പൊതുജനം തലയിൽ കൈവച്ച് ചോദിക്കുന്നൂ, സഖാക്കളേ, ഇങ്ങനെയൊക്കെ തള്ളാമോ?

FEBRUARY 11, 2026, 11:38 AM

തിരുവനന്തപുരത്തുള്ളവരെക്കുറിച്ച് പണ്ടുമുതലേ ഒരുകോമഡി പറയാറുണ്ട്. കാലപ്പഴക്കത്തിന്റെ 'വളിപ്പ്' അനുഭവപ്പെടുമെങ്കിലും അതൊന്നുകൂടി പറയാതെ വയ്യ. തിരുവനന്തപുരത്തുള്ള ശ്രീ. പത്മനാഭന്റെ പ്രതിഷ്ഠ ശയനപ്പരുവത്തിലായത്, ആ ജില്ലക്കാർ കാലുവാരുമെന്നു ഭയപ്പെട്ടിട്ടാണെന്ന ആ പഴയകോമഡിയുടെ കിലുക്കം തലസ്ഥാനത്ത് ഇപ്പോൾ കേട്ടുതുടങ്ങിയിരിക്കുന്നു. കാരണം, ഭരണമാറ്റത്തിന്റെ കാറ്റ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ വീശാൻ തുടങ്ങിയെന്ന് മാധ്യമങ്ങൾ തന്നെ സൂചന നൽകിക്കഴിഞ്ഞു. 

പണ്ടു മുതലേ കെ.എ.എസ്.ഐ.എ.എസ്.പോര് സെക്രട്ടറിയേറ്റിലുണ്ട്. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസെന്ന കെ.എ.എസിലുള്ളവർ പൂർണ്ണമായും ഭരണപക്ഷക്കാരാണ്. ഐ.എ.എസ്. എന്ന ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലാകട്ടെ, ഭരണപക്ഷ-പ്രതിപക്ഷ ഗ്രൂപ്പുകൾപോലുമുണ്ട്.

സോഷ്യൽ മീഡിയയിൽ തിരഞ്ഞാൽ ഇത്തരം ഗ്രൂപ്പു പടയോട്ടങ്ങൾ നമുക്ക് കാണാൻ കഴിയും. ഭരണം മാറുമെന്ന സൂചന ലഭിക്കുമ്പോൾ തന്നെ, തിരുവനന്തപുരത്തെ ലോഡ്ജുടമകൾ വരെചേരി മാറുമെന്ന തമാശപോലും തലസ്ഥാനത്തുനിന്ന് കേൾക്കാൻ കഴിയും.

vachakam
vachakam
vachakam

ചേരി മാറാൻ കാരണങ്ങൾ പലത്

സർക്കാർ ജീവനക്കാർ അഞ്ചേകാൽ ലക്ഷം വരും. പെൻഷൻകാരെ കൂട്ടിയാൽ 17-18 ലക്ഷം. ഇവരെ പ്രീതിപ്പെടുത്താൻ ഡി.എ.കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. അതിന് പണമെവിടെയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെല്ലാം സർക്കാരിന്റെ  കൈവശമുണ്ടെനന്നായിരുന്നു ബാലഗോപാലിന്റെ മറുപടി. ഇപ്പോൾ 3 ശതമാനം ഡി.എ. മാത്രം നൽകുകയും ബാക്കി അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ പ്രൊവിഡണ്ട് ഫണ്ടിൽ ലയിപ്പിക്കാമെന്നും ധനമന്ത്രി തിരുത്തിപ്പറഞ്ഞതോടെ, സർക്കാർ ജീവനക്കാർ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.

286 മാസത്തെ ഡി.എ./ഡി.ആർ (പെൻഷൻകാർക്കുള്ളതാണ് ഡി.ആർ, സർവീസിലുള്ളവരുടേത് ഡി.എ) കുടിശ്ശിക തീർക്കാൻ 72000കോടി രൂപവേണ്ടി വരും. ഈ കുടിശ്ശികയത്രയും പുതിയ സർക്കാരിന്റെ പിടലിക്ക് വയ്ക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയുടെ ശ്രമം. ഇതോടെ സർക്കാരിന്റെ വഴിവിട്ട ഭരണ നടപടികൾ, സർവീസിലുള്ള ഉന്നതോദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകാൻ തുടങ്ങിയിട്ടുണ്ട്. ഉദാഹരണം ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് ബുള്ളറ്റിനിൽ കാണാൻ കഴിഞ്ഞു. കൺസ്യൂമർ ഫെഡ് പണ്ടു മുതലേ നഷ്ടക്കമ്പനിയാണ്.

vachakam
vachakam
vachakam

ഇപ്പോൾ, അതേ കമ്പനിയിലെ ആയിരത്തിലേറെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചുവെന്നും ഈ നീക്കത്തെ സർക്കാരിന്റെ നിയമസഹകരണ മന്ത്രാലയങ്ങളിലെ ഉന്നതർ തടഞ്ഞതായും ഈ വാർത്തയിലുണ്ട്. ഈ മന്ത്രാലയങ്ങളുടെ തന്നെ ഔദ്യോഗിക ലെറ്റർ പാഡിൽ കുറിച്ച വിയോജനകുറിപ്പാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്.

ഇ-നിയമസഭയും 'ഒറ്റപ്പേജ് കണക്കും'!

നിയമസഭ പൂർണ്ണമായും കടലാസ് രഹിതമാക്കാൻ ആറ് വർഷം മുമ്പ് 9.4കോടി രൂപ ഊരാളുങ്കൽ സൊസൈറ്റിക്ക് മുൻകൂറായി നൽകുകയുണ്ടായി. പദ്ധതി എങ്ങുമെത്താതെ വന്നപ്പോൾ ഇതിനായുള്ള നിയമസഭാ സാമാജികരുടെ ഉന്നതസമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ പരാതിയുയർത്തി. ഇപ്പോൾ ഇതേ സമിതിയെ അറിയിക്കാതെ ഈ തുക 'ക്രമവൽക്കരിച്ചതായി' സർക്കാർ ഉത്തരവിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മേയ് മാസത്തിൽ 'ഊ' സൊസൈറ്റി 9.4കോടിയുടെ കണക്ക് 'ഒരൊറ്റ പായ കടലാസി'ൽ നൽകിയപ്പോൾ സർക്കാർ അത് ശരിവച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്.

vachakam
vachakam
vachakam

2020ൽ പൂർത്തിയാക്കേണ്ട പദ്ധതി എത്രത്തോളം നടപ്പാക്കിയെന്നുപോലും സർക്കാർ വിശദീകരിച്ചിട്ടില്ല. 2019ൽ നൽകിയ തുകയ്ക്ക് 'ഊ' സൊസൈറ്റി ജി.എസ്.ടി. അടച്ചത് (1.43കോടി രൂപ) 2025 ജൂൺ മാസത്തിലാണ്. ഇതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചത് വിവരാവകാശ രേഖയിലൂടെയാണെങ്കിലും പിണറായി സർക്കാരിന് ഒരു കൊട്ട് കൊടുക്കാൻ കിട്ടിയ ചാൻസ് സെക്രട്ടറിയേറ്റിലെ ഭരണപക്ഷ യൂണിയനുകൾ പോലും മുതലാക്കിയോ? ഭരണപക്ഷ യൂണിയനികളിൽപെട്ടവർ പാർട്ടി പത്രത്തിന്റെ വാർഷികവരിസംഖ്യയായി മൂവായിരത്തിലേറെ രൂപ നൽകണം.

ഡി.എ. അനുവദിച്ചാൽ അതിൽ നിന്നും യൂണിയൻ ഫണ്ട് പിരിക്കുന്നുണ്ട്. 'ലെവി' എന്ന ഓമനപ്പേരിലാണിത്. 'സ്‌നേഹവീട്' നിർമ്മാണംപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സർക്കാർ ജീവനക്കാർ തന്നെയാണ് പണം നൽകേണ്ടത്. കൗശലക്കാരായ സർക്കാർ ഉദ്യോഗസ്ഥരാകട്ടെ, പാർട്ടി രണ്ട് രൂപചോദിച്ചാൽ, 5 രൂപ എന്ന കണക്കിൽ കൈക്കൂലിയുടെ തുക കൂട്ടി പണം പിടുങ്ങും. ജോലിക്കാരും ഹാപ്പി, പാർട്ടിയും ഹാപ്പി.

ശബരി റെയിൽ എന്ന നീണ്ടകഥ

കിഴക്കൻ മലയോരങ്ങളിലേക്ക് വികസനം ചൂളം വിളിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു ശബരി റെയിൽവേ പ്രഖ്യാപിച്ചപ്പോൾ പൊതുജനത്തിനുണ്ടായിരുന്നത്. ഈ വികസന പദ്ധതിക്കുവേണ്ടി കഴിഞ്ഞ 10 വർഷമായി കേന്ദ്രവും കേരളവും കത്തെഴുതി കണ്ണ് പൊത്തിക്കളിച്ചു. 2016ൽ ശബരി റെയിലിന്റെ നിർമ്മാണത്തുകയുടെ പകുതി സംസ്ഥാനം നൽകാമെന്ന് പറഞ്ഞിരുന്നു. 2015ൽ യു.ഡി.എഫ്. സർക്കാർ തത്വത്തിൽ അംഗീകരിച്ചത് 2016ൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ ഇടതു സർക്കാർ ഈ കരാറിൽ നിന്ന് പിൻവാങ്ങി.

ഇതിനിടെ സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥന്മാർ പ്രധാനമന്ത്രി പ്രത്യേകം നിരീക്ഷിക്കുന്ന 'പ്രഗതി' പദ്ധതിയിൽ ശബരി റെയിലും ഉൾപ്പെടുമെന്നും അതോടെ ചെലവ് പൂർണ്ണമായും കേന്ദ്രം ഏറ്റെടുക്കുമെന്നും അന്നത്തെ ഇടതുസർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു. 2018ൽ 2815കോടിയായിരുന്നു നിർമ്മാണച്ചെലവായി കണക്കാക്കിയത്. റെയിൽവേ ഇതിനകം 264കോടി രൂപ മുടക്കി 7 കിലോമീറ്റർ വരുന്ന റെയിൽവേ ലൈൻ (കാലടി വരെ) നിർമ്മിക്കുകയും ചെയ്തു.

ഒരു പാലവും പെരിയാറിനു കുറകെ നിർമ്മിച്ചു. നിർമ്മാണ ചെലവിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ 2019ൽ കേന്ദ്രം പദ്ധതി മരവിപ്പിച്ചു. 2021ൽ കിഫ്ബി വഴി ലഭിക്കുന്ന പണം കൊണ്ട് നിർമ്മാണച്ചെലവ് പങ്കിടാമെന്നായി. ഇതിനാകട്ടെ, ലാഭവിഹിതം പങ്കിടണമെന്നും സ്റ്റേഷനുകൾ വികസിപ്പിക്കാൻ പുതിയ സംവിധാനം (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) വേണമെന്നും കേരളം ആവശ്യപ്പെട്ടതോടെ വീണ്ടും പദ്ധതി സ്തംഭിച്ചു.

2024ൽ വീണ്ടും പദ്ധതിക്ക് കേന്ദ്രം താൽപ്പര്യം കാണിച്ചു. പക്ഷെ കേന്ദ്രം കേരളം റിസർവ് ബാങ്ക് എന്നിവരടങ്ങുന്ന ത്രികക്ഷികരാർ വേണമെന്ന് മോദി സർക്കാർ നിർദ്ദേശിച്ചു. ഇപ്പോൾ, സ്ഥലം ഏറ്റെടുത്തു നൽകാനുള്ള 'ഓഫർ' മുന്നോട്ടുവച്ചുകൊണ്ട് ശബരി റെയിൽ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം പിണറായി ഭരണകൂടം ഇനി വരുന്ന സർക്കാരിന്റെ ചുമലിൽ വച്ചുകൊടുത്തു കഴിഞ്ഞു.

പാർട്ടിയിൽ ഇല്ലാത്തത് ജനാധിപത്യമോ?

പാലക്കാട് കേന്ദ്രീകരിച്ചുള്ള സി.പി.എം. വിമതരുടെ പാർട്ടിയുടെ പേര് ഇന്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടി എന്നതാവാമെന്ന് ചാനലുകാർ പറയുന്നു. പയ്യന്നൂരിലെ വിമതനേതാവ് കൃഞ്ഞിക്കൃഷ്ണന്റെ പുസ്തകവും പാർട്ടിയിൽ ശക്തിപ്പെടേണ്ട ജനാധിപത്യത്തിന് ഊന്നൽ നൽകുന്നുണ്ട്. കെ.സി. ഉമേഷ് ബാബു എന്ന ഇടതു സൈദ്ധാന്തികനായ വിമത കവിയാണ് കുഞ്ഞിക്കൃഷ്ണനുവേണ്ടി ഈ പുസ്തകമെഴുതിയിട്ടുള്ളതെന്ന് സമർത്ഥിക്കാൻ ചില യൂട്യൂബ് രാഷ്ട്രീയ വിമർശകർ രംഗത്തിറങ്ങിയിട്ടുണ്ട്.

ഒരു സീനിയർ പത്ര പ്രവർത്തകൻ ഈ വാദം സമർത്ഥിക്കാൻവേണ്ടി കുഞ്ഞിക്കൃഷ്ണനെന്ന ഗ്രന്ഥ രചയിതാവിന്റെ വിവരണത്തിനൊടുവിൽ അദ്ദേഹത്തിന്റെ വിലാസമായി ചേർത്തിട്ടുള്ളത് ഉമേഷ് ബാബുവിന്റെ വീട്ടുവിലാസമാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. കുഞ്ഞിക്കൃഷ്ണന് രണ്ട് പെൺമക്കളാണ്. കലയും കാവ്യയുമെന്നാണ് ഇവരുടെ പേരുകൾ. ഈ പേരുകൾ കൂട്ടിച്ചേർത്താണ് കുഞ്ഞിക്കൃഷ്ണൻ സ്വന്തം വീടിന് 'കാവ്യകല' എന്നപേരിട്ടിരിക്കുന്നത്. എന്നാൽ പുസ്തകത്തിൽ രചയിതാവിന്റെ വീട്ടുപേരായി നൽകിയിട്ടുള്ളത് 'കൽനിലം' എന്നാണ്.

ഇത് ഉമേഷ് ബാബുവിന്റെ വീട്ടുപേരാണെന്ന് ഈ പത്രപ്രവർത്തകൻ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും പയ്യന്നൂരിലെ ഫണ്ട് വിവാദവും, ചതുപ്പുനില റിയൽ എസ്റ്റേറ്റ് കച്ചവടവുമെല്ലാം മലബാറിൽ സി.പി.എമ്മിന് ക്ഷീണമുണ്ടാക്കും. പാലക്കാട് കേന്ദ്രീകരിച്ച്, പഴയ വി.എസ്. ഗ്രൂപ്പുകാരുടെ പുതിയ പാർട്ടി വരുമ്പോൾ ആ ജനകീയ മുന്നേറ്റം പിണറായി വിരുദ്ധരുടെ കൂടിവരവായി മാറുമോ? നിയമസഭാ തെരഞ്ഞെടുപ്പ് വാതിൽക്കലെത്തി നിൽക്കവേ, വിമതർക്കുള്ള പാർട്ടി നടപടികൾക്ക് പരിമിതികളുണ്ട്.

തിരുവനന്തപുരത്ത് മുൻ മേയർ പെൺകൊടിയും കണ്ണൂരിൽ മുൻ ജില്ലാ 'പഞ്ചാ പത്ത്' പ്രസിഡന്റ് വനിതയുമെല്ലാം തുടങ്ങിവച്ച ജനത്തെ 'വെറുപ്പിക്കൽ' രാഷ്ട്രീയ നാടകങ്ങൾ, ഇനി തെരുവുകളെയും പാർട്ടി ഗ്രാമങ്ങളെയും അണികളെയും സ്വാധീനിക്കാതിരിക്കാൻ ഇടതു പ്രചാരണ ജാഥകളിൽ കാണുന്ന കൃത്രിമ സ്‌കിറ്റുകൾ മതിയാവില്ല. ''യു.ഡി.എഫ്. വന്നാൽ, ഞങ്ങക്ക് പെൻഷനൊന്നും കിട്ടില്ല. ങ്ങള് തന്നെ ഇനിയും വന്നാൽ മതി'' എന്ന് ഒരു വൃദ്ധനെ കൊണ്ട് ഗോവിന്ദൻ മാഷിനോട് പറയിപ്പിക്കുന്ന 'ബൈറ്റ്' കണ്ട് പൊട്ടിച്ചിരിക്കാത്തവരുണ്ടാവില്ല.

'പാവങ്ങൾ' ക്ക് ഇനി എന്തുപേരിടും?

വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന കൃതി മലയാളത്തിൽ ഇനി പ്രസിദ്ധീകരിക്കാനാവുമോ? കാരണം ഗോവിന്ദൻ മാസ്റ്റർ പറയുന്നത് ഇനി പാവങ്ങൾ എന്നൊരു വാക്ക് മലയാള ഭാഷയിൽ ഉണ്ടാവില്ലെന്നാണ്. 'പാവങ്ങളുടെ പടത്തലവനാ' ണെന്നാണ് ഏ.കെ.ജി. ഇന്നും അറിയപ്പെടുന്നത്. പാർട്ടിയിലോ കേരളത്തിലോ പാവങ്ങൾ ഇല്ലെന്നിരിക്കേ ഇനി അദ്ദേഹത്തെ ആരുടെ പടത്തലവൻ എന്നു വിളിക്കുമെന്ന കൺഫ്യൂഷനിലാണ് പണ്ട് സ്‌കൂളിൽ 'ഡ്രിൽ' മാസ്റ്ററായിരുന്നു ഗോവിന്ദൻ.

ഗോവിന്ദൻ മാസ്റ്റർ കവലകൾതോറും നടത്തുന്ന ലോക്കൽ 'തള്ള്'പോരാഞ്ഞിട്ടാണെന്നു തോന്നുന്നു നിയമസഭയിൽ ഭരണപക്ഷ എം.എൽ.ഏമാരുടെ വകയുമുണ്ട് ഇന്റർനാഷണൽ തള്ളുകൾ. മുരളി പെരുനെല്ലി എന്നപേരിലുള്ള എം.എൽ.എ. കേരളാ ബജറ്റ് ''എരിയുന്ന വയറിന്റെ തീ പനിനീർ മഴയാൽ' കെടുത്തിയെന്ന് പാടി.'' ''ധന്വന്തരം ഗുളികപോലെ ഔഷധ ഗുണമുള്ളതാണ്'' സംസ്ഥാന ബജറ്റെന്ന്‌ഡോ. സുജിത് വാസുദേവൻ പിള്ള എന്ന എം.എൽ.എയും പറയുന്നത് കേട്ട് ഭരണപക്ഷത്തുള്ളവർ പോലും 'നാണിച്ച്' തല താഴ്ത്തിയിട്ടുണ്ടാകും.

അതോടെ പഴയൊരു മുദ്രാവാക്യം നമുക്ക് ഒന്ന് തിരുത്തിപ്പറയാം: ''ഇങ്ങനെയൊക്കെ ചെയ്യാമോ'' എന്നചോദ്യമുന്നയിക്കുന്ന മുദ്രാവാക്യത്തിന്റെ ആദ്യവരി ഇങ്ങനെയൊക്കെ തള്ളാമോ എന്ന് തിരുത്താമല്ലേ? നിയമസഭയുടെ ചുവരുകൾ ഈ ''തള്ളൽകൊണ്ടും തുപ്പൽ കൊണ്ടും'' വികൃതമായാൽ നമുക്ക് ഏഷ്യൻ പെയിന്റ്‌സിന്റെ പരസ്യ ജിംഗിളിനെ ആശ്രയിക്കേണ്ടിവരും.  ''തള്ളലേ വിട, തുപ്പലേ വിട !''

ആന്റണി ചടയമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam