പിറവത്ത് സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അക്രമിയുടെ കൈയില്‍ കടിച്ച് കുട്ടി രക്ഷപ്പെട്ടു; പൊലീസ് അന്വേഷണം

SEPTEMBER 28, 2026, 9:28 PM

പിറവം: മണീട് നെച്ചൂരില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അക്രമിയുടെ കൈയില്‍ കടിച്ച ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മണീട് വൈ.എം.സി.എ. - പുത്തന്‍നട റോഡില്‍ ചെമ്മങ്കഴിത്താഴത്താണ് സംഭവം. വെട്ടിക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അക്രമത്തിനിരയായത്.

സ്‌കൂള്‍ ബസ് ഇറങ്ങി വീട്ടിലേക്ക് റോഡ് കുറുകേ കടക്കുന്നതിനിടെ, സമീപത്തുണ്ടായിരുന്ന സ്ത്രീ മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിക്കുകയായിരുന്നു. ഇത് നിരസിച്ച് മുന്നോട്ടുപോയ കുട്ടിയെ സ്ത്രീ പിന്നാലെയെത്തി മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവസരോചിതമായി പ്രതികരിച്ച പെണ്‍കുട്ടി സ്ത്രീയുടെ കൈയില്‍ കടിച്ച് പിടിവിടുവിച്ച് വീടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീ തൊട്ടുപിന്നാലെ വന്ന ബൈക്കില്‍ കയറി സ്ഥലംവിട്ടു.

വീട്ടിലെത്തിയ കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാര്‍ഡംഗം പി.ഐ ഏലിയാസിനെ വിവരമറിയിക്കുകയും അദ്ദേഹം പിറവം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിറവം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഞ്ഞ സാരി ധരിച്ച മധ്യവയസ്‌കയാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. രാവിലെ മുതല്‍ ഇത്തരം ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാരും ഓട്ടോ തൊഴിലാളികളും വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam