വോട്ടിനായി ജനഹൃദയങ്ങളിലേക്ക് തുരങ്കപ്പാത തീർക്കാൻ പരസ്യങ്ങളിലൂടെയുള്ള 'ബ്ലാസ്റ്റിംഗ്'?

MARCH 11, 2026, 8:57 AM

എന്തായാലും മലയാള മനോരമയെ സമ്മതിക്കണം. ഇടതുസർക്കാരിന്റെ നേട്ടപ്പാട്ടകൾ കൊട്ടുന്ന എല്ലാ പരസ്യങ്ങളും അവർ 'ജാക്കറ്റ്' രീതിയിലും ഉൾപ്പേജുകളിലുമെല്ലാമായി നൽകിവരുകയാണ്. ഇടതു സർക്കാർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച പല ജനപദങ്ങളുടെയും പരാതികളും വേവലാതികളും മനോരമയുടെ ലേഖകർ അന്വേഷിച്ച് കണ്ടെത്തി വാർത്തയാക്കി ഈ പരസ്യങ്ങളോടൊപ്പം ഏറ്റവും കൂടുതൽ വായനക്കാരുള്ള ആ പത്രത്തിൽ തന്നെ അച്ചടിച്ചുവരുന്നുമുണ്ട്. 'പരസ്യം ഇതാ, നിങ്ങളറിയാത്ത രഹസ്യം ഇതാ' എന്ന മട്ടിലാണ് മനോരമയുടെ നിയോ ജർണലിസം ഇപ്പോൾ മുന്നോട്ടു പോകുന്നത്. 

വയനാട് ദുരന്തത്തിനുള്ള സർക്കാരിന്റെ മറുപടി വയനാട്ടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപ്പാതയാണെന്ന മട്ടിലാണ് ഇപ്പോൾ സർക്കാർ പരസ്യങ്ങളുടെ പൊതുഗതി. അതായത് വൻ പരസ്യങ്ങളിലൂടെ 'ബ്ലാസ്റ്റിംഗ്' നടത്തി ജനഹൃദയങ്ങളിലേക്ക് തുരങ്കപ്പാതകൾ നിർമ്മിച്ചാൽ അതെല്ലാം വോട്ടായി മാറുമെന്ന പി.ആർ. ഗുരുക്കന്മാരുടെ ഉപദേശമാണ് ഇപ്പോൾ പിണറായി സർക്കാരിനെ നയിക്കുന്നതെന്ന് ചുരുക്കം.

ഇത്തരം വെടിക്കെട്ട് പരസ്യങ്ങൾ തന്നെയാണ് ബി.ജെ.പി.യും നൽകിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച മോദിവന്ന ദിവസം മനോരമയുടെ ആദ്യപേജിൽ വന്ന ജാക്കറ്റ് കവർ പരസ്യത്തിൽ 'വികസിത ഇന്ത്യയ്ക്കായി വികസിത കേരള' മെന്ന മുഖ്യ മുദ്രാവാക്യമാണുള്ളത്. പരസ്യങ്ങൾ നൽകി അച്ചടിമാധ്യമങ്ങളെയും ചാനലുകളെയും വരുതിയിലാക്കാൻ സി.പി.എം.ഉം ബി.ജെ.പി.യും മൽസരിക്കുകയാണിപ്പോൾ. ഈ പരസ്യപ്പോരിൽ ജനം ആരുടെ കൂടെ നിൽക്കുമെന്നതാണ് സുപ്രധാന ചോദ്യം.

vachakam
vachakam
vachakam

തെക്ക്  വടക്ക് സുധാകരന്മാർ!

സി.പി.എം.നെയും കോൺഗ്രസിനെയും വട്ടം കറക്കുന്ന സുധാകരന്മാരെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാതോരാതെ വർത്തമാനങ്ങൾ നിറയുന്നുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം സണ്ണിജോസഫിനായി ഒഴിഞ്ഞുകൊടുത്തപ്പോൾ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് രാഹുൽഗാന്ധി കെ. സുധാകരന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പുതിയ വാർത്തകൾ. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പി.മാർ മൽസരിക്കരുതെന്ന് ഹൈക്കമാൻഡ് സുഗ്രീവാജ്ഞ പുറപ്പെടുവിച്ചിരുന്നു. 

എന്നാൽ എസ്.എൻ.ഡി.പി.യുടെ പിൻബലത്തോടെ അടൂർ പ്രകാശും, രാഹുൽഗാന്ധിയുടെ മൗനസമ്മതത്തോടെ കെ.സി. വേണുഗോപാലും യഥാക്രമം അടൂരിലും ആലപ്പുഴയിലും മൽസരിക്കാൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷും, എം.കെ. രാഘവനും നിയമസഭകളിലേക്ക് മൽസരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതെല്ലാം അതിമോഹമാണെന്ന് ഹൈക്കമാൻഡിനറിയാം. പക്ഷെ അധികാരത്തോടുള്ള ചിലരുടെ ആക്രാന്തത്തിനും അത്യാർത്തിക്കും മരുന്നില്ലല്ലോ. ഇനി മാർച്ച് 13നേ കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുനരാരംഭിക്കൂ. അപ്പോൾ മാത്രമേ സ്ഥാനാർത്ഥികളുടെ ചിത്രം കൂടുതൽ വ്യക്തമാകൂ.

vachakam
vachakam
vachakam

ഇനി അമ്പലപ്പുഴയിലുള്ള ജി.സുധാകരന്റെ കാര്യം. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കസേര ഒഴിച്ചിട്ടിരുന്നുവെങ്കിലും ആ ചൂണ്ടയിൽ ജി.എസ്. കൊത്തിയില്ല. പഴയ തീപ്പൊരി നേതാവിന്റെ വീട്ടിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ അകലെ ഒരു റോഡ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ എന്തെങ്കിലും നീക്കം നടത്തുമെന്ന് മാധ്യമങ്ങളും പാർട്ടിക്കാരും പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി സുധാകരനെ കാണാതെ മടങ്ങിയതോടെ, അമ്പലപ്പുഴയിൽ സി.പി.എം. സ്ഥാനാർത്ഥിക്കെതിരെ ജി.എസ്. യു.ഡി.എഫ്. പിന്തുണയോടെ മൽസരിക്കുമെന്നാണ് ലേറ്റസ്റ്റ് പരദൂഷണം. 

അങ്ങനെ സംഭവിച്ചാൽ അമ്പലപ്പുഴയിൽ മൽസരിക്കാൻ തയ്യാറായി നിൽക്കുന്ന എം.ലിജുവിനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റുമത്രെ. കെ. ബാബു കോൺഗ്രസുകാരനാണെങ്കിലും എസ്.എൻ.ഡി.പി.യോട് ഏറെ ഉള്ളടുപ്പമുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ബാബു 'തൊട്ടു കാണിക്കുന്ന'  കോൺഗ്രസുകാരനായിരിക്കും തൃപ്പൂണിത്തറ സീറ്റ്. വൈപ്പിനിൽ നിന്ന് തൃപ്പൂണിത്തുറയിൽ മൽസരിക്കാനെത്തുന്ന കെ.എൻ. ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലെ പാർട്ടിക്കാർക്ക് അത്രയ്ക്കങ്ങ് ബോധിച്ചിട്ടുമില്ല.

സെക്രട്ടറിയേറ്റിൽ ചേരിമാറ്റം തുടങ്ങി!

vachakam
vachakam
vachakam

ആര് ഭരിച്ചാലും അവരോടൊപ്പം നിലകൊള്ളുന്ന തിരോന്തരം പയലുകളുടെ കാര്യം പണ്ടേ ഇതേ പംക്തിയിൽ എഴുതിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ജീവനക്കാർ അംഗങ്ങളായുള്ള സ്റ്റാഫ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണപക്ഷപാനൽ അതിദയനീയമായി പരാജയപ്പെട്ടത് ഇക്കഴിഞ്ഞ മാർച്ച് 8-ാം തീയതിയാണ്. ഈ തെരഞ്ഞെടുപ്പിൽ സി.പി.എം. രണ്ട് കാര്യങ്ങൾ മുൻകൂട്ടി ചെയ്തിരുന്നു. പിണറായിയുടെ രണ്ടാം സർക്കാരിന്റെ കാലത്ത് നിർത്തിവച്ച സർക്കാർ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി ഫെബ്രുവരി 19ന് പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയതായിരുന്നു ഇതിൽ ഒന്നാമത്തേത്. 

ബാങ്ക് വഴി ഭവനവായ്പയെടുക്കുന്നവർക്ക് സർക്കാർ 3.25 ശതമാനം സബ്‌സിഡി നൽകുമെന്ന നിർദ്ദേശമാകട്ടെ നടപ്പായതുമില്ല. സെക്രട്ടറിയേറ്റിൽ മൊത്തമുള്ളത് 5500 ജീവനക്കാരാണ്. ഇവരിൽ നിന്ന് 2200 പേരെ പാർട്ടി തന്നെ ഇടപെട്ട് സൊസൈറ്റിയിൽ അംഗമാക്കിയെങ്കിലും ഏകദേശം അതേ വോട്ട് വ്യത്യാസത്തിൽ തന്നെ ഭരണപക്ഷ പാനൽ തെരഞ്ഞെടുപ്പിൽ തോൽക്കുകയായിരുന്നു. 4974 പേർ വോട്ട് ചെയ്യാനെത്തിയിട്ടും എന്തേ ഇത്തരമൊരു തോൽവി എന്ന് ചിന്തിച്ച് തല മരവിച്ചിരിക്കുകയാണ് ഗോവിന്ദനും കൂട്ടരും.

സർക്കാർ ജീവനക്കാരുടെ അസംതൃപ്തി ഭരണയന്ത്രത്തെയാകെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഭരണപക്ഷ യൂണിയൻ അംഗങ്ങളുടെ 'മന്ദാകിനി സ്വഭാവം' പെട്ടെന്ന് മാറ്റിയെടുക്കാനാവില്ല. അതു മാത്രമല്ല, ഭരണ രംഗത്തെ ഈ മരവിപ്പ് ഇനിയുള്ള ഏതാനും നാളുകളിൽ സാധ്യമാവില്ലെന്ന് പാർട്ടിക്കറിയാം. അതുകൊണ്ടുതന്നെ ഭരണത്തിൽ മൂന്നാമൂഴം കിട്ടിയാൽ നിന്നെയെല്ലാം കാണിച്ചുതരാമെന്ന മട്ടിൽ മനക്കോട്ട കെട്ടി കാത്തിരിക്കുകയാണ് പാർട്ടിയണികൾ.


ചതിച്ചില്ലേ, എൻഡോസൾഫാൻ ദുരിതക്കാരെയും?

ദിവസേന പത്രങ്ങളിൽ തലൈവരുടെ പടം മാത്രം ഒട്ടിച്ചുവച്ച് വികസന വീമ്പ് പറയുന്ന സർക്കാർ എൻഡോസൾഫാൻ ദുരന്തബാധിതരെ പച്ചയ്ക്ക് വഞ്ചിച്ച കഥ പത്രങ്ങളിൽ കണ്ടു. എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി കാസർകോട് ജില്ലയിലെ മൂളിയാറിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ഉറക്കെ പ്രഖ്യാപിച്ച പുനരധിവാസ ഗ്രാമത്തിന്റെ ഇപ്പോഴത്തെ കഥ കേൾക്കണോ? ഒന്നാം പിണറായി സർക്കാർ 10 മാസം കൊണ്ട് ഈ പുനരധിവാസ ഗ്രാമം നിർമ്മിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 'സഹജീവനം സ്‌നേഹ ഗ്രാമം' എന്നൊരു ഉഗ്രൻ പേരും ഈ പദ്ധതിക്ക് നൽകിയിരുന്നു. 

എന്നാൽ 2020 ജൂലൈ 4ന് പണി തുടങ്ങിയ ഗ്രാമത്തിൽ അഞ്ചര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് 4.17 കോടി രൂപയുടെ പദ്ധതികളാണ്. ഈ ഗ്രാമ നിർമ്മിതിക്കായി 58 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടയിൽ പറഞ്ഞിരുന്നു. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോ തെറാപ്പി എന്നിങ്ങനെയുള്ള ചെറിയ തോതിലുള്ള ചികിത്സാ സൗകര്യങ്ങളേയുള്ളൂ. 2024ൽ മന്ത്രി ആർ. ബിന്ദു ഈ ഗ്രാമത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തെക്കുറിച്ചും വലിയവായിലേ വച്ചുകാച്ചിയിരുന്നു. 2 വർഷം കഴിഞ്ഞിട്ടും ഒറ്റ രൂപ പോലും ഈ പദ്ധതിക്കായി അനുവദിച്ചിട്ടില്ല. ഇപ്പോൾ 60 കുട്ടികൾ പരിമിതമായ ഈ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ കുട്ടികൾക്ക് സെന്ററുകളിലേക്ക് വരാൻ പ്രത്യേക ബസ് സർക്കാർ അനുവദിച്ചുവെങ്കിലും ഓടിത്തുടങ്ങിയിട്ടില്ല.


തല പൊളിക്കുന്ന വികസിത മോഡലുകൾ

ജല വിഭവവകുപ്പ് മന്ത്രിയായ റോഷി അഗസ്റ്റിൻ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായി മന്ത്രിസഭയിലുണ്ട്. കൊച്ചിയിലടക്കം നിർമ്മിച്ച വാട്ടർ ടാങ്കുകൾ വെള്ളം കയറ്റാനാവാത്തവിധം ഉപയോഗശൂന്യമായി കിടക്കുക്കുകയാണ്. കൊച്ചിയിൽ മാത്രം ഉപയോഗിക്കാത്ത 6 വാട്ടർ ടാങ്കുകളുണ്ട്. ഇതിൽ 3 എണ്ണത്തിൽ വല്ലപ്പോഴും കുറച്ച് വെള്ളം നിറയ്ക്കും. മറ്റ് മൂന്ന് ടാങ്കുകൾ കുളിയും നനയുമൊന്നുമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 11.5 കോടി രൂപ മുടക്കിയാണ് പശ്ചിമ കൊച്ചിയിലെ കരുവേലിപ്പടിയിൽ ടാങ്ക്  നിർമ്മിച്ചത്. രണ്ടര വർഷം മുമ്പായിരുന്നു ഉദ്ഘാടനം. 

പച്ചാളം, കലൂർ, തേവര വാട്ടർ ടാങ്കുകളുടെ അവസ്ഥയും ഇതൊക്കെത്തന്നെ. പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ കണക്ക് നോക്കിയാൽ ബിൽ ചെയ്യുന്നത് പകുതി മാത്രം വെള്ളത്തിനാണ്! അതായത് പമ്പ് ചെയ്യുന്ന പകുതി വെള്ളവും പാഴായിപ്പോകുകയാണ്. ഇതിനിടെ വാട്ടർ അതോറിറ്റി വരുമാനം കൂട്ടാൻ ചെറുതോണിയിലും പൈനാവിലും ഗസ്റ്റ് ഹൗസുകൾ നിർമ്മിച്ചുകഴിഞ്ഞു.

മാർച്ച് 15 നാണ് ഈ ഗസ്റ്റ് ഹൗസുകളുടെ ഉദ്ഘാടനം. രണ്ടിടത്തുമുള്ള വാട്ടർ ടാങ്കുകളുടെ മുകളിലും താഴെയുമായിട്ടാണ് ഗസ്റ്റ് ഹൗസുകൾ നിർമ്മിച്ചിട്ടുള്ളത്. പെരിയാറിൽ നിന്ന് കിട്ടുന്ന വെള്ളം തുള്ളിപോലും നഷ്ടപ്പെടുത്താതെ പമ്പ് ചെയ്തു ഉപഭോക്താവിന് നൽകിയാൽ മാത്രം മതി ജല അതോറിറ്റി ലാഭത്തിലെത്താൻ. അതിനൊന്നും മെനക്കെടാതെയുള്ള പുതിയ നിർമ്മിതികളിലൂടെയുള്ള 'തരികിട' നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കേന്ദ്ര സഹായത്തോടെയുള്ള 'അമൃത് പദ്ധതി' യുടെ നിർമ്മാണം കഴിഞ്ഞ ഒമ്പതു വർഷമായി ഈ മാറിമാറി വന്ന ഇടതുസർക്കാരുകൾ പൂർത്തിയാക്കിയിട്ടില്ല. ഇക്കാര്യം പുതിയതായി പുറത്തുവന്ന സിഎജി റിപ്പോർട്ടിലുണ്ട്.

'ണ്ട' എന്ന ഫോണ്ടും അക്ഷരത്തെറ്റുകളും

പണ്ട് അച്ചടിക്കുള്ള അക്ഷരങ്ങൾ ടൈപ്പുകളെന്നാണ് അറിയപ്പെട്ടിരുന്നത്. മരം കൊണ്ടും ലോഹം കൊണ്ടും നിർമ്മിച്ച ഈ 'ടൈപ്പുകൾ' പുതിയ തലമുറയ്ക്ക് പരിചിതമായിരിക്കില്ല. കമ്പ്യൂട്ടർ ടൈപ്പിംഗ് രംഗം പിടിച്ചടക്കിയതോടെ പഴയ ടൈപ്പുകൾ ഫോണ്ടുകൾ എന്നറിയപ്പെടാൻ തുടങ്ങി. ആദ്യമെല്ലാം പല കമ്പ്യൂട്ടറുകളിലും ഏറ്റവും കൂടുതൽ കാണാതെ പോകുന്ന അക്ഷരം 'ണ്ട' യാണ്. കശുവണ്ടി അഴിമതി എന്ന് ടൈപ്പ് ചെയ്താൽ 'ണ്ട' തെളിയാതെ പോകും. അതുപോലെ 'ആനവണ്ടി' എന്ന് ടൈപ്പ് ചെയ്താലും 'ണ്ട' മിസ്സിംഗാകും. ഇപ്പോൾ നടന്നുവരുന്ന പല വിവാദങ്ങളിലും അണ്ടിയും വണ്ടിയുമെല്ലാമുണ്ട്. അണ്ടി കോർപ്പറേഷന്റെ അഴിമതി അന്വേഷിക്കാൻ സി.ബി.ഐ.യ്ക്ക് സർക്കാർ അനുമതി നിഷേധിക്കുകയാണ്. അതുപോലെ അയ്യായിരം പ്രണയിനികളുള്ള വണ്ടി കോർപ്പറേഷന്റെ  മന്ത്രിയെക്കുറിച്ചും ഒരുപാട് വാർത്തകൾ വരുന്നുണ്ട്. അണ്ടിയാണെങ്കിലും വണ്ടിയാണെങ്കിലും 'ണ്ട' തെളിയണേയെന്നാണ് നാട്ടുകാരുടെ പ്രാർത്ഥന. അല്ലെങ്കിൽ മോഹൻലാലിന്റെ മണിച്ചിത്രത്താഴിലെ കഥാപാത്രം പറയുന്നതുപോലെ 'ഒന്നൊന്നര കിണ്ടി' യെന്ന മട്ടിൽ ജനം വണ്ടറടിച്ചു നിൽക്കും. സൂക്ഷിക്കണേ, വണ്ടറിനു മുണ്ട് ഒരു 'ണ്ട' !

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam