കേരളത്തിൽ നാമമാത്രമായി ബാക്കിയാകുന്ന നെൽക്കൃഷി മുടക്കാൻ കേന്ദ്ര സർക്കാർ നിരത്തുന്ന ന്യായങ്ങൾ, അരിയാഹാരം കഴിക്കുന്ന ഒരാൾക്കും മനസിലാകുന്നില്ല. നെൽകൃഷി പ്രോത്സാഹനത്തിന് കർഷകർക്ക് അധിക ബോണസ് അഥവാ പ്രൊഡക്ഷൻ ബോണസ് നൽകുന്നതിനെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ആരംഭിച്ച തർക്കം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നെൽക്കൃഷിയും മട്ടുപ്പാവിലേക്ക് ഒതുങ്ങുമോ കേരളത്തിലെന്ന ചോദ്യം ഇതിനിടെ ഉയർന്നു തുടങ്ങി.
നെൽക്കൃഷിക്കു പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നാണ്് കേന്ദ്രം ആവശ്യപ്പെടുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയം, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ബോണസ് നിർത്തലാക്കാൻ പറഞ്ഞത്. താങ്ങുവിലയ്ക്ക് പുറമെ കിലോയ്ക്ക് ആറ് രൂപ 31 പൈസയാണ് സംസ്ഥാനം പ്രോത്സാഹന വിഹിതമായി നൽകുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് കേന്ദ്ര നടപടി, അത് അംഗീകരിക്കാനാകില്ലെന്ന്് സംസ്ഥാന സർക്കാർ നിലപാടു വ്യക്തമാക്കി. കർഷകരെ സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറയുന്നു.
കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും പ്രത്യേക തൊഴിൽ സാഹചര്യവും കണക്കിലെടുക്കുമ്പോൾ പ്രോത്സാഹന ബോണസ് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. എന്നിട്ടും താങ്ങുവിലയ്ക്ക് മുകളിൽ കർഷകന് എന്തെങ്കിലും കൂട്ടിക്കൊടുക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നു വന്നാൽ ഭരണഘടന നൽകിയ ഈ അവകാശമെവിടെയെന്ന ചോദ്യം ശക്തമായി ഉയരും. ഫെഡറൽ സംവിധാനമെന്നത് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ഉപശാഖകളാക്കി മാറ്റാനുള്ള ഉപാധിയാക്കി മാറ്റുന്നത് അപകടകരമാകും.
വർഷം തോറും കോർപ്പറേറ്റുകളുടെ സഹസ്രകോടി വായ്പകൾ എഴുതിത്തള്ളുന്നവർ, രാജ്യത്തെ കർഷകർക്ക് നൽകുന്ന പ്രോത്സാഹനങ്ങളെ എതിർക്കുന്നതിലെ വിരോധാഭാസവും പ്രകടം.
ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. ആഭ്യന്തര ഭക്ഷ്യാവശ്യത്തിനുള്ള അരി സംസ്ഥാനം ഇറക്കുമതി ചെയ്യുകയാണ്. ഈയൊരു സാഹചര്യത്തിൽ കർഷകരെ ഉത്പാദന വർധനവിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പകരം, കൃഷിയിൽ നിന്ന് പിന്തിരിയാനിടയാക്കുന്ന നിലപാടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഭക്ഷ്യ സുരക്ഷയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറയാണ് സംസ്ഥാനത്ത് നെൽകൃഷി. ഹെക്ടറിന് 4,575 കി. ഗ്രാമാണ് കേരളത്തിൽ നെല്ലിന്റെ ശരാശരി ഉത്പാദനക്ഷമത. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വരുമിത്. കർഷകർക്ക് സർക്കാർ നൽകി വരുന്ന പ്രോത്സാഹനം വഴിയാണ് ഈ നേട്ടം കൈവരിക്കാനായത്.
കേന്ദ്ര സർക്കാർ നെല്ലിന് താങ്ങുവില മാത്രമാണ് നൽകുന്നത്. അതിനുമപ്പുറം സംസ്ഥാനങ്ങൾ പ്രോത്സാഹന ബോണസ് നൽകുന്നത് വിപണിയിലെ വിലനിലവാരത്തെ ബാധിക്കുകയും കാർഷിക മേഖലയിൽ അസമത്വം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര വാദം. ബോണസ് വഴി നെല്ലിന്റെ വില വർധിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള നെല്ല് സംഭരണത്തിന് കൂടുതൽ വില നൽകേണ്ടി വരികയും കേന്ദ്രത്തിന്റെ സാമ്പത്തിക ബാധ്യത വർധിക്കുകയും ചെയ്യുമെന്നും കേന്ദ്രം പറയുന്നു.
വിസ്തൃതി കുറഞ്ഞ വയലുകളും ചെറുകിട കർഷകരുമാണ് കേരളത്തിലേത്. ഉയർന്ന സാക്ഷരതയും ജീവിത നിലവാരവും ഉയർന്ന കൂലിയും കാരണം കേരളത്തിലെ നെല്ലുത്പാദന ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലാളി നിരക്കിനെ അപേക്ഷിച്ച് രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതൽ വരും കേരളത്തിൽ. കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെ വരുന്ന പ്രദേശങ്ങളിലെ കൃഷിക്ക് പമ്പിംഗിനും മറ്റുമായി വലിയൊരു തുകയും ചെലവാകുന്നു. നെല്ല് ഉത്പാദനത്തിന് കേരളത്തിലെ കർഷകന് ചെലവാകുന്ന തുകയും കേന്ദ്രം നൽകുന്ന താങ്ങുവിലയും തമ്മിൽ വലിയ അന്തരമുണ്ട്. ഈ വിടവ് നികത്താനാണ് കേരളം ഉത്പാദന ബോണസ് നൽകാൻ നിർബന്ധിതമാകുന്നത്. ഇത് നിർത്തലാക്കിയാൽ കർഷകർ നെല്ലുത്പാദനത്തിൽ നിന്ന് പിന്തിരിയുകയോ കടക്കെണിയിൽ അകപ്പെടുകയോ ചെയ്യും.
അതേസമയം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വിശാലമായ കൃഷിഭൂമികളും യന്ത്രവത്കൃത കൃഷിയുമാണ് നിലവിലുള്ളത്. കേരളത്തെ അപേക്ഷിച്ച് കാർഷിക തൊഴിൽ കൂലി നിരക്കും കുറവാണ്. ഒരോ സംസ്ഥാനത്തിന്റെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കെ രാജ്യത്തെങ്ങും ഒരേ വിലയെന്നത് പ്രയോഗികമല്ല.
വയലുകളെ മറന്നാൽ...
കേരള സംസ്ഥാനത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നെൽവയലുകൾക്ക് വലിയ പങ്കുണ്ട്. പച്ചപ്പും തണ്ണീർത്തടങ്ങളും വലിയൊരളവോളം സംരക്ഷിക്കുന്നത് വയലുകളാണ്. ഇതുകൂടി പരിഗണിക്കുമ്പോൾ നെൽകർഷകർക്ക് സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ്, പരിസ്ഥിതി ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത്തരം യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാതെയും പരിഗണിക്കാതെയുമാണ് കേന്ദ്രം അധിക ബോണസ് നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതും എല്ലാ സംസ്ഥാനങ്ങളിലും കർഷകർക്ക് ഒരൊറ്റ വില മാത്രമേ നൽകാവൂ എന്ന് ശഠിക്കുന്നതും.
ബോണസിനെതിരെയുള്ള കേന്ദ്ര നീക്കത്തിനു പിന്നിൽ ഇന്ത്യ അമേരിക്ക വ്യാപാര കരാറണോ എന്ന സംശയം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അമേരിക്കയിൽ നിന്നുള്ള ചോളം, സോയ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വലിയ വിപണി സാധ്യതയുണ്ട്. ഇന്ത്യൻ ഐടി മേഖലയ്ക്കും മറ്റും അമേരിക്കയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു പകരമായി ഇന്ത്യയുടെ കാർഷിക വിപണി തുറന്നു കൊടുക്കുന്നതിന് സർക്കാർ സമ്മതം മൂളിയതായി പറയപ്പെടുന്നു.
ഇന്ത്യ സ്വന്തം നിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കുന്നത് അമേരിക്കൻ കയറ്റുമതിയെ ബാധിക്കുമെന്നാണു നിരീക്ഷണം.
കേരളം പോലുള്ള സംസ്ഥാനങ്ങൾ നൽകുന്ന പ്രോത്സാഹന ബോണസുകൾ നിർത്തലാക്കുന്നത് വഴി ആഭ്യന്തര ഉത്പാദന വർധനവിൽ താത്പര്യം കുറയ്ക്കാനും ഭാവിയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങി പാശ്ചാത്യ ശക്തികൾക്ക് താത്പര്യമുണ്ടാകുക സ്വാഭാവികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൈറ്റ് ഹൗസ് പുറത്തുവിട്ട ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഇന്ത്യൻ കർഷകർക്ക് ആശങ്ക ജനിപ്പിക്കുന്ന വേറെയും വിഷയങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ഡിസ്റ്റിലേഴ്‌സ് ധാന്യങ്ങൾക്ക് (ഡി.ഡി.ജി.എസ്) ഇന്ത്യ തീരുവ കുറയ്ക്കുമെന്നാണ് സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
അതനുസരിച്ച്, ഇന്ത്യയിലേക്ക് പ്രതിവർഷം 70,000 ടൺ ഡ്രൈ ഡിസ്റ്റിലേഴ്‌സ് ധാന്യങ്ങൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതിക്കാണ് യുഎസ് ഗ്രെയിൻസ് കൗൺസിൽ കോപ്പുകൂട്ടുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിൽ ഇതിനകം തന്നെ വില കുറഞ്ഞ നിലയിലാണ് ഡ്രൈ ഡിസ്റ്റിലേഴ്‌സ് ധാന്യ ഉത്പന്നങ്ങൾ. പ്രത്യേകിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകരെ, ഈ കരാർ ഏറെ ഗുരുതരമായി ബാധിക്കുമെന്നാണു സൂചന.
'പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ' ഇറക്കുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്നതാണ് സംയുക്ത പ്രസ്താവനയിൽ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം.
ആപ്പിൾ, ഓറഞ്ച് എന്നിവയാണ് ഈ പഴങ്ങൾ. ഹിമാചലിലെയും കശ്മീരിലെയും കർഷകർ കഴിഞ്ഞ ഏതാനും വർഷങ്ങളായി രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുന്ന വിളകളാണിത്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ഉറപ്പുനൽകുന്നതിന് പകരം അവയെ അമേരിക്കൻ കാർഷിക വിപണിക്കുള്ള സൗജന്യ തീരുവ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുകയാണിപ്പോൾ എന്ന ആക്ഷേപത്തിനു മറുപടിയില്ല. വാണിജ്യ മന്ത്രാലയത്തിന്റെ പ്രചാരണ പ്രസ്താവനയിൽ 'അധിക ഉത്പന്നങ്ങൾ' എന്ന് അവ്യക്തമായി പരാമർശിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് ഇനിയും വ്യക്തമല്ല.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കർഷക സംഘടനകൾ ഈ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ താത്പര്യങ്ങൾക്കനുസരിച്ച് കാർഷിക, ക്ഷീര മേഖല തുറന്നിടുന്നത് ഇന്ത്യൻ കർഷകരുടെ നാശത്തിനാകുമെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശ ഇറക്കുമതി അനുവദിച്ചാൽ ആഭ്യന്തര ക്ഷീര കർഷകരുടെ വാർഷിക നഷ്ടം 1.03 ലക്ഷം കോടി രൂപ ആയിരിക്കുമെന്ന് എസ്ബിഐയുടെ ഒരു പഠനത്തിൽ വ്യക്തമായി പറഞ്ഞിരുന്നു.
ഇന്ത്യൻ കർഷകരുടെ പ്രതിമാസ വരുമാനം 6,000 രൂപയിൽ താഴെയാണെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ്, ഫെഡറൽ സബ്‌സിഡിയുടെ പിൻബലത്തോടെ വിപണിയിലേക്ക് വരുന്ന അമേരിക്കൻ കാർഷിക ഉത്പന്നങ്ങളെ തീരുവകളിൽ നിന്ന് ഒഴിവാക്കിയും തീരുവകൾ കുറച്ചും ഇന്ത്യൻ വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇന്ത്യൻ സാമ്പത്തിക ഘടനയുടെ അടിത്തറയാകുന്ന കാർഷിക ഗ്രാമീണ മേഖലയുടെ തകർച്ച സർക്കാരുകൾ ഗൗനിക്കുന്നില്ലെന്ന പരാതി കൂടുതൽ ശക്തമായിവരുന്നു. സമ്പന്നരുടെ വളർച്ച കൊണ്ട് തന്നെ രാജ്യം സാമ്പത്തിക ശക്തിയാകും എന്ന് കരുതുന്നു ചില ലോബികൾ. ആവർ പരാജയപ്പെടുത്തുന്നത് കാർഷിക മേഖലയെ മാത്രമല്ല ജനാധിപത്യത്തെ തന്നെയാണെന്ന് കർഷക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
