കേരളത്തിൽ മഴ കുറഞ്ഞു. കർക്കിടകം പതിയെ കടന്നുപോകുകയാണ്. കുട്ടനാട്ടിലും മറ്റും പ്രളയജലം ഇറങ്ങിക്കഴിഞ്ഞു. മഴപ്പെയ്ത്തിന്റെ ദുരിതങ്ങൾ അകന്നുവെങ്കിലും, ജീവിതപ്രശ്‌നങ്ങളുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് സാധാരണക്കാർ.
രാഷ്ട്രീയത്തിൽ വിവാദങ്ങൾ ഒന്നൊന്നായി പൊന്തിവരുന്നുണ്ട്.
സ്വന്തം പാർട്ടി ഭരിച്ചപ്പോൾ മുഖ്യമന്ത്രി എതിർഗ്രൂപ്പുകാരനായതുകൊണ്ട് ഭരണമൊന്നാകെ തടയണ കെട്ടി സ്തംഭിപ്പിച്ച ചരിത്രം മുൻമുഖ്യമന്ത്രിക്കുണ്ട്. അന്ന് കെ.എൻ. ബാലഗോപാലായിരുന്നു പിണറായിയുടെ ചാരൻ. വി.എസിനെ വെള്ളം കുടിപ്പിക്കാൻ ഭരണമൊന്നാകെ സ്തംഭിപ്പിച്ചപ്പോൾ, ജനത്തിനുണ്ടായ ദുരിതമൊന്നും ആ പാർട്ടി സെക്രട്ടറി കണക്കിലെടുത്തില്ലെന്ന് അന്ന് പറഞ്ഞുകേട്ടിരുന്നു.
സെക്രട്ടറിയേറ്റിലെ ഏതൊരു ഫയൽ എടുക്കുമ്പോഴും, ഇപ്പോൾ അഴിമതിയുടെ ദുർഗന്ധം വമിക്കുന്നുണ്ട്. ഈ അഴിമതിക്കു മുഴുവൻ നേതൃത്വം നൽകിയ ഭരണാധികാരിയെന്ന നിലയിൽ മുൻ മുഖ്യൻ മാധ്യമങ്ങൾക്കു മുമ്പിൽ നിരന്തരം പ്രത്യക്ഷപ്പെട്ട് ജാമ്യമെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോൾ പോകാൻ മടിച്ച ചെറ്റക്കുടിലുകളിൽ പോലും ഇന്ന് അദ്ദേഹത്തിന്റെ നിരന്തര സാന്നിധ്യമുണ്ട്.
അഴിമതിയാരോപണങ്ങൾക്ക് ന്യായീകരണവും വിശദീകരണവും നൽകാൻ പഴയപോലെ സി.പി.എം. ലെ രണ്ടാംനിര നേതാക്കൾ തിരക്ക് കൂട്ടുന്നുമില്ല. യു.ഡി.എഫ്. സർക്കാരിനെ മുട്ടുകുത്തിക്കാനും താഴെയിറക്കാനുമുള്ള 'ശക്തിമാനാ'യി സ്വയം അവരോധിച്ചുകൊണ്ട് നടത്തുന്ന വാർത്താ സമ്മേളനങ്ങൾക്കാകട്ടെ പഴയ ഗുമ്മില്ല.
മരം മുറി, മാംഗോഫോൺ, മെസി...
എല്ലാം 'മ' മയമാണ്. മുട്ടിൽ മരം മുറിയായാലും, മാംഗോ മൊബൈൽ ഫോൺ നിർമ്മാണമായാലും മെസിയായാലും എല്ലാ തട്ടിപ്പിനും 'മ' യുടെ ചുവയുണ്ട്. പഴയ സ്‌പോർട്‌സ് മന്ത്രി നാല് വർഷം മെസി വരുമെന്നു പറഞ്ഞ് മലയാളികളെ കബളിപ്പിച്ചത്, പിണറായി വാർത്താ സമ്മേളനം വിളിച്ചുകൂട്ടി ന്യായീകരിക്കുകയുണ്ടായി. സ്‌പോർട്‌സ് മന്ത്രിക്ക് സ്‌പെയിനിൽ പോകാൻ കരാറെന്തിന് എന്ന പിണറായിയുടെ വിശദീകരണം അദ്ദേഹത്തിന്റെ 'തൊലിക്കട്ടി'യുടെ തനി 'കൊണം' കാട്ടി.
മന്ത്രി പിന്നെ കാളപ്പോര് കാണാനാണോ സ്‌പെയിനിൽ പോയതെന്ന് ചോദിക്കാൻ എന്തുകൊണ്ടോ വാർത്താലേഖകർ മുതിർന്നില്ല. ഖജനാവിൽ നിന്ന് 14 ലക്ഷം രൂപയാണ് മന്ത്രിപ്പടയുടെ യാത്രയ്ക്ക് ചെലവഴിച്ചത്. ഒരു ചാനലിന്റെ മേൽവിലാസവും, മലപ്പുറത്തുള്ള മന്ത്രിയുടെ ഒരു സ്‌നേഹിതയുടെ ഇമെയിൽ ഐഡിയും മാത്രമേ ഈ അഴിമതിയുടെ നാൾവഴി തെരയുമ്പോൾ നമുക്ക് കാണാൻ കഴിയുന്നുള്ളൂ. 126 കോടി രൂപ അമേരിക്കയിലെ ഒരു കമ്പനിക്ക് കൈമാറാൻ വെറും 1 ലക്ഷം മൂലധനമിറക്കി 20 ദിവസം കൊണ്ട് ഒരു കമ്പനി പടച്ചുണ്ടാക്കിയവരുടെ അതിബുദ്ധിയാണ് ഇപ്പോൾ ദുരുഹത നിറഞ്ഞനീക്കമായി മാറിയിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കാൻ നടത്തിയെന്നു പറയപ്പെടുന്ന ഈ ഇടപാടിൽ 26 കോടി രൂപ ജി.എസ്.ടി. അടയ്‌ക്കേണ്ടിയിരുന്നു. കാൽപ്പന്ത് പ്രേമികളായ കേരളീയരെ, പ്രത്യേകിച്ചും മലപ്പുറത്തുകാരെ പറഞ്ഞു പറ്റിച്ചതു മാത്രമല്ല മുൻമന്ത്രി അബ്ദുറഹിമാന്റെ കുറ്റം. സർക്കാർ സംവിധാനങ്ങൾ, ഒരു സ്വകാര്യ വ്യക്തിക്കോ വ്യക്തികൾക്കോ ലാഭമുണ്ടാക്കാൻ വേണ്ടി വിട്ടുനൽകിയെന്നത് മന്ത്രിയുടെ സത്യപ്രതിജ്ഞാലംഘനമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സി.പി.ജോണിന് എന്തുപറ്റിയാവോ?
ഗതാഗതവകുപ്പു മന്ത്രി സി.പി.ജോൺ തൊടുന്നതെല്ലാം അബദ്ധമായി മാറുകയാണോ? പ്രളയക്കെടുതികളിൽ ആശ്വാസമെത്തിക്കാൻ പോയ രണ്ട് വാഹനങ്ങൾ, അനധികൃതമായി 'മോഡിഫിക്കേഷൻ' നടത്തിയതിന് രണ്ട് എം.വി.ഡി.മാർ വാഹന ഉടമകൾക്ക് പെറ്റിയടിച്ചതിനെ തുടർന്ന് അവരെ മന്ത്രി സസ്‌പെൻഡ് ചെയ്യുകയുണ്ടായി. ഇതോടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ ചട്ടപ്പടി സമരം തുടങ്ങി. ഒടുവിൽ മന്ത്രി വഴങ്ങി. സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്തു.
യൂണിയൻകാരുടെ സമ്മർദ്ദ തന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ പാവം ചാണ്ടി ഉമ്മനും വാർത്തകളിലെത്തി. ചാണ്ടി ഉമ്മൻ സഞ്ചരിക്കുന്നത് സഹോദരി അച്ചു ഉമ്മന്റെ കാറിലാണ്. 47000 രൂപയാണ് ചാണ്ടി ഉമ്മന് ഗതാഗതവകുപ്പ് പിഴ ചുമത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിന്റെ പേരിലാണത്രെ. പിണറായി സർക്കാരിന്റെ കാലത്തും ഈ 'ട്രാഫിക് നിയമലംഘനം' മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടായിരുന
അന്നൊന്നും പ്രകടിപ്പിക്കാത്ത വീറും വാശിയും ഇപ്പോൾ മറയില്ലാതെ പ്രകടിപ്പിക്കുന്ന യൂണിയൻകാരേ, നിങ്ങളാണ് യഥാർത്ഥ രാജ്യസ്‌നേഹികൾ! എന്തായാലും ഇടതുപക്ഷ യൂണിയനുകൾ ഈ ഭരണകൂടത്തിന് സ്വസ്ഥത കൊടുക്കാതെ നോക്കാൻ ഏ.കെ.ജി. സെന്ററിലെ 'ഹോട്ട് ലൈൻ' നിരന്തരം ജാഗ്രത പുലർത്തുന്നുണ്ട്.
സഖാക്കളേ, 'സമരി' ക്കാൻ മറക്കല്ലേ...
പിണറായി ഭരിച്ച 10 വർഷത്തിനുള്ളിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും കുടിശ്ശികയായി. ഈ കുടിശ്ശിക തീർക്കാൻ 30,000 കോടി രൂപയെങ്കിലും പുതിയ സർക്കാർ കണ്ടെത്തേണ്ടിവരും. ഭരണം നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടായതോടെ ഇടതുസർക്കാർ പുതിയ ശമ്പളപരിഷ്‌ക്കരണ കമ്മീഷനെ പ്രഖ്യാപിച്ചുകൊണ്ട് പടിയിറങ്ങുകയായിരുന്നു. എന്തിന് ക്രൈസ്തവ ക്ഷേമത്തിനായി നിയോഗിച്ച ജെ.ബി. കമ്മീഷൻ റിപ്പോർട്ടും നടപ്പാക്കാൻ വേണ്ടി പുതിയ സർക്കാരിന്റെ തലയിൽവച്ചു കൊടുക്കുകയായിരുന്നു പിണറായി ചെയ്തത്.
അധികാരത്തിലേറി മൂന്ന് മാസങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പേ ഇടതുപക്ഷ യൂണിയനുകൾ സമരകാഹളവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഡി.എ., ഡി.ആർ കുടിശ്ശിക നൽകണം, ലീവ് സറണ്ടർ പുനഃസ്ഥാപിക്കണം, സ്ഥലം മാറ്റം പാടില്ല തുടങ്ങിയ ഡിമാൻഡുകൾ ഇടതു യൂണിയനുകൾ മുന്നോട്ടുവെച്ചു കഴിഞ്ഞു. പ്രളയക്കെടുതികളിൽ വലയുമ്പോൾ, ഓഫീസുകൾ വിട്ടിറങ്ങി തെരുവിൽ അവർ പ്രകടനം നടത്തുന്നതും നാം കണ്ടു.
കഴിഞ്ഞ വ്യാഴാഴ്ച (ആഗസ്റ്റ് 6) യായിരുന്നു യൂണിയൻകാർ ബാനറും പൊക്കിപ്പിടിച്ച് തലസ്ഥാനത്ത് പ്രകടനം നടത്തിയത്. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ നിന്നും സൗത്ത് ബ്ലോക്കിലേക്കും മറ്റുമുള്ള സ്ഥലം മാറ്റത്തിനെതിരേ ഈ ജീവനക്കാർ നടത്തുന്ന സമരത്തെ എന്ത് പേരിട്ടാണ് നാം വിളിക്കുക?
അമ്പോ ട്രാൻസ്ഫർ പീഡനമോ?
പിണറായിയുടെ ഭരണകാലത്ത് പ്രതിപക്ഷ യൂണിയനുകളിൽ പെട്ടവരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റം സർക്കാരിന്റെ അവകാശമാണെന്നിരിക്കെ പ്രതിപക്ഷ യൂണിയനുകൾ ഈ 'കൊടും ക്രൂരത' യ്‌ക്കെതിരെ മൗനം പാലിച്ചു. ഇപ്പോൾ അതേ പിണറായി സഖാവ് സർക്കാർ ജീവനക്കാരെ പുതിയ സർക്കാർ സ്ഥലം മാറ്റി ദ്രോഹിക്കുന്നുവെന്ന ആരോപണവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ അവിചാരിത മരണമാണ് പിണറായി 'സ്ഥലം മാറ്റ പീഡന' ത്തിനായി വാർത്താ ലേഖകർക്കു മുമ്പിൽ അവതരിപ്പിച്ചത്. കാസർകോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥ ദീപാ ലേഖ ജോലി സ്ഥലത്തുവച്ച് കുഴഞ്ഞുവീണ് മരിക്കുകയുണ്ടായി. ഈ സംഭവത്തിന്റെ പേരിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നരഹത്യയ്ക്ക് കളക്ടർക്കെതിരെ കേസെടുക്കണമെന്ന് അലമുറയിട്ട് പറഞ്ഞാണ് വാർത്താ ലേഖകർക്ക് മുമ്പിൽ എത്തിയത്. എന്നാൽ ദീപാ ലേഖയുടെ സ്ഥലം മാറ്റത്തിന്റെ ഉത്തരവ് വന്നത് മെയ് 12 നാണെന്നും, കളക്ടറേറ്റിലെ ഒന്നാം നിലയിലെ ഓഫീസിൽ നിന്ന് മൂന്നാം നിലയിലേയ്ക്കാണ് അവരെ മാറ്റിയതെന്നും, ഇതെല്ലാം പിണറായി മുഖ്യമന്ത്രിയായിരിക്കെ സംഭവിച്ചതാണെന്നും സർക്കാർ രേഖയിലുണ്ട്.
ആശാ ലതയെന്ന സർക്കാർ ഉദ്യോഗസ്ഥയുടെ ആത്മഹത്യയുടെ പേരിലും ഈ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കണ്ണൂർ സി.പി.എം. പാടുപെടുന്നത് കേരളം കണ്ടു. സി.പി.എം. യൂണിയനായ എൻ.ജി.ഒ. യൂണിയന്റെ ജില്ലാ കൗൺസിൽ അംഗമായിരുന്ന ആശാലതയുടെ ഭർത്താവ് ഗൾഫിലാണ്. വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കുന്നുവെന്ന് ആശാലത പൊലീസിനു നൽകിയ മരണമൊഴിയിലുണ്ട്. എം.എ., ബി.എഡ് ബിരുദങ്ങളുള്ള ആശാലതയുടെ സഹോദരനും ഇതേ രീതിയിൽ തന്നെ ആത്മഹത്യ ചെയ്തിരുന്നു.
മറക്കല്ലേ, മനു തോമസിനെ...
കണ്ണൂരിലെ പാർട്ടി സമൂഹവിരുദ്ധരുടെ കൈപ്പിടിയിലാണെന്ന ആരോപണമുയർത്തിയ മനു തോമസ് ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായിരുന്നു. തീ പാറുന്ന പ്രസംഗങ്ങൾക്ക് പാർട്ടിയിലെ യുവതയുടെ പ്രിയങ്കരനായിരുന്ന മനുവിനെ അന്ന് പാർട്ടി നേതാക്കളെല്ലാം തള്ളിപ്പറഞ്ഞു. മനുവിനെ തട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും, ആ യുവനേതാവിനെ തൊടാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
പാർട്ടി സ്വർണ്ണ കള്ളക്കടത്തുകാരുടെ പിടിയിലാണെന്നും, പല സീനിയർ നേതാക്കളും ഈ കൊള്ളയിൽ പങ്കു പറ്റുന്നവരാണെന്നുമുള്ള മനുവിന്റെ ആരോപണം അന്ന് ഇ.പി.ജയരാജൻ പോലും തള്ളിപ്പറയുകയുണ്ടായി.
ഇപ്പോൾ പൊലീസ് ഓടിച്ചിട്ട് പിടിച്ച അർജുൻ ആയങ്കിയും കൂട്ടരുമായിരുന്നു മനു തോമസ് ചൂണ്ടിക്കാണിച്ച സമൂഹവിരുദ്ധർ. അന്ന് അർജുനെയും ആകാശ് തില്ലങ്കേരിയെയും ഇപ്പോൾ പരോക്ഷമായി പാർട്ടി തള്ളിപ്പറയുകയാണ്. മനു തോമസ് അന്ന് നൽകിയ മുന്നറിയിപ്പ് പാർട്ടി ഗൗനിക്കാതെ പോയതിന് പാർട്ടി ഇനി വലിയ പിഴയിടേണ്ടിവരും.
റിംഗ്‌റോഡ്, ശബരിറെയിൽ...
കിടപ്പാടങ്ങളിൽ കുറ്റിയടിച്ച് ജനങ്ങളെ വട്ടം ചുറ്റിക്കുന്ന പരിപാടിയിൽ നിന്ന് ഇനിയെങ്കിലും ഭരണകൂടങ്ങൾ പിൻവാങ്ങണം. അത്രത്തോളം ജനങ്ങൾ ദുരിതമനുഭവിക്കുകയാണിപ്പോൾ. നാലു വർഷം മുമ്പാണ് വിഴിഞ്ഞത്ത് റിംഗ് റോഡ് നിർമ്മാണത്തിനായി 6500 ഓളം കുടുംബങ്ങളിൽ നിന്ന് അവരുടെ ആധാരങ്ങളും ഭൂമി സംബന്ധിച്ച രേഖകളുമെല്ലാം സർക്കാർ കൈക്കലാക്കിയത്.
ഇതോടെ സ്വന്തം ഭൂമിയുടെ ക്രയവിക്രയം തടസ്സപ്പെട്ട അവസ്ഥയിലായി ജനം. ഇപ്പോൾ താമസിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണികൾ പോലും നടത്താനാവാത്ത ഗതികേടിൽ നട്ടം തിരിയുകയാണ് പദ്ധതി പ്രദേശത്തുള്ളവർ. സാധാരണക്കാരും, ദരിദ്രരുമായവരാണ് ഇവിടെയുള്ള പലരും.
വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സർക്കാരിന് ലാഭം കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, വിഴിഞ്ഞത്തേയ്ക്കുള്ള ഗതാഗതം സുഗമമാക്കാൻ ഉതകുന്ന 'റിംഗ് റോഡ്' പദ്ധതിക്ക് എന്തുകൊണ്ട് കേന്ദ്രം അനുമതി തടഞ്ഞുവച്ചിരിക്കുന്നുവെന്നതിന് ആർക്കും ഉത്തരമില്ല. ഇന്ന് (ബുധൻ) ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിംഗ് റോഡ് പദ്ധതി സംബന്ധിച്ച ഒരു പരമ്പര ടെലികാസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലും നടപടിയുണ്ടാകുമെന്നു ആശ്വസിക്കുകയാണ് പദ്ധതി പ്രദേശത്തുള്ളവർ എല്ലാം തന്നെ.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
