'എനിക്ക് ആരുമില്ല... എനിക്ക് ഒന്നുമില്ല.'! ടെക്‌സസിലെ ഇമിഗ്രേഷന്‍ കോടതിയില്‍ വിങ്ങിപ്പൊട്ടുന്ന ബാല്യങ്ങള്‍

SEPTEMBER 28, 2026, 7:55 PM

അമേരിക്കയിലെ ടെക്‌സസിലുള്ള ഹാര്‍ലിംഗന്‍ ഇമിഗ്രേഷന്‍ കോടതിമുറിയിലെ തണുത്ത ബഞ്ചുകളില്‍ തിങ്കളാഴ്ച ഇരുപത്തഞ്ചോളം കുഞ്ഞുങ്ങള്‍ നിശബ്ദരായി വരിവരിയായി ഇരിപ്പുണ്ടായിരുന്നു. അവര്‍ക്കിടയിലെ ആറുവയസ്സുകാരന്‍ വായുവില്‍ വിമാനം പറത്തുന്നതായി അഭിനയിച്ച് കളിക്കുകയാണ്. മൂന്നുവയസ്സുള്ള മറ്റൊരു കുരുന്ന് മുന്നിലെ മൈക്രോഫോണില്‍ കൊട്ടി രസിക്കുന്നു. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി ഭയം മറയ്ക്കാനെന്നവണ്ണം അകലെ നിന്നിരുന്ന തന്റെ കൂട്ടുകാരിയെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കറുത്ത വസ്ത്രമണിഞ്ഞ ന്യായാധിപന്റെ വാക്കുകള്‍ ആ മുറിയിലെ അന്തരീക്ഷത്തെ പൊടുന്നനെ ഭാരമുള്ളതാക്കി. 'നിങ്ങള്‍ ചിരിക്കുന്നതും ഇതൊരു തമാശയായി കാണുന്നതും ഞാന്‍ കാണുന്നുണ്ട്. പക്ഷേ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കണം. ഈ രാജ്യത്ത് നിങ്ങള്‍ തുടരുമോ അതോ തിരികെ അയക്കപ്പെടുമോ എന്ന് തീരുമാനിക്കുന്നത് ഈ നടപടികളാണ്.'

രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള, സ്വന്തമായി സംസാരിക്കാന്‍ പോലും പൂര്‍ണ്ണമായി പാകമാകാത്ത അനേകം കുഞ്ഞുങ്ങളാണ് ഇന്ന് അമേരിക്കയിലുടനീളമുള്ള ഇമിഗ്രേഷന്‍ കോടതികളില്‍ തങ്ങളുടെ ഭാവി തീരുമാനിക്കുന്ന വിചാരണകള്‍ നേരിടുന്നത്. സ്വന്തം രാജ്യത്തെ ദാരിദ്ര്യത്തിലും അക്രമങ്ങളിലും നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തി കടന്നെത്തിയ ഈ അനാഥരായ കുടിയേറ്റ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു അഭിഭാഷകന്‍ പോലുമില്ലാത്ത അവസ്ഥയിലാണ്. കറുത്ത ഗൗണ്‍ ധരിച്ച ജഡ്ജിയും പരിഭാഷകനും സെക്രട്ടറിയുമൊക്കെ ആരാണെന്ന് കേസ് വര്‍ക്കര്‍മാര്‍ പതുക്കെ പറഞ്ഞു കൊടുക്കുമ്പോള്‍, ഭയം നിഴലിക്കുന്ന കണ്ണുകളോടെ അവര്‍ ആ കോടതിമുറിയില്‍ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്.

അന്ന് കോടതിയില്‍ ആദ്യമെത്തിയവരില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ഒരു പതിമൂന്നുകാരനുണ്ടായിരുന്നു, ഹോണ്ടുറാസില്‍ നിന്നുള്ള ഏഞ്ചല്‍. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍, 'എന്റെ അമ്മയും കുടുംബവും ഇവിടെയാണുള്ളത്. നാട്ടിലേക്ക് മടങ്ങുന്നത് വലിയ അപകടമാണ്.'- എന്ന് അവന്‍ തടസ്സമില്ലാതെ പറഞ്ഞു. എന്നാല്‍ കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് ആ ഉത്തരം മതിയാകുമായിരുന്നില്ല. കുട്ടിക്ക് അഭയത്തിന് യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച ജഡ്ജി, 'സ്വന്തം ഇഷ്ടപ്രകാരം തിരികെ പോകുന്നോ അതോ ഞാന്‍ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കണോ?' എന്ന് ആവര്‍ത്തിച്ചപ്പോള്‍, 'എനിക്കറിയില്ല...' എന്ന് പറഞ്ഞ് ആ കുട്ടി പൊട്ടിക്കരഞ്ഞുപോയി. വിതുമ്പലടക്കി നിര്‍ത്തി മുന്നോട്ട് നോക്കി അവന്‍ പറഞ്ഞ വാക്കുകള്‍ അവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും ഹൃദയം പിളര്‍ക്കുന്നതായിരുന്നു: 'എനിക്ക് ആരുമില്ല... എനിക്ക് ഒന്നുമില്ല.'

ഇത് ഒരു കുട്ടിയുടെ മാത്രം കഥയല്ല. അമേരിക്കന്‍ ഭരണകൂടത്തില്‍ വന്ന നയമാറ്റങ്ങളും നിയമസഹായത്തിനായുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതും മൂലം ആയിരക്കണക്കിന് കുടിയേറ്റ കുട്ടികളാണ് ഇന്ന് വക്കീലന്മാരുടെ സഹായമില്ലാതെ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. മുന്‍പ് മാസങ്ങളോളം നീണ്ടുനിന്നിരുന്ന വാദം കേള്‍ക്കലുകളും അഭിമുഖങ്ങളും ഇപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ്. മനുഷ്യക്കടത്തിന്റെ ഇരകളാണോ എന്ന് പരിശോധിക്കാനും തങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുമോ എന്ന് ബോധ്യപ്പെടുത്താനും സമയം നല്‍കാതെ, പലപ്പോഴും 24 മണിക്കൂറിന്റെ മാത്രം നോട്ടീസില്‍ ഈ കുഞ്ഞുങ്ങളെ വിചാരണയ്ക്ക് ഹാജരാക്കുന്നു.

കോടതി മുറിയിലെ വിചിത്രമായ കാഴ്ചകള്‍ മനുഷ്യ മനസ്സാക്ഷിയെ അലോസരപ്പെടുത്തുന്നതാണ്. പ്രതിഭാഗത്തിന്റെ മേശയിലേക്ക് വിളിക്കപ്പെട്ട മൂന്നുവയസ്സുകാരന്‍ മാതിയോ, ജഡ്ജിയും അഭിഭാഷകനും സംസാരിക്കുന്നതിനിടയില്‍ ആ കുഞ്ഞു കൈകള്‍ കൊണ്ട് മൈക്രോഫോണില്‍ തട്ടി കളിക്കുകയായിരുന്നു. തങ്ങള്‍ അഭിമുഖീകരിക്കുന്നത് വലിയൊരു നിയമപോരാട്ടമാണെന്നോ, തങ്ങളുടെ ജീവിതമാണ് അവിടെ തീരുമാനിക്കപ്പെടുന്നതെന്നോ അറിയാത്തത്ര നിഷ്‌കളങ്കരാണ് ഈ കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും. 'ആദ്യമായാണോ നിങ്ങള്‍ ഇമിഗ്രേഷന്‍ കോടതിയില്‍ വരുന്നത്?' എന്ന ജഡ്ജിയുടെ ചോദ്യത്തിന് അതെ എന്ന് മറുപടി നല്‍കിയ ആ കുഞ്ഞുങ്ങളില്‍ ആരും തന്നെ സ്വമേധയാ രാജ്യം വിടാന്‍ തയ്യാറായി കൈയുയര്‍ത്തിയില്ല, പകരം ഒരു കൊച്ചു പെണ്‍കുട്ടി കളിതമാശയായി തന്റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തുക മാത്രമാണ് ചെയ്തത്.

അഭിഭാഷകരില്ലാത്ത ഇത്തരം കുഞ്ഞുങ്ങളോട്, തങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന നാടുകടത്തല്‍ കുറ്റങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതികള്‍ ആവശ്യപ്പെടുന്നത്. നിയമപരമായ ഫോമുകള്‍ വായിക്കാനോ പൂരിപ്പിക്കാനോ പോലുമറിയാത്ത ഈ കുട്ടികള്‍ അഭയാര്‍ത്ഥി അവകാശവാദം കൃത്യമായി ഉന്നയിക്കാതിരിക്കുമ്പോള്‍, ജഡ്ജിമാര്‍ അവര്‍ക്കെതിരെ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. 'ഇവര്‍ തിരികെ പോയാല്‍ സുരക്ഷിതരായിരിക്കുമോ, ഇവരെ സംരക്ഷിക്കാന്‍ അവിടെ ആരെങ്കിലുമുണ്ടോ എന്ന് ഒരു ചോദ്യം പോലും ആരും ചോദിക്കുന്നില്ല,' എന്ന് നിയമ പ്രവര്‍ത്തകര്‍ വേദനയോടെ ചൂണ്ടിക്കാണിക്കുന്നു. നിയമസഹായം നല്‍കിയിരുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ലഭിക്കാതെ വന്നതോടെ, കോടതിമുറികളില്‍ കുഞ്ഞുങ്ങളുടെ ശബ്ദമാകാന്‍ ആളില്ലാത്ത അവസ്ഥയായി.

തങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭീതിയും ആകാംക്ഷയും ഈ കുട്ടികളുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ അസൈലം ഓഫീസര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എന്ത് പറയണമെന്നറിയാതെ ഭയന്ന് വിറയ്ക്കുകയോ, നിലത്തിരുന്ന് കളിപ്പാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നു. അതിവേഗം തീര്‍പ്പാക്കുന്ന ഈ നാടുകടത്തല്‍ പ്രക്രിയ കുട്ടികളുടെ സ്വാഭാവികമായ ന്യായവിചാരണയ്ക്കുള്ള അവകാശത്തെയാണ് കവര്‍ന്നെടുക്കുന്നത്.

അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും മുള്‍മുനയില്‍ നില്‍ക്കുന്ന ഈ കുഞ്ഞു ബാല്യങ്ങള്‍ക്ക് മുന്നില്‍ നിയമത്തിന്റെ വാതിലുകള്‍ അടയുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കോടതി മുറികളില്‍ നിസ്സഹായതയുടെ കണ്ണീര്‍ തുള്ളികള്‍ വീണുടയുകയാണ്.

English summary

In a poignant look inside a Texas immigration court, unaccompanied migrant children—some as young as two and three years old—are being forced to navigate complex deportation proceedings without legal representation following federal funding cuts. Facing an accelerated legal process with minimal notice and no attorneys to speak for them, these vulnerable minors are left utterly bewildered by the strict court proceedings that ultimately decide whether they will be granted asylum or ordered returned to dangerous conditions in their home countries.

vachakam
vachakam
vachakam

ജിജി ജേക്കബ്ബ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam