മാപ്പുപറച്ചിലിന്റെ കാലം

MARCH 11, 2026, 9:58 AM

ക്രിസ്ത്യാനികൾക്കിടയിൽ കുമ്പസാരം നിർബന്ധമാണ്. വിശ്വാസി കത്തോലിക്കാനായാലും പ്രൊട്ടസ്റ്റന്റ് ആയാലും മറ്റേതു വിഭാഗമായാലും സമയാസമയങ്ങളിൽ കുമ്പാരിക്കുന്നത് പതിവാണ്. മനസ്സിലെ മാലിന്യങ്ങളും വിഷമങ്ങളും കഴികിക്കളയാനും ആത്മാവിനെ പരിശുദ്ധമാക്കി നിലനിർത്താനും കുമ്പസാരം സഹായിക്കും.  എന്നാൽ രാഷ്ട്രീയക്കാർ വിശ്വാസികളല്ല. അതിനാൽ മനസ്സു തുറന്നൊരു കുമ്പസാരവും അവർക്കിടയിൽ പതിവില്ല. എന്തു കൊടുംകുറ്റം ചെയ്താലും അഴിമതി എത്ര നടത്തിയാലും അതിലൊരു മനഃപ്രയാസവും അധികാര രാഷ്ട്രീയക്കാരാരും പ്രകടിപ്പിക്കാറില്ല.

കാരണം അങ്ങനെ പരസ്യമായി തെറ്റുകൾ ഏറ്റുപറഞ്ഞാൽ പിന്നെ രാഷ്ടീയത്തിൽ നിലനില്പില്ല. ജനവിശ്വാസം നിലനിൽക്കണമെങ്കിൽ നേതാവ് തെറ്റുകൾക്കും കുറ്റങ്ങൾക്കും അതീതനാണ് എന്നൊരു പ്രതിച്ഛായ നിലനിർത്തണം. അതായതു ഒരു അമാനുഷ പരിവേഷം ആർജ്ജിക്കണം. അതിനാൽ സാധാരണക്കാരെപ്പോലെ പെരുമാറാൻ രാഷ്ട്രീയനേതാക്കൾക്ക് സാധ്യമല്ല. മഹാശക്തനും അഴിമതിയുടെ കറ പുരളാത്തവനും വ്യക്തിഗതമായ ദൗർബല്യങ്ങൾ ഒട്ടുമേ ഇല്ലാത്തവനും ഒക്കെയായി സ്വയം ഭാവിക്കാനും അനുയായികൾക്ക് മുന്നിൽ അങ്ങനെ ഒരു പ്രതിച്ഛായ നിലനിർത്താനും നേതാക്കൾ നിരന്തരം ശ്രമിക്കുന്നതു കാണാം.

അതിൽ എവിടെയെങ്കിലും പിഴവു പറ്റിയാൽ മാധ്യമങ്ങൾ കടിച്ചുകീറുകയും ചെയ്യും. സത്യത്തിൽ ഇത്തരം അമിതമായ പ്രതിച്ഛായാമോഹം പല രാഷ്ട്രീയക്കാരെയും വലിയ പ്രതിസന്ധിയിൽ കൊണ്ടുപോയി ചാടിക്കാറുമുണ്ട്. അവരിൽ പലരും തങ്ങളുടെ പ്രതിച്ഛായയുടെ തടവുകാരായി മാറിപ്പോകുന്നുണ്ട്. ഒരു ഉദാഹരണം നോക്കുക. നമ്മുടെ നാട്ടിൽ അല്പസ്വല്പം മദ്യപാനം ഇല്ലാത്ത അധികമാരുമില്ല. ഏതു കള്ളുഷാപ്പിലോ ബാറിലോപോയാലും കേരളത്തിന്റെ ഒരു പരിച്ഛേദം അവിടെ കാണാം. എല്ലാ പ്രായക്കാരും എല്ലാവേഷക്കാരും എല്ലാ ജാതിക്കാരും എല്ലാ മതക്കാരും ഏകമനസ്സോടെ ഒത്തുചേരുന്ന ഒരിടം നമ്മുടെ നാട്ടിലുണ്ടെങ്കിൽ അത് ബാർ ആണെന്ന് ആരും തലകുലുക്കി സമ്മതിക്കും.

vachakam
vachakam
vachakam

എല്ലാ സൗഹൃദങ്ങളും അരക്കിട്ടുറപ്പിക്കുന്നതും എല്ലാ പിണക്കങ്ങളും തേച്ചുമായ്ച്ചു കളയുന്നതും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതും പഴയ ബന്ധങ്ങൾ പുതുക്കുന്നതും എല്ലാം മദ്യശാലയിലാണ്. അവിടെ എഴുത്തുകാരും കലാകാരന്മാരും റിട്ടയർ ചെയ്ത കൂട്ടരും സർക്കാരിലും സ്വകാര്യമേഖലയിലും പണിയെടുക്കുന്നവരും ഒരു പണിയും ഇല്ലാത്തവരും ഒക്കെ ഒന്നിച്ചു വരും. 

എന്നാൽ നിങ്ങൾ ഒരിക്കലും അവിടെ ഒരു ഫുൾടൈം രാഷ്ട്രീയനേതാവിനെ കാണുകയില്ല. അവർ മദ്യപാനം ഇല്ലാത്ത കൂട്ടർ ആയിട്ടല്ല. മറിച്ചു മദ്യശാലയിൽപോയി രണ്ടെണ്ണം വീശുന്നത് അവരുടെ പ്രതിച്ഛായക്ക് വിഘാതമായി വരും. വല്ലവനും അതിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലോ മറ്റോ ഇട്ടാൽ സംഗതി പുകിലാകും. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെടാൻ അത് മതിയാകും. കാരണം പാർട്ടിയിലും മറുപക്ഷത്തുമുള്ള എതിരാളികൾ ഇങ്ങനെ ഒരു അവസരം വീണുകിട്ടാൻ കാത്ത് ഇരിക്കുകയാണ്. 

രാഷ്ടീയക്കാരെപ്പോലെ സെലിബ്രിറ്റികൾക്കും പ്രതിച്ഛായ പ്രധാനമാണ്. നമ്മുടെ സെലിബ്രിറ്റികളിൽ പ്രധാനികൾ സിനിമാതാരങ്ങൾ തന്നെ. വയസ്സ് എഴുപതു കടന്നെങ്കിലും മമ്മൂട്ടിയും മോഹൻലാലും തന്നെ മലയാളിയുടെ ഇഷ്ട സെലിബ്രിറ്റികൾ ഇന്നും. അതിനാൽ തങ്ങളുടെ പ്രതിച്ഛായയിൽ ഒരുപോറലും ഏൽക്കാതെ ശ്രദ്ധിക്കുന്ന കൂട്ടരാണ് അവരൊക്കെയും. വെള്ളിത്തിരയിൽ എങ്ങനെയോ അതേപോലെവേണം തങ്ങളുടെ ഇഷ്ട താരങ്ങൾ പൊതുവേദിയിലും പെരുമാറാനെന്ന്  ഫാൻ ക്‌ളബ് കൂട്ടർക്ക് നിർബന്ധവുമുണ്ട്.

vachakam
vachakam
vachakam

അതാണ് മമ്മൂട്ടിയെ ഈയിടെ അലട്ടിയ പ്രശ്‌നം. വയനാട്ടിൽ ഉരുൾപൊട്ടലിൽ നൂറുകണക്കിന് ആളുകൾ മരിച്ച മുണ്ടക്കയ്യിൽ അദ്ദേഹം പോയത് അവിടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കാനാണ്. ഒരു മലയാളി എന്ന നിലയിൽ അദ്ദേഹത്തിന് അതിലുള്ള ഉത്കണ്ഠയും താല്പര്യവും ആർക്കും മനസ്സിലാക്കാനാവും. വൈക്കത്തു ചെമ്പിൽ ഒരു മൽസ്യബന്ധന കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് അദ്ദേഹം. ദാരിദ്ര്യവും പ്രയാസവും പ്രകൃതിയുടെ ക്ഷോഭങ്ങളും എല്ലാം നന്നായി അറിയാവുന്ന, അതെല്ലാം അനുഭവിച്ച വ്യക്തി. മഹാനടൻ ആവും മുമ്പും മമ്മൂട്ടി ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നും നേരെ കോഴിക്കോട്ടു വിമാനത്താവളത്തിൽ വന്നിറങ്ങി ഒരു കാറിൽ വയനാട്ടിലേക്ക് തിരിച്ചു. 

നാട്ടുകാർ തിങ്ങി നിൽക്കുന്ന സ്ഥലത്തു നടൻ വന്നിറങ്ങിയാൽ എന്താവും അവസ്ഥ? അതുതന്നെയാണ് വയനാട്ടിലും സംഭവിച്ചത്. ജനം തിങ്ങിക്കൂടി. എന്നാൽ ജനത്തെക്കാളേറെ ഉപദ്രവമായതു സ്ഥലത്തെ രാഷ്ട്രീയക്കാരാണ്. സുരേഷ്‌ഗോപി തൃശൂരിനെ അങ്ങോട്ട് ഏറ്റെടുത്തതുപോലെ, സി.പി.ഐ(എം)നേതാവ് റഫീഖ്  നിലംതൊടാൻ അനുവദിക്കാതെ അദ്ദേഹത്തെ ഏറ്റെടുത്തു. മമ്മൂട്ടി ഒരു അടിപോലും മുന്നോട്ടു വെക്കണമെങ്കിൽ റഫീഖ് നിശ്ചയിക്കണം എന്ന മട്ടിലായി കാര്യങ്ങൾ. മമ്മൂട്ടിയുടെ ഉടുപ്പിൽ സി.പി.ഐ(എം)നേതാവിനെ ഒട്ടിച്ചുവെച്ചപോലെയാണ് അതുകണ്ട നാട്ടുകാർക്കുതോന്നിയത്.

മമ്മൂട്ടിയ്ക്കും അങ്ങനെതോന്നി എന്നുതോന്നുന്നു. അതിനാൽ 'നിങ്ങൾ അല്പം അങ്ങോട്ട് മാറി നിൽക്കൂ' എന്ന് അദ്ദേഹം നേതാവിനോടു പറഞ്ഞു. അത് പതിവുപോലെ മാധ്യമങ്ങൾ ഒപ്പിയെടുത്തു വാർത്തയാക്കി. അത് ഉണ്ടാക്കിയ പുകില് ചെറുതല്ല. നേതാവിനോട് മാറിനിൽക്കാൻ പറയാൻ മമ്മൂട്ടി ആര് എന്നാണ് സോഷ്യൽ മീഡിയയിലെ സി.പി.ഐ(എം) സിംഹങ്ങൾ ഗർജ്ജിച്ചത്. എന്തിന്, പൊതുമരാമത്തു വകുപ്പ് മന്ത്രിപോലും മമ്മൂട്ടിയുടെ പ്രവൃത്തി ശരിയായില്ല എന്ന മട്ടിലാണ് പ്രതികരിച്ചത്.  സ്വകാര്യതയുടെ അവകാശമൊന്നും മഹാനടന് ബാധകമല്ല എന്നാണ് മന്ത്രിയുടെ നിലപാട് എന്നുതോന്നുന്നു. 

vachakam
vachakam
vachakam

ഏതായാലും പെട്ടുപോയ മമ്മൂട്ടി സി.പി.ഐ(എം)നേതാവിനെ വിളിച്ചു സുല്ലു പറഞ്ഞു. അപമാനിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല. തന്റേതു സ്വകാര്യ സന്ദർശനം ആയിരുന്നു. എന്നാൽ അതേപ്പറ്റി തെറ്റിദ്ധാരണ വരും എന്നുതോന്നി പറഞ്ഞതാണ്. എന്നിട്ടും പലരും അടങ്ങിയില്ല. നടനെ ഇരുത്തിയേ അടങ്ങൂ എന്ന മട്ടിലാണ് പലരും പ്രതികരിച്ചത്. മമ്മൂട്ടിയോടു നേരത്തെ തന്നെ അല്പം കലിപ്പുള്ള സംഘ്പരിവാരക്കാരാണ് അവസരം മുതലാക്കിയത്. അവർ കണക്കു തീർത്തു. സി.പി.ഐ(എം) അണികൾ അതിനു പിന്തുണ നൽകുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോയി എന്നു കണ്ടാണ് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങി കൈരളി ചാനലിന്റെ ചെയർമാനോടു പരസ്യമായി മാപ്പു പറഞ്ഞത്. ആരും കൈരളിയെ സഹായിക്കാൻ ഇല്ലാത്തനേരത്തു മമ്മൂട്ടിയാണ് പൂർണ പിന്തുണ നൽകിയതെന്ന കാര്യം മരുമകൻ ഓർത്തില്ലെങ്കിലും മുഖ്യമന്ത്രിക്ക് മറക്കാനാവുമോ? 

മുഖ്യമന്ത്രി മാപ്പു പറഞ്ഞത് മമ്മൂട്ടിയോടാണെങ്കിൽ മന്തിസഭയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ഗണേഷ്‌കുമാർ സ്വന്തം ഭാര്യയോടാണ് മാപ്പു പറഞ്ഞത്. ഭാര്യ ഇല്ലാത്തനേരംനോക്കി മന്ത്രി സ്വവസതിയിൽ അല്പംനേരം പോക്ക് ഏർപ്പാടാക്കി. അത് ഭാര്യ കണ്ടുപിടിച്ചു ബഹളം ഉണ്ടാക്കി. സംഗതി പൊല്ലാപ്പായപ്പോൾ മന്ത്രിയുടെ കങ്കാണികൾ ഭാര്യയെ അല്പം കൈകാര്യം ചെയ്തു. പോലീസ് വന്നു. ആകെ കോലാഹലമായി. മന്ത്രിസ്ഥാനം  തെറിക്കും എന്ന് ഉറപ്പായപ്പോൾ ഗണേശനും എടുത്തു അവസാനത്തെ അടവ് അതായതു മാപ്പപേക്ഷ. അദ്ദേഹം ഭാര്യയുടെ സഹോദരിയെയും പിന്നെ ഭാര്യയെയും വിളിച്ചു കോംപ്രമൈസാക്കി. കയ്യിൽ നിന്നുപോയ മന്ത്രിസ്ഥാനം പിടിച്ചു നിർത്തുകയും ചെയ്തു.

അപ്പോൾ അതാണ് മാപ്പു പറച്ചിലിന്റെ ഗുണം. ഏതു പ്രതിസന്ധിയിലും  അതു കൃത്യമായ ഫലം ചെയ്യും. കുമ്പസാരംപോലും അതിനു അടുത്തൊന്നും എത്തില്ല. കുമ്പസാരം കാലാനുസൃതമായി പരിഷ്‌കരിക്കണം എന്ന് പള്ളിക്കാർക്കുതോന്നിയാൽ അതിനു അവരെ ഉപദേശിക്കാൻ പറ്റിയ വിദഗദ്ധരും അനുഭവസമ്പന്നരും നമ്മുടെ മന്ത്രിസഭയിൽ തന്നെയുണ്ട് എന്നത് മലയാളിയുടെ മറ്റൊരു ഭാഗ്യം. 

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam