തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് സിപിഐ. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയിൽ ഒപ്പുവെക്കരുതെന്ന് സിപിഐ നേതാവും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഒ കെ ജയകൃഷ്ണൻ പാർട്ടി നിലപാട് വ്യക്തമാക്കി ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ആർഎസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സർക്കാർ വഴങ്ങരുതെന്ന് സിപിഐ മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.
പി എം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയുള്ള സിപിഐ ലേഖനം പുറത്തുവരുന്നത്. പദ്ധതി നടപ്പിലാക്കിയാൽ കേന്ദ്ര പുസ്തകം പഠിപ്പിക്കേണ്ടി വരുമെന്ന് ലേഖനം ഓർമ്മപ്പെടുത്തുന്നുണ്ട്.
വർഗീയ അജണ്ടകൾ കുട്ടികളിൽ കുത്തിവയ്ക്കുന്ന നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി സർക്കാർ അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് മതേതര കേരളത്തിന് അഭിമാനം പകർന്ന ഒന്നായിരുന്നു.
ഇങ്ങനെ പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാർ ബുദ്ധിയുടെ ഉത്പന്നമാണ് പിഎം ശ്രീ. ഇതിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാൽ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തിൽ പറയുന്നു.
തമിഴ്നാട് പദ്ധതി നടപ്പിലാക്കിയില്ല, പകരം സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. പിന്നാലെ കേന്ദ്ര വിഹിതം നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. ആ വഴിയാണ് സംസ്ഥാനം സ്വീകരിക്കേണ്ടത്. കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർഎസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല ഇടത് സർക്കാർ ചെയ്യേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്