സാക്രൽ എജെനെസിസ്, സ്‌കൂൾ ആരോഗ്യ പരിശോധനയിലൂടെ 14 കാരിയ്ക്ക് പുതുജീവിതം

DECEMBER 27, 2024, 8:37 AM

തിരുവനന്തപുരം: സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിയ്ക്ക് ഇപ്പോൾ ആ ബുദ്ധിമുട്ടുകളില്ലാതെ ധൈര്യമായി സ്‌കൂളിൽ പോകാം. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ ആ പെൺകുട്ടി സാധാരണ ജീവിതത്തിലേക്കും സ്‌കൂളിലേക്കും എത്തിയിരിക്കുകയാണ്. ഫീൽഡുതല സന്ദർശനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിലെ ഉന്നതതല സംഘം വീട്ടിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കുട്ടിയെ നേരിൽ കണ്ട് സംസാരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൾ വഴി കുട്ടിയുമായും ടീം അംഗങ്ങളുമായും സംസാരിച്ചു. കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ച മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

സ്‌കൂൾ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ കേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെ കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോൾ പെട്ടെന്നാണ് കുട്ടി ഡയപ്പർ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ദിവസവും 5 മുതൽ 6 വരെ ഡയപ്പർ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. ഇതുമൂലം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

നട്ടെല്ലിന്റെ താഴ് ഭാഗത്തെ എല്ല് പൂർണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികൾ വളർച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേർന്നിരിക്കുന്ന ഒരു അപൂർവ്വ അവസ്ഥയാണ് ഈ രോഗം. അഞ്ച് വയസുള്ളപ്പോൾ മാതാപിതാക്കൾ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീർണമായതിനാൽ ജന്മനായുള്ള ഈ അസുഖത്തിന് പരിഹാരമില്ലെന്ന് കണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

vachakam
vachakam
vachakam

പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നഴ്സ് ലീനാ തോമസ് ജില്ലാ ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർക്ക് സ്‌ക്രീനിംഗ് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ സർക്കാരിന്റെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ അതിസങ്കീർണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചെലവ് വരും. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത അവസ്ഥിലാകാനും സാധ്യതയുണ്ട്. അതിസങ്കീർണമായ ഈ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമാക്കിയത്. തുടർചികിത്സയ്ക്കും പരിചരണത്തിനും ശേഷം കുട്ടി ഡയപ്പർ ആവശ്യമില്ലാതെ സന്തോഷത്തോടെ സ്‌കൂളിൽ പോകുകയാണ്.

ആർ.ബി.എസ്.കെ. നഴ്‌സ് ലീനാ തോമസ്, ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ ഷേർളി സെബാസ്റ്റ്യൻ, ആശാ പ്രവർത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജർ അരുൺകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ്, കോട്ടയം മെഡിക്കൽ കോളേജിലെ ടീം തുടങ്ങിയവരാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന് പിന്നിൽ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam