കോയമ്പത്തൂർ: വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു. സുലൂർ വ്യോമസേനാ താവളത്തിലാണ് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചത്.
ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിലായിരുന്നു ഡ്യൂട്ടി. പോസ്റ്റിൽ കയറി 10 മിനിറ്റിനകം എകെ 103 റൈഫിൾ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിർക്കുകയായിരുന്നു.
പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണു മരിച്ചത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്നു.
വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നു താഴേക്കു തെറിച്ചുവീണതു കണ്ട്, താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടൻതന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ജോലിയിൽ വളരെയേറെ സമ്മർദം ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഞായറാഴ്ച വൈകിട്ട് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്നു രാവിലെ 9 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അച്ഛൻ: ശിവരാമൻ. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഹർശിവ്, ഹാർദ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്