ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോകോത്തര ശക്തിയാക്കി മാറ്റിയ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങ്

DECEMBER 28, 2024, 8:13 AM

പ്രതിസന്ധികളിലൂടെ ഇഴഞ്ഞു നീങ്ങിയ ഇന്ത്യൻ സമ്പദ്ഘടനയെ അടിമുടി മാറ്റിക്കൊണ്ട് ലോകത്തെ ആദ്യ അഞ്ചു സാമ്പത്തിക ശക്തികളിൽ ഒന്നാക്കി വളർത്തിയെടുത്ത ഒരു സാമ്പത്തിക വിദഗ്ദ്ധനായിരുന്നു ഡോ. മൻമോഹൻ സിങ്ങ്. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ഒരു ബഡ്ജറ്റ് അവതരിപ്പിച്ച ഒരു ധനമന്ത്രിയായിരുന്നു ഡോ. സിങ്ങ്. 2004 മുതൽ പത്തുവർഷക്കാലം പ്രധാനമന്ത്രിയായിരുന്ന ഡോ. സിങ്ങ് ലോകമറിയപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായിരുന്നു. സാമ്പത്തിക വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയഭേദമില്ലാതെ ഏതൊരു നേതാവും ഏതു സമയത്തും ആശ്രയിച്ചിരുന്ന ഉപദേഷ്ഠാവുകൂടിയായിരുന്നു ഡോ. സിങ്ങ്.

പഠനത്തിനുശേഷം ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഡോ. സിങ്ങിനെ വാണിജ്യവ്യവസായ വകുപ്പിൽ ഉപദേശകനായി നിയമിക്കുന്നത്. ഇരുപതു വർഷക്കാലം സർക്കാരിന്റെ പല സ്ഥാനമാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ്, 1972ൽ ചീഫ് എക്കണോമിക് അഡ്‌വൈസർ, 1976ൽ റിസർവ്ബാങ്ക് ഡയറക്ടർ, 1982ൽ റിസർവ് ബാങ്ക് ഗവർണർ, 1985ൽ കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ, 1991 പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, അതോടൊപ്പം യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാൻ ഇതോടൊപ്പം തന്നെ ലോക വ്യാപാരസംഘടനയിലും ലോക ബാങ്കിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.

യു.ജി.സി ചെയർമാനായിരിക്കുമ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി നിരസിംഹറാവു തന്റെ മന്ത്രിസഭയിലേക്ക് മൻമോഹൻ സിങ്ങിനെ ക്ഷണിക്കുന്നത്. ധനമന്ത്രിയായതിനുശേഷമാണ് അദ്ദേഹം രാജ്യസഭയിലൂടെ അസമിൽ നിന്നുമുള്ള പാർലമെന്റ് അംഗമാകുന്നത്. ഉദാരവൽക്കരണം ആദ്യമായി നടപ്പാക്കുവാൻ തീരുമാനമുണ്ടായത് അദ്ദേഹം ധമന്ത്രിയായിരിക്കുമ്പോഴാണ്. പക്ഷേ അത് പ്രശംസയേക്കാളേറെ വിമർശനങ്ങൾക്കാണ് വഴിതുറന്നത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് രാജ്യത്തെ സുപ്രധാന പദവി നൽകിയതിൽ ഒട്ടേറെ വിമർശനങ്ങളുണ്ടായി. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുവരെ ജനം പരിഹസിച്ചു. പക്ഷേ അതിനുശേഷം ചുമതലയേറ്റെടുത്ത ധനമന്ത്രിമാരെല്ലാം അദ്ദേഹത്തിന്റെ പാത പിൻതുടർന്ന് ഉദാരവത്കരണം ശക്തമാക്കുകയാണുണ്ടായതെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

vachakam
vachakam
vachakam

വലിയ രാഷ്ട്രീയ നാടകത്തിനൊടുവിൽ 2004ൽ യു.പി.എ സർക്കാരിന്റെ പ്രധാന മന്ത്രിയായി അദ്ദേഹം അധികാരമേറ്റെടുത്തു. സോണിയാഗാന്ധിയെയായിരുന്നു പ്രധാനമന്ത്രിയായി ആദ്യം കോൺഗ്രസ് പ്രവർത്തകരും സഖ്യകക്ഷികളും ഒന്നടങ്കം നിദ്ദേശിച്ചത്. പക്ഷേ ഒരു വിദേശ വനിത പ്രധാനമന്ത്രിയാകുവാൻ അനുവദിക്കില്ലെന്ന നിലപാടിൽ ബി.ജെ.പി രാജ്യവ്യാപകമായി പ്രതിഷേധിച്ചു. തന്റെ പേരിൽ രാജ്യത്ത് ഒരു കലാപവും ഭിന്നിപ്പും ഉണ്ടാകാതിരിക്കുവാൻ സോണിയാജി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഞാനില്ലെന്ന് ശക്തമായ നിലപാടെടുത്തു.

അഴിമതി വീരന്മാരായ മന്ത്രിമാരും നേതാക്കന്മാരുമൊക്കെ രാജിവെച്ചൊഴിയുവാൻ വിസമ്മതിക്കുന്നു. ഈ ഘട്ടത്തിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച സോണിയഗാന്ധിയുടെ തീരുമാനം പ്രശംസനീയമർഹിക്കുന്നു. സോണിയ ഗാന്ധിക്കുപകരം മറ്റാരെന്ന ചോദ്യത്തിനു മൻമോഹൻസിങ്ങ് എന്ന ഒരുത്തരമേയുണ്ടായുള്ളൂ. ഇടതുപക്ഷം പോലും അദ്ദേഹത്തെ പിന്തുണച്ചു.

പേരിനും പ്രശസ്തിക്കും വേണ്ടി അദ്ദേഹം ഇക്കാലമത്രയും ഒന്നും ചെയ്തിരുന്നില്ല. സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളും പദ്ധതികളുമൊക്കെ തന്റെ പേരിൽ അറിയപ്പെടേണ്ടെന്ന് നിർബന്ധമുണ്ടായിരുന്ന ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്ങ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു ഭരണാധികാരി എന്താണോ ചെയ്യേണ്ടത് അത് കൃത്യമായി പരിപാലിച്ചുവന്ന പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. മോഹനവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കൈയ്യിലെടുക്കുവാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അദ്ദേഹം അധികാരമോഹിയായ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. എതിരാളികൾക്കെതിരെ ഒരു രാഷ്ട്രീയ വിമർശനങ്ങൾപോലും അദ്ദേഹം നടത്തിയിട്ടുള്ളതിൽ മാന്യതയുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽപോലും മൻമോഹൻ സിങ്ങിന്റെ പേര് ഉയർന്നു വന്നിട്ടില്ല.

vachakam
vachakam
vachakam

ഇന്ത്യൻ സമ്പദ്ഘടനയുടെ ശില്പിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അതുല്യമായ ജ്ഞാനവും വിനയവും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ഒട്ടേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് മൻമോഹൻസിങ്ങ് നൽകിയ സംഭാവനകൾ മറക്കാനാവുന്നതല്ല.

അദ്ദേഹത്തിന്റെ വേർപാട് ഇന്ത്യക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും തീരാ നഷ്ടമാണ്. ഒട്ടും രാഷ്ട്രീയക്കാരനല്ലായിരുന്ന ആ നീലത്തലപ്പാവുകാരൻ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിച്ചു. തകരാറിലായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തി. ഒച്ചപ്പാടുകളും അവകാശവാദങ്ങളുമൊന്നുമില്ലാതെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞുപോയി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ കേരളാഘടകത്തിന്റെ ആദരാജ്ഞലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നു.

സതീശൻ നായർ സതീശൻ നായർ പ്രസിഡന്റ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam