പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2070 കോടി രൂപ) മൂല്യമുള്ള അതിവിശാലവുമായ നൃത്തശാലയും വിരുന്നുമുറിയും ഉള്‍പ്പെടുന്ന 'സ്റ്റേറ്റ് ബാള്‍റൂം' പദ്ധതി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ബാള്‍റൂം നിര്‍മാണത്തിന്റെ ഏറ്റവും പുതിയ നീക്കമെന്ന നിലയില്‍, ഈസ്റ്റ് വിംഗിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
ഡെമോക്രാറ്റിക് നേതാവ് ഹിലരി ക്ലിന്റണ്‍ ട്രംപിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വൈറ്റ് ഹൗസിന്റെ ഒരു ഭാഗം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അവര്‍ എക്സിലെ പോസ്റ്റിലൂടെ രൂക്ഷ വിമര്‍ശനം നടത്തിയത്.
''ഇത് അദ്ദേഹത്തിന്റെ വീടല്ല. നിങ്ങളുടെ വീടാണ്. അദ്ദേഹം അത് നശിപ്പിക്കുകയാണ്.''-എന്നായിരുന്നു ഹിലരിയുടെ കുറിപ്പ്.
ദേശീയ ചിഹ്നവും ജനങ്ങളുടെ സ്വത്തുമായ വൈറ്റ്ഹൗസിനെ, ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറെപ്പോലെ ട്രംപ് മാറ്റിയെഴുതാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഹിലരുടെ വിമര്‍ശനം. വൈറ്റ്ഹൗസിന്റെ ചരിത്രപരമായ കെട്ടിട ഭാഗങ്ങള്‍ തകര്‍ക്കുന്നത് വഴി ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ തന്നെ പ്രതീകാത്മകമായ അടിത്തറയെയാണ് ആക്രമിക്കുന്നതെന്ന വിമര്‍ശനവും ഡെമോക്രാറ്റുകള്‍ ഉയര്‍ത്തുന്നുണ്ട്.
ട്രംപിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും പോലെ, ഈ നിര്‍മ്മാണവും നമ്മുടെ ജനാധിപത്യത്തെ തകര്‍ക്കുന്നതിന്റെ പ്രതീകമായി തോന്നുന്നുവെന്നാണ് സെനറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
പദ്ധതിയുടെ ആവശ്യകത
പ്രധാന ലക്ഷ്യം: നിലവില്‍ വൈറ്റ്ഹൗസിലെ ഏറ്റവും വലിയ മുറിയായ ഈസ്റ്റ് റൂമിന് 200 പേരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ സ്റ്റേറ്റ് ഡിന്നറുകളും മറ്റ് വലിയ പരിപാടികളും നടത്താന്‍ സൗത്ത് ലോണില്‍ താത്കാലിക കൂടാരങ്ങള്‍ കെട്ടേണ്ട അവസ്ഥയാണ്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ബാള്‍റൂം നിര്‍മ്മിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. ഏകദേശം 90,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ഈ ബാള്‍റൂമിന് 999 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മാര്‍-എ-ലാഗോയിലെ ബാള്‍റൂമിനോട് സാമ്യമുള്ള, സ്വര്‍ണ്ണ നിറത്തിലുള്ള അലങ്കാരങ്ങളോട് കൂടിയ രൂപകല്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
ബാള്‍റൂം പദ്ധതി- പ്രധാനമായും മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ച്
സുതാര്യതയില്ലായ്മയും നിയമപരമായ അംഗീകാരവും
ആദ്യത്തെ കല്ലുകടി ഫെഡറല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ മേല്‍നോട്ട ചുമതലയുള്ള നാഷണല്‍ കാപിറ്റല്‍ പ്ലാനിംഗ് കമ്മീഷന്റെ (NCPC) ഔദ്യോഗിക അനുമതിയില്ലാതെയാണ് ഈസ്റ്റ് വിംഗ് പൊളിച്ചുനീക്കി നിര്‍മ്മാണം ആരംഭിച്ചത് എന്നതാണ്. പ്രസിഡന്റിന് ഇത്തരം കാര്യങ്ങളില്‍ പ്രത്യേക അധികാരമുണ്ടെന്ന് ഭരണകൂടം വാദിക്കുമ്പോള്‍, ചരിത്രപരമായ ഒരു കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പാലിക്കേണ്ട നിയമപരമായ പരിശോധനകളെ ഒഴിവാക്കിയ നടപടി ചരിത്രകാരന്മാരിലും സംരക്ഷകരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സ്വകാര്യ ഫണ്ടിംഗും സ്വാധീനവും
ഈ പദ്ധതിക്ക് അമേരിക്കന്‍ നികുതിദായകര്‍ക്ക് ഒരു ചെലവും ഉണ്ടാകില്ലെന്നാണ് ട്രംപിന്റെ ഉറപ്പ്. ഉദാരമതികളായ നിരവധി ദേശസ്നേഹികളും, വലിയ അമേരിക്കന്‍ കമ്പനികളും, താനും ചേര്‍ന്നുള്ള സ്വകാര്യ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഈ ബാള്‍റൂമിന്റെ നിര്‍മ്മാണത്തിന് ആവിശ്യമായ പണം (250 മില്യണ്‍ ഡോളര്‍) കണ്ടെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബാള്‍റൂമിനായുള്ള എയര്‍ കണ്ടീഷനിംഗ് സംവിധാനം കരിയര്‍ ഗ്ലോബല്‍ കോര്‍പ്പറേഷന്‍ സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
കോര്‍പ്പറേറ്റ് സംഭാവന:
ആപ്പിള്‍, ഗൂഗിള്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, പലന്തിര്‍ തുടങ്ങി വന്‍കിട ടെക്, പ്രതിരോധ കമ്പനികളുടെ പ്രതിനിധികള്‍ ദാതാക്കള്‍ക്ക് വേണ്ടിയുള്ള വിരുന്നില്‍ പങ്കെടുത്തത് സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് സര്‍ക്കാരുമായി വലിയ കരാറുകളുള്ളതിനാല്‍, പ്രസിഡന്റുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.
പേര് ചേര്‍ക്കാനുള്ള സാധ്യത:
ദാതാക്കളുടെ പേരുകള്‍ പുതിയ ബാള്‍റൂമിന്റെ ചുവരുകളില്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍, പൊതുസ്വത്തില്‍ സ്വാധീനം ചെലുത്താനുള്ള കോര്‍പ്പറേറ്റ് ശ്രമമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ആരാണ് പണം നല്‍കുന്നു എന്നതിന്റെ ഔദ്യോഗിക പട്ടിക വൈറ്റ്ഹൗസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചരിത്രപരമായ കെട്ടിടത്തിന്റെ മാറ്റങ്ങള്‍
ഈസ്റ്റ് വിംഗ്, 1902 ല്‍ നിര്‍മ്മിച്ചതും 1942 ല്‍ നവീകരിച്ചതുമായ ചരിത്രപരമായ ഘടനയാണ്. പ്രഥമ വനിതയുടെ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രധാന ഓഫീസുകള്‍ ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടം പൊളിക്കുന്നത് വൈറ്റ്ഹൗസിന്റെ പൈതൃകത്തിന് കോട്ടം വരുത്തുമെന്ന ആശങ്ക ചരിത്ര സംരക്ഷണ ട്രസ്റ്റുകള്‍ പങ്കുവെക്കുന്നു. ട്രംപിന്റെ മുന്‍ വാദങ്ങളായ കെട്ടിടത്തെ സ്പര്‍ശിക്കില്ല എന്നതില്‍ നിന്ന് വ്യത്യസ്തമായി, ഈസ്റ്റ് വിംഗ് ഭാഗികമായി പൊളിച്ചത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശബ്ദം തന്റെ ചെവിക്ക് സംഗീതം പോലെയാണെന്നും, ഇത് പണം കൊണ്ടുവരുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വൈറ്റ്ഹൗസിനെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റിയെടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍, രാജ്യത്തിന്റെ ചരിത്രത്തോടും സ്ഥാപനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമീപനം എങ്ങനെയെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തീവ്രത നല്‍കുന്നു.
എങ്കിലും, പൊളിച്ചുനീക്കല്‍ ജോലികള്‍ക്കോ സ്ഥലമൊരുക്കലിനോ ഏജന്‍സിക്ക് അധികാരപരിധിയില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വില്‍ ഷാര്‍ഫ് അറിയിച്ചു. 2029 ജനുവരിയില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
വൈറ്റ്ഹൗസിന്റെ ഭാവി
ഇത്തരത്തിലുള്ള വിവാദങ്ങളെല്ലാം ഒടുവില്‍ ചെന്നെത്തുന്നത് ഒരൊറ്റ ചോദ്യത്തിലാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക്, പ്രത്യേകിച്ച് ട്രംപിനെപ്പോലെ നിര്‍മ്മാണത്തിലും ആഢംബരത്തിലും താല്‍പ്പര്യമുള്ളവര്‍ക്ക്, വൈറ്റ്ഹൗസിന്റെ ചരിത്രപരമായ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ എത്രത്തോളം അവകാശമുണ്ട്? എന്ന ഒരൊറ്റ ചോദ്യത്തിലേയ്ക്കാണ് എന്നതാണ്.
അതേസമയം ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ ഇതിനെ വൈറ്റ്ഹൗസിന്റെ ആധുനിക വല്‍ക്കരണവും കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നീക്കവുമായാണ് കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍, വിദേശ നേതാക്കളെയും ഉന്നത അതിഥികളെയും അന്തസ്സോടെ സ്വീകരിക്കാന്‍ 250 മില്യണ്‍ ഡോളര്‍ ചെലവില്‍ ഒരു ലോകോത്തര നിലവാരമുള്ള വേദി ആവശ്യമാണ്. മാത്രമല്ല നികുതിദായകന്റെ പണം ഉപയോഗിക്കുന്നില്ല എന്ന ഉറപ്പ് പദ്ധതിയുടെ വിമര്‍ശനങ്ങളെ ഒരു പരിധി വരെ ലഘൂകരിക്കുന്നുമുണ്ട്.
എന്നാല്‍ അതോടൊപ്പം തന്നെ ഹില്ലരി ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയും ഉണ്ട്. വൈറ്റ്ഹൗസ് കേവലം ഒരു ഔദ്യോഗിക വസതിയോ ഭരണ കേന്ദ്രമോ അല്ല. അത് 200 വര്‍ഷത്തിലേറെ പഴക്കമുള്ള, അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതിച്ഛായയും (Symbol of American Democracy) പൊതു പൈതൃകവുമാണെന്ന് അവര്‍ വാദിക്കുന്നു. നാഷണല്‍ കാപിറ്റല്‍ പ്ലാനിംഗ് കമ്മീഷന്റെ അംഗീകാരം പോലും കാത്തുനില്‍ക്കാതെയുള്ള ഈസ്റ്റ് വിംഗ് പൊളിച്ചുനീക്കല്‍, നിയമപരമായ നടപടിക്രമങ്ങളോടുള്ള ട്രംപിന്റെ അവഗണനയെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, സ്വകാര്യ ദാതാക്കളില്‍ നിന്ന് വന്‍ തുക സ്വീകരിക്കുന്നത്, ഭരണപരമായ തീരുമാനങ്ങളില്‍ ഈ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള അവിഹിത സ്വാധീനം സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നു എന്നാണ്. ട്രംപിന്റെ കാലാവധി 2029 ജനുവരിയില്‍ അവസാനിക്കുന്നതിന് മുമ്പ് ഈ മെഗാ ബാള്‍റൂം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, അത് അമേരിക്കയുടെ ആസ്ഥാനത്തിന് ഒരു പുതിയ 'ട്രംപ് മുദ്ര' നല്‍കും എന്നാണ് അദ്ദേഹത്തിന്റെ അനിയായികളുടെ വിലയിരുത്തല്‍.
ഈ മുദ്ര, അമേരിക്കന്‍ ചരിത്രത്തില്‍ ഒരു ആഢംബര ബാള്‍റൂമിന്റെ കൂട്ടിച്ചേര്‍ക്കലായിരിക്കുമോ, അതോ ചരിത്രത്തെയും നിയമത്തെയും അവഗണിച്ച് നടത്തിയ ഒരു ഏകപക്ഷീയമായ നടപടി എന്ന നിലയിലുള്ള വിവാദത്തിന്റെ ശേഷിപ്പായി നിലനില്‍ക്കുമോ എന്നത് വഴിയെ അറിയാം...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്