മലപ്പുറം: ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എന്നിട്ടും ലഹരി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്നുവെന്നത് ആശങ്കാവഹമാണ്.
സ്‌കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകര്‍ക്ക് വിവരം നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം നടന്നുവെന്ന ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബൈക്കിലെത്തിയ അജ്ഞാത സംഘം വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.
പാലൊളിപറമ്പിലെ മാതാവിന്റെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. പിന്നാലെ ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി തലയ്ക്ക് അടിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും തലയിലും പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പെരിന്തല്‍മണ്ണ ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.
ഹെല്‍മറ്റ് ധരിച്ചെത്തിയവരായതിനാല്‍ ആക്രമണം നടത്തിയവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി അറിയിച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്നും ആക്രമണത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്താണെന്നും വ്യക്തമാകേണ്ടതുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധ്യാപകരെ അറിയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് ഭീഷണി ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
