ബഹു. മന്ത്രീ, ഇങ്ങനെ കെഞ്ചിയാൽ മതിയോ? കൈകാൽ ആവതില്ലാത്തവനാണേ, ഹമ്മ ഹമ്മാ!

FEBRUARY 5, 2025, 8:58 AM

ഒരു പഴയ സിനിമയിൽ പിച്ചക്കാരന്റെ വേഷമണിഞ്ഞെത്തുന്ന ഹരിശ്രീ അശോകന്റെ ഈണത്തിലൊരു പാട്ടുണ്ട് : ''കൈകാൽ ആവതില്ലാത്തവനാണേ, അമ്മാ വല്ലതും തരണേ, അമ്മാ, ഹമ്മ ഹമ്മ ഹമ്മ!'' ആദ്യത്തെ വിളിയിലെ അമ്മ രണ്ടാമത്തെ അമ്മവിളിയിൽ ഹമ്മ, ഹമ്മാ, എന്നായതും അന്ന് തിയറ്ററുകളിൽ കൂട്ടച്ചിരി പടർത്തി. അന്ന് എ.ആർ. റഹ്മാൻ ഈണം നൽകിയ ഒരു സിനിമാ പാട്ടിൽ നിന്ന് അടിച്ചു മാറ്റിയതായിരുന്നു ....ഹമ്മ..... ഹമ്മാ.

ഇപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി പറയുന്നു: കേരളത്തിന്റെ ഖജനാവിൽ കാശില്ലെങ്കിൽ, അക്കാര്യം തുറന്നുപറയട്ടെ. മോദിജി തന്നതല്ലാതെ കേരളത്തിന്റെ പണപ്പെട്ടിയിൽ ഒന്നുമില്ലെന്നതല്ലേ യാഥാർത്ഥ്യമെന്നും കേന്ദ്രമന്ത്രി ചോദിക്കുന്നുണ്ട്. മലയാളികൾ കേന്ദ്രത്തിനു മുമ്പിൽ പണത്തിനു വേണ്ടി  യാചിക്കണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നതെന്ന് ഇടതുപക്ഷം പറയുന്നു.

ഇത്രത്തോളം വേർതിരിവ് കാണിക്കാൻ കേരളം ഇന്ത്യയിൽ അല്ലേയെന്ന് യു.ഡി.എഫും ചോദിക്കുന്നു. എന്നാൽ, സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പുകേടും, ഭരണതലത്തിലെ ധൂർത്തും തന്ത്രപരമായി ഇടതു ഭരണകൂടം മൂടിവയ്ക്കുന്നുണ്ടോ?

vachakam
vachakam
vachakam

പഴയ തള്ളും പുതിയ ടോളും

ഒന്നാം പിണറായി മന്ത്രിസഭയിലെ ഡോ. തോമസ് ഐസക്കിന്റെ ചിന്താസന്താനമാണ് കിഫ്ബി. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അദാനി പോലെയുള്ള കുത്തകക്കാർക്ക് 2 ശതമാനം പലിശയ്ക്ക് പണം കിട്ടും. സാധാരണയായി ഇന്ത്യയിലെ ധന വിപണിയിൽ നിന്ന് സംസ്ഥാന സർക്കാരുകളുടെ ഗ്യാരന്റിയിൽ 6 ശതമാനം പലിശയ്ക്കും വായ്പ കിട്ടും. എന്നാൽ, ഡോ. ഐസക്കിന്റെ മസാല ബോണ്ട് പോലെയുള്ള പുതിയ രീതികളിൽ വിദേശത്തു നിന്ന് പണം വായ്പയെടുത്തത് (5വർഷം സമയ പരിധി) 9.7 ശതമാനമെന്ന പലിശനിരക്കിനാണ്.

അതായത് 2100 കോടി രൂപ ലണ്ടൻ ഓഹരി എക്‌സ്‌ചേഞ്ചിൽ നിന്ന് വായ്പയെടുത്തത് തിരിച്ചടച്ചപ്പോൾ 3500 കോടി രൂപയായി! ഇതെങ്ങനെ സംസ്ഥാനത്തിന് ലാഭകരമാകുമെന്ന ചോദ്യത്തിന് മറുപടിയേയില്ല. കിഫ്ബി വായ്പ ഒരിക്കലും ജനങ്ങൾക്ക് ഭാരമാവില്ലെന്ന് ഡോ. ഐസക് പറഞ്ഞത് ഇപ്പോൾ വെറും തള്ളായി മാറി. മാത്രമോ, ജനം ദേശീയപാതകളിൽ മാത്രമല്ല, സംസ്ഥാന പാതകളിൽ പോലും ടോൾ നൽകേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ ഭീഷണി. വളരെ രഹസ്യമായിട്ടാണ് സ്റ്റേറ്റ് ഹൈവേകളിൽ ടോൾ പിരിക്കാനുള്ള നീക്കം ഇടതുമുന്നണിയിൽ ആലോചിച്ചതെന്ന് മാധ്യമ വാർത്തകളിലുണ്ട്.

vachakam
vachakam
vachakam

സംസ്ഥാന പാതകളിൽ ടോൾ പിരിക്കുന്നില്ല, യൂസർ ഫീ ചുമത്തുന്നതേയുള്ളുവെന്ന ന്യായ വാദമാണ് ഭരണകൂടത്തിനുള്ളത്. കോടതി ബന്ദ് നടത്തരുതെന്ന് ഉത്തരവിട്ടപ്പോൾ ഹർത്താലായി ബന്ദിനെ പുനർനാമകരണം ചെയ്താണ് രാഷ്ട്രീയ പാർട്ടികൾ ആ ഉത്തരവിനെ മറികടന്നത്. ടോൾ അഥവാ ചുങ്കം എന്ന വാക്കിനോട് പണ്ടു മുതലേ സി.പി.എമ്മിന് കലിപ്പാണ്. ഇക്കാര്യത്തിൽ സി.പി.എം. നിയന്ത്രണത്തിലുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടക്കണക്കിന് പ്രസ്താവനകളും പണ്ട് പുറത്തിറക്കിയിരുന്നു.

അയലത്ത് എതിർപ്പ്, നാട്ടിലോ?

ആന്ധ്രയിൽ ചന്ദ്രബാബുനായിഡു സർക്കാർ 2024 ജൂണിൽ സംസ്ഥാനപാതകളിൽ ടോൾ നിരക്ക് 5 ശതമാനം വർദ്ധിപ്പിച്ചത് സി.പി.എം. എതിർത്തത് ആരും മറന്നിട്ടുണ്ടാവില്ല. തൊട്ടടുത്ത തമിഴ്‌നാട്ടിലും ടോൾ പിരിവിനെ ഇപ്പോഴും സി.പി.എം. എതിർത്തുവരികയാണ്. ദേശീയപാതകളിലെ ടോൾ തുക കൂട്ടുന്നതിലും ബി.ഒ.ടി. പദ്ധതികളിലും ഇടതിന്റെ എതിർപ്പ് പഴയ വാർത്താ ക്ലിപ്പിങ്ങുകളിലുണ്ട്. ഇപ്പോഴാകട്ടെ, കിഫ്ബി വരുമാനമുണ്ടാക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ പരാതി പരിഹരിക്കാൻ കിഫ്ബി പദ്ധതികൾക്ക് യൂസർഫീ ഏർപ്പെടുത്തുവാൻ ഒരുങ്ങുകയാണ് സർക്കാർ.

vachakam
vachakam
vachakam

കേരളത്തിൽ 223 റോഡുകളും 57 പാലങ്ങളും 15 റെയിൽവേ മേൽപ്പാലങ്ങളും കിഫ്ബിയുടെ പണമുപയോഗിച്ച് നിർമ്മിച്ചവയാണ്. ഇതിൽ പകുതിയിലേറെ പദ്ധതികളുടെയും നിർമ്മാണത്തുക 50 കോടി കവിയും. ദേശീയപാതകളിൽ സർവീസ് റോഡുകളിൽ സഞ്ചരിക്കുന്നവർ ടോൾ നൽകേണ്ട. സംസ്ഥാന പാതകളിലെ സ്ഥിതി അതല്ല. ഏത് റോഡിലൂടെ സഞ്ചരിച്ചാലും ടോൾ നൽകണം. 30 കിലോമീറ്റർ കൂടുതൽ സഞ്ചരിച്ചാലേ പണം നൽകേണ്ടതുള്ളു. 15 കിലോമീറ്റർ ചുറ്റളവിലുള്ളവർ പണം നൽകേണ്ട തുടങ്ങിയ ഇളവ് വ്യവസ്ഥകൾ പുതിയ നിർദ്ദേശത്തിലുണ്ടെന്നു പറയപ്പെടുന്നു.

അമ്പലപ്പുഴ 'പായസം' ഇനി കയ്ക്കും

തിരുവല്ലയിൽ നിന്ന് അമ്പലപ്പുഴ പാൽപ്പായസം കുടിക്കാൻ പോയാൽ ഭാവിയിൽ കീശ കീറുമെന്നതാണ് പുതിയ 'റോഡ് ഫീ' യുടെ അവസ്ഥ. കാരണം, ഈ റൂട്ടിലാണ് ആദ്യമായി യൂസർ ഫീ ചുമത്താനുള്ള സാധ്യതാപഠനം നടക്കുന്നത്. തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ ദൂരം 27 കിലോ മീറ്ററാണ്. 70.75 കോടി രൂപയാണ് ഈ റോഡ് നിർമ്മിക്കാൻ ചെലവായത്. ഈ പണം പലിശ സഹിതം പിരിച്ചെടുക്കുന്നതുവരെ യൂസർഫീ പിരിവ് തുടരും. ഫീസ് പിരിക്കുന്നത് എ.ഐ. സാങ്കേതിക വിദ്യയനുസരിച്ചായിരിക്കുമെന്ന പ്രഖ്യാപനം തീർച്ചയായും ജനത്തിന്റെ പണം വേണ്ടത്ര സുതാര്യതയില്ലാതെ കബളിപ്പിച്ചെടുക്കുന്ന അവസ്ഥയിലേക്കു നയിക്കാം.

റോഡുകളുടെ നിർമ്മാണം, പരിപാലനം എന്നിവയ്ക്കാണ് നാം വാഹനം വാങ്ങുമ്പോഴും മറ്റും പണം നൽകുന്നത്. വാഹനങ്ങളുടെ റോഡ് നികുതി വളരെ നീണ്ട കാലയളവിലേയ്ക്കായി ജനം നൽകി വരുന്നുണ്ട്. മുൻകൂർ പണം ദേശീയപാതാ അതോറിറ്റി വാങ്ങി പെട്ടിയിൽ ഇട്ടിട്ടും പലപ്പോഴും, നിർമ്മാണ വേളയിൽ അതോറിറ്റി നൽകിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെടാത്ത നിലയിലാണ്. നല്ല രീതിയിലുള്ള സർവീസ് റോഡുകൾ കേരളത്തിൽ കാണാനേയില്ല. പാതകളുടെ അറ്റകുറ്റപ്പണി പോലും പലപ്പോഴും മന്ദഗതിയിലാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം നിരത്തിൽ രൂപപ്പെടുന്ന അപകടക്കെണികൾ (ഹോട് സ്‌പോട്ടുകൾ) ഒഴിവാക്കുന്നതിലും ദേശീയപാതാ അതോറിറ്റി അധികൃതർ മെല്ലെപ്പോക്കിലാണ്.

പ്ലാൻ ബി യോ, പ്ലാൻ എ എവിടെ?

നമ്മുടെ ധനമന്ത്രി കേന്ദ്രം സംസ്ഥാനത്തെ അവഗണിച്ചാൽ, പിടിച്ചു നിൽക്കാൻ പ്ലാൻ ബി കൈയിലുണ്ടെന്നു പറയുകയുണ്ടായി. കേന്ദ്രത്തെ എപ്പോഴും തെറി പറഞ്ഞ് പൊതുജനത്തിന്റെ മടിക്കുത്തിന് പിടിക്കുന്നതാണോ പ്ലാൻ ബി? എല്ലാം വികസനത്തിനു വേണ്ടിയെന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ പുതിയതരം നികുതിപിരിവിൽ ജനം എരിപൊരി കൊള്ളുകയാണ്.

നമ്മുടെ ഭരണച്ചെലവ് 1.41 ലക്ഷം കോടിയായിരുന്നത് ഇപ്പോൾ 1.42 ലക്ഷം കോടിയായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ വികസനത്തിനായി നമുക്ക് നീക്കിവയ്ക്കാൻ കഴിഞ്ഞത് വരുമാനത്തിന്റെ 13 ശതമാനം മാത്രമാണ്. പ്രത്യക്ഷ നികുതികൾക്കു പുറമെ വിവിധ സെസ് പിരിവുകളിൽ നിന്നായി 1004 കോടി രൂപ സർക്കാരിനു കിട്ടി. (മദ്യ വിൽപ്പനയിൽ നിന്ന് 575 കോടിയും ഇന്ധന സെസിൽ നിന്ന് 424 കോടിയും)

എന്നാൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കിട്ടേണ്ട കുടിശ്ശിക 22582 കോടിയാണ്. വാട്ടർ അതോറിറ്റിയുടേതാണ് കുടിശ്ശികയിൽ 79 ശതമാനവും. ഇലക്ട്രിസിറ്റി ബോർഡ് 1816 കോടി, കെ.എസ്.ആർ.ടി.സി. 9479 കോടി. നികുതി വരുമാനത്തിൽ 24,000 കോടി രൂപ വർദ്ധിച്ചിട്ടും റവന്യൂ കമ്മി 18140 കോടിയും ധനക്കമ്മി 3425 കോടിയുമാണ്. സർക്കാരിന്റെ ആകെ വരുമാനം 15960 കോടി. കടമെടുത്തതാകട്ടെ 35020 കോടി. 2019-20ൽ ഇതേ വികസനത്തിനായി നാം വരുമാനത്തിന്റെ 13 ശതമാനമേ ചെലവഴിച്ചുള്ളൂ.

ബജറ്റ് വിഹിതത്തിലെ കടുംവെട്ട്

പട്ടികജാതി വികസനത്തിന്റെ ചെലവ് പോലും വൻതോതിൽ സർക്കാർ വെട്ടിക്കുറച്ചു കഴിഞ്ഞു. നികുതിപിരിവിൽ എപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്ന എറണാകുളം ജില്ല പദ്ധതി നടത്തിപ്പിൽ 14 ജില്ലകളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.  ഇനി കഷ്ടിച്ച് സാമ്പത്തിക വർഷം തീരാൻ രണ്ടര മാസം മാത്രം ശേഷിക്കേ, എറണാകുളം ജില്ല പദ്ധതി നടത്തിപ്പിനായുള്ള ഫണ്ടിൽ നിന്ന് 38 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ.

ഗ്രാമപഞ്ചായത്തുകൾ 113.03 കോടിയുടെയും കോർപ്പറേഷൻ 156.04 കോടിയുടെയും ജില്ലാ പഞ്ചായത്ത് 670 കോടിയുടെയും ബ്ലോക്ക് പഞ്ചായത്തുകൾ 670.5 കോടിയുടെയും പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്. ഏപ്രിൽ 1 മുതൽക്കുള്ള 6 മാസത്തെ കണക്കെടുപ്പിൽ ജില്ലയിലെ പദ്ധതി നടത്തിപ്പിന്റെ ശതമാനക്കണക്ക് 18.02 ശതമാനമായിരുന്നു.

7 വർഷം, 4 ലക്ഷം ശമ്പളം !

കിഫ്ബി എന്ന കറക്കു കമ്പനിയുടെ ചക്രങ്ങൾ തിരിക്കാൻ പ്രതിമാസം 4 ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. മറ്റൊരാൾ ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ചിട്ടും സർക്കാർ വക ലക്ഷങ്ങൾ കറന്നെടുക്കുന്ന സൂപ്പർ കറവക്കാരനായി തലസ്ഥാനത്ത് വാണരുളുന്നുണ്ട്.

പി.എസ്.സി. ചെയർമാനും മെമ്പർമാരും ചേർന്ന് കോടികളും ലക്ഷങ്ങളും ശമ്പളവും മറ്റ് അലവൻസുകളുമായി കൈപ്പറ്റുന്ന സംവിധാനമെല്ലാം ഒന്ന് വെട്ടിക്കുറയ്ക്കാൻ സർക്കാരിനാവില്ലേ? 42 ക്ഷേമ കോർപ്പറേഷനുകളിൽ സമാന സ്വഭാവമുള്ളവയുടെ എണ്ണം കുറയ്ക്കാൻ ആരാണ് തടസ്സം? ചില വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. അത് പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരുടെ പുനർ വിന്യാസത്തെ പ്രതിരോധിക്കുന്നത് നിങ്ങളും ഞാനുമാണോ? ഭരണച്ചെലവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാതെ കടമെടുത്ത് കാര്യം നടത്തി,

ഉമ്മറത്ത് ചാരുകസേരയിൽ ആസനം കാണിച്ച് തെളിഞ്ഞിരിക്കുന്നതല്ല ഭരണം. ഓരോ വികസന പദ്ധതിക്കും ഓരോ തട്ടിക്കൂട്ട്  ഏജൻസിയെ അവതരിപ്പിക്കുന്നതുമല്ല ഭരണം. വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തത് തെറ്റ്. പക്ഷെ, കേരളത്തിന് കിട്ടിയ 712.98 കോടി (2025 ജനുവരി 17 വരെയുള്ള കണക്ക്) എവിടെപ്പോയി. ടൗൺഷിപ്പ് നിർമ്മിക്കാൻ കരാറേറ്റെടുത്ത 'കിഫ് കോൺ' ആരുടെ ജാര സന്തതിയാണ്?

ജനം ആകെ പുകഞ്ഞു നിൽക്കുകയാണ്. ഇനി അവർ മേലും കീഴും നോക്കില്ല. കേന്ദ്രത്തിനെ വെള്ള പൂശുകയല്ല. പകരം, കേന്ദ്രത്തോടുള്ള പക വീട്ടാൻ ജനത്തിന്റെ പുറത്ത് യൂസർഫീയായും സെസായും കുതിര കയറാൻ വന്നാൽ ഭരിക്കുന്നവർ 'വെവര' മറിയും. നമ്മുടെ തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയസിനിമാ താരമായ വിജയ് പോക്കിരി എന്ന സിനിമയിൽ പറയുന്നതുപോലെ, ചിലപ്പോൾ ''എൻ പേച്ച് നാനേ കേൾക്കലൈ!'' ഡയലോഗിലെ തമിഴ് ഭാഷാ പിശക് മന്നിക്കണം. ആവേശം കൊണ്ട് എഴുതിപ്പോയതാണേ....

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam