അധികാരം ജീവപര്യന്തം

JANUARY 7, 2026, 12:39 AM

2026ൽ രാഷ്ട്രീയകേരളം ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വാക്കാകും മൂന്നാമൂഴം. തവണ എന്നാണ് ഊഴം എന്ന പദത്തിന്റെ അർത്ഥം. ഭീമന് രണ്ടാമൂഴം എന്നത് എപ്പോഴും  നിഷേധിക്കപ്പെട്ട അവസരമായിരുന്നു. നിരന്തരമായ കാത്തിരിപ്പിന്റെ കഥയാണ്. ഭീമന്റേത്. അധികാരത്തിലെത്തുന്നവർ പദവികൾ പങ്കുവയ്ക്കുമ്പോഴും ചിലർക്കു ലഭിക്കുന്ന രണ്ടാമൂഴം നിഷ്ഫലമായിത്തീരും. പ്രേമചന്ദ്രനെ എൽ.ഡി.എഫ് രാജ്യസഭയിലേക്കയച്ചത് കാലാവധി പകുതിയാകുമ്പോൾ മറ്റൊരു ഘടകകക്ഷിക്കുവേണ്ടി പദവി ഒഴിയണം എന്ന വ്യവസ്ഥയിലായിരുന്നു.

പരിത്യാഗത്തിന്റെ സമയമായപ്പോൾ നിയമസഭയിലെ കക്ഷിനിലയിൽ മാറ്റം വന്നതിനാൽ സീറ്റ് നിലനിർത്തുന്നതിനുവേണ്ടി പ്രേമചന്ദ്രൻ തുടരേണ്ടിവന്നു. രണ്ടാമൂഴക്കാരൻ എന്നും ഊഴത്തിനുവേണ്ടി കാത്തുനിൽക്കേണ്ടിവരും. പലർക്കും അത് കിട്ടാക്കനിയായി മാറുകയും ചെയ്യും. ഒരിക്കൽക്കൂടി പിണറായി വിജയൻ എന്ന അർത്ഥത്തിലാണ് പിണറായി വിജയന്റെ മൂന്നാമൂഴത്തെക്കുറിച്ച് ചർച്ച നടക്കുന്നത്. രണ്ടാമൂഴം അദ്ദേഹം കാത്തുനിന്ന് സമ്പാദിച്ചതല്ല. അവകാശവാദം ഉന്നയിക്കാൻപോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ ജനവിധിയുടെ മഹാപ്രളയത്തിൽ അത് സംഭവിക്കുകയായിരുന്നു. മഹാമാരിയും പേമാരിയും ഒന്നിച്ചു വന്നപ്പോഴുണ്ടായ പ്രതിഭാസമായിരുന്നു അത്.

പ്രാപഞ്ചിക പ്രതിഭാസങ്ങൾ ആവർത്തിക്കാനുള്ളതല്ല. സുനാമിപോലെ ആവർത്തിക്കപ്പെടുന്ന പ്രതിഭാസങ്ങൾ അപകടത്തിനു കാരണമാകും. അമിതാധികാരത്തിന്റെയും ഏകാധിപത്യപ്രവണതയുടെയും സുനാമിത്തിരകളെ പ്രതിരോധിക്കുന്നതിനുള്ള കണ്ടൽക്കാടുകൾ ജനാധിപത്യം സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അധികാരത്തിന് നിശ്ചയിക്കുന്ന പരിധിയാണ് ജനാധിപത്യത്തിന്റെ പ്രതിരോധസംവിധാനങ്ങളിൽ പ്രധാനപ്പെട്ടത്. കാലപരിധിയുണ്ട്; യോഗപരിധിയുമുണ്ട്. അധികാരത്തിന് പരിധി നിശ്ചയിക്കുന്നത് ജനാധിപത്യത്തിന്റെ സവിശേഷതയാണ്.

vachakam
vachakam
vachakam

പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടൺ പ്രഭു പറഞ്ഞതിൽ വലിയ ജനാധിപത്യപാഠം ഉൾക്കൊള്ളുന്നു. ഫ്രാൻസിൽ ലൂയി പതിന്നാലാമൻ 72 വർഷം ചക്രവർത്തിയായിരുന്നു. വിപ്‌ളവത്തിന്റെ പൂർത്തീകരണത്തിലാണ് ചക്രവർത്തിമാരുടെ ഭരണം അവസാനിച്ചത്. ബ്രിട്ടനിൽ നമ്മുടെ കാലത്ത് എലിസബത്ത് രാജ്ഞി എഴുപത് വർഷം ബ്രിട്ടന്റെയും ബ്രിട്ടീഷ് കോമൺവെൽത്തിന്റെയും അധിപയായിരുന്നു. അധികാരിക്ക് അധികാരത്തോട് വിരക്തി ഉണ്ടാകുന്നില്ലെന്നതാണ് ചരിത്രത്തിന്റെ പാഠം. മടുപ്പിക്കാത്ത ലഹരിയും നിരന്തരം ഉണർത്തപ്പെടുന്ന ഉന്മാദവുമാണ് അധികാരം.

ഈ പാഠത്തിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യത്തിൽ പദവി വഹിക്കുന്നതിന് കാലപരിധി നിശ്ചയിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ കാലാവധി നാലു വർഷമാണ്. വീണ്ടും മത്സരിച്ച് ജയിച്ചാൽ നാല് വർഷം കൂടിയാകാം. 1933ൽ പ്രസിഡന്റായ ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റ് 1945ൽ മരിക്കുന്നതുവരെ പ്രസിഡന്റായിരുന്നു. ആജീവനാന്ത പ്രസിഡന്റ് എന്ന സാധ്യത ഒഴിവാക്കുന്നതിനാണ് 1951ൽ ഹാരി എസ് ട്രൂമാന്റെ ഭരണകാലത്ത് ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിന്റെ ഭരണത്തവണ രണ്ടായി പരിമിതപ്പെടുത്തിയത്.

ട്രംപോ ട്രംപിനെപ്പോലൊരാളോ ആജീവനാന്തം പ്രസിഡന്റായിരിക്കുന്ന അവസ്ഥ എത്രയോ ഭയജനകമാണ്. വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാരരാഷ്ട്രത്തിന്റെ തലവനായ മാർപാപ്പയ്ക്ക് മരണം വരെയാണ് കാലാവധി. സ്വിറ്റ്‌സർലണ്ടിലെ പരമാധികാര ഭരണസമിതിയായ ഫെഡറൽ കൗൺസിലിന്റെ പ്രസിഡന്റിന്റെ കാലാവധി ഒരു വർഷമാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് വ്യവസ്ഥയില്ല. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് പാർലമെന്റാകയാൽ വാർഷിക തിരഞ്ഞെടുപ്പ് അസൗകര്യങ്ങൾക്ക് കാരണമാകുന്നില്ല.

vachakam
vachakam
vachakam

പുരാതനഗ്രീസിലെ ജനാധിപത്യത്തിൽ ചീഫ് എക്‌സിക്യൂട്ടീവിനെ ദിവസവും മാറ്റിക്കൊണ്ടിരുന്നു.
ഏകാധിപത്യത്തിൽ കാലം നിശ്ചലമാകുന്നു. ജീവപര്യന്തമാണ് ഏകാധിപതിയുടെ കോയ്മ. അട്ടിമറി അല്ലെങ്കിൽ മരണം ആണ് ഏകാധിപതിയുടെ കാലത്തിന് അന്ത്യം കുറിക്കുന്നത്. മുപ്പതു കൊല്ലമായിരുന്നു സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ ഏകാധിപത്യവാഴ്ച. ഹിറ്റ്‌ലർക്കെതിരെ തോളോടുതോൾ ചേർന്നുനിന്ന് പൊരുതിയ ചർച്ചിലിനും സ്റ്റാലിനും യുദ്ധാനന്തരം വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടായത്. സ്റ്റാലിന്റെ അധികാരത്തിന് ഇളക്കമുണ്ടായില്ല. വിജിഗീഷുവായ ചർച്ചിലിനെ ബ്രിട്ടീഷുകാർ 1945ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. അത് വലിയ നന്ദികേടായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.

ജനാധിപത്യത്തെ പരിഹസിക്കുന്ന ചർച്ചിലിന്റെ പ്രസിദ്ധമായ പ്രസ്താവനയ്ക്ക് കാരണമായത് ഈ പരാജയമാകാം. യുദ്ധവിജയത്തിന്റെ പാരമ്യത്തിൽ ചർച്ചിലിനു നൽകുന്ന രാഷ്ട്രീയവിജയം അദ്ദേഹത്തെ ഏകാധിപതിയായി മാറ്റുമോ എന്ന ആശങ്ക ബ്രിട്ടീഷ് ജനതയ്ക്ക് ഉണ്ടായിട്ടുണ്ടാകണം. 1951ൽ അവർ അദ്ദേഹത്തെ വീണ്ടും അധികാരത്തിൽ കൊണ്ടുവന്നു. ചർച്ചിലിനു നൽകിയ ഇടവേളയിൽ ലേബർ പാർട്ടിയുടെ ക്‌ളെമന്റ് ആറ്റ്‌ലി പ്രധാനമന്ത്രിയായതുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി സുഗമമായത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ലിക്വിഡേറ്ററാകാൻ തയാറല്ലെന്ന നിലപാടായിരുന്നു ചർച്ചിലിന്റേത്. 

ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റുന്നവർക്ക് ചരിത്രത്തിൽ ഇടമുണ്ടാകും. തിരഞ്ഞെടുപ്പിലെ വിജയം അവർക്കുള്ള പ്രതിഫലമാകരുത്. വീരാരാധന ഏകാധിപതികളുടെ സൃഷ്ടിക്ക് കാരണമാകും. ഗീബൽസും കൂട്ടരും സൃഷ്ടിച്ചെടുത്ത പരിവേഷത്തിലാണ് ഹിറ്റ്‌ലറുടെ വളർച്ചയും ഉയർച്ചയും ഉണ്ടായത്. ലീഡർ എന്ന് അർത്ഥമുള്ള ഫ്യൂറർ എന്ന പദം അവർ ഹിറ്റ്‌ലർക്ക് ചാർത്തിക്കൊടുത്തു. റബ്ബി എന്ന് സംബോധന ചെയ്യപ്പെടാൻ അവർ ആഗ്രഹിക്കുന്നുവെന്ന് കപടനാട്യക്കാരായ ഫരിസേയരെക്കുറിച്ച് മത്തായി എഴുതി. ലീഡർ എന്നാണ് കരുണാകരൻ വിളിക്കപ്പെട്ടത്. പാകിസ്ഥാനെ പരാജയപ്പെടുത്തി പൂർവ പാകിസ്ഥാനെ സ്വതന്ത്രരാഷ്ട്രമാക്കിയ ഇന്ദിര ഗാന്ധിയെ എതിരാളികൾപോലും പ്രകീർത്തിച്ചു.

vachakam
vachakam
vachakam

ദുർഗ എന്നാണ് വാജ്‌പേയി അന്ന് മനം തുറന്ന് ഇന്ദിരയെ പ്രകീർത്തിച്ചത്. അതിന്റെ നാലാം വർഷം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ക്രൂരയായ ഏകാധിപതിയായി അവർ മാറി. വാജ്‌പേയിയെ ദുർഗ തുറുങ്കിലടച്ചു. പ്രധാനമന്ത്രിയെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന ബ്രിട്ടീഷ് പാഠം നമ്മൾ പഠിക്കാതെ പോയതിന്റെ അപകടമായിുന്നു അത്. വീരാരാധന ജനാധിപത്യത്തിന് ഹാനികരമാണ്. അതാതുകാലത്തെ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷയുള്ളവരിലാണ് ജനം വിശ്വാസവും ശരണവും അർപ്പിക്കേണ്ടത്. പരിപക്വമായ ജനാധിപത്യത്തിൽ സമ്മതിദായകൾ സന്ദേഹികളാകുന്നില്ല. ട്രംപ് അപവാദമോ അബദ്ധമോ അല്ല. രണ്ടാം വട്ടം ട്രംപിനെ വിജയിപ്പിച്ച അമേരിക്കൻ വോട്ടർമാരുടെ വിവേകത്തെക്കുറിച്ച് നമുക്ക് സംശയമുണ്ടായി. ക്ഷേ അവർ തന്നെയാണ് ബറാക് ഒബാമയെയും സൊഹ്‌റാൻ മംദാനിയെയും തിരഞ്ഞെടുത്തത്. 

തുടർഭരണം ജനാധിപത്യത്തിലെ നന്മയോ മേന്മയോ അല്ല. ഭരണം നിലനിർത്താൻ ഭരിക്കുന്നവരും പിടിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതിനുള്ള ശ്രമത്തിൽ ഭരണകക്ഷി ചില പുനഃക്രമീകരണങ്ങൾ നടത്തേണ്ടിവരും. തന്ത്രങ്ങൾ മാത്രമല്ല ക്യാപ്ടനെത്തന്നെ ചിലപ്പോൾ മാറ്റേണ്ടിവരും. ചർച്ചിലിന് ബ്രിട്ടീഷ് ജനത അഞ്ചു വർഷത്തെ വിശ്രമം നൽകിയത് അദ്ദേഹത്തിന്റെ നേട്ടത്തെ വിലകുറച്ചു കണ്ടതുകൊണ്ടല്ല. ചർച്ചിലിനെ അവർ വിലമതിച്ചതുകൊണ്ടാണ് അവർ അഞ്ചാം വർഷം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. പിണറായി വിജയന്റെ നന്മകളെ വിസ്മരിച്ചുകൊണ്ടല്ല ജനം എതിർവോട്ട് ചെയ്തത്.

അപ്പോഴപ്പോൾ പ്രതികരിക്കുന്നതിനുള്ള വിഷയം സമ്മതിദായകരുടെ മുന്നിലുണ്ടാകും. കഴിഞ്ഞ മാസം അയ്യപ്പന്റെ സ്വർണം ആയിരുന്നു വിഷയമെങ്കിൽ നിയമസഭാതിരഞ്ഞെടുപ്പാകുമ്പോൾ എന്തായിരിക്കും വിഷയം എന്ന് ഇപ്പോൾ പറയാനാവില്ല. തുടർഭരണത്തേക്കാൾ പ്രധാനം സദ്ഭരണമാണ്. ഭരണവും സമരവും ഒന്നിച്ച് എന്ന സിദ്ധാന്തം ഇ.എം.എസ് അവതരിപ്പിച്ചിട്ടുണ്ട്. ഭരണം തുടർന്നുപോയാൽ സമരം വിസ്മരിക്കപ്പെടും.

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാതെ വളർന്നുവരുന്ന തലമുറയേക്കാൾ പ്രധാനപ്പെട്ടതല്ല തുടർഭരണം. യുദ്ധാനന്തരം സ്റ്റാലിൻ അധികാരത്തിൽ തുടർന്നു. ചർച്ചിൽ വിശ്രമജീവിതത്തിലേക്കുപോയി. ഭരണത്തിന്റെയും തുടർഭരണത്തിന്റെയും പാഠങ്ങൾ ചരിത്രത്തിൽനിന്ന് പഠിക്കാവുന്നതേയുള്ളു.

ഡോ. സെബാസ്റ്റ്യൻ പോൾ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam