കണ്ണൂർ: നിലവിൽ സുരക്ഷാഭീഷണിയില്ലാത്ത രാഷ്ട്രീയ നേതാക്കൾക്ക് നൽകിയിരുന്ന പോലീസ് സുരക്ഷയും വസതികൾക്ക് മുന്നിലെ കാവലും പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. സംസ്ഥാനത്ത് പോലീസ് സംരക്ഷണയിൽ കഴിയുന്ന എല്ലാ നേതാക്കളുടെയും നിലവിലെ സുരക്ഷാഭീഷണി സംബന്ധിച്ച് വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ രഹസ്യാന്വേഷണവിഭാഗത്തിന് നിർദ്ദേശം നൽകി. ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂർ ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് പുറമെ അൻപതിലധികം രാഷ്ട്രീയ നേതാക്കളാണ് നിലവിൽ പ്രത്യേക പോലീസ് സുരക്ഷയിൽ കഴിയുന്നത്. സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
നേതാക്കൾക്ക് അനധികൃതമായി പോലീസ് സുരക്ഷയും ഗൺമാന്മാരെയും അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് മാറ്റിയെങ്കിലും കാവൽ നിൽക്കുന്ന പോലീസുകാരെ പിൻവലിച്ചിട്ടില്ല.
നിലവിൽ പോലീസ് സുരക്ഷയുള്ള പ്രമുഖ നേതാക്കൾ:
പിണറായി വിജയൻ: മുഖ്യമന്ത്രിയാകുന്നതിന് മുൻപ് തന്നെ സുരക്ഷയുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ആറ് പോലീസുകാരുടെ കാവലുണ്ട്.
പി. ജയരാജൻ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ അദ്ദേഹത്തിന് ഒരു ഗൺമാനും വീടിന് മുന്നിൽ നാല് പോലീസുകാരുടെ കാവലുമുണ്ട്.
എ.എൻ. ഷംസീർ: മുൻ സ്പീക്കറുടെ തലശ്ശേരിയിലെ വീടിന് മുന്നിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണുള്ളത്.
ഇ.പി. ജയരാജൻ: സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ അദ്ദേഹത്തിനും പ്രത്യേക പോലീസ് സംരക്ഷണം നൽകിവരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
