അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തി സൈനികരെ കല്ലാക്കി മാറ്റി! സിഐഎ രേഖയുടെ വെളിപ്പെടുത്തല്‍ സത്യമോ?

APRIL 15, 2025, 10:44 AM

ഭൂമിയില്‍ അന്യഗ്രഹജീവികള്‍ വന്നുവെന്ന തരത്തില്‍ വിചിത്ര വെളിപ്പെടുത്തലുമായി യുഎസ് ചാരസംഘടന. സോവിയറ്റ് യൂണിയന്റെ സൈനികരെ അന്യഗ്രഹജീവികള്‍ കല്ലാക്കി മാറ്റിയെന്ന് 2000 ത്തില്‍ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖയില്‍ വെളിപ്പെടുത്തിയിരുന്നു. രേഖയുടെ ഒരുപേജ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

രഹസ്യ രേഖ പ്രകാരം സംഭവം ഉണ്ടായത് ശീതയുദ്ധകാലത്താണ്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണ് ഇക്കാര്യം സിഐഎ അറിയുന്നത്. ഇതേക്കുറിച്ച് വിശദീകരിക്കുന്ന റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെ 250 പേജുള്ള രേഖ ഉദ്ധരിച്ച് ഹോളോസ് ഉക്രെനി എന്ന ഉക്രെനിയന്‍ പത്രത്തിലും കാനഡയില്‍ നിന്നുള്ള വീക്ക്ലി വേള്‍ഡ് ന്യൂസിലേയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള സിഐഎ രേഖയിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഈ രേഖ പ്രകാരം 1989-ലോ 1990-ലോ ആണ് വിചിത്രമായ സംഭവം നടന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

സൈബീരിയയില്‍ വെച്ച് നടന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവമെന്ന് കെജിബി രേഖ പറയുന്നു. പരിശീലനത്തിനിടെയാണ് സോവിയറ്റ് സൈനികര്‍ താഴ്ന്നുപറക്കുന്ന പറക്കുംതളിക കാണുന്നത്. ഉടന്‍ സര്‍ഫസ്-ടു-എയര്‍ മിസൈല്‍ അതിനുനേരെ പ്രയോഗിക്കുന്നു. തുടര്‍ന്ന് തകര്‍ന്ന പറക്കുംതളികയില്‍ നിന്ന് അഞ്ച് ഉയരം കുറഞ്ഞ അന്യഗ്രഹജീവികള്‍ പുറത്തുവന്നു. വലിയ തലയും വലിയ കറുത്ത കണ്ണുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നതെന്ന് രേഖയില്‍ പറയുന്നു.

അഞ്ച് അന്യഗ്രഹജീവികളും ഒന്നിച്ച് ചേര്‍ന്ന് ഗോളാകൃതിയിലുള്ള ഒറ്റരൂപമായി മാറിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായും ഗോളം തീവ്രമായി പ്രകാശിക്കാനും ശബ്ദം മുഴക്കാന്‍ തുടങ്ങിയെന്നും. ആ നിമിഷം ഇതെല്ലാം കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന 23 സൈനികര്‍ കല്ലുകളായി മാറിയെന്നുമാണ് രഹസ്യ രേഖയിലെ വെളിപ്പെടുത്തല്‍.അതുമാത്രമല്ല, അന്യഗ്രഹജീവികളില്‍ നിന്ന് വന്ന പ്രകാശത്തില്‍ പെടാതിരുന്ന രണ്ട് സൈനികര്‍ മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പറയുന്നു.

കല്ലായി മാറിയ സൈനികരേയും തകര്‍ന്ന പറക്കുംതളികയേയും മോസ്‌കോയ്ക്ക് സമീപമുള്ള രഹസ്യ ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും . അവിടെയുള്ള ശാസ്ത്രജ്ഞര്‍ സൈനികരുടെ ശരീരം ചുണ്ണാമ്പുകല്ലുകളായാണ് മാറിയതെന്ന് കണ്ടെത്തിയെന്നും സിഐഎ രേഖയില്‍ പറയുന്നു. കെജിബിയുടെ രേഖയില്‍ ദൃക്സാക്ഷികള്‍ പറഞ്ഞതനുസരിച്ചുള്ള അന്യഗ്രഹജീവികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്നും സിഐഎ രേഖയില്‍ പറയുന്നു.

അതേസമയം സിഐഎ രേഖയിലെ വിചിത്രമായ സംഭവത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിന്റെ ആധികാരികതയെ കുറിച്ച് വിദക്തര്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

അന്യഗ്രഹജീവികള്‍ ഉണ്ടോ?

ഭൂമിക്ക് പുറത്ത് ജീവന്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ ധാരാളമുണ്ട്. നമ്മളേക്കാള്‍ മികച്ച നാഗരികതയും സാങ്കേതിക വിദ്യയും വികസിപ്പിച്ച ഒരു സമൂഹം മറ്റേതെങ്കിലും ഗ്രഹത്തിലുണ്ടെങ്കില്‍ അന്യഗ്രഹ ജീവനെ തിരയുന്ന ശ്രമങ്ങള്‍ നമ്മളെ തന്നെ അപകടത്തിലാക്കാനെ ഉപകരിക്കുവെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന വാദങ്ങള്‍. എന്നാലും അന്യഗ്രഹ ജീവനേപ്പറ്റിയുള്ള അന്വേഷണം തടയാന്‍ അത്തരം ഭയങ്ങള്‍ കാരണമായിട്ടില്ല.

ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ എത്തുന്നതും നമ്മളുമായി സൗഹൃദം സ്ഥാപിക്കുന്നതും നമ്മളുമായി യുദ്ധം ചെയ്യുന്നതുമൊക്കെ ഹോളിവുഡ് സിനിമകളില്‍ കണ്ട് വണ്ടറടിച്ചതല്ലാതെ അങ്ങനെയൊന്ന് സത്യത്തില്‍ സംഭവിച്ചാല്‍ എന്താകും ചെയ്യുക എന്ന് ആലോചിച്ചിട്ടുണ്ടോ? 2012ല്‍ അമേരിക്കയില്‍ കെല്‍ടണ്‍ റിസര്‍ച്ച് എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ അമേരിക്കയില്‍ മൂന്നിലൊരാള്‍ അന്യഗ്രഹജീവികളുണ്ട് എന്ന് വിശ്വസിക്കുന്നവരാണെന്നാണ് കണക്കുകള്‍. ചിലരാകട്ടെ കുറച്ചുകൂടി കടന്ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇടയ്ക്കിടെ വന്നുപോകാറുണ്ട് എന്ന് വിശ്വസിക്കുന്നവരുമാണ്.

അങ്ങനെയുള്ള ഒരു ലോകത്ത് അന്യഗ്രഹജീവികളുടെതായ സിഗ്‌നല്‍ ലഭിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്ത് എത്രയാകുമെന്ന് ഒരുറപ്പുമില്ല. മിക്ക രാജ്യങ്ങള്‍ക്കും അക്കാര്യത്തില്‍ ഒരു ധാരണയില്ല. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ ഒരു പ്രോട്ടോക്കോളും നിലവിലില്ല. അപ്പോഴെന്ത് ചെയ്യും? എന്നാല്‍ ലോകത്ത് ഏറ്റവും മികച്ച ബഹിരാകാശ ഏജന്‍സിയായി അറിയപ്പെടുന്ന അമേരിക്കയുടെ നാസയും അമേരിക്കയിലെ സെര്‍ച്ച് ഫോര്‍ എക്സ്ട്രാടെറെസ്ട്രിയല്‍ ഇന്റലിജന്‍സ് അഥവാ സെതിയും (SETI) അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്സ് അക്കാദമിയും ഒക്കെ ചേര്‍ന്ന് 2010ല്‍ ഇതിനൊരു മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. ഭൂമിയില്‍ നിന്ന് നാസയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്കില്‍ നിന്ന് അയച്ച ഏതെങ്കിലും ഒരു സിഗ്‌നല്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ പിടിച്ചെടുക്കുകയും അതിന് മറുപടി അയക്കുകയും ചെയ്താല്‍ എന്താണ് ചെയ്യുക.

ഇക്കാര്യത്തില്‍ മാര്‍ഗരേഖ അനുസരിച്ച് ഭൂമിക്ക് പുറത്തു പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് കിട്ടുന്ന ഒരു സിഗ്‌നലിനെ ശാസ്ത്രജ്ഞര്‍ അപഗ്രഥിക്കും. ഇത് വിവിധ രാജ്യങ്ങളുടേതായി ഭ്രമണപഥത്തിലുള്ള ഉപഗ്രങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും റേഡിയോ ട്രാന്‍സ്മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നോ ഉള്ള സിഗ്‌നലുകള്‍ ആണെങ്കില്‍ ആദ്യമേ തന്നെ തള്ളിക്കളയും.

എന്നാല്‍, ഇതൊന്നുമല്ലാതെ മനുഷ്യരുടേതല്ല എന്ന് സംശയിക്കുന്ന സിഗ്‌നലാണ് ലഭിച്ചതെങ്കില്‍ അത് പലവിധത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിന് ചിലപ്പോള്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ സമയമെടുത്തേക്കാം. ഏതെങ്കിലും പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മൂലമോ മറ്റേതെങ്കിലും വിദൂരമായ മനുഷ്യനിര്‍മിത പേടകങ്ങളില്‍ നിന്നുള്ളവയോ അല്ല അത്തരം സിഗ്‌നലുകള്‍ എന്ന് പലയാവര്‍ത്തി പരിശോധിച്ച് ഉറപ്പുവരുത്തും. തുടര്‍ന്ന് ഇത്തരം സിഗ്‌നല്‍ മറ്റ് സമാനമായ സ്ഥാപനങ്ങളുമായി പങ്കുവെച്ച് ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചതാണോയെന്ന് പരിശോധിക്കണം.

എന്നാല്‍ അന്യഗ്രജീവികളുടേതെന്ന് സ്ഥിരീകരിക്കുന്നതുവരെ ഈ വിവരങ്ങളെല്ലാം അതീവരഹസ്യമായിരിക്കും. ഇനി സിഗ്‌നല്‍ അന്യഗ്രഹജീവികളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ ആ വിവരം അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്സ് അക്കാദമി, അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഔദ്യോഗികമായി അറിയിക്കും. ഇനി അടുത്തപടിയായി അന്യഗ്രജീവികളുമായി ആശയവിനിമയം സ്ഥാപിക്കലാണ്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങും.

അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാനായാല്‍ അവരുമായുള്ള ആശയ വിനിമയത്തിന് നാസയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലേയും വിദഗ്ധരാകും അതിന് നേതൃത്വം കൊടുക്കുക. എന്നാല്‍ അന്താരാഷ്ട്ര ഏജന്‍സികളുമായും സര്‍ക്കാരുകളുമായും കൂടിയാലോചിച്ചതിന് ശേഷമേ ഇതിന് മുതിരുകയുള്ളൂ. അവസാനം ഇക്കാര്യം സ്ഥിരീകരിച്ച് വിവരം പ്രസ്താവനയിലൂടെ സര്‍ക്കാര്‍ സംവിധാനം വഴി പുറത്തുവിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam