കണക്ക് വന്നു. ഇനി പുതിയ കണക്കുകൂട്ടലുകൾ വേണം. മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള നേർചിത്രമാണ്. അതിൽ രാഷ്ട്രീയവും ഉണ്ട്. പക്ഷേ അതിനെ രാഷ്ട്രീയം മാത്രമായി കാണരുത്. നാടിന്റെ പൊതു പ്രശ്‌നമായി കാണണം. അപ്പോഴാണ് ആത്മാർഥമായ പ്രതിവധി കണ്ടെത്താനാവുക. അതിനു പ്രതിപക്ഷവും ഇടങ്കോലിടരുത്. സാധ്യമായ സഹകരണം അവരും നൽകണം. കാരണം ഇത്തരമൊരു സാമ്പത്തിക സാഹചര്യം രൂപപ്പെട്ടതിൽ എല്ലാവർക്കും പങ്കുണ്ട്. അപ്പോൾ പ്രതിവിധിയിലും കൂട്ടായ ചർച്ച വേണം. ജനക്ഷേമമാണ് രാഷ്ട്രീയപ്രവർത്തനത്തിന്റെ കാമ്പ് എങ്കിൽ ജനം അതു വിലയിരുത്തിക്കൊള്ളും.
ഇതിനു മുമ്പും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കിയിട്ടുണ്ട്. അതിലും രാഷ്ട്രീയം ഉണ്ടായിരുന്നു. അധികാരമൊഴിയുന്ന സർക്കാർ ഖജനാവ് കൈകാര്യം ചെയ്തതിനെക്കുറിച്ച് അപ്പോഴും കടുത്ത വിമർശനം ഉണ്ടായിട്ടുണ്ട്. അന്നും ന്യായവാദങ്ങളും കണക്കിലെ കളികളുമായി മറുപക്ഷവും രംഗത്തെത്തിയിരുന്നു.
മുൻ കാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാനുമായിരുന്ന കെ.എം ചന്ദ്രശഖറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് ധനവകുപ്പിന്റെ വിശദ പരിശോധനയക്കും വിധേയമാക്കിയിരുന്നു. ധനകാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ധവളപത്രം തയാറാക്കുന്നതിൽ നേരിട്ട് ഇടപെടുകയും അതിന്റെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ധവളപത്രം പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധ ആകർഷിച്ചത് സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത സംബന്ധിച്ച കണക്കാണ്. 5.7 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുക്കടം. മിക്ക മാധ്യമങ്ങളും ഹൈലൈറ്റ് ചെയ്തതും ആ വിഷയംതന്നെ. എന്നാൽ അതിലുപരിയായ ചില പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം നികുതിവരുമാനത്തിൽ 77.6 ശതമാനവും ശമ്പളം, പെൻഷൻ, പലിശയടവ് എ്ന്നിവയ്ക്കായി നീക്കിവയ്ക്കുകയാണ്. പിന്നെ വികസനത്തിനും ക്ഷേമത്തിനും എവിടെ പണം. അതിനാണ് കിഫ്ബി ഉണ്ടാക്കിയത്. എന്നാൽ അതു വലിയ ബാധ്യതയാണെന്നു ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയുടെ ധനശേഖരണത്തിൽതന്നെ പല പാകപ്പിഴകളുമുണ്ട്.
കിഫ്ബിയിലൂടെ നിരവധി വികസനപ്രവർത്തനങ്ങൾ നടന്നു എന്നു പറയുമ്പോഴും 21,000 കോടി രൂപയുടെ കടബാധ്യത നിലനിൽക്കുന്നു എന്ന യാഥാർഥ്യം അവഗണിക്കാനാവുമോ.
കിഫ്ബി വഴിയുള്ള 35,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികളിൽ ചിലതൊക്കെ നിർമാണഘട്ടത്തിലാണ്. ഈ മുതൽമുടക്കിന്റെ പ്രയോജനം ഇനിയും തിട്ടപ്പെടുത്തിയിട്ടുമില്ല. രാഷ്ട്രീയമായി കിഫ്ബി ഒരു നേട്ടമായിരുന്നുവെങ്കിലും അതിന്റെ ഘടനയും സാമ്പത്തിക ബാധ്യതകളും എറെ സങ്കീർണമാണ്. കിഫ്ബിയുടെ കാര്യത്തിൽ ഒരു പൊളിച്ചെഴുത്തു വേണ്ടിവരും. അതു മിക്കവാറും ബജറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
പ്രതിപക്ഷം ധവളപത്രത്തെക്കുറിച്ചു പറയുന്നതു മനസിലാക്കാം. അത് അവരുടെ രാഷ്ട്രീയം കൂടിയാണ്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോയതിനെക്കുറിച്ചും ഖജനാവിന്റെ അവസ്ഥയെക്കുറിച്ചും കഴിഞ്ഞ പത്തുവർഷം ഭരിച്ചവർക്കു ചിലതൊക്കെ പറയാനുണ്ടാവുമല്ലോ. മുൻ ധനമന്ത്രി ചില കണക്കുകൾ ഉദ്ധരിച്ച് തന്റെ സർക്കാരിന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചതും അതുകൊണ്ടാണ്.
ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കു മാപ്പു പറയണമെന്നുവരെ ബാലഗോപാൽ പറഞ്ഞുവച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം അതിനെല്ലാമുള്ള യുക്തമായ മറുപടിയായി. പവർ പോയന്റ് പ്രസന്റേഷനിലൂടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് ധവളപത്രത്തിലെ കണക്കുകൾ വിശദീകരിച്ചത്.
വാദപ്രതിവാദങ്ങളല്ല പരിഹാരക്രിയകളാണു പ്രധാനം. അതു വൈകരുത്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇതിനു ചില മറുമരുന്നുകൾ പ്രതീക്ഷിക്കാം. ചില പരിഹാരങ്ങൾ ധവളപത്രത്തിൽതന്നെ നിർദേശിച്ചിട്ടുണ്ട്. അതെല്ലാം നിർദേശങ്ങൾ മാത്രമാണ്. വിശദമായ ചർച്ചകളും വിലയിരുത്തലുകളും വേണം. കിഫ്ബിയപ്പോലൊരു സംവിധാനം പിടിവിട്ടുപോയതിന്റെ അനുഭവപാഠം പ്രധാനമാണ്.
നിരന്തരം വൻനഷ്ടം വരുത്തിവയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള ധവളപത്രത്തിലെ പരാമർശനങ്ങൾ പൊതുമേഖല സ്വകാര്യ മേഖലയ്ക്കു തീറെഴുതുന്നു എന്ന വ്യാഖ്യാനത്തിലേക്കു വന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയെയും സപ്ലേകോയെയും സ്വയം പര്യാപ്തമാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ലാഭത്തിൽ പോകുന്ന സിയാൽ പോലും വിറ്റഴിക്കാതിരുന്നാൽ കൊള്ളാം എന്ന മുൻധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കമന്റ് ശ്രദ്ധേയമാണ്. അതിലൊരു രാഷ്ട്രീയവുമുണ്ട്.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുമണ്ഡലത്തിൽവരുന്നത് ശരിയല്ലെന്ന ബാലഗോപാലിന്റെ നിലപാട് ജനാധിപത്യ ഭരണകൂടങ്ങൾക്കു ചേരുന്നതല്ല. ധനസ്ഥിതിയുമായി ബന്ധപ്പെട്ട ചില രേഖകൾ പുറത്തുവരുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെപ്പോലും ദോഷകരമായി ബാധിക്കാമെന്നാണ് മുൻധനമന്ത്രിയുടെ അഭിപ്രായം.
യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടികൾ നടപ്പാകില്ലെന്നാണ് ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ വിലയിരുത്തൽ.
ധനവകുപ്പിന്റെ സീക്രട്ട് സെക്ഷനിൽ മാത്രം ലഭ്യമായിരുന്ന രേഖകൾ എഐ പ്ലാറ്റ്‌ഫോമിലേക്കു നൽകിയാണോ ധവളപത്രം തയാറാക്കിയന്നൊരു വിചിത്ര സംശയവും തോമസ് ഐസക് ഉന്നയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ സുതാര്യതയാണ് പ്രധാനം. ജനങ്ങളുടെ മുന്നിൽ വയ്ക്കാനാവാത്ത എന്തു വസ്തുതകളാണ് ഇപ്പോൾ ധവളപത്രത്തിൽ വന്നിട്ടുള്ളതെന്നുകൂടി വിശദീകരിക്കട്ടെ.
ജൂൺ 15 മുതൽ എല്ലാ ഓർഡിനറിബസുകളിലും സ്ത്രീകൾക്കും ട്രാൻസ്ജൻഡർമാർക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തിന് മന്ത്രിസഭായോഗത്തിനുശേഷം പ്രഖ്യാപിച്ചു. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കും. എങ്കിലും ആശങ്കകൾ ഏറെയുണ്ട്.
കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ളത് 5523 ബസുകളാണ്. സ്വിഫ്റ്റ് ബസുകളുംകൂട്ടിയാണിത്. കെ.എസ്.ആർ.ടി.സിയുടെ 5509 ബസുകളിൽ 3239 എണ്ണവും ഓർഡിനറി ബസുകളാണ്. അതുകൊണ്ടുതന്നെ യാത്രക്കാരിൽ വലിയൊരു വിഭാഗം ഓർഡിനറി ബസുകൾ ഉപയോഗിക്കുന്നവരാണെന്നു വ്യക്തം. ചെലവ് വരുമാനത്തേക്കാൾ കൂടുതലായതിനാൽ നിലവിൽ സർക്കാർ സഹായത്താലാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുന്നത്. സ്ത്രീകൾക്കു സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുമ്പോൾ സർക്കാർ കൈത്താങ്ങ് കുറെക്കൂടി കൂട്ടും.
സൗജന്യ യാത്രാപദ്ധതി കൂറെക്കൂടി കാര്യക്ഷമമാക്കാനും സ്‌പോൺസർമാരെയും മറ്റും കണ്ടെത്താനുമുള്ള ആലോചനകൾ നടന്നുവരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടികൾ, പ്രാദേശികതലത്തിലുള്ള വികസനസമിതികൾ തുടങ്ങി പല ആശയങ്ങളും വന്നിട്ടുണ്ട്. അതൊക്കെ കാര്യക്ഷമമായി നടത്തിയെടുക്കുക ശ്രമകരമാണെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കാം.
കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അതിന്റെ അന്തസത്ത മനസിലാക്കി വിലയിരുത്താനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും സർക്കാർ ശ്രമിക്കട്ടെ. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് അടുത്തുതന്നെ വരും. അതിൽ ഇതിനുള്ള ചില ചികിത്സകൾ ഉണ്ടാകും. അതു ഫലപ്രദമാകട്ടെ.
തൊഴിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമൊക്കെ വൻ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ചു സർക്കാർ നയങ്ങളിലും മാറ്റമുണ്ടാകണം. മാറ്റങ്ങളോട് വലിയ തോതിൽ പിന്തിരിഞ്ഞുനിന്നൊരു സമൂഹമാണ് കേരളം. അതിനു രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളുണ്ടായിരുന്നു. അതൊക്കെ അതിജീവിച്ചാണ് ഇപ്പോൾ നാം മുന്നേറുന്നത്. അതിനു കൂടുതൽ ഗതിവേഗം കൈവരിക്കേണ്ടിയിരിക്കുന്നു.
സെക്രട്ടേറിയറ്റിൽ ഇപ്പോൾ വലിയ തിരക്കാണ്. പത്തുവർഷത്തെ കടുത്ത നിയന്ത്രണങ്ങൾ പലതും കെട്ടഴിച്ചുവിട്ടതിന്റെ ആഘോഷമാണത്.
അതു നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ തന്നെ രോഷപ്രകടനം തുടങ്ങി. മാധ്യമപ്രവർത്തകരാണ് കൂടുതലും രോഷാകുലരാകുന്നത്. മുമ്പ് ശബ്ദമുണ്ടാക്കതെ ഇരുന്നവർ ഇപ്പോൾ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ ഉച്ചത്തിൽ പറയാൻ തുടങ്ങിയിരിക്കുന്നു. എല്ലാക്കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ശ്രദ്ധ പതിയേണ്ട സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥ പുനർവിന്യാസം പൂർത്തിയായാൽ കുറെ കാര്യങ്ങൾക്കു നീക്കുപോക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റ് തയാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രിക്കു സമയം ലഭിക്കാതെ പോകരുത്.
ധൂർത്തും പാഴ്‌ചെലവുകളുമൊക്കെ കുറയ്ക്കാൻ ചില നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമശ്രദ്ധയും നന്നായി ലഭിച്ചു. കരാർ നിയമനങ്ങൾ ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ ചില നടപടികൾ പറഞ്ഞുകേട്ടെങ്കിലും അതു പിന്നീട് വലിയ ചർച്ചയാകാതെ പോയി. കിഫ്ബിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കളെ യഥേഷ്ടം നിയമിച്ചതിന്റെ വിവരങ്ങളും പുറത്തുവരുന്നു. ഒരു ലക്ഷം രൂപയ്ക്കുമേൽ ശമ്പളം പറ്റുന്ന മുപ്പതോളം പേർ കിഫ്ബിയിലുണ്ട്.
പ്രതിമാസം നാലു ലക്ഷം രൂപവരെ ശമ്പളം ലഭിക്കന്നവരുമുണ്ട്. പ്രതിവർഷം പത്തു ശതമാനം ശമ്പളവർധന എന്ന വിചിത്ര ഇടപാടും ഇവിടെ നടന്നുപോന്നുവത്രേ. ചീഫ് സെക്രട്ടറി വാങ്ങുന്നതിന്റെ ഇരട്ടി ശമ്പളം വാങ്ങുന്നവരും കിഫ്ബിയിൽ ഉണ്ടെന്നാണ് വിവരം. ഇവരിൽ ചിലർ സർക്കാർ പെൻഷനും കൈപ്പറ്റുന്നവരാണ്.
ഇത്തരം ഇടപാടുകൾ അന്വേഷിക്കാതിരിക്കാനോ നടപടി എടുക്കാതിരിക്കാനോ സാധിക്കില്ല. പക്ഷേ കനത്ത പ്രതിരോധം നേരിടേണ്ടിവരും. ഭരണകൂടത്തിന്റെ ഇച്ഛാശക്തി അളക്കുന്ന വേളകളാണിത്. ഒറ്റപ്പെട്ട പല കേസുകളിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ജനകീയ പരിഹാരങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവയൊക്കെ സർക്കാരിന്റെ മനോഭാവമാണ് പ്രകടമാക്കുന്നതെങ്കിൽ വലിയ കാര്യങ്ങളിൽ അതുണ്ടാക്കുന്ന പ്രതിഫലനം തീർച്ചയായും അംഗീകരിക്കപ്പെടും.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് ലോകമെമ്പാടും സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഇനിയും ഉളവാക്കും. കേരളത്തെയും അതു ബാധിക്കും. യുദ്ധമേഖലയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. കുവൈറ്റ് പോലെയുള്ള രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മലയാളികളെയും ആശങ്കാകുലരാക്കുന്നു.
റിസർവ് ബാങ്ക് ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഭവനവായ്പകൾക്കും വ്യക്തിഗതവായ്പകൾക്കുമൊക്കെ തൽക്കാലം പലിശ നിരക്ക് ഉയരില്ലെങ്കിലും യുദ്ധസാഹചര്യം വിലയിരുത്തിയാവും തുടർന്നുള്ള നയങ്ങൾക്കു രൂപം നൽകുക. റിസർവ് ബാങ്കിന്റെ പണനയസമതി ഇനി ഓഗസ്റ്റ് ആദ്യവാരമാണ് ചേരുക. ഇന്ധനത്തിന്റെയും ഉത്പന്നങ്ങളുടെയും വിലവർധനയും വിതരണ ശൃംഖലയിലെ തടസങ്ങളും വെല്ലുവിളി ഉയർത്തുമെന്ന മുന്നറിയിപ്പും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ നികുതി ഘടനയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചില നിർദേശങ്ങൾ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും വ്യവസായികളുടെയും പ്രതിനിധികൾ മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. ചില ജില്ലകളിൽ ജിഎസ്ടി,വാറ്റ് കേസുകൾ കെട്ടിക്കിടക്കുന്ന കാര്യവും അവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.പൊതുജനാരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഈ മേഖലകളിൽ കേരളത്തിനുണ്ടായിരുന്ന മുൻതൂക്കം നിലനിർത്താനായിട്ടില്ല. യുവതലമുറ വലിയ തോതിൽ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു കുടിയേറുന്നു.
വ്യവസായ വികസനം, പുതുതലമുറ തൊഴിൽ സാധ്യതകളുടെ കണ്ടെത്തൽ, അതിനുള്ള സൗകര്യമൊരുക്കൽ തുടങ്ങിപല കാര്യങ്ങളിലും കേരളം വർഷങ്ങളായി അശ്രദ്ധ പുലർത്തിപ്പോന്നു എന്ന വസ്തുതയും ധവളപത്രം പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നു മുഖ്യമന്ത്രി പല തവണ പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു. വൻകിട, ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിക്കും. ജലപാതകളിലൂടെയുള്ള ചരക്കുഗതാഗതം വർധിപ്പിക്കാനാവും ആദ്യം ശ്രമിക്കുക. പിന്നീട് യാത്രസൗകര്യമായും വിനോദസഞ്ചാര വികസനപദ്ധതികളായും അതു വികസിപ്പിക്കാനാവും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ വ്യോമയാന വികസനത്തിനും ചില പദ്ധതികൾ ഉണ്ടാവും.
ചെറുകിട ഇടത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും തയാറാകുന്നുണ്ട്. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ സമഗ്രമായി പരിശോധിച്ച് തൊഴിൽ വിദ്യാഭ്യാസരംഗത്ത് അതിന് അനുസൃതമായുള്ള മാറ്റങ്ങൾ വരുത്താനും ശ്രമം നടക്കും. ഇതിനായി വിദഗ്ധർ ഉൾപ്പെടുന്ന 'ജോബ് വാച്ച ടവർ' രൂപീകരിക്കാനും ആലോചനയുണ്ട്.
യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റ് ഒരു ദിശാസൂചി ആയിരിക്കും. കേരളീയ സമൂഹത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള പദ്ധതികളും നയങ്ങളുമാണ് വേണ്ടത്. അതിനുള്ള ഇച്ഛാശക്തി ഇപ്പോഴത്തെ ഭരണകൂടത്തിനുണ്ട്. അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കാനാവും എന്നാണ് അറിയേണ്ടത്.
സെർജി ആന്റണി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
