എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴുള്ള സമസ്തകാര്യത്തിനുമുണ്ട് ഒരവസരം: ബൈബിൾ പഴയനിയമത്തിലെ സഭാപ്രസംഗകൻ മൂന്നാം അദ്ധ്യായത്തിന്റെ ഈ തുടക്കവാചകം മനസിൽ ആവർത്തിച്ചുരുവിടാനുള്ള സമയമെത്തിയിരിക്കുന്നു മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക്. അസാധാരണ കാര്യങ്ങളുടെ ഏകോപന സാധ്യത സമൂർത്തമാകവേ 'കുഞ്ഞാപ്പ മുഖ്യമന്ത്രി 'യെന്ന കിനാവ് ലീഗിൽ മാത്രമായി പരുങ്ങി നിൽക്കുന്നില്ല. മോഹപ്പക്ഷിക്കു റാകിപ്പറക്കാൻ വിശാലവിഹായസാണൊരുങ്ങിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനാണ് പി.കെ. കുഞ്ഞാലിക്കുട്ടി എന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ അവകാശവാദത്തിന് അത്ര ഗൗരവതരമായ അർത്ഥം കൊടുക്കേണ്ടതില്ലെന്ന വ്യാഖ്യാനവുമായി ലീഗിന്റെ ജനറൽ സെക്രട്ടറിയായ പി.എം.എ സലാം രംഗത്തുവന്നിരുന്നു. പക്ഷേ, യു.ഡി.എഫിലും പ്രത്യേകിച്ച് കോൺഗ്രസിലും സാദിഖലി തങ്ങളുടെ വചനത്തിന്റെ 'ടോക്‌സിക്' അലകൾ ശമിക്കുന്നില്ല. അതേസമയം, ഇത് കേവലം തമാശ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലരും പറയുന്നത്. എന്തായിരുന്നാലും, കരയാൻ ഒരു കാലം, ചിരിക്കാൻ ഒരു കാലം, വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം... എന്നസഭാപ്രസംഗകന്റെ തുടർ വാക്യങ്ങൾ പുതിയ കാൻവാസിൽ പുനർ വിരചിതമാകുന്നു.
മുഖ്യമന്ത്രിക്കുപ്പായം തുന്നാൻ പണ്ട് അഴകളവെടുപ്പിച്ചതായി പറഞ്ഞുകേൾക്കാറുള്ള കെ.എം. മാണിയുടെ സ്മരണയും ഒപ്പമുണരുന്നു. ആരാകും അടുത്ത മുഖ്യമന്ത്രിയാകുമെന്ന ചർച്ച അനൗപചാരികമായാണെങ്കിലും കോൺഗ്രസ്സിനകത്ത് മുറുകുന്നതിനിടെയാണ് മുഖ്യമന്ത്രിയാകാനും ലീഗിനെ നയിക്കാനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി തന്നെയുണ്ടെന്ന പ്രസ്താവന സാദിഖലി തങ്ങൾ നടത്തിയത്. മലപ്പുറത്തെ യൂത്ത് ലീഗ് പരിപാടിയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. കോൺഗ്രസ്സ് സമ്മതിച്ചാൽ മുഖ്യമന്ത്രിയാകുന്ന മുസ്്‌ലിം ലീഗ് നേതാവ് ഇവിടെ തന്നെയുണ്ട് എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയെ അടുത്തിരുത്തി തങ്ങൾ പറഞ്ഞത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി തന്നെയാകും ലിഗീന്റെ ക്യാപ്ടൻ എന്നും തങ്ങൾ വ്യക്തമാക്കി.
മാധ്യമ പ്രവർത്തകർ ഇതേ വിഷയത്തിൽ വീണ്ടും തുടർ ചോദ്യമുന്നയിച്ചപ്പോൾ വാക്കുകൾ ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു സാദിഖലി തങ്ങൾ. ഇത് പ്രഖ്യാപിത നിലപാടാണ് എന്ന വിശദീകരണവുമുണ്ടായി. ലീഗിന്റെ മാത്രമല്ല, യു.ഡി.എഫിന്റെ ക്യാപ്ടനും കുഞ്ഞാലിക്കുട്ടി ആകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും പറഞ്ഞു. തങ്ങളിൽ നിന്ന് ലഭിച്ചത് ഏറ്റവും വലിയ ബഹുമതി എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ലീഗ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ് പാർട്ടിയുടെ വാർഡ് തലം തൊട്ട് ദേശീയ കാര്യങ്ങളിൽ വരെ നയനിലപാടുകൾ രൂപപ്പെടുത്തുന്ന ബുദ്ധികേന്ദ്രം എന്നു വീണ്ടും വ്യക്തമായി. ആ കരുത്തിന് ചോർച്ച വന്നിട്ടില്ലെന്നതിന്റെ സാക്ഷ്യമായി ക്യാപ്ടൻ പദവി നൽകൽ. ഇതിനിടെയും, കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിനെതിരെ പിറുപിറുക്കുന്ന ഒരു ചെറുസംഘമുണ്ട് ലീഗ് നേതാക്കൾക്കിടയിലെന്നതു രഹസ്യമല്ല. ഇവരെ പ്രഖ്യാപനം ആശങ്കയിലാക്കിയതും സ്വാഭാവികം.
അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രിക്കസേരയിൽ കണ്ണു നടുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം ചെറുതല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുറമേ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരു പറയുന്നു ഗ്രൂപ്പുകളിൽ. ശശി തരൂർ, കെ.മുരളീധരൻ എന്നിവരുടെ പേരും പിന്നണിയിൽ ഉയരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കസേര കോൺഗ്രസിനു സംവരണം ചെയ്യാൻ യു.ഡി.എഫിനാകില്ലെന്ന സൂചനയുമായി മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ രംഗത്തുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആ ഒരുക്കങ്ങളിലേക്ക് പാർട്ടി പ്രവേശിക്കവേയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ ക്യാപ്ടനായി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ലീഗിന് യു.ഡി.എഫ് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്ന് സംസാരമുണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റതോടെ ആ കിനാവു പൊളിഞ്ഞു. നേരത്തെ, ലീഗിനു നാല് മന്ത്രിമാരെ കിട്ടിയിരുന്നിടത്ത് പിണറായി സർക്കാരിനു മുമ്പ് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഏറെ ഒച്ചപ്പാട് ഉണ്ടായതാണ്. അങ്ങനെ ലീഗിന് ലഭിക്കുന്ന സ്ഥാനങ്ങൾ വിവാദങ്ങളിൽ എത്തിപ്പെടാറുണ്ട്. 2011ൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരിന്റെ കാലത്തായിരുന്നു അഞ്ചാം മന്ത്രി വിവാദം ഉണ്ടായത്. ആ അന്തരീക്ഷം നിലനിൽക്കെയാണ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം പാർട്ടി അധ്യക്ഷൻ രാഷ്ട്രീയ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. വിഷയം പാർട്ടിക്കകത്തും സോഷ്യൽ മീഡിയയിലും ചർച്ചയായി.
യു.ഡി.എഫ് രാഷ്ട്രീയത്തിലെ കടിഞ്ഞാണായി നിലകൊള്ളുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നതുകൊണ്ട് തന്നെ ഉമ്മൻചാണ്ടിയെ പോലെ തലയെടുപ്പുള്ള നേതാവിന്റെ അഭാവത്തിൽ ആ പേര് ഉരുന്നതിൽ അസ്വാഭാവികതകളില്ലെന്ന് നിരവധി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടൽ ഉണ്ടാകുമോ എന്നതിലേക്കും നീളുന്നു സോഷ്യൽ മീഡിയയിലെ സംശയങ്ങൾ. നേതാക്കളുടെ മാറ്റുരച്ചു നോക്കുമ്പോൾ ഏറ്റവും തിളങ്ങുന്ന കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാൽ എന്താണ് കുഴപ്പം എന്ന ചോദ്യവും ധാരാളമായുയരുന്നു. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ പേരു മാത്രമാണ് പരിചയസമ്പത്തിന്റെയും പ്രാഗത്ഭ്യത്തിന്റെയും കാര്യത്തിൽ ഇതോടൊപ്പം പറയാനുള്ളത്. പക്ഷേ അനാരോഗ്യവും, പാർട്ടിക്കു ദൗർബല്യം സംഭവിച്ചതോടെ വിലപേശൽ ത്രാണി നഷ്ടമായതും മൂലം പി.ജെക്കു വേണ്ടി ആരും മിണ്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.
മുസ്‌ളിംലീഗിൽ നിന്ന് പേരിനെങ്കിലും മുഖ്യമന്ത്രിയായിട്ടുള്ളത് സി.എച്ച്. മുഹമ്മദ് കോയ മാത്രമാണ്. 1979 ഒക്ടോബറിലാണ് സി.എച്ച്. മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 50 ദിവസം തികയുന്ന വേളയിൽ അദ്ദേഹത്തിന് പദവി ഒഴിയേണ്ടിയും വന്നു. പിന്നീട് മുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ കൈയിലെത്തിയിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം നേരത്തെ മുഹമ്മദ് കോയക്കും അവുക്കാദർ കുട്ടി നഹയ്ക്കും ലഭിച്ചിരുന്നു. പിന്നീട് ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും സഫലമായിട്ടില്ല. ഒന്നരവർഷം ദൂരെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇപ്പോഴേ, ആസൂത്രിത ശരമെയ്ത് മുഖ്യമന്ത്രി അഥവാ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുകയാകാം സാദിഖലി തങ്ങൾ എന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.
സ്മരണയിൽ മാണി
കേരളാ കോൺഗ്രസ് നേതാവ് കെ.എം. മാണി മുഖ്യമന്ത്രി സ്ഥാനം അർഹിച്ചിരുന്നെന്ന വിധത്തിൽ ഇടയ്ക്കിടെ ചർച്ചകൾ സജീവമായിരുന്നു. രാഷ്ട്രീയ പരിചയവും ഭരണപരിചയവും നേതൃപാടവവും തികഞ്ഞ അത്രമേൽ മിടുക്കുള്ള നേതാവ് കേരളത്തിൽ വേറെയാരുണ്ടെന്ന ചോദ്യവുമായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമുണ്ടായി. പക്ഷേ പിന്നീടു കാര്യങ്ങൾ പുരോഗമിച്ചില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നു. ഭരണ പരിചയത്തിന്റെ കാര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഒട്ടും പിന്നിലല്ല. കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സാമുദായിക, സാമൂഹിക ബന്ധങ്ങളും ഉള്ള നേതാവ്. ഈ സാഹചര്യങ്ങൾ നിർണ്ണായകമായിരിക്കവേ മുഖ്യമന്ത്രി സ്ഥാന ചർച്ചകളിൽ കുഞ്ഞാലിക്കുട്ടി നിറയുന്നതിൽ എന്താണ് കുഴപ്പമെന്നാണ് ഉയരുന്ന ചോദ്യം.
ലീഗിന്റെ മോഹങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞുള്ളതായിരുന്നു എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ മാസം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി നടത്തിയ നിരീക്ഷണമെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. രമേശ് ചെന്നിത്തല പക്വതയും ഇരുത്തവും വന്ന നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 'കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവ് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തല സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നേതാവാണെ'ന്നും വെള്ളാപ്പള്ളി ഒരു വാർത്താ ചാനലിനോട് പറഞ്ഞു. എൻ.എസ്.എസുമായി രമേശ് ചെന്നിത്തലയുടെ ബന്ധം വഷളായിരുന്ന കാലത്തെയും വെള്ളാപ്പള്ളി നടേശൻ പരോക്ഷമായി സൂചിപ്പിച്ചു. 'പതിനൊന്ന് വർഷമായി ചങ്ങനശ്ശേരിയിൽ നിന്നും മാറ്റി നിർത്തിയതായി പറയപ്പെടുന്നു. അതിപ്പോഴാണ് പുറത്ത് വന്നത്. ചെന്നിത്തല അക്കാര്യം പുറത്ത് പറഞ്ഞില്ല. ക്ഷമയോടെ കാത്തിരുന്നു. വി.ഡി. സതീശനായിരുന്നെങ്കിൽ അത് പറഞ്ഞുകൊണ്ട് നടന്നേനെ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചു. വി.ഡി. സതീശൻ അഹങ്കാരിയായ നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സതീശന് പക്വതയും മാന്യതയുമില്ല. സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർട്ടിയിൽ ഗ്രൂപ്പുകൾ കൂടി. കോൺഗ്രസിൽ ഇപ്പോൾ എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ അടക്കം എതിർത്ത് സതീശൻ സർവജ്ഞൻ ആകാൻ ശ്രമിക്കുകയാണത്രേ. കോൺഗ്രസ് ഇപ്പോൾ കണ്ടം തുണ്ടമായി കീറി മുറിക്കപ്പെട്ടു. അതിന് കാരണം സതീശനാണ്. രാഷ്ട്രീയപരമായും വ്യക്തിപരമായും സതീശൻ സ്വയം നശിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ഈഴവ സമുദായത്തിന് കിട്ടുന്നത് നഗ്‌നമായ അവഗണനയാണെന്ന് ആക്ഷേപിച്ചു. കോൺഗ്രസിനോടുള്ള ഈഴവരുടെ പ്രതിപത്തി ഇനിയുണ്ടാകില്ലെന്ന സൂചനയും, ലീഗിന്റെ മുഖ്യമന്ത്രി മോഹത്തിനിടെ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായാണ് നിരീക്ഷകർ കാണുന്നത്.
അതേസമയം, ഇടയ്ക്കിടെ ആശയപരമായ ഭിന്നത ലീഗുമായി പ്രകടിപ്പിക്കാറുള്ള സമസ്ത പി.കെ. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പരസ്യമായി രംഗത്തുവന്നതു ശ്രദ്ധേയമായി. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യൻ തന്നെയാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. 'അദ്ദേഹം കേരളത്തിലെ പല വകുപ്പുകളും മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണത്തിന്, പ്രശ്‌നങ്ങൾ തീർക്കാൻ, മുന്നണിയിൽ തന്നെ പരിഹാരം കണ്ടെത്താൻ കഴിവുള്ളയാളാണ് അദ്ദേഹമെന്ന് പലരും പറയാറുണ്ട്. രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളിൽ ഇടപെട്ട് പരിചയമില്ലാത്തത് കൊണ്ട് നമുക്ക് കൂടുതൽ ഒന്നും പറയാൻ കഴിയില്ല. സമുദായത്തിൽ എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ച് ഒരുമിപ്പിച്ച് നിർത്താനുള്ള മധ്യസ്ഥനായി കുഞ്ഞാലിക്കുട്ടി സാഹിബിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്.'
സമസ്തയിലെ വിഷയങ്ങളിലും, എ.പി അബൂബക്കർ മുസ്ലിയാരും സമസ്തയുമായുമുണ്ടായ വിഷയങ്ങളിലുമെല്ലാം കുഞ്ഞാലിക്കുട്ടി സമവായം കണ്ടെത്തി. എന്നാൽ ആരാണ് മുഖ്യമന്ത്രിയാകുക, ഉപമുഖ്യമന്ത്രിയാകുകയെന്നത് മുസ്ലിം ലീഗ് നേതൃത്വത്തോടാണ് ചോദിക്കേണ്ടത് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്