കോഴിക്കോട്: നബി കുടുംബാംഗങ്ങളായ സയ്യിദന്മാർ നാടിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്നവർ ആണെന്നും സാമൂഹിക വികസനം സാധ്യമാക്കുന്നതിലും മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അവരുടെ ഇടപെടൽ മാതൃകാപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
വർഷം തോറും മുഹർറത്തിൽ ചരിത്രസ്മൃതിയോടെ മർകസിൽ നടത്തുന്ന സാദത്ത് സമ്മേളനത്തിന്റെ പത്താം എഡിഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികൾക്കെതിരെ സമൂഹത്തെ നയിച്ച മമ്പുറം തങ്ങളും സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വരക്കൽ മുല്ലക്കോയ തങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. മർകസ് സ്ഥാപനങ്ങളുടെ തറക്കല്ലിട്ടത് മക്കയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ അംഗവുമായിരുന്ന സയ്യിദ് അലവി അൽ മാലിക്കി ആയിരുന്നു.
അന്ന് മുതൽ നോളേജ് സിറ്റിവരെയുള്ള മർകസിന്റെ എല്ലാ പദ്ധതികളിലും തങ്ങന്മാർ വലിയ ഭാഗമായിട്ടുണ്ട്. കാന്തപുരം പറഞ്ഞു. കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ ഖബീലകളിലെ 1500ലധികം സയ്യിദന്മാർ സംഗമത്തിൽ സംബന്ധിച്ചു. ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച സമ്മേളനം സമൂഹ നോമ്പുതുറയോടെയാണ് സമാപിച്ചത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശം നൽകി. സയ്യിദ് ഫള്ൽ കോയമ്മ തങ്ങളെ സമ്മേളനം അനുസ്മരിച്ചു. സവിശേഷ മികവ് പുലർത്തിയ സയ്യിദന്മാരെ കാന്തപുരം ആദരിച്ചു.
സംഗമത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, അശ്‌റഫ് തങ്ങൾ ആദൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ്. മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുൽ ഖാദിർ ഹൈദ്രൂസി മുത്തുക്കോയ തങ്ങൾ എളങ്കൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, കെ എസ് കെ തങ്ങൾ, സയ്യിദ് ഇബ്‌റാഹീം ബാഫഖി, വിപിഎ തങ്ങൾ ആട്ടീരി, സയ്യിദ് സ്വാലിഹ് ജിഫ്‌രി കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് സൈൻ ബാഫഖി, പി എം എസ് എ തങ്ങൾ ബ്രാലം, സയ്യിദ് ജസീൽ കാമിൽ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സാദാത്ത് സമ്മേളനങ്ങളുടെ ചുവടുപിടിച്ച് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും മർകസ് നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്