുന്ന കൂട്ടായ്മകൾക്ക് കൈമോശം വരരുത്.

vachakam
vachakam
vachakam

ബിന്ദുവിന്റെ വീടിനടുത്തുള്ള കപ്പേളയിലെ വിപുലമായ തിരുനാളാഘോഷം ക്രൈസ്തവർ ഒഴിവാക്കിയതും ആഘോഷമായ ദിവ്യബലിക്കുപകരം ബിന്ദുവിന്റെ ആത്മാവിനുവേണ്ടിയുള്ള ബലിയർപ്പണമാക്കിയത് ഇപ്പോഴും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന പരസ്‌നേഹത്തിന്റെ മിഠായി മധുരമായി.

കൈക്കൂലിയും കള്ളത്തരങ്ങളും നിർമിതികളും

റോഡ് പണിതാൽ മാസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിയും. പാലം പണിതാൽ അത് പഞ്ചവടിപ്പാലംപോലെ വാഴപ്പിണ്ടിപ്പാലമായി മാറും. വിദേശത്തിരുന്ന് നാട്ടിലുള്ള ബന്ധുക്കളെയോ കോൺട്രാക്ടർമാരെയോ വിശ്വസിച്ച് വീടും മറ്റും പണിയുന്നവരും ചിലപ്പോൾ കബളിപ്പിക്കപ്പെടുന്നു. സർക്കാർ കെട്ടിടങ്ങൾ കൈക്കൂലിക്കെണിയിൽപെട്ട് വെറുതെ ചീട്ടുകൊട്ടാരംപോലെയാണ് പലപ്പോഴും നിർമിക്കപ്പെടുന്നത്. കാരണം പലതാണ്. കരാറുകാരുടെ ഗതികേടെന്നുപറയുന്നത് 25 ലക്ഷത്തിന്റെ കെട്ടിടം നിർമിക്കാനുള്ള ചെലവിൽ പകുതിയാണ് പലപ്പോഴും സർക്കാർ ഔദ്യോഗിക ടെൻഡറിൽ പറയുക.

അതിൽ കുറേഭാഗം കൈക്കൂലിയായി മുൻകൂർ തന്നെ 'വേണ്ടപ്പെട്ടവർക്ക്' നൽകണം. കരാറുകാർ മുടക്കിയ പണമാണെങ്കിൽ സർക്കാരിന്റെ ധനക്കമ്മിമൂലം കിട്ടാൻ മാസങ്ങളോ വർഷങ്ങളോ വൈകും. ഇത്തരമൊരു വ്യവസ്ഥിതിയിൽ ഇപ്പോൾ പണിയുന്ന സർക്കാർ കെട്ടിടങ്ങൾ അല്പായുസ്സാകാൻ സാധ്യയേറെയാണ്. മലബാർ മേഖലയിൽ പ്രധാനപ്പെട്ട അഞ്ച് കുന്നുകൾ തുരന്നും വെട്ടിമുറിച്ചും നടത്തിയ റോഡ് നിർമാണങ്ങളുടെ ഇന്നത്തെ അവസ്ഥ എത്രയോ ഭീതിദമാണ്.
കോട്ടയം മെഡിക്കൽ കോളജിനകത്ത് തകർന്ന കെട്ടിടം നിർമിച്ചിട്ട് 57 വർഷം കഴിഞ്ഞിരുന്നു.

എറണാകുളത്തെ കെ.എസ്.ആർ.ടി.സി. സ്‌റ്റേഷൻ കെട്ടിടവും നിർമിച്ചിട്ട് ഇതേ കാലയളവായി. രണ്ട് കെട്ടിടങ്ങളെയും താരതമ്യപ്പെടുത്തി ഒരു വാർത്ത വായിച്ചിരുന്നു. ചുരുക്കത്തിൽ കേരളത്തിലെ സർക്കാർ കെട്ടിടങ്ങളിൽ 70 ശതമാനമെങ്കിലും ഇതേ കാലയളവ് പിന്നിട്ടതാവാം. ആ കെട്ടിടങ്ങളുടെ പുനർനിർമാണത്തെക്കുറിച്ചോ യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണികളെക്കുറിച്ചോ മാറിമാറി ഭരിച്ച സംസ്ഥാന ഭരണകൂടങ്ങൾ പലപ്പോഴും മൗനംപാലിക്കുകയാണ്.

ഇതിനിടെ കേരളത്തിലെ 138 പഞ്ചായത്തുകൾ വയോജന സൗഹൃദമാകുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ടു. വീട്ടുമുറ്റത്ത് കാട്ടാനയും പെരുവഴികളിൽ പേപ്പട്ടികളും സുലഭമായുള്ള ഒരു സംസ്ഥാനത്ത് അപ്പൂപ്പ/അമ്മൂമ്മമാരോട് ഏതുവിധത്തിലുള്ള സൗഹൃദം സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതാവോ?


നെല്ലങ്കരയിൽ ഒരു ഭരത്ചന്ദ്രൻ ഐ.പി.എസ്.

തൃശൂർ ജില്ലയിലെ നെല്ലങ്കര കാൽ നൂറ്റാണ്ടുമുമ്പ് നെൽപാടങ്ങളുടെ നാടായിരുന്നു. തൃശൂർ നഗരത്തിൽനിന്ന് വെറും നാല് കിലോമീറ്റർ മാത്രമുള്ള പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ട് അധികം വർഷങ്ങളായിട്ടില്ല. പൊലീസിന് പലപ്പോഴും പൂരം കലക്കാനും യോഗങ്ങൾ കലക്കുകയോ കലക്കാതിരിക്കുകയോ ചെയ്യാനുള്ള നടപടികളിൽ വ്യാപൃതമായിക്കഴിഞ്ഞാൽ പിന്നെ തൃശൂരിലെ ഗുണ്ടകളുടെ കാര്യം നോക്കാൻ സമയക്കുറവുണ്ട്. മാത്രമല്ല, പൊന്നുരുക്കൽ, ആഭരണം നിർമിക്കൽ, കള്ളസ്വർണം കൈകാര്യം ചെയ്യൽ തുടങ്ങിയ 'എക്‌സ്ട്രാ കരിക്കുലർ' പ്രവർത്തനങ്ങളിലും ചില ഏമാന്മാർക്ക് പങ്കുണ്ടെന്ന് പരാതിയുണ്ട്.

പുള്ള്, കോടാലി, പൂച്ചട്ടി തുടങ്ങിയ സ്ഥലപ്പേരുകൾ, തങ്ങളുടെ കുപ്രസിദ്ധിക്കുവേണ്ടി പേരിനോട് ചേർത്ത ഗുണ്ടകൾക്കും പേരുകേട്ട നാടാണ് തൃശൂർ. സാംസ്‌ക്കാരിക തലസ്ഥാനമെന്ന പേരൊക്കെ ജോറാണെങ്കിലും ഇന്ന് പല ഗഡികളും ലഹരി, കള്ളക്കടത്ത്, അടിപിടി, കത്തിക്കുത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 'ടെൻഡർ നടപടി'കൾ ഏറ്റെടുത്ത് കുശാലായി കഴിയുന്നുണ്ട്. നാടിന്റെ പേര് നെല്ലിനോട് ചേർന്ന നെല്ലങ്കരയാണെങ്കിലും അവിടെ നടന്ന ഗുണ്ടകളുടെ ബെർത്ത്‌ഡേ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗത്തിനും നാട്ടുകാരുടെ സ്വസ്ഥ ജീവിതത്തിനും ഭംഗമുണ്ടാകുമെന്ന 'വിവരം' ലഭിച്ചതോടെയാണ് പൊലീസ് സംഘം അങ്ങോട്ട് കുതിച്ചത്. പക്ഷെ, ഗുണ്ടാസംഘം അവരുടെ 'തനി കൊണം' കാട്ടി.പൊലീസിനെ അവർ പഞ്ഞിക്കിട്ടു.

അതോടെ പൊലീസ് കമ്മീഷണർ ഇളങ്കോ സ്ഥലത്തെത്തി. ഗുണ്ടകളെപ്പോലെ പെരുമാറുന്നവനോട് 'ധ്യാനം കൂടാൻ പറയാതെ' പൊലീസിനെപ്പോലെ വീര്യം കുറയ്ക്കാതെ 'കേറി നിരത്തിക്കോ' എന്നായിരുന്നു കമ്മീഷണറുടെ കല്പന. പൊലീസിനെ തല്ലിയ കൈയും ചവിട്ടിയ കാലുമെല്ലാം അല്പമൊക്കെ 'വളച്ചും ഒടിച്ചും പിരിച്ചും' പൊലീസുകാർ തിരിച്ച് ഗുണ്ടകളെ പഞ്ഞിക്കിട്ടു. ഗുണ്ടകളെ തല്ലിയൊതുക്കാൻ നേതൃത്വം നൽകിയ കമ്മീഷണർ ഇളങ്കോയുടെ പേരിൽ പഴയ 'മൈത്രിനഗറി'ന്റെ പേരുമാറ്റി ബോർഡ് സ്ഥാപിച്ചു നാട്ടുകാർ. കമ്മീഷണർ സിനിമയിലെ 'കമ്മീഷണർ ഭരത്ചന്ദ്ര'നെ അവതരിപ്പിച്ച തൃശൂരിന്റെ എം.പി.യായ സുരേഷ്‌ഗോപി ഏതായാലും ഇളങ്കോയെ വിളിച്ച് അഭിനന്ദിച്ചിരിക്കണം.

കമ്മീഷണർ ഇളങ്കോതന്നെ നേരിട്ട് എത്തി നാട്ടുകാരെ സ്‌നേഹപൂർവം നിർബന്ധിച്ച് തന്റെ പേരിൽ സ്ഥാപിച്ച ബോർഡ് മാറ്റിച്ചതുവരെയെത്തിനിൽക്കുകയാണ് ഇപ്പോൾ കാര്യങ്ങൾ. തല്ലുകിട്ടിയവർ ഭരണകക്ഷിയുടെ തണലിൽ ഉള്ളവരാകാതിരിക്കാൻ ജനം പള്ളിയിൽ മെഴുകുതിരി കത്തിച്ചോ, അമ്പലത്തിൽ വഴിപാട് നടത്തിയോ പ്രാർത്ഥിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഇളങ്കോയ്ക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു സ്ഥലംമാറ്റം ഉറപ്പാണ്. അതല്ലെങ്കിൽ കമ്മീഷണർ ഭരത്ചന്ദ്രനെ വെല്ലുന്ന രാജൻ പി. ദേവിന്റെയോ നരേന്ദ്രപ്രസാദിന്റെയോ മറ്റോ വില്ലൻ വേഷങ്ങളുടെ താണ്ഡവം നാം കാണേണ്ടിവരും. 'ഇത്  താൻടാ പൊലീസ്' എന്നു പറയുന്ന കമ്മീഷണർമാരും സാദാ പൊലീസുകാരും ഒരുപാട് സമ്മർദങ്ങൾ നേരിടുന്ന സംഭവപരമ്പരകൾ ഇന്ന് കേരളമൊട്ടാകെ അരങ്ങേറുന്നുണ്ട്.

ഇങ്ങനെയൊക്കെ പറയാമോ വക്കീലേ?

പണിമുടക്കുന്നവരും സമരം ചെയ്യുന്നവരും ഭരണകക്ഷിയുടെ ആൾക്കാരാകുമ്പോൾ പൊലീസ് മാനംനോക്കി മിണ്ടാതെയും ഉരിയാടാതെയുമിരിക്കുന്ന ഒരു ദിനമാണ് ഇന്ന് (ബുധൻ) കടന്നുപോയത്. ഗവർണർ-എസ്.എഫ്.ഐ. പോരിനിടയിൽ പൊലീസ് എന്തുചെയ്യാൻ? തൊഴിലാളിവിരുദ്ധർ കേരള സംസ്ഥാനമാണോ കേന്ദ്ര സർക്കാരാണോ എന്ന ആശയക്കുഴപ്പവും ജനങ്ങൾക്കുണ്ട്.

സമരം ചെയ്യുന്ന 'ആശമാർ' നേതാക്കളും മന്ത്രിമാരും പറയാത്ത തെറിയില്ല. ഇപ്പോൾ എ.കെ.ബാലനെപ്പോലുള്ളവർ തൊഴിലാളികൾക്കുവേണ്ടിയും സമരം നടത്താനുള്ള അവരുടെ അവകാശത്തിനുവേണ്ടിയും 'വാപൊളിക്കുമ്പോൾ' പൊളിച്ച വായിലെ ആ നാക്കിൽ ഇരട്ടത്താപ്പിന്റെ നിറഭേദം കണ്ടാൽ ആരും അത്ഭുതപ്പെടരുത്!

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam