നിയമസഭയിൽ ധന വിനിയോഗ ബില്ലിന്റെ ചർച്ച നടക്കുകയാണ്. ജൂലൈ 21നാണ് വോട്ടിംഗ്. സർക്കാരിനെതിരെ വോട്ട് ചെയ്യാൻ കരുണാകര വിഭാഗം എം.എൽ.എമാർ തീരുമാനിച്ചു. സംഗതി മണി ബിൽ ആണ്. തോറ്റാൽ ഗവൺമെന്റ് രാജിവയ്ക്കണം. ഇനിയെന്ത്..? ഉമ്മൻ ചാണ്ടിയും കൂട്ടരും കാര്യമായിത്തന്നെ തല പുകച്ചു..!
മുത്തങ്ങ സംഭവം പോലെ തന്നെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു മാറാട് സാമുദായിക സംഘർഷവും. 2002 ജനുവരിയിലും 2003 മെയ് മാസത്തിലുമായി കോഴിക്കോട് മാറാട് ബീച്ചിൽ നടന്ന അക്രമസംഭവങ്ങളെയാണ് മാറാട് കലാപങ്ങൾ എന്ന് വിളിക്കുന്നത്. ജനുവരി മൂന്നാംതിയ്യതി മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ വെച്ച് കുഞ്ഞിക്കോയ എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ഇതാണ് ഒന്നാം മാറാട് കലാപത്തിലെ ആദ്യത്തെ സംഭവം. ഇതിനു പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരു പൊതു ടാപ്പിൽ നിന്നുള്ള വെള്ളമെടുക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് വളർന്നു വലുതായത്. ഈ കേസുകളിൽ 393 പേർ അറസ്റ്റിലായി.
ഇതിന്റെ തുടർച്ചയായി 2003ൽ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു.
എന്നാൽ സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം തീ ആളിക്കത്താതെ സൂക്ഷിക്കാനായി. മരിച്ച ഒൻപത് പേരും ഒരേ സമുദായത്തിൽ പെട്ടവരായിരുന്നു എന്നതുതന്നെ വലിയ പ്രശ്‌നമായി. അതുകൊണ്ടുതന്നെ ഈ സംഭവത്തിന് മാരക പ്രഹര ശേഷി ഉണ്ടായിരുന്നു. എന്നാൽ പോലീസ് അവസരത്തിനൊത്ത് പ്രവർത്തിച്ചു. പിന്നീട് ജുഡീഷണൽ അന്വേഷണത്തിന് തീരുമാനിച്ച സർക്കാർ അതിനായി ജസ്റ്റിസ് തോമസ് പി. ജോസഫിനെ നിയോഗിക്കുകയും ചെയ്തു.
ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ അന്വേഷണത്തിൽ കൂട്ടക്കൊലക്ക് പിന്നിൽ ഇരു വിഭാഗങ്ങളിലെയും നേതാക്കന്മാർക്ക് പങ്ക് ഉണ്ടെന്നും വിദേശ ഏജൻസികളുടെ പങ്ക് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ട് നൽകി. തുടർന്ന് അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്കു കൈമാറി.
ഇതിനിടെ വീണ്ടും രാജ്യസഭാ തിരഞ്ഞെടുപ്പ് സമാഗതമായി. 2003 ഏപ്രിൽ നാലിനാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ രണ്ട് സീറ്റ് യു.ഡി.എഫിന് വിജയിക്കാൻ കഴിയും, സീറ്റ് രണ്ടും കോൺഗ്രസിന് ആണെന്നുറപ്പിക്കുകയും ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിന് കെ.പി.സി.സി നിശ്ചയിച്ച കമ്മിറ്റി തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ആന്റണിയെയും കെ.പി.സി.സി പ്രസിഡന്റ് കെ. മുരളിധരനെയും ചുമതലപ്പെടുത്തി.
വയലാർ രവിയെ രാജ്യസഭയിലേക്ക് അയക്കണമെന്ന് ഐക്യകണ്‌ഠേന തീരുമാനിച്ചു, ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമാണ് അങ്ങിനെയൊരു തീരുമാനം ഉണ്ടായിരുന്നു. രണ്ടാമത്തെ സ്ഥാനാർത്ഥിയായി പി.സി. ചാക്കോയെ മുരളീധരൻ നിശ്ചയിച്ചു. ഉമ്മൻചാണ്ടിക്കും മറ്റും സ്വീകാര്യൻ ആയിരുന്നു ചാക്കോ. എന്നാൽ അപ്രതീക്ഷിതമായി ചാക്കോയുടെ സ്ഥാനാർത്ഥിത്വം കരുണാകരൻ എതിർത്തു. അതിനെതിരെ തുറന്ന യുദ്ധത്തിന് തന്നെ കരുണാകരൻ തയ്യാറായി. ഹൈകമാൻഡ് ആദ്യം ഒന്നും പ്രതികരിച്ചില്ലെങ്കിലും പിന്നീട് അംഗീകരിക്കുന്ന തരത്തിലേക്ക് നീങ്ങി. തെന്നല ബാലകൃഷ്ണപിള്ളയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. എന്നാൽ അതും കരുണാകരന് സ്വീകാര്യമായില്ല.
അതോടെ, കാസർഗോഡ് ജില്ലാകാരനായ അവിടുത്തെ ഡി.സി.സി പ്രസിഡന്റ് കൂടിയായ കോടോത്ത് ഗോവിന്ദൻ നായർ വിമത സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചു. 38 വോട്ട് കിട്ടിയ വയലാർ രവിയും 36 വോട്ടുമായി തെന്നല ബാലകൃഷ്ണപിള്ളയും ജയിച്ചു. കോടത്തിന് ആകട്ടെ 26 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അതിൽ അഞ്ചു വോട്ട് ഘടകകക്ഷികളിൽ നിന്നായിരുന്നു. അതാരാണെന്ന് തന്ത്രപൂർവ്വം മനസ്സിലാക്കി ഉമ്മൻചാണ്ടി. ഇതേ വർഷം തന്നെ മറ്റൊരു പ്രതിസന്ധി കൂടി ഉരുണ്ടുകൂടി. നിയമസഭയിൽ ധന വിനിയോഗ ബില്ലിന്റെ ചർച്ച നടക്കുകയാണ്. ജൂലൈ 21നാണ് വോട്ടിംഗ്. സർക്കാരിനെതിരെ വോട്ട് ചെയ്യാൻ കരുണാകര വിഭാഗം എം.എൽ.എമാർ തീരുമാനിച്ചു.
സംഗതി മണി ബിൽ ആണ്.
തോറ്റാൽ ഗവൺമെന്റ് രാജിവയ്ക്കണം. പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനും കരുണാകരപക്ഷം നിശ്ചയിച്ചിരുന്നു. അന്ന് കരുണാകരൻ താമസിച്ചിരുന്നത് ജവഹർ നഗറിലാണ്. അവിടെയും കരുണാകനോടൊപ്പം ചില ചാരന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാൾ കരുണാകരന്റെ കുളിമുറിയിൽ നിന്ന് ഉമ്മൻചാണ്ടിയെ രഹസ്യമായി ഫോണിൽ വിളിച്ച് വിവരങ്ങൾ എല്ലാം വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ പറഞ്ഞു. അക്ഷരാർത്ഥത്തിൽ ഉമ്മൻചാണ്ടി ഞെട്ടിപ്പോയി. വല്ലാത്ത കുരുക്കാണ്. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ഗതികേടിന് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മറിയ ഒരു ശസ്ത്രക്രിയയെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിൽ കഴിയുകയാണ്.
ആശുപത്രിയിൽ നിന്നും മകളെ കൂട്ടിക്കൊണ്ടുവരുന്നതിനായി മുംബൈയ്ക്ക് പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു ഇരിക്കുകയാണ് ഉമ്മൻചാണ്ടി. ഉടനെ തന്നെ ആ യാത്ര റദ്ദാക്കി. ഇതേ സമയത്ത് തന്നെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഒരു യോഗം നടത്താൻ നിശ്ചയിച്ചിരുന്നു. ചില എം.എൽ.എമാരെയും അതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആ അവസരം നോക്കിയാണ് സർക്കാരിനെതിരെ വോട്ട് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. ഉമ്മൻചാണ്ടി മറ്റൊന്നും ആലോചിക്കാതെ ആര്യാടൻ മുഹമ്മദിനെ വിളിച്ചു. ഇരുവരും ചേർന്ന് സ്പീക്കർ വക്കം പുരുഷോത്തമനുമായി കൂടിയാലോചിച്ചു.
21 എം.എൽ.എമാർ യോഗ തീരുമാനത്തിനൊപ്പം നിൽക്കുമെന്നായിരുന്നു അറിവ് വൈകുന്നേരം ആയപ്പോഴേക്കും പ്രതിസന്ധി നേരിടാനുള്ള തന്ത്രം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഉരുത്തിരിച്ചെടുത്തു. അത് ഇങ്ങനെയായിരുന്നു മന്ത്രിമാരായ കടവൂർ ശിവദാസൻ, പി. ശങ്കരൻ എന്നിവരോട് മുഖ്യമന്ത്രി ആന്റണി രാജി ആവശ്യപ്പെട്ടു. ഒപ്പം തന്നെ ഈ രണ്ടു മന്ത്രിമാരെയും പി.പി. ജോർജ്, ഇ.എം. ആഗസ്തി, ശോഭന ജോർജ് എന്നിവരെയും കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നു.
ഹൈകമാൻഡുമായി ആലോചിച്ച് അതിനുള്ള അനുമതി വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനം ഫാക്‌സ് സന്ദേശം വഴി ആന്റണിയെ ധരിപ്പിച്ചു. സ്പീക്കറിയും ഔദ്യോഗികമായി അറിയിച്ചു. സസ്‌പെൻഷൻ ഉത്തരവുകളും തയ്യാറായി. വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. അന്ന് നിലവിലിരുന്ന കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥയാണ് സഹായകരമായത്. സ്പീക്കർ അടക്കം കോൺഗ്രസിന് നിയമസഭയിൽ 63 അംഗങ്ങൾ ആണുള്ളത്. ഇതിൽ 21 പേരോ അതിലധികമോ വിപ്പ് ലംഘിച്ചു വോട്ട് ചെയ്താൽ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അംഗത്വം നഷ്ടപ്പെടില്ല.
എതിർവശത്ത് അത്രയും പേരുണ്ട് അതുകൊണ്ടാണ് സർക്കാരിനെതിരെ വോട്ട് ചെയ്യാൻ തീരുമാനിച്ചതും. എന്നാൽ അഞ്ചുപേരെ പുറത്താക്കിയാൽ അവരുടെത് കോൺഗ്രസിന്റെ വോട്ടായി കണക്കാക്കാൻ ആവാതെ വരും സർക്കാരിനെതിരെ വരുന്ന കോൺഗ്രസ് വോട്ട് അപ്പോൾ 16 ആയി ചുരുങ്ങും. അഞ്ച് അംഗങ്ങൾ പോയി കോൺഗ്രസിന്റെ അംഗബലം 63ൽ നിന്നും 58 ആയി കുറയുമ്പോൾ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ട അംഗബലം 19 ആവും.
അപ്പോൾ അവശേഷിക്കുന്നത് 16 വോട്ടും. ആ സാഹചര്യത്തിൽ അവർക്ക് അംഗത്വം നഷ്ടപ്പെടും. അതായിരുന്നു ഉമ്മൻചാണ്ടിയും കൂട്ടരും എടുത്ത അടവ് നയം.
പിറ്റേന്ന് അതിരാവിലെ തന്നെ ഉദ്യോഗം നിറഞ്ഞ അന്തരീക്ഷമായിരുന്നു. ചോദ്യോത്തര സമയത്ത് കരുണാകര പക്ഷം എം.എൽ.എമാർ നിയമസഭയിലെത്തി. മന്ത്രി കടവൂർ ശിവദാസിന്റെ മുറിയിൽ കാത്തിരുന്നു. സർക്കാരിനെതിരെ വോട്ട് ചെയ്യാൻ താല്പര്യമില്ലെന്ന് അവരിൽ പലരും ഉമ്മൻ ചാണ്ടിയേയും കൂട്ടരേയും വിളിച്ച് അറിയിച്ചിരുന്നു. കോഴിക്കോട് ആയിരുന്ന ലീഗ് എം.എൽ.എമാരിൽ ഏഴുപേരെ നേതൃത്വം തിരുവനന്തപുരത്ത് എത്തിച്ചു. ശൂന്യവേള കഴിയും മുമ്പേ കരുണാകരപക്ഷ എം.എൽ.എമാർക്ക് നിർദ്ദേശം ലഭിച്ചു. സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുക. അത്യുൽസാഹത്തോടെ അവർ നിയമസഭയിലെത്തി. 87-40 വോട്ടിന് ധന വിനിയോഗ ബിൽ പാസായി. ഉമ്മൻചാണ്ടിയുടേയും കൂട്ടരുടെയും മുഖത്ത് ആശ്വാസത്തിന്റെ അലയൊലികൾ മിന്നിത്തെളിഞ്ഞു.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്