പി.ആർ വർക്കിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റി ഈ തെരഞ്ഞെടുപ്പു പൂർവ്വകാലത്ത് വീണ്ടും വീണ്ടും പറയേണ്ടി വരികയാണ്. പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് സഖാക്കളോട് ഒരു പൊതുവേദിയിൽ അവിടെ അനങ്ങാതിരിക്ക് എന്ന് കൽപ്പിക്കാനുള്ള കരുത്ത് പിണറായി വിജയന് ഉണ്ടായിരുന്നു.
ഒരു വ്യാഴവട്ടക്കാലം പാർട്ടിയെ കർശനക്കാരനായ ഒരു ഹെഡ്മാസ്റ്ററെ പോലെ നയിച്ച ആളാണ് സഖാവ് പിണറായി. പിന്നീട് വന്ന കോടിയേരിക്കാലം ചിരിയുടെയും സമവായത്തിന്റെയും സൗമ്യ മുഖം കാണിച്ചു തന്നു. കടിച്ചാൽ പൊട്ടാത്ത ഭൗതികവാദ സിദ്ധാന്തങ്ങളുടെ അകമ്പടി കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നില്ല. ഒരു കണക്കിന്, പിണറായിയും ആ പാർട്ടി ക്ലാസിന്റെ ഹങ്ങോവർ പണ്ടേ കുടഞ്ഞു കളഞ്ഞ ആളായിരുന്നു.
മന്ത്രിയായിരുന്നപ്പോൾ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി. പാർട്ടി കൈവെള്ളയിൽ ആയിരുന്ന കാലത്ത് നടത്തിയ കേരള പര്യടനങ്ങളിൽ നിന്നാണ് പിണറായി വിജയൻ, സാമ്പ്രദായിക പാർട്ടി ചട്ടക്കൂടുകളുടെ മതിലുകൾ ഭേദിച്ച്, തൊണ്ണൂറുകളിൽ ഉദയം കൊണ്ട നവ സാമ്പത്തിക വേലിയേറ്റത്തിന്റെ മായക്കാഴ്ചകളിൽ ഉത്സവപ്പറമ്പിലെത്തിയ ഒരു കൊച്ചു കുട്ടിയെപ്പോലെ കണ്മിഴിച്ചു നിന്നത്.
പിന്നെ അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല. ജയരാജൻ പറഞ്ഞതുപോലെ കട്ടൻചായ പരിപ്പുവട കാലഘട്ടം എന്നേ കഴിഞ്ഞെന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞു;അണികളോ? ഇതിനെയെല്ലാം മറികടന്ന നേതാവായിരുന്നു ഇ.കെ നായനാർ. മാധ്യമങ്ങളുടെ എതിർപ്രചരണങ്ങളെ സരസമായി നേരിട്ട നേതാവ്. പ്രിന്റ് മീഡിയയെ കേവലം' കടലാസ് ' എന്ന് വിശേഷിപ്പിക്കാനുള്ള സരളതയും ആക്ഷേപഹാസ്യ മനസ്സും നായനാർക്ക് സ്വന്തമായിരുന്നു. അത് മനസ്സിലാക്കാനുള്ള മനസ്സ് അക്കാലത്തെ മാധ്യമങ്ങൾക്കും ഉണ്ടായിരുന്നു. വത്തിക്കാൻ സന്ദർശിച്ച നായനാർ മാർപാപ്പയ്ക്ക് കൊന്ത സമ്മാനിച്ച വിവാദം ഇന്നായിരുന്നെങ്കിൽ എവിടെ ചെന്ന് നിൽക്കുമായിരുന്നു! അതിനെയെല്ലാം നർമ്മം കൊണ്ട് നേരിട്ട നായനാർ.
നിശബ്ദനായി കടന്നുപോയ ചടയൻ ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറി. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ തേര് തെളിക്കാൻ നിയോഗം ലഭിച്ച പിണറായി. പാർട്ടിയിലും ഭരണത്തിലും പിണറായിക്കാലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ നിലനിൽപ്പ് പരീക്ഷിക്കുന്ന കാലഘട്ടം കൂടിയായി മാറി. ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ വരട്ട് തത്വവാദവും വഷളൻ ചിരിയും കൊണ്ട് അസ്തമിച്ചു പോയ ഒരു കാലഘട്ടത്തെ പിടിച്ചുനിർത്താമെന്ന് കരുതുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരും. എന്നാൽ ഭരണ രഥത്തിൽ ഇരിക്കുന്ന പിണറായി നേർ എതിർദിശയിലാണ് സഞ്ചരിക്കുന്നത്. ഒരുപക്ഷേ, കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെ
ചുവപ്പ് മങ്ങുമ്പോൾ
കേരളം എന്ന കൊച്ചു പ്രദേശത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും ഒരു പ്രതിരോധ മരുന്നായി വർത്തിച്ചിരുന്നു. വർഗീയ കുത്തിത്തിരിപ്പുകളുടെ അമിതമായ കടന്നുകയറ്റം പ്രതിരോധിക്കാൻ കമ്മ്യൂണിസ്റ്റ് കോട്ടക്ക് കഴിഞ്ഞിരുന്നു. ഫലിതവും ഗൗരവവും മാറ്റിവെച്ചാൽ കേരളത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൽകിയ സേവനവും അതിനെ ഒരിക്കൽ കണക്കറ്റ് സ്‌നേഹിച്ചവരുടെ ആത്മവിശ്വാസവും ഇപ്പോൾ പഴയതുപോലെയുണ്ടോ? ഇല്ല എന്നാണ്, അന്തംകമ്മികൾ എന്ന് എതിരാളികൾ പരിഹസിക്കുന്ന തികഞ്ഞ സഖാക്കളുടെ പോലും വാക്കുകൾ പ്രകടമാക്കുന്നത്. വലതുപക്ഷ വ്യതിയാനത്തിന് പിണറായി വിജയൻ തന്നെ നേതൃത്വം നൽകുന്നു എന്നൊരു തോന്നൽ സഖാക്കളിൽ ഉണ്ട്.
ആ തോന്നലിനെ നിഷേധിക്കാനൊന്നും അദ്ദേഹം ഒരുക്കവുമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഭരണവും എക്കാലവും വലതുപക്ഷ വിമർശനത്തിന് ഇരയായിട്ടുണ്ട്. ഇ.എം.എസിന്റെ കാലത്ത് അദ്ദേഹം അതിനെയെല്ലാം ബൗദ്ധികമായ നിരീക്ഷണങ്ങൾ കൊണ്ട് നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ പബ്ലിക് റിലേഷൻ പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലൂടെയായിരുന്നു. വിഖ്യാതമായ വിക്ക് അതിനൊരു തടസ്സമായിരുന്നില്ല. പാർട്ടി പത്രത്തിലെ ലേഖനങ്ങളിലൂടെ യായിരുന്നു പാർട്ടി ഭാഷ്യം ഇ.എം.എസ് ചമച്ചിരുന്നത്. അതിനപ്പുറം ഒരു പി.ആർ വർക്ക് അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യമായിരുന്നില്ല.
രണ്ടാം പിണറായി സർക്കാരിന്റെ ഇക്കാലത്തെ അതുമായി താരതമ്യം ചെയ്തുകൂടാ. ശൈലീവല്ലഭനായ വി.എസ്. അച്യുതാനന്ദനും പാർട്ടിയെ പ്രതിരോധിക്കാൻ സ്വന്തം രീതികൾ ഉണ്ടായിരുന്നു. എന്നാൽ പിണറായി വിജയന് മേൽപ്പറഞ്ഞ നേതാക്കൾ ആരുമായും അവ്വിധം ഒരു താരതമ്യമില്ല.
അതിനാൽ പുതുകാലത്തെ ആശയപ്രചരണത്തിന് ആശ്രയിക്കാവുന്നതിന്റെ പരമാവധി നവമാധ്യമ പിന്തുണ ഈ കമ്മ്യൂണിസ്റ്റ് നേതാവ് പ്രയോജനപ്പെടുത്തുന്നുണ്ട്.
അതിനുള്ള വഴികളിൽ ഒരിടത്ത് ജനപ്രിയതയുടെ മാനദണ്ഡം വച്ച് ഇന്ന് കേരളത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സെലിബ്രിറ്റികളിൽ ഒരാളായ മോഹൻലാലിനു മുന്നിൽ അദ്ദേഹം കസേരയിട്ടിരുന്നു. ഭരണവിരുദ്ധതയുടെ സകലകറകളും ഒറ്റയടിക്ക് മായ്ക്കാം എന്ന് കരുതി ഒന്നുമല്ല അങ്ങനെ ചെയ്തത്. പകരം അത് മലയാളിക്ക് ഒരു മന്ദഹാസം സമ്മാനിക്കുകയാണ് ചെയ്തത്.
സർവ്വേ കല്ലുകൾ
കോടികൾ മുടക്കുന്ന പത്രപരസ്യങ്ങളും ഹോർഡിങ്ങുകളും കൊണ്ട് നികത്താൻ ആവാത്ത ഭരണ വിരുദ്ധത കത്തിനിൽക്കുമ്പോഴാണ് ചാനൽ മാധ്യമങ്ങൾ ഒരോരുത്തരും സ്വന്തം നിലയ്ക്ക് മന്ത്രിമാർക്കും സർക്കാരിനും മാർക്കിടാൻ ഇറങ്ങിത്തിരിച്ചത്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പോലെയാണ് ചില മാധ്യമങ്ങളുടെ സർവ്വേ റിപ്പോർട്ടുകൾ.പ്രതിപക്ഷത്തെ നേതാക്കൾക്കും ഈ സർവ്വേക്കല്ലുകളിൽ നിന്ന് മോചനമില്ല. സർക്കാർ ഇട്ട മഞ്ഞക്കല്ലുകൾ പെറുക്കിയെറിയാൻ ഇ. ശ്രീധരനും മറ്റും ഒരുവശത്ത്, ഘടകകക്ഷി മന്ത്രിക്കെതിരെ മഞ്ഞക്കഥകളുമായി മോഹിനിമാർ മറുവശത്ത്.
നേട്ടങ്ങളുടെ പട്ടികയിൽ പൊൻതൂവൽ ചാർത്താൻ ഉതകുമായിരുന്ന വയനാട് മുണ്ടക്കൈ പുനരധിവാസം പൊടിപൊടിക്കുമ്പോഴാണ് ഒരു പി.ആർ വർക്ക് എന്ന് സ്വപ്‌നത്തിൽ പോലും കരുതാത്ത, അങ്ങനെയല്ലാത്ത, ആ സൂപ്പർതാര സന്ദർശനം പുനരധിവാസ പ്രദേശത്ത് സംഭവിച്ചത്.
അനുഗമിച്ചും അകമ്പടിയായും നിന്ന സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയോട് ടൗൺഷിപ്പിൽ വച്ച് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ വൻ പ്രതിരോധത്തിലായി സി.പി.എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്‌നം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് തലയൂരാൻ പാർട്ടി നേതൃത്വം നന്നേ പണിപ്പെട്ടു.
വിഷയം സൈബർ ഇടങ്ങളിൽ ആളിക്കത്തിയതും അതിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്‌നം കൂടുതൽ വഷളാക്കി. ഇതിനെല്ലാം ഒടുവിൽ മമ്മൂട്ടി, റഫീഖിനെ വിളിച്ചതോടെ വിവാദം അണയുമെന്നാണ് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തിയത്. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. മമ്മൂട്ടിയുടെ വിളിയെത്തിയതിന് ശേഷം ഇടത് സൈബർ ആക്രമണത്തിന്റെ തോത് കുറഞ്ഞത് സി.പി.എമ്മിന് ആശ്വാസമായി.
പക്ഷേ സാക്ഷാൽ പിണറായി വിജയന്, പരസ്യമായി മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു എന്ന് പറയേണ്ടിവന്നിടത്താണ് കെട്ടിപ്പൊക്കിയ പിആർ വർക്കുകളും സൈബർ യുദ്ധങ്ങളും അപ്രസക്തമാകുന്നത്. ഏതു പ്രചാരവേലകളെക്കാളും ജനമനസ്സിൽ നിറഞ്ഞുനിൽക്കുക പെരുമാറ്റത്തിലെ സൗമനസ്യവും ലാളിത്യവും നർമ്മ ഭാവനയുമെല്ലാം ആണ്. അത് പിണറായിക്കും ബാധകമാണ്, മമ്മൂട്ടിക്കും ബാധകമാണ്. ഒരേ വാരത്തിൽ തന്നെ ലലേട്ടൻ ചിത്രം ഹിറ്റായപ്പോൾ, മമ്മൂക്കയുടെ ചിത്രം തിയേറ്ററിൽ തകർന്ന ചരിത്രമുണ്ട്. ഇതിനെയും അങ്ങനെ കാണാം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് !
തെരഞ്ഞെടുപ്പിന് ഒരു കാതം മാത്രം ദൂരം ശേഷിക്കുമ്പോൾ ലലേട്ടന്റെ അഭിമുഖവും ഇക്കയുടെ വിമുഖതയും ഈ യുദ്ധകാലത്തും മലയാളി മനസ്സുകളെ കീഴടക്കുക തന്നെ ചെയ്തു. ഇനി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയേ വേണ്ടൂ.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
