ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ചരിത്രപരമായ ആ കരാര്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. അതേ ഉക്രെയ്‌ന്റെ അപൂര്‍വ ധാതു സമ്പത്തില്‍ നിക്ഷേപം നടത്താന്‍ യുഎസിനെ അനുവദിക്കുന്ന യു.എസ്-ഉക്രെയ്ന്‍ റീ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കരാര്‍. യുദ്ധം തകര്‍ത്തെറിഞ്ഞ, ഉക്രെയ്‌ന്റെ ധാതുസമ്പത്തിന്മേല്‍ യു.എസിന് പാതി അവകാശം നല്‍കുന്നതാണ് നിര്‍ണായകമായ കരാര്‍. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് അമേരിക്കയും ഉക്രെയ്‌നും കരാറില്‍ എത്തിയത്.
യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ഉക്രെയ്ന്‍ ഉപപ്രധാനമന്ത്രി യൂലിയ സ്വിറിഡെന്‍കോയുമാണ് കരാറിലൊപ്പിട്ടത്. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരു സംയുക്ത നിക്ഷേപ ഫണ്ട് ഈ കരാറിലൂടെ നിലവില്‍ വന്നു. എന്നാല്‍ യുദ്ധാനന്തരം ഉക്രെയ്‌ന്റെ സുരക്ഷയെ സംബന്ധിച്ച ഉറപ്പൊന്നും കരാര്‍ വാഗ്ദാനം ചെയ്യുന്നുമില്ല.
ട്രംപ് പ്രസിഡന്റായി എത്തുന്നതിനു മുമ്പുവരെ റഷ്യയുമായുള്ള യുദ്ധത്തില്‍ ഉക്രെയ്‌നെ സാമ്പത്തികമായും സൈനികമായും ഏറ്റവും ശക്തമായി പിന്തുണച്ച രാജ്യമായിരുന്നു അമേരിക്ക. യുദ്ധത്തില്‍ ഉക്രെയ്‌ന് അമേരിക്ക നല്‍കിയ 50,000 കോടി ഡോളറിന്റെ സഹായത്തിനുള്ള പ്രതിഫലമായി, രാജ്യത്തിന്റെ ധാതുസമ്പത്തിന്റെ പാതി അവകാശം നല്‍കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഈ വര്‍ഷാദ്യം ധാതുക്കരാറില്‍ ഒപ്പുവെയ്ക്കാന്‍ യു.എസിലെത്തിയ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ഇതോടെ കരാര്‍ ഒപ്പിടാതെ മടങ്ങി. യുഎസ് സഹായത്തിന് സെലെന്‍സ്‌കി വേണ്ടത്ര നന്ദി കാണിച്ചില്ലെന്ന് ട്രംപ് ആരോപിക്കുക.ും ചെയ്തു.
റഷ്യക്കെതിരേ പ്രതിരോധം തീര്‍ക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നല്‍കണമെന്ന സെലെന്‍സ്‌കിയുടെ അഭ്യര്‍ഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പിന്നാലെ നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ നിലവില്‍ വരുന്നത്. കരാര്‍, യഥാര്‍ഥ തുല്യത ഉറപ്പാക്കുന്നതാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.
ഞെട്ടിക്കുന്ന ധാതുസമ്പത്ത്
നിര്‍ണായക ധാതുക്കളുടെ കലവറയാണ് ഉക്രെയ്ന്‍ എന്ന് നിസംശയം പറയാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹങ്ങളും ധാതുക്കളും ഉള്‍പ്പെടെയുള്ളവയുടെ വലിയ തോതിലുള്ള നിക്ഷേപം യുക്രൈനിലുണ്ട്. കല്‍ക്കരി, പ്രകൃതിവാതകം, ഇരുമ്പ്, മാംഗനീസ്, നിക്കല്‍, ടൈറ്റാനിയം, യുറേനിയം എന്നിവയുടെ ഉറവിടമാണ് യുക്രൈന്‍. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നിര്‍ണായക ധാതുക്കളുടെ ശേഖരം ആഗോളശേഖരത്തിലെ ഏകദേശം അഞ്ച് ശതമാനത്തോളം വരും. ഇതില്‍ ഫെറോഅലോയ്കള്‍, ടൈറ്റാനിയം, സിര്‍ക്കോണിയം, ഗ്രാഫൈറ്റ്, ലിഥിയം തുടങ്ങിയ ധാതുക്കളും ഉള്‍പ്പെടുന്നു. സമീപകാല കണക്കുകള്‍ പ്രകാരം യൂറോപ്പിലെ ഏറ്റവും വലിയ ടൈറ്റാനിയം നിക്ഷേപം യുക്രൈനിലാണ്.
ലോകത്തിലെ മൊത്തം ടൈറ്റാനിയം ശേഖരത്തിന്റെ ഏഴ് ശതമാനം വരുമിത്. രാജ്യത്തെ ലിഥിയം ശേഖരമാകട്ടെ വലിയ തോതില്‍ ഖനനം ചെയ്യപ്പെടാതെ കിടക്കുകയാണ്. ഇത് ഏകദേശം 500,000 ടണ്‍ വരുമെന്നാണ് കണക്കാക്കുന്നു. ബാറ്ററികള്‍, സെറാമിക്‌സ്, ഗ്ലാസ് എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ലിഥിയത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. യുക്രൈന്റെ ഗ്രാഫൈറ്റ് ശേഖരമാകട്ടെ ആഗോള ശേഖരത്തിന്റെ 20 ശതമാനം വരും.
ഇലക്ട്രോണിക്‌സ്, പ്രതിരോധം, എയ്റോസ്പേസ്, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകള്‍ക്ക് അത്യന്താപേക്ഷിതമായ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ശേഖരവും ഉക്രെയിനിലുണ്ട്. ഉക്രെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി നല്‍കുന്ന വിവരപ്രകാരം ടിവികളിലും മറ്റും ഉപയോഗിക്കുന്ന ലാന്‍ഥനം, സീറിയം, കാറ്റാടിയന്ത്രങ്ങളിലും ഇവി ബാറ്ററികളിലും ഉപയോഗിക്കുന്ന നിയോഡിമിയം, ആണവോര്‍ജം മുതല്‍ ലേസറുകള്‍ വരെ ഉപയോഗങ്ങളുള്ള എര്‍ബിയം, യിട്രിയം തുടങ്ങിയ അപൂര്‍വ ഭൗമ ധാതുക്കള്‍ ഉണ്ട്. ഈ ധാതുക്കളുടെ കാര്യത്തില്‍ നിലവില്‍ മേല്‍ക്കൈ ചൈനയ്ക്കാണ്.
യൂറോപ്യന്‍ യൂണിയന്‍ ധനസഹായത്തോടെയുള്ള ചില ഗവേഷണത്തില്‍ രാജ്യത്ത് സ്‌കാന്‍ഡിയം നിക്ഷേപമുണ്ടെന്നും സൂചിപ്പിക്കുന്നു. ലിഥിയം, ബെറിലിയം, മാംഗനീസ്, ഗാലിയം, സിര്‍ക്കോണിയം, ഗ്രാഫൈറ്റ്, നിക്കല്‍ തുടങ്ങിയവയുടെ പ്രധാന വിതരണക്കാരാകാന്‍ രാജ്യത്തിന് കഴിയുമെന്ന് ലോക സാമ്പത്തിക ഫോറം അഭിപ്രായപ്പെട്ടിരുന്നു. ഉക്രൈന്റെ പരിസ്ഥിതി-പ്രകൃതിവിഭവ സംരക്ഷണ മന്ത്രാലയവും ഉക്രെയ്‌നിയന്‍ ജിയോളജിക്കല്‍ സര്‍വേയും നല്‍കുന്ന കണക്കുകള്‍ പ്രകാരം അമേരിക്ക നിര്‍ണായക ധാതുക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 50 എണ്ണത്തില്‍ 22 എണ്ണം യുക്രൈനിലുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നിര്‍ണായക ധാതുപ്പട്ടികയിലുള്ള 34 എണ്ണത്തില്‍ 25 എണ്ണവും അവിടുണ്ട്.
2022-ലെ റഷ്യന്‍ അധിനിവേശത്തിന് മുമ്പ് ഉക്രെയ്‌നില്‍ 20,000-ഓളം ധാതു നിക്ഷേപങ്ങള്‍ കണ്ടെത്തിയിരുന്നു. ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന 120 ലോഹങ്ങളിലും ധാതുക്കളിലും 117 എണ്ണം ഉള്‍പ്പെടെയായിരുന്നു ഇത്. ഈ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും പര്യവേക്ഷണം ചെയ്യപ്പെടാത്തവയാണ്. റഷ്യന്‍ അധിനിവേശത്തിനു മുമ്പ് പോലും ആകെ നിക്ഷേപങ്ങളുടെ 15 ശതമാനം മാത്രമാണ് സജീവമായിരുന്നത്. യുദ്ധത്തിന് മുമ്പ് നിയോണ്‍ പോലുള്ള ശ്രേഷ്ഠ വാതകങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒരാളായിരുന്നു യുക്രൈന്‍. യുദ്ധത്തിന് മുമ്പ്, ഗാലിയത്തിന്റെ ലോകത്തിലെ അഞ്ചാമത്തെ വലിയ ഉത്പാദകരായിരുന്നു അവര്‍. കൂടാതെ, ചെമ്പ്, സിങ്ക്, വെള്ളി, ഈയം, നിക്കല്‍, കൊബാള്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള ലോഹങ്ങളുടെ വലിയ ശേഖരവും യുക്രൈനിലുണ്ട്. കല്‍ക്കരി, പ്രകൃതി വാതകം, ഇരുമ്പ്, മാംഗനീസ്, നിക്കല്‍, യുറേനിയം എന്നിവയുടെ വലിയ ശേഖരവും രാജ്യത്തുണ്ട്.
യുദ്ധം തകര്‍ത്ത ഖനനമേഖല
രാജ്യത്തിന്റെ ധാതുശേഖരത്തിന്റെ ഭൂരിഭാഗവും 'യുക്രൈനിയന്‍ ഷീല്‍ഡ്' എന്ന് വിളിക്കപ്പെടുന്ന മേഖലയിലാണ്. ഇവിടങ്ങളില്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ണായക സ്വാധീനമുണ്ട്. നിലവില്‍ യുക്രൈന്റെ ഏകദേശം 20 ശതമാനം പ്രദേശം കൈവശപ്പെടുത്തിയ റഷ്യ, രാജ്യത്തിന്റെ ലോഹവിഭവങ്ങളുടെ വലിയൊരു ശതമാനവും നിയന്ത്രിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2024-ന്റെ ആദ്യ പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ ലോഹവിഭവങ്ങളുടെ ഏകദേശം 40 ശതമാനം ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്തിന്‍ കീഴിലാണ്. രാജ്യത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപങ്ങളിലൊന്നായ ഷെവ്‌ചെങ്കോ ലിഥിയം അയിര് ഫീല്‍ഡ് റഷ്യന്‍ നിയന്ത്രിതപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ ഗണ്യമായ കല്‍ക്കരി ശേഖരത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള അധിനിവേശ പ്രദേശങ്ങളിലാണ്. യുദ്ധത്തിന് മുമ്പ് രാജ്യത്തിന്റെ സ്റ്റീല്‍ വ്യവസായത്തിന് ഊര്‍ജം നല്‍കിയിരുന്ന കല്‍ക്കരി നിക്ഷേപങ്ങളുടെ ഭൂരിഭാഗവും റഷ്യന്‍ അധിനിവേശത്തോടെ ഉക്രെന് നഷ്ടമായി.
പോക്രോവ്‌സ്‌ക് നഗരത്തിന് പുറത്തുള്ള കല്‍ക്കരി ഖനി ജനുവരിയില്‍ യുക്രൈന്‍ അടച്ചുപൂട്ടിയിരുന്നു. ഒന്ന് ഡൊനെറ്റ്‌സ്‌കിലും മറ്റൊന്ന് തെക്കുകിഴക്കന്‍ സപ്പോരിജിയ മേഖലയിലും. മധ്യ കിറോവോഹ്രാഡ് മേഖലയിലെ ലിഥിയം നിക്ഷേപങ്ങള്‍ യുക്രൈനാണ് നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ നയങ്ങള്‍, നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ കുറവ്, യുദ്ധം എന്നിവ കാരണം രാജ്യത്തെ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ പ്രധാനമായും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.
ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്' കരാര്‍
യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും യുക്രൈന്‍ ഉപപ്രധാനമന്ത്രി യൂലിയ സ്വിറിഡെന്‍കോയും ഒപ്പുവെച്ച കരാറിന്റെ കൃത്യമായ വ്യവസ്ഥകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരാര്‍ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്-യുക്രൈന്‍ റീ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിക്കും. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള പുനര്‍നിര്‍മാണ-നിക്ഷേപ നിധിയാണിത്. ഈ ഫണ്ട് ഇരുരാജ്യങ്ങളും തുല്യപങ്കാളിത്ത അടിസ്ഥാനത്തില്‍ സംയുക്തമായി കൈകാര്യം ചെയ്യും. രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള മൂന്നുപേര്‍വീതം ബോര്‍ഡ് അംഗങ്ങളായ കമ്പനിക്കാകും ഇതിന്റെ നിയന്ത്രണം. എണ്ണ, പ്രകൃതിവാതകം, യുറേനിയം, ലിഥിയം, ടൈറ്റാനിയം തുടങ്ങിയ അപൂര്‍വധാതുക്കള്‍ എന്നിവയുള്‍പ്പെടെ 57 വിഭവങ്ങളാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉക്രെനില്‍നിന്ന് പ്രകൃതിവിഭവങ്ങള്‍ വാങ്ങാനോ വാങ്ങാത്തപക്ഷം ആര്‍ക്ക് വില്‍ക്കണമെന്ന് തീരുമാനിക്കാനോ ഉള്ള പ്രാഥമിക അവകാശം യുഎസിനാണ്. അതിലൂടെ ലഭിക്കുന്ന പണത്തിന്റെ 50 ശതമാനം യുഎസ്-ഉക്രെയ്ന്‍ നിധിയിലേക്ക് പോകും. ആദ്യ പത്തുവര്‍ഷം ഈ നിധിയില്‍നിന്നുള്ള ലാഭം മുഴുവന്‍ ഉക്രെയ്‌ന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ഉപയോഗിക്കും. അതിനുശേഷം ലാഭം പങ്കിട്ടെടുക്കും.
ഫണ്ട് യുഎസും ഉക്രെയ്‌നും സംയുക്തമായി കൈകാര്യം ചെയ്യുമെങ്കിലും രാജ്യത്തിന്റെ വിഭവങ്ങളുടെ മേലുള്ള പൂര്‍ണ ഉടമസ്ഥാവകാശവും നിയന്ത്രണവും യുക്രൈന്‍ നിലനിര്‍ത്തും. എന്തൊക്കെ ധാതുക്കള്‍ എവിടെ നിന്നെല്ലാം ഖനനം ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്യും. ഉക്രെയ്‌ന് മുമ്പ് നല്‍കിയ സഹായം രാജ്യം തിരിച്ചടയ്ക്കേണ്ട കടമായി കരാര്‍ പരിഗണിക്കുന്നില്ല. പക്ഷേ, ആയുധങ്ങളും പരിശീലനവും ഉള്‍പ്പെടെയുള്ള ഭാവിയിലെ സൈനിക സഹായം ഫണ്ടിലേക്കുള്ള യു.എസ്. സംഭാവനയായി കണക്കാക്കുമെന്ന് ഇതില്‍ പറയുന്നു. അതായത്, ഭാവിയിലെ സഹായത്തിന് തുല്യമായ വിഭവസമ്പത്ത് യുക്രൈന്‍ കണ്ടെത്തേണ്ടി വരും. ഉക്രെയ്‌ന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനികളുടെ നടത്തിപ്പില്‍ ഈ കരാര്‍ മാറ്റം വരുത്തുന്നില്ല. മാത്രമല്ല, എല്ലാ പ്രകൃതി വിഭവങ്ങളും തുടര്‍ന്നും ഉക്രെയ്‌നിന്റെ സ്വത്തായി കണക്കാക്കപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്