ബഹിരാകാശ യാത്ര എന്നത് എന്നും ഒരു വിസ്മയമാണ്. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് പതിനേഴുകാരിയായ കുന്‍ചാല കൈവല്യ റെഡ്ഡി. ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിനിയായ കൈവല്യ മനുഷ്യകുലത്തിന് ഗുണകരമാകുന്ന എന്തെങ്കിലും ശാസ്ത്രനേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ചിന്തിച്ചിരുന്ന കുട്ടിയാണ് കുന്‍ചാല കൈവല്യ റെഡ്ഡി.
കുള്ളന്‍ഗ്രഹങ്ങളെക്കുറിച്ചുള്ള കൈവല്യയുടെ ചില കണ്ടെത്തലുകള്‍ നാസയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിന് അവസരം ഒരുങ്ങിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ബാപ്തല ജില്ലയില്‍ ബെതാപുഡി ഗ്രാമവാസിയാണ് കൈവല്യ. പിതാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ശ്രീനിവാസ റെഡ്ഡി. മനോഞ്ജന എന്നൊരു ട്രസ്റ്റ് നടത്തുകയാണ് അമ്മ വിജയലക്ഷ്മി. മകളെ ഐഎഎസ് ഉദ്യോഗസ്ഥ ആക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. എന്നാല്‍ മകളുടെ മനസ് മിന്നിത്തിളങ്ങളുന്ന നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു.
കുന്‍ചാല കൈവല്യ റെഡ്ഡി
കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള ചിത്രങ്ങള്‍ നിറഞ്ഞ സര്‍വവിജ്ഞാന കോശങ്ങള്‍ വായിക്കാനാണ് ഈ പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. മണിക്കൂറുകളോളം ഈ പുസ്തകങ്ങളും വായിച്ച് കഴിച്ച് കൂട്ടി. കല്‍പ്പന ചൗവ്ളയുടെയും സുനിത വില്യംസിന്റെയുമൊക്കെ ബഹിരാകാശ ദൗത്യങ്ങളില്‍ ആകൃഷ്ടയായ കൈവല്യ ബഹിരാകാശ ശാസ്ത്രത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഈ പെണ്‍കുട്ടിയുടെ ബഹിരാകാശ വരകള്‍ ന്യൂഡല്‍ഹിയിലെ സ്പെയ്സ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ കിഡ്സ് ടീമില്‍ ഇടം പിടിച്ചു. അവിടെ നിന്ന് കൈവല്യ കേവലം ബഹിരാകാശത്തെക്കുറിച്ച് പഠിക്കുക മാത്രമല്ല മറിച്ച് മറ്റ് കുട്ടികളെ ഉപഗ്രഹ നിര്‍മാണത്തെക്കുറിച്ചും പപ്പറ്റ് തിയറികളെക്കുറിച്ചും പഠിപ്പിക്കുകയും ചെയ്തു.
ഗ്രഹങ്ങളെ കണ്ടെത്തല്‍
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൈവല്യയുടെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവം ഉണ്ടാകുന്നത്. അന്ന് ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ കൊളബാറേഷന്റെ ആസ്ട്രോയ്ഡ് സെര്‍ച്ച് ക്യാംപയിനില്‍ പങ്കെടുക്കുകയും 2020 സിഎം24 എന്ന കുള്ളന്‍ ഗ്രഹത്തെ കണ്ടെത്തുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇത്തരത്തില്‍ ഒന്നിനെ കൂടി കൈവല്യ കണ്ടു പിടിച്ചു. 2021 സിഎം37. 2021ല്‍ ജര്‍മ്മനിയില്‍ നടന്ന അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് മത്സരത്തില്‍ പങ്കെടുക്കുകയും വെള്ളിമെഡല്‍ നേടുകയും ചെയ്തു.
ചിത്രകാരി കൈവല്യ
പിന്നീട് കൈവല്യ നാസയുടെ ഇന്റര്‍നാഷണല്‍ എയര്‍ ആന്‍ഡ് സ്പെയ്സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബഹിരാകാശ യാത്രയ്ക്കുള്ള പത്ത് ദിവസത്തെ അടിസ്ഥാന പരിശീലനം കൈവല്യയ്ക്ക് കിട്ടി. ഇത്തരമൊരു അവസരം കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി എന്ന നേട്ടവും കൈവല്യ ഇതിലൂടെ സ്വന്തമാക്കി. ഇപ്പോള്‍ ഈ പെണ്‍കുട്ടി ഫ്‌ളോറിഡയിലെ ടൈറ്റന്‍സ് സ്പെയ്സ് ഇന്‍ഡസ്ട്രീസിന്റെ അഡ്വാന്‍സ്ഡ് ബഹിരാകാശ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
36 രാജ്യങ്ങളില്‍ നിന്നായി 150 പേരെ മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 2026 മുതല്‍ 2029 വരെയാണ് പരിശീലനം. സീറോ ഗ്രാവിറ്റി, സ്‌കൂബാ ഡൈവിങ്, ഹൈക്കിങ് മൊഡ്യൂള്‍സ് തുടങ്ങിയ യഥാര്‍ത്ഥ ബഹിരാകാശ ദൗത്യത്തിനുള്ള എല്ലാ പരിശീലനവും ഇവര്‍ക്ക് നല്‍കും. അഞ്ച് മണിക്കൂറോളം ഭൂമിയ്ക്ക് ചുറ്റും മുന്നൂറ് കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ഇവര്‍ക്ക് സഞ്ചാരം നടത്താനും അവസരമുണ്ടാകും.
കൈവല്യ ഒരു കരാട്ടെ ചാമ്പ്യന്‍ കൂടിയാണ്. കൂടാതെ ഒരു നീന്തല്‍താരം, ചിത്രകാരി തുടങ്ങിയ രംഗങ്ങളിലും മിന്നിത്തിളങ്ങുന്നു. ആവര്‍ത്തന പട്ടിക(പീരിയോഡിക് ടേബിള്‍)കേവലം 1.38 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കി റെക്കോര്‍ഡുമിട്ടിട്ടുണ്ട്. ജര്‍മ്മനിയില്‍ നിന്ന് അസ്ട്രോഫിസിക്സില്‍ ബിരുദം നേടണമെന്നാണ് കൈവല്യയുടെ മോഹം. ഭൗതിക ശാസ്ത്രം ഒരു യുക്തിയാണ്. കൂടുതല്‍ അറിയും തോറും അത് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ന്യൂട്ടനും ഡാവിഞ്ചിയുമാണ് തന്റെ പ്രചോദനമെന്നാണ് കൈവല്യ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
