തിരുവനന്തപുരം: ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബിപി കണ്ടെത്തിയത്.
കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയിൽ ഇടപെട്ട് ചികിത്സ ഉറപ്പാക്കി. മാതൃകാപരമായ പ്രവർത്തനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർബിഎസ്‌കെ നഴ്സുമാരായ റീത്ത, ടിന്റു കുര്യക്കോസ് എന്നിവർ അസാധാരണമായി ഉയർന്ന ബിപിയുള്ള കൗമാരക്കാരനെ കണ്ടെത്തിയത്. സംശയം തോന്നിയ അവർ മറ്റൊരു ബിപി അപാരറ്റസിൽ പരിശോധിച്ചപ്പോഴും റീഡിങ് ഒന്ന് തന്നെയായിരുന്നു. കുട്ടിയ്ക്ക് അടിയന്തര വൈദ്യപരിചരണം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ അവർ അധ്യാപകരേയും രക്ഷിതാക്കളേയും വിവരം അറിയിച്ച് സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
വിദഗ്ധ പരിശോധനയിൽ കുട്ടിക്ക് ശരീരത്തിലെ പ്രധാന രക്തധമനിയായ അയോർട്ട ചുരുങ്ങുന്ന അവസ്ഥയാണെന്ന് കണ്ടെത്തുകയും ഹൃദ്രോഗ ചികിത്സ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ബലൂൺ സർജറി നടത്തി. തക്ക സമയത്ത് കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകാനായതിനാലാണ് അപകടാവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞതെന്ന് ഡോക്ടർ അറിയിച്ചു.
രക്താതിമർദം മുപ്പത് വയസ് കഴിഞ്ഞവരിലാണ് സാധാരണ കാണാറുള്ളൂ. പ്ലസ് ടു വിദ്യാർത്ഥിയായ ഒരു കൗമാരക്കാരനിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തുക എന്നത് തികച്ചും അസാധാരണവും അടിയന്തര ആരോഗ്യ പരിശോധനയും പരിചരണവും ആവശ്യവുമായ സന്ദർഭമാണ്.
നിശബ്ദനായ കൊലയാളിയാണ് രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ. പലപ്പോഴും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗം കൂടിയാണ് രക്താതിമർദ്ദം. പ്രത്യേകിച്ചും കുട്ടികളിലും യുവതീ യുവാക്കളിലും ലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുത്തേക്കാം. ഇടയ്ക്കിടെയുള്ള പരിശോധനകളാണ് ഈ അവസ്ഥയെ കണ്ടെത്താനുള്ള പ്രതിവിധി.
ആരോഗ്യ വകുപ്പ് വിദ്യാലയങ്ങളിലൂടെ നടപ്പിലാക്കി വരുന്ന സ്‌കൂൾ ഹെൽത്ത് പരിപാടിയിലൂടെ ഇതുവരെ 50 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പരിശോധിച്ചിട്ടുള്ളത്. കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക മാനസിക ആരോഗ്യത്തെ നിരന്തരം നിരീക്ഷിച്ചും പരിശോധിച്ചും സുസ്ഥിതിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഈ പദ്ധതി. സ്‌കൂൾ ഹെൽത്ത് പരിശോധനകളിലൂടെ രോഗസാധ്യതയുള്ള നിരവധി വിദ്യാർത്ഥികളെ കണ്ടെത്തി തുടർ പരിശോധനയും ചികിത്സയും ഉറപ്പാക്കി വരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്