ചോദ്യങ്ങൾ തീവ്രമാക്കി സ്വർണക്കൊള്ള കേസ്

MARCH 11, 2026, 8:40 AM

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൂടി ജാമ്യം ലഭിച്ചത് കേസിന്റെ കാര്യത്തിൽ പൊതുജനങ്ങളിൽ ജനിച്ച സംശയങ്ങൾ അരക്കിട്ടുറപ്പിക്കുന്ന സംഭവ വികാസമായി. കേരളത്തിനുമപ്പുറത്തേക്ക് ഏറെ ചർച്ച ചെയ്ത അതിസങ്കീർണ്ണമായ ക്രിമിനൽ കേസ് നിർണായകമായ ആദ്യ ഘട്ടം ഇതോടെ പിന്നിട്ടു. നിയമത്തിന്റെ സങ്കേതികതകൾക്കപ്പുറം ഈ കേസ് ഉയർത്തുന്ന അതീവ ഗൗരവതരമായ ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്.

ഭക്തിയുടെയും ഭരണത്തിന്റെയും ഇടനാഴികളിൽ എവിടെയാണ് സുതാര്യത നഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. കോടിക്കണക്കിനു രൂപയുടെ സ്വർണവും വെള്ളിയും കൈകാര്യം ചെയ്യുന്ന ഒരു സംവിധാനത്തിൽ ഇത്ര വലിയ സുരക്ഷാ വീഴ്ചയോ ക്രമക്കേടോ എങ്ങനെ സംഭവിച്ചുവെന്നത് അതിലേറെ വലിയ ചോദ്യമാണ്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്ര കേസ് പോലെ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതിയുടെ മുൻകാല നിരീക്ഷണങ്ങൾ ഈ കേസിലും പ്രസക്തമാവാൻ സാധ്യതയുണ്ട്. ഭക്തിയും രാഷ്ട്രീയവും ഭരണസംവിധാനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കേസിന്റെ ഭാവി ഇനി എന്താകുമെന്ന ആശങ്കയിലാണ് വിശ്വാസി സമൂഹം.

ഈ ക്രിമിനൽ കേസ് ഭാവിയിൽ ശബരിമലയുടെ ഭരണ സംവിധാനത്തിൽ കാതലായ മാറ്റങ്ങൾക്കു വഴിതെളിച്ചേക്കാമെന്നതാണ് ഭക്തജനങ്ങൾ ആശ്വാസം കൊള്ളുന്ന ഒരു കാര്യം. ക്ഷേത്രത്തിലെ സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഡിജിറ്റൽ സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യുന്ന രീതി നടപ്പിലാക്കാൻ ബോർഡ് നിർബന്ധിതമാകും. ഭക്തർ നൽകുന്ന കാണിക്കയും വഴിപാടുകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന തോന്നൽ മാറ്റിയെടുക്കുക എന്നത് ദേവസ്വം ബോർഡിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. അന്വേഷണം സുതാര്യമാണെന്നും പ്രതികൾ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്നും ഉറപ്പക്കേണ്ടത് സർക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്തമാണ്. നിയമം അതിന്റെ വഴിക്കു സഞ്ചരിക്കുമ്പോൾ ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഭരണപരമായ വലിയ അഴിച്ചുപണികൾ ആവശ്യമാണെന്ന യാഥാർഥ്യം ഈ കേസ് ഓർമിപ്പിക്കുന്നു.

vachakam
vachakam
vachakam

'എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന കുഞ്ചൻ നമ്പ്യാരുടെ വിമർശനം ഉണ്ടായത് പതിനെട്ടാം നൂറ്റാണ്ടിലാണ്. അതൊരു സാമൂഹിക വിമർശനമായിരുന്നു. ചുമതലക്കാർ എത്ര ജാഗരൂകരായിരിക്കണം എന്നതിലേയ്ക്കാണ് ഹാസ്യരൂപത്തിൽ നമ്പ്യാർ വിരൽ ചൂണ്ടിയത്. അമ്പലക്കൊള്ളയ്ക്ക് ഇന്നും അണുവിട മാറ്റം വന്നിട്ടില്ല. കട്ടുമുടിക്കുന്നത് ദേവസ്വം ബോർഡ് ഭരിക്കുന്നവരും അവരുടെ കൂട്ടരും ആണെന്ന് മാത്രം. അന്ന് എണ്ണയോ തിരിയോ നെല്ലോ ആണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സ്വർണം ഉരുക്കി ചെമ്പാക്കി മുക്കുന്ന രസതന്ത്രമായി അമ്പലക്കൊള്ള മാറി.

ജാമ്യം ലഭിച്ചതു പ്രതികൾക്കു താൽക്കാലിക ആശ്വാസമാണെങ്കിലും കുറ്റപത്രം സമർപിക്കുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കടുത്തതായിരിക്കും. അന്വേഷണം നീണ്ടുപോകുന്നത് സർക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുമെന്നു തീർച്ച. നിയമം അതിന്റെ വഴിക്കു പോകുന്നുവെന്ന് സ്ഥാപിക്കാൻ ഭരണപക്ഷവും ശ്രമിക്കും. ഭരണകക്ഷിയുടെ നോമിനികൾ പ്രതിക്കൂട്ടിലാകുമ്പോൾ അന്വേഷണ ഏജൻസികൾക്ക് എത്രത്തോളം സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമെന്ന ആശങ്കയും പൊതു സമൂഹത്തിനുണ്ട്. പുറത്തിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന വാദവും പ്രസക്തമാണ്.

നീതിന്യായ വ്യവസ്ഥയിൽ ജാമ്യം എന്നത് ഒരു അവകാശമാണെങ്കിലും ശബരിമലയിലെ അഴിമതി ആരോപണം ഭക്തലക്ഷങ്ങളുടെ വികാരത്തെ ബാധിക്കുന്ന ഒന്നാണ്. പ്രതികൾക്കു ജാമ്യം ലഭിച്ചതു തെളിവുകളുടെ അഭാവം കൊണ്ടല്ല. മറിച്ച് അന്വേഷണത്തിന്റെ ഒരു ഘട്ടം പൂർത്തിയായതു കൊണ്ടോ പ്രതികളെ തടങ്കലിൽ വയ്‌ക്കേണ്ട സാഹചര്യം ഇല്ലാത്തത് കൊണ്ടോ ആകാം. ഇനി പോലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിലെ ശാസ്ത്രീയ തെളിവുകളാണ് വിചാരണ വേളയിൽ നിർണായകമാവുക. ക്ഷേത്രം സ്വത്തുക്കൾ പൊതു സ്വത്തായി പരിഗണിക്കുന്നതിനാൽ വിചാരണ വേഗത്തിലാക്കാൻ കോടതികൾക്ക് അധികാരമുണ്ട്. പൊതുസേവകർ എന്ന നിലയിൽ നിർണ്ണായക സ്ഥാനത്തുള്ള പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന വകുപ്പുകൾക്കു കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരക്കേണ്ടി വരും. സാമ്പത്തിക ക്രമക്കേടുകൾ തെളിയിക്കാൻ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടുകളും അത്യാവശ്യം.

vachakam
vachakam
vachakam

ഉന്നത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും അഴിമതിയിൽ നേരിട്ട് പങ്കുണ്ടോയെന്നതും മേൽനോട്ടത്തിൽ വന്ന വീഴ്ചയാണോയെന്നതും തെളിയിക്കുക അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ്. സ്വർണത്തിന്റെ തൂക്കത്തിൽ വന്ന കുറവു കണ്ടെത്താൻ കൃത്യമായ റെക്കോഡുകളും ഓഡിറ്റ് റിപ്പോർട്ടുകളും അത്യാവശ്യമാണ്. സ്‌ട്രോങ് റൂമിലെ സി.സി.ടിവി ദൃശ്യങ്ങളും രജിസ്റ്ററുകളും കോടതിയിൽ എത്രത്തോളം നിർണായകമാകുമെന്നതു കണ്ടറിയണമെന്നു പറയുന്ന നിയമജ്ഞരാണ് കൂടുതലും. ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങൾ പ്രതിഭാഗം ആയുധമാക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി ശബരിമലയിൽ നടക്കുന്ന ഓഡിറ്റിങ് സംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ കേസ് തെളിയിക്കുന്നു. ദേവസ്വം ബോർഡിലെ രാഷ്ട്രീയ നിയമനങ്ങൾ ഇത്തരം അഴിമതികൾക്ക് വളമിടുന്നുവെന്ന കാര്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ആ കൊള്ള 'ദിവ്യം'

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗുരുതരമായ പിഴവുകളെപ്പറ്റി സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ വന്ന് കാലം കുറേ കഴിഞ്ഞിട്ടും സുരക്ഷ വർദ്ധിപ്പിച്ച് ഖജനാവിൽ നിന്നു വൻ തുക ചോരുന്നതല്ലാതെ ക്രമക്കേടിനു പിന്നിലെ വമ്പൻമാർക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നത് ജനങ്ങൾ വിസ്മയത്തോടെ ചർച്ച ചെയ്യുന്നു. ഒരു കണക്കും വ്യവസ്ഥയും ഇല്ലാത്ത അവസ്ഥയിലുള്ള ക്ഷേത്രത്തിലെ 25 വർഷത്തെ സമഗ്രമായ ഓഡിറ്റിങ് സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ ശേഷം മുൻ സി.എ.ജി വിനോദ് റായി നടത്തിയ കണ്ടെത്തലുകളിലും കാര്യമായ നടപടിയുണ്ടായില്ല.

vachakam
vachakam
vachakam

സുപ്രീം കോടതി ഉത്തരവ് വരെ എത്തിയ സംഭവ പരമ്പരകളുടെ തുടക്കം പത്മനാഭന് സ്വയം സമർപ്പിച്ച പരമഭക്തൻ ടി.പി. സുന്ദരരാജൻ എന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ 2007ൽ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ്. ക്ഷേത്രത്തിൽനിന്ന് 2.7 ടൺ സ്വർണമെങ്കിലും മോഷണം പോയതായി തനിക്ക് അറിവുണ്ടെന്നും അതിന് ഉത്തരവാദിയായ മുൻ രാജകുടുംബത്തെ ക്ഷേത്രഭരണത്തിൽനിന്ന് മാറ്റിനിർത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. അത് ആ കോടതി അംഗീകരിക്കുകയായിരുന്നു. മാത്രമല്ല, അതിനെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ നൽകിയ എല്ലാ അപ്പീലും തള്ളപ്പെട്ടു. സബ് കോടതിക്കുശേഷം, ജില്ലാ കോടതി, പിന്നീട് ഹൈക്കോടതി എന്നിവയും ഇപ്പോൾ സുപ്രീംകോടതിയും തീരുമാനിച്ചത് മുൻ രാജകുടുംബത്തെ മാറ്റിനിർത്താനാണ്.

സത്യം നേരിൽ കണ്ടപ്പോൾ നിലപാട് മാറ്റിയത് ഗോപാൽ സുബ്രഹ്മണ്യം മാത്രമല്ല. പ്രൊഫ. എം.ജി. ശശിഭൂഷൺ ആണ് മറ്റൊരു പ്രമുഖൻ. എക്കാലത്തും മുൻ രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തും ക്ഷേത്രനിലവറകൾ തുറന്നപ്പോൾ വന്ന ചർച്ചകളിലെല്ലാം അവരെ അതിശക്തമായി പിന്തുണച്ച ആളുമാണ് രാജകുടുംബവും ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറ്റവും അധികം പഠിക്കുകയും പുസ്തകമെഴുതുകയും ചെയ്ത ആ ചരിത്രകാരൻ. ക്ഷേത്രത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ അംഗവും ഇടക്കാലത്ത് തലവനും ആയിരുന്ന അദ്ദേഹം പറയുന്നു:

'ഈ കുടുംബത്തിൽ എനിക്ക് പൂർണവിശ്വാസമായിരുന്നു. പക്ഷേ, പരിശോധന സമിതിയിൽ അംഗമെന്ന നിലയ്ക്ക് കണ്ട കാര്യങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു. ആ ക്ഷേത്രത്തിൽ നിന്ന് നഷ്ടമായ അമൂല്യസ്വത്തുക്കളുടെ കഥ ഞെട്ടിപ്പിക്കുന്നതാണ്. 14-ാം നൂറ്റാണ്ടിലെ സംഗ്രാമധീര രവിവർമം സമർപ്പിച്ച രത്‌നപ്പാത്രം, പരാന്തക പാണ്ഡ്യൻ നൽകിയ പൊൻവിളക്കുകൾ, 16-ാം നൂറ്റാണ്ടിലെ ഒരു വെള്ളിവിഗ്രഹം, റെസിഡന്റ് ജോൺ മൺറോ നൽകിയ വർണക്കുടകളിലെ മരതകങ്ങൾ ഒക്കെ അപ്രത്യക്ഷമായിട്ടുണ്ട്. 1950 കൾ മുതലെങ്കിലുമാണ് ഇവ പോയത്. ഇതാണ് എന്നെ അമ്പരപ്പിച്ചതും ക്രമേണ എന്റെ നിലപാട് മാറ്റാൻ നിർബന്ധിതനാക്കിയതും. ഇതൊക്കെ ഞാൻ ഉത്രാടം തിരുനാളിനെ അറിയിച്ചു. പക്ഷേ, പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. അതുകൊണ്ട് ക്ഷേത്രത്തിൽനിന്ന് രാജകുടുംബം മോഷ്ടിച്ചെന്ന് ഞാൻ പറയില്ല. പക്ഷേ, അവർക്ക് അറിവുണ്ടായിരുന്നുവെന്ന് ഉറപ്പ്. ഞാൻ വിശ്വസിച്ചിരുന്ന പലതും തെറ്റായിരുന്നു. എന്നെ അത്യധികം വേദനിപ്പിച്ചതാണ് ഈ വിശ്വാസനഷ്ടം. സത്യം അറിഞ്ഞാലെങ്കിലും നിലപാട് തിരുത്തുക എന്നതാണ് പ്രാഥമികമായ കടമ'.

പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് കോടിക്കണക്കിനു രൂപ മൂല്യം വരുന്ന നിധി വസ്തുക്കൾ നഷ്ടമായതിനെപ്പറ്റി ഗോപാൽ സുബ്രഹ്മണ്യവും വിനോദ് റായിയും പ്രൊഫ. എം.ജി. ശശിഭൂഷണും നടത്തിയ കണ്ടെത്തലുകൾ നിർവീര്യമാകുന്ന അതേ ദുരവസ്ഥ ശബരിമല സ്വർണക്കൊള്ളക്കേസിന്റെ കാര്യത്തിലും സംഭവിക്കുമെന്നു കരുതുന്നു പൊതുസമൂഹം. ഒടുവിൽ എല്ലാം ഉണ്ണിക്കൃഷ്ണൻ പോറ്റിയിലേക്കു കേന്ദ്രീകരിച്ച് കോടതിയിൽ അപഹാസ്യമാകാൻ പ്രത്യേക പോലീസ് സംഘത്തിനാകുമോയെന്ന ചോദ്യവും വ്യാപകം. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഭരണമാറ്റം ഉണ്ടായാലും സ്ഥിതി വ്യത്യസ്തമാകില്ലെന്ന നിരീക്ഷണം ഉയർത്തുന്നു പലരും.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam