കോവളം: ഹവ്വാ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒഴുകിപ്പോയ ഏഴ് പേരുടെ ജീവന്‍ തിരിച്ചുപിടിച്ച് ലൈഫ് ഗാര്‍ഡുകള്‍. യുവാക്കള്‍ ഉള്‍പ്പെട്ട 11 പേര്‍ കുളിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ ലൈഫ് ഗാര്‍ഡുകള്‍ നടത്തിയ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഏഴ് പേരുടെ ജീവന്‍ തിരികെപിടിക്കാന്‍ കാരണം. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങി മുങ്ങി മരിച്ച 16 കാരന്റെ മൃതദേഹം പാറകള്‍ക്കിടയില്‍ നിന്ന് മുങ്ങിയെടുത്ത വിഴിഞ്ഞം ജമാഅത്തിന്റെ നോര്‍ത്ത് മേഖലയിലുള്ള ചിപ്പിത്തൊഴിലാളികളുടെ ദൗത്യവും ശ്രമകരമായിരുന്നു.
ക്രിസ്മസ് ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ശക്തമായ കടലേറ്റമുള്ളതിനെത്തുടര്‍ന്ന് കടലിലിറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുമാരുടെ നിര്‍ദേശം അവഗണിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ക്രിസ്മസ് ദിനമായതിനാല്‍ വിനോദസഞ്ചാര വകുപ്പ് കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിരുന്നതും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചു.
കോവളം ഹവ്വാ ബീച്ചിലെ ഇടക്കല്‍ പാറക്കൂട്ടങ്ങള്‍ക്കു സമീപമാണ് യുവാക്കള്‍ തിരയില്‍പ്പെട്ട് എത്തിയത്. താഴ്ചയുള്ള ഇവിടെ യുവാക്കള്‍ മുങ്ങിത്താഴുന്നത് ഇടക്കല്‍ ഭാഗത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സൂപ്പര്‍വൈസര്‍ സുന്ദരേശന്‍ കണ്ടിരുന്നു. ഉടന്‍തന്നെ മറ്റ് ലൈഫ് ഗാര്‍ഡുകള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി. മറ്റ് ലൈഫ് ഗാര്‍ഡുകളായ ചന്ദ്രബോസ്, ഭുവനചന്ദ്രന്‍, ജെ.ബി.സന്തോഷ്, രജീഷ് കുമാര്‍, അനീഷ്, അനില്‍കുമാര്‍ എന്നിവര്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നവരെ രക്ഷപ്പെടുത്താന്‍ നീന്തിയെത്തി. എന്നാല്‍ യുവാക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരുന്ന മുട്ടത്തറ സ്വദേശി അഭിജിത്തിനെ കാണാതാവുകയായിരുന്നു.
കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വിഴിഞ്ഞം തെക്കുംഭാഗം ജമാഅത്തിനോട് സഹായം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് മുഹമ്മദ് ഷാഫി നോര്‍ത്ത് ഭാഗത്തുള്ള ചിപ്പിത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരുമായ തൊഴിലാളികളെ വിളിച്ചുവരുത്തി ഇടക്കല്‍ പാറക്കെട്ട് ഉള്‍പ്പെട്ട മേഖലകളില്‍ രണ്ട് മണിക്കൂറോളം മുങ്ങി നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്