മറ്റൊന്നും ചെയ്യാനില്ല ഇനിയിതും ദുരുപയോഗ വസ്തുവെന്ന് വിധിയെഴുതി പ്രായമായവരെ ഷെഡ്ഡിൽ കൊണ്ടോയിതള്ളുന്ന പ്രവണത കൂടിക്കൂടി വരുന്നു. ന ന്മ ചെയ്യാൻ മനസ്സുകാണിച്ചാൽ ചിലർക്കതു വെളിച്ചമാകും
ഒന്ന്
പ്രിയപ്പെട്ട അമ്മയ്ക്ക്. ഇന്നലെ ഞാനിവിടെ എത്തിച്ചേർന്നു. വിഹ്വലതകൾക്കൊടുവിൽ ഒരു തീരമണഞ്ഞ ആശ്വാസത്തോടെയാണ് ഞാൻ സെന്റ് അഗസ്റ്റിൻ ഓർഫനേജിന്റെ കവാടം കടന്നത്. എന്റെ വരവും കാത്ത് സിസ്റ്റർ മാർഗരറ്റ് സ്വീകരണ മുറിയിൽ കാത്തുനിന്നിരുന്നു.
ഇനിയുളള എന്റെ ജീവിതം ഓർഫനേജിലെ അന്തേവാസികൾക്കൊപ്പമാകട്ടെ. ഓർഫനേജിന്റെ അകത്തളത്തിലിരുന്ന് ഞാനിതെഴുതുമ്പോൾ മനസ് സന്തോഷത്താൽ നിറയുകയാണ്.
സ്‌നേഹിത എന്നതിലുപരി ആ സ്ഥാപനത്തിലെ പുതിയ ജീവനക്കാരി എന്ന നിലയിൽ സിസ്റ്റർ എന്നെ സഹപ്രവർത്തകർക്കു പരിചയപ്പെടുത്തി. കുന്തിരിക്കത്തിന്റെ ഗന്ധം ഒരു സംഗീതംപോലൊഴുകുന്ന ഈ അന്തരീക്ഷം എന്റെ മനസ്സിനു കുളിരേകുന്നു.
ചെയ്യേണ്ട ജോലികളെപ്പറ്റിയും അനുഷ്ടാനങ്ങളെപ്പറ്റിയും സിസ്റ്റർ എനിക്കു പറഞ്ഞുതന്നു. ഒരുനേരത്തെ ആഹാരം, ഒതു തുണ്ടു വസ്ത്രം, ഒരു കവിൾ മരുന്ന്, ഒരല്പം ആശ്വാസം, ഇവയ്ക്കു വേണ്ടി പാടുപെടുന്ന അമ്പതിലേറെ അന്തേവാസികൾളുണ്ടിവിടെ. ഓരോരുത്തരുടേയും കഥ കേട്ടാൽ നമ്മുടെ രക്തയോട്ടം നിലച്ചുപോകും. വിശക്കുന്നവന്റെ മുന്നിൽ അപ്പമായി വരുന്ന പരമ കാരുണീകയനായ ദൈവത്തെ സ്‌നേഹിക്കുകയെന്നു പറഞ്ഞാൽ ഈ ഓർഫനേജിലെ ചിരിക്കാനറിയാത്ത, കരയാനറിയാത്ത കണ്ണീരുവറ്റിപ്പോയ നിർഭാഗ്യവാന്മാരെ സ്‌നേഹിക്കുകയെന്നതാണ്.
പരസ്പര വിരുദ്ധമായ അവരുടെ സ്വഭാവ വിശേഷങ്ങൾ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, പിടിവാശികൾ, അക്രമണ വാസന ഇതൊക്കെ ക്ഷമയോടെ പഠിക്കണമെന്ന് സിസ്റ്റർ എന്നെ ഉപദേശിച്ചു. ചില പ്രത്യേക സന്ദർഭങ്ങളിൽ ചിലരിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങളും വഴികാട്ടലുമാണ് നമ്മുടെ ജീവിതത്തെ പോകേണ്ട വഴിയ്ക്ക് തിരിച്ചുവിടുന്നത്.
പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ സിസ്റ്ററിനോടു ചോദിച്ചു.
''മനുഷ്യന്റെ ശരീര മനസ്സുകൾക്ക് കേടുവരുത്തുന്ന സാഹചര്യങ്ങളേയും സമ്മർദ്ദങ്ങളേയും പിരിമുറക്കങ്ങളേയും അതിജീവിക്കാനും മനസ്സിന്റെ സമനില തെറ്റാതെ സൂക്ഷിക്കാനും എന്താണു മാർഗ്ഗം...?'' ഉടനേ മറുപടിയും വന്നു.
''മനസ്സ് ഈശ്വരനിൽ സമർപ്പിക്കുക....''
അതിനു ഉദാഹരണസഹിതം പറഞ്ഞൊരു വാക്ക് എന്നെ വല്ലാതെ ആകർഷിച്ചു.
''ഒരു പ്ലാസ്റ്റിക് കുപ്പി ഒഴുക്കുള്ള വെള്ളത്തിലിട്ടാൽ എന്തു സംഭവിക്കും...? വെള്ളം എങ്ങോട്ട് ഒഴുകുന്നുവോ അങ്ങോട്ട് കുപ്പിയും പോകും. അതുപോലെയാണ് മനസ്സ്. മനസ്സ് ഈശ്വരനിൽ സമർപ്പിച്ചാൽ, ആ ദിവ്യ ശക്തിയുടെ ഒഴുക്കിനൊപ്പം നമ്മളും പോകുമെന്നു മാത്രമല്ല, ആ ദിവ്യശക്തി നമ്മളിലേക്കു പ്രവഹിക്കും.
ഒന്നാം നമ്പർ ബ്ലോക്കിലെ ഇടനാഴികളിലൂടെ സംസാരിച്ചു നടന്നു നീങ്ങുകയായിരുന്നു ഞങ്ങൾ. ഓരോ മുറിയിലും നാലോ അഞ്ചോ പേരുണ്ട്. എനിക്കു വിഷമം തോന്നി. മറ്റൊന്നും ചെയ്യാനില്ല. ഇനിയിതു ദുരുപയോഗ വസ്തുവെന്ന് വിധിയെഴുതി പ്രായമായവരെ ഷഡ്ഡിൽ കൊണ്ടോയി തള്ളുന്ന കാലഹരണപ്പെട്ട പ്രവണത കൂടിക്കൂടി വരുന്നു.
അന്തേവാസികളിൽ പലരും എന്നെ അത്ഭുതം കൂറുന്ന കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു. നടക്കുന്നതിനിടയിൽ എല്ലാവരേയും നോക്കി ഞാൻ ചിരിച്ചു. ചിലർ എന്നെ നോക്കി മുഖം കറുപ്പിച്ചു. ചിലർ പരിഹാസഭാവത്തിൽ ചിരിച്ചു. പുഴുക്കുത്തേറ്റ മനസ്സും ശരീരവുമായി നിമിഷങ്ങളെണ്ണി കഴിയുന്ന അന്തേവാസികൾ.
സിസ്റ്റർ പറഞ്ഞു.
''ഇവിടെ വന്നിട്ടുള്ള ആയമാരൊക്കെ ഒരാഴ്ചയോ രണ്ടാഴ്ചയോ ജോലി ചെയ്യാറുള്ളൂ. അണലിയും, മൂർഖനും കരിന്തേളുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന കൂട്ടിലകപ്പെടുന്നവരുടെ അവസ്ഥയാ അവർക്കൊക്കെ. ഒരുപാട് പീഠനങ്ങളും, യാതനകളും അനുഭവിച്ച് ഇവിടെയെത്താൻ വിധിക്കപ്പെട്ട ബലിമൃഗങ്ങൾക്കു തുല്യമാ ഈ അന്തേവാസികൾ.
പക്ഷേ ആയപ്പണിക്ക് വരുന്നവർക്ക് അതൊന്നുമറിയേണ്ടല്ലോ...? സ്‌നേഹവും സഹാനുഭൂതിയുമൊക്കെ വിലക്കപ്പെട്ട അവരുടെ പിടിവാശികളും അനുസരണക്കേടും അക്രമവാസനയുമൊക്കെ കണ്ടില്ലെന്നുവച്ച് അവർക്കു സ്‌നേഹവും വാത്സല്യവും കൊടുത്താൽ അവരെ കൊച്ചുകുഞ്ഞുങ്ങളുടെ മനസ്സുള്ളവരാക്കിയെടുക്കാൻ പറ്റും. നിനക്കതിനു കഴിയും.
സിസ്റ്റർ പറഞ്ഞത് ശരിയെന്ന് എനിക്കും തോന്നി പുഴുക്കുത്തേറ്റ മനസ്സും ശരീരവുമായി നിമിഷങ്ങളെണ്ണിക്കഴിയുന്ന ഇവിടത്തെ അന്തേവാസികളെ കുഞ്ഞുങ്ങളുടെ മനസ്സുള്ളവരാക്കിയെടുക്കാൻ എനിക്കു കഴിയും.. കഴിയണം.
ഒന്നാം നമ്പർ ബ്ലോക്ക് തീരുന്നിടത്ത് ഒരു പൂന്തോട്ടമുണ്ട്. കല്ലുപാകിയ ചെറിയ കളത്തിൽ അലങ്കാര മത്സ്യങ്ങൾ ഊളിയിടുന്നു. ചുറ്റുവട്ടത്തുള്ള ബോഗൽവില്ലകളിലും, പനിനീർ ചെടിയിലും, ആന്തൂറിയത്തിലുമൊക്കെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. അവയിൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികളൊക്കെ ചേതോഹരമായ കാഴ്ചകളായിരുന്നു. കുളത്തിനരുകിലെ കോൺക്രീറ്റ് ബഞ്ചിൽ പ്രായം ചെന്നൊരു സ്ത്രി തനിച്ചിരിക്കുന്നതുകൊണ്ട് ഞാൻ അങ്ങോട്ടേയ്ക്കു ചെന്നു.
''വല്ല്യമ്മയുടെ പേരെന്താ...?''
''ഭാർഗ്ഗവി''
''എന്താ വല്ല്യമ്മ തനിച്ചിരിക്കുന്നത്...?'' വൃദ്ധയുടെ അരികിൽ ചേർന്നിരുന്നു ചോദിച്ചു.
എത്രയോ കാലമായിട്ട് ഞാൻ തനിച്ചാ മോളേ...''
അതുപറയുമ്പോൾ അവരുടെ ശബ്ദം പതിറിയിരുന്നെങ്കിലും മുഖത്തും ഭാവത്തിലും അസാധാരണമായ ഒരു കുലീനതയുണ്ടായിരുന്നു.
''സ്വന്തക്കാരാരുമില്ലേ...?''
''എല്ലാവരും എന്നെവിട്ടുപോയി. അവർക്കെന്നെ വേണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ജീവനു തുല്യം സ്‌നേഹിച്ചിരുന്ന മകൻ വരെ. പക്ഷേ... ഞാനവനെ കാണാറുണ്ട്. കാർമേഘം നിറഞ്ഞ രാത്രികളിൽ ആകാശത്തിന്റെ നോക്കെത്താദൂരത്ത് ചില രാത്രികളിൽ ഒരു ധ്രുവനക്ഷത്രം ഉദിച്ചുയരും പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. അതന്റെ കൃഷ്ണനുണ്ണിയാണെന്ന്.''
ഞാൻ സിസ്റ്ററിനെ നോക്കി. ''എന്തുപറ്റി സിസ്റ്റർ ഇവർക്ക്...?''
''അധികാര വർഗ്ഗത്തിന്റെ ബലിയാട്. പേരുകേട്ട തായമ്പക കലാകാരൻ മാധവനാശാന്റെ ഭാര്യ ഭാർഗ്ഗവി. ഇവർക്കു രണ്ടുമക്കൾ ഒരാണും ഒരു പെണ്ണും. അവൾക്കു കാഴ്ചശക്തിയില്ല. സംഗീത കോളേജിൽ പഠിക്കുന്നു. ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മകൻ കൃഷ്ണനുണ്ണിയെ ഒരു ദുരൂഹസാഹചര്യത്തിൽ കാണാതായതു മുതൽ മനസ്സിന്റെ സമനില തെറ്റി. ഇപ്പോ കാണുന്നവരെല്ലാം ബ്രിട്ടീഷുകാരാണെന്നാ വിചാരം അതിനു പറയുന്ന കാരണം സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അച്ഛന്റെ ആത്മാവ് ദേഹത്തുകൂടിയതുകൊണ്ടാണെന്നാ''
അതിൽ സത്യമുണ്ട് സിസ്റ്റർ. ഒരാളുടെ സ്വഭാവ വിശേഷങ്ങൾ മറ്റൊരാളിൽ കടന്നു കൂടുക. അവരെക്കൊണ്ട് പലതും പറയിപ്പിക്കുക. ചെയ്യിപ്പിക്കുക. ഒടുവിലതു ഒരുതരം മാനസിക രോഗമായി മാറും.
ഇടിമുഴക്കത്തോടെ മഴ പെയ്യുന്നതിനു മുൻപ് ആകാശത്ത് കാറും കോളും ഉരുണ്ടുകൂടുന്നതുപോലെ ആ വൃദ്ധയുടെ മുഖം കറുത്തിരുണ്ടു. തൊലിചുക്കി ചുളിഞ്ഞ ആ മുഖത്ത് ദൈന്യതയുടെ വേലിയേറ്റമുണ്ടാകുന്നതും കണ്ണുകളുടെ തെളിച്ചം മങ്ങുന്നതും ഞാൻ ശ്രദ്ധിച്ചു. അവരുടെ കുഴിഞ്ഞ കണ്ണുകൾ ഈറനാകുന്നതുകണ്ടപ്പോൾ എന്താ വല്ല്യമ്മേ കരയുന്നത് എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും, അതുവേണ്ട ചോദിക്കണ്ടെന്നു മനസ്സു പറഞ്ഞു. എന്നാലും ആ വൃദ്ധയുടെ വിറക്കുന്ന ചുണ്ടുകളിൽ നിന്ന് അക്ഷരങ്ങൾ പുനർജനിക്കുന്ന നിമിഷങ്ങൾക്കു വേണ്ടി ഞാനവരെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
അന്നെനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല, വല്ല്യമ്മ എന്റെ കൺമുന്നിൽ നിന്നു മായുന്നില്ല. എല്ലാ കഥകളും എനിക്കു കേൾക്കണം. ഓർഫനേജിലെ അന്തേവാസികളുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് എനിക്ക് ഇറങ്ങിച്ചെല്ലണം. ഞാൻ ലോകത്തിന്റെ വെളിച്ചമാകും. നന്മയുടെ വെളിച്ചം. ഉറക്കം കണ്ണകളെ തഴുകിയെത്തിയപ്പോൾ അറിയാതെ ഉറങ്ങിപ്പോയി.
(തുടരും)
സണ്ണി മാളിയേക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
