യഥാർത്ഥത്തിൽ ആരാണ് മുജ്തബ ഖമനേയി?

MARCH 11, 2026, 9:32 AM

ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് മൊജ്തബ ഖമനേയി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തങ്ങളുടെ കടുത്ത നിലപാടുകളെ പിന്തുണയ്ക്കുന്ന ഒരാൾ അധികാരത്തിലെത്തുന്നത് ഗുണകരമാകുമെന്ന് ഐആർജിസി കണക്കുകൂട്ടുന്നു. 

ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമനേയി ഇറാനിലെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റുവല്ലോ. എന്നാൽ മൊജ്താബയെ പിൻഗാമിയാക്കാൻ ഖമനേയിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ വിൽപ്പത്രത്തിൽപോലും ഇക്കാര്യം പരാമർശിക്കപ്പെട്ടിട്ടില്ലെന്നുമാണ് പുതിയ ചില വാർത്തകൾ.

ഇറാന്റെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള പ്രതിപക്ഷ സംഘടനയായ നാഷണൽ യൂണിയൻ ഫോർ ഡെമോക്രസിയുടെ ഗവേഷണ ഡയറക്ടർ ഖോസ്രോ ഇസ്ഫഹാനി ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ആണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

ഏകദേശം 37 വർഷത്തോളം ഇറാന്റെ പരമോന്നതനേതാവായി തുടർന്ന അലി ഖമനേയിയുടെ വധത്തിനുശേഷം മാർച്ച്  എട്ടിനാണ് 56 കാരനായ മൊജ്താബ രാജ്യത്തിന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. 

ഇതിനിടെ മറ്റൊരു വാർത്തയും പുറത്തുവരുകയുണ്ടായി. യുദ്ധത്തിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്തബ ഖമനേയിക്ക് പരിക്കേറ്റെന്നായിരുന്നു അത്. എന്നാൽ അത് ഉടൻ തന്നെ ഇറാൻ തള്ളിക്കളയുകയാണുണ്ടായത്. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് ഇറാാനിയൻ പ്രസിഡന്റിന്റെ മകനും സർക്കാർ ഉപദേശകനുമായ യൂസഫ് പെസെഷ്‌കിയൻ  പറയുന്നത്.

തന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് മൊജ്തബ ഖമനേയി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

vachakam
vachakam
vachakam

തങ്ങളുടെ കടുത്ത നിലപാടുകളെ പിന്തുണയ്ക്കുന്ന ഒരാൾ അധികാരത്തിലെത്തുന്നത് ഗുണകരമാകുമെന്ന് ഐആർജിസി കണക്കുകൂട്ടുന്നു. മൊജ്തബയുടെ നിയമനത്തിനെതിരെ മുതിർന്ന രാഷ്ട്രീയമത നേതാക്കളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഐആർജിസി ഇത് അവഗണിച്ച് മുന്നോട്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ ഐആർജിസി വലിയ തോതിൽ ആധിപത്യം സ്ഥാപിച്ചുവരികയാണ്. മൊജ്തബ ഖമനേയിയുടെ സ്ഥാനാരോഹണത്തിലൂടെ ഇറാൻ വിദേശരാജ്യങ്ങളോട് കൂടുതൽ ആക്രമണാത്മകമായ നിലപാട് സ്വീകരിക്കുന്നതിനും രാജ്യത്തിനുള്ളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കാരണമായേക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. 

മതപരമായ ഭരണമെന്ന പരിവേഷം നിലനിർത്തിക്കൊണ്ടുതന്നെ ഇറാൻ ഒരു സൈനിക രാഷ്ട്രം എന്ന രൂപപത്തിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷകർമുന്നറിയിപ്പ് നൽകുന്നു. ഇത് ഭരണകൂടത്തിൽ സൈന്യത്തിന്റെ സ്വാധീനം വർദ്ധിക്കുന്നത് ജനപിന്തുണ കുറയ്ക്കുന്നതിനും രാജ്യത്തിന്റെ ഭാവി നിലപാടുകളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കിയേക്കും എന്നു കരുതുന്നവരും ഏറെയുണ്ട്. എന്നാൽ പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് ഇദ്ദേഹം.

vachakam
vachakam
vachakam

യഥാർത്ഥത്തിൽ ആരാണ് മുജ്തബ ഖമനേയി?

മുജ്തബ എന്ന പേരിന് അറബി ഭാഷയിൽ ''തെരഞ്ഞെടുക്കപ്പെട്ടവൻ'' എന്നാണ് അർത്ഥം. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. 1969 സെപ്തംബർ 8ന് മഷ്ഹദിൽ ജനിച്ച മുജ്തബ, കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ്. തത്വശാസ്ത്രവും ഇസ്ലാമിക നിയമവും അഭ്യസിച്ച് ഒരു മതപണ്ഡിതനായി വളർന്നയാൾ.

ഇറാൻ-ഇറാഖ് യുദ്ധകാലത്ത് തന്റെ 17-ാം വയസ്സിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ ചേർന്ന് മുജ്തബ പോരാടിയിട്ടുണ്ട്. ഐആർജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. സൈനിക നേതൃത്വവുമായുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിന് അടിത്തറ പാകിയത് ഈ കാലഘട്ടമാണ്. തീവ്ര ഇസ്ലാമിസ്റ്റുകൾ ഉൾപ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജൻസ് സംവിധാനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്. 

1999ൽ 30-ാം വയസ്സിലാണ് മതപഠനത്തിനായി മുജ്തബ പുണ്യ നഗരമായി കണക്കാക്കപ്പെടുന്ന ഖ്വോമിലെ ഷിയാ സെമിനാരിയിൽ ചേരുന്നത്. ഖ്വോമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനെയിയുടെ ഓഫിസിന്റെ ചുമതലയിൽ മുജ്തബ എത്തുന്നത്. മുജ്തബ ഖമനേയി ഇതുവരെ ഒരു ഔദ്യോഗിക രാഷ്ട്രീയ പദവിയും വഹിച്ചിരുന്നില്ലെങ്കിലും ഇറാന്റെ ഭരണസംവിധാനത്തിൽ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു. തന്റെ പിതാവിനെ കാണാൻ വരുന്നവരെ നിയന്ത്രിച്ചിരുന്നതും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രൂപപ്പെടുത്തിയതും മുജ്തബയായിരുന്നു. ഇറാനിലെ വിവാദമായ 2009ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 'ഗ്രീൻ മൂവ്‌മെന്റ്' പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇറാന്റെ സുരക്ഷാ വിഭാഗവുമായുള്ള ബന്ധം കണക്കിലെടുത്ത് 2019ൽ അമേരിക്ക ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആസ്തികൾ ഉടമയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ മൂന്നാമത്തെ പരമാധികാര നേതാവായാണ് മുജ്തബ നിയമിതനായത്. പൊതുവേദികളിൽ നിന്ന് അകന്നുനിന്നിരുന്ന മുജ്തബയുടെ ഈ ഉദയം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. ഇറാന്റെ ഭരണകൂടത്തിന് പിന്നിലെ യഥാർത്ഥ കരുത്ത് മുജ്തബയായിരുന്നു. 'The power behind the robes' എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

2005ലും 2009ലും നടന്ന ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനെ ഉപയോഗിച്ച് അട്ടിമറി നടത്തിയെന്ന ആരോപണം മുജ്തബ നേരിട്ടിട്ടുണ്ട്. 2022ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമർത്തുന്നതിലും മുജ്തബ പങ്ക്‌വഹിച്ചതായി കരുതപ്പെടുന്നു. രാജഭരണം അട്ടിമറിച്ച് നിലവിൽ വന്ന ഇസ്ലാമിക് റിപ്പബ്ലിക്കിൽ, പിതാവിന് ശേഷം മകൻ അധികാരമേൽക്കുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായേക്കാം.

അലി ഖമനെയിയുടെ പിൻഗാമിയായി ആര് വന്നാലും അവർ തങ്ങളുടെ 'ലക്ഷ്യം' ആയിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്തി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ തന്റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും നഷ്ടപ്പെട്ട മുജ്തബ, പാശ്ചാത്യ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തന്റെ പിതാവിന്റെ കടുത്ത നിലപാടുകൾ അദ്ദേഹം തുടരാനാണ് സാധ്യത.

മുജ്തബ ഖമനേയിക്ക് ലോകമെമ്പാടും കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  സ്വിസ് ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെ ജർമ്മനി, സ്‌പെയിൻ എന്നിവിടങ്ങളിൽ ഹോട്ടലുകളും ബിസിനസ് സംരംഭങ്ങളും ഇദ്ദേഹത്തിനുണ്ടെന്ന് കരുതപ്പെടുന്നു. ശതകോടീശ്വരന്മാർ താമസിക്കുന്ന ലണ്ടനിലെ ബിഷപ്പ് അവന്യൂവിൽ മുജ്തബയ്ക്ക് സ്വന്തമായി വസതികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 138 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വീട് ഇതിൽ ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലും വടക്കേ അമേരിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന വലിയൊരു സാമ്പത്തിക ശൃംഖലയെ അദ്ദേഹം നിയന്ത്രിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam