തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനം ഉൾപ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളാണു കൊച്ചിയിലും പരിസരത്തുമായി ഉള്ളത്. ഇവയ്ക്കെല്ലാം ശക്തമായ സുരക്ഷയും ഏർപ്പെടുത്തി.
കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. തുറമുഖം, എണ്ണശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, ഷിപ്‌യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു.
ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവു സുരക്ഷ തുടരും. സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. സംഘർഷവേളയിൽ സ്വീകരിക്കുന്ന അതീവ ജാഗ്രതയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും സുരക്ഷ വർധിപ്പിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥർ അതത് സ്ഥലങ്ങൾ വിട്ടുപോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. തുറമുഖത്തോടു ചേർന്നുള്ള പ്രദേശങ്ങളിലെല്ലാം നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ യാനങ്ങളെ കൂടുതലായി വിന്യസിച്ചു. വ്യോമമേഖല മുഴുവൻ 24 മണിക്കൂറും അത്യാധുനിക റഡാറുകളുടെ നിരീക്ഷണത്തിലുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്