മുത്തച്ഛന്‍ മരിച്ച് കിടക്കുമ്പോഴും 13 കാരി ഭാവ വ്യത്യാസമില്ലാതെ യൂണിഫോം ധരിച്ച് പരീക്ഷ എഴുതാന്‍ പുറപ്പെട്ടു; കരുവാറ്റ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

AUGUST 18, 2026, 8:27 PM

ആലപ്പുഴ: കരുവാറ്റയില്‍ ഗൃഹനാഥന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് ശേഷവും യാതൊരു ഭാവവ്യത്യാസവുമില്ലാതെ പെരുമാറിയ കൊച്ചുമകളും കൂട്ടാളികളായ കൗമാരക്കാരുമാണ് കേസില്‍ പോലീസിന്റെ പിടിയിലായത്. കൃത്യം നടന്നതിന്റെ പിറ്റേന്ന് മുത്തച്ഛന്‍ മരിച്ചു കിടക്കുമ്പോഴും സ്‌കൂള്‍ യൂണിഫോം ധരിച്ച് പരീക്ഷ എഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടിയുടെ പെരുമാറ്റം നാട്ടുകാരിലും പോലീസിലും വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.

രണ്ടു വര്‍ഷം മുന്‍പാണ് കൊല്ലത്തുനിന്നും ഈ കുടുംബം കരുവാറ്റയിലെത്തി വാടകയ്ക്ക് താമസം തുടങ്ങിയത്. നാട്ടുകാരുമായോ ജനപ്രതിനിധികളുമായോ യാതൊരുവിധ ബന്ധവും പുലര്‍ത്താന്‍ ഇവര്‍ താല്പര്യം കാണിച്ചിരുന്നില്ല. കൊലപാതകം നടന്ന രാത്രിയിലും പിറ്റേന്നുമായി സമീപത്തെ കടയിലെത്തി പെണ്‍കുട്ടി പലഹാരങ്ങള്‍ വാങ്ങിയെങ്കിലും കടയുടമയോട് മുഖം തരാന്‍ മടിച്ചിരുന്നു. മുത്തച്ഛന്‍ വാതില്‍ തുറക്കുന്നില്ലെന്നും മദ്യപിച്ചു കിടക്കുകയാണെന്നുമാണ് പെണ്‍കുട്ടി അയല്‍വാസികളോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഓണപ്പരീക്ഷയുണ്ടെന്ന് പറഞ്ഞ് സ്‌കൂളില്‍ പോകാന്‍ തയ്യാറായ കുട്ടിയെ കടയുടമയായ സ്ത്രീ ഇടപെട്ടാണ് തടഞ്ഞത്.

അതേസമയം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശികളായ മൂന്ന് കൗമാരക്കാരാണ് കേസില്‍ അറസ്റ്റിലായത്. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന ഇവര്‍ മുന്‍പ് പരവൂരില്‍ താമസിച്ചിരുന്ന സമയത്താണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ ഈ കൗമാരക്കാര്‍ ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കും അടിമപ്പെട്ടിരുന്നതായി നാട്ടുകാര്‍ സംശയിച്ചിരുന്നു. പോലീസിനെ കണ്ടപ്പോഴും യാതൊരു കുറ്റബോധവുമില്ലാതെ പ്രതികരിച്ച ഇവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയപ്പോഴാണ് സ്വന്തം മക്കള്‍ തള്ളിപ്പറഞ്ഞ കൊലപാതക വിവരം മാതാപിതാക്കള്‍ പോലും വിശ്വസിച്ചത്.

കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരു ഭാഗം വില്‍പന നടത്താന്‍ സംഘത്തിലെ പ്രായപൂര്‍ത്തിയായ മോഷണക്കേസ് പ്രതിയ്ക്കാണ് കൈമാറിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ പോലീസ് കല്ലുംകുന്നിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. വാര്‍ത്ത പുറത്തുവന്നതോടെ ക്രൂരമായ ഈ കൃത്യത്തിന്റെ ഞെട്ടലിലാണ് പ്രദേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam