ദില്ലി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു.
പാക്കിസ്ഥാനുമായി യുദ്ധമുണ്ടായപ്പോള്‍ പോലും സ്വീകരിക്കാത്ത കര്‍ശന നടപടിയാണ് സിന്ധു നദീജല കരാറിന്‍റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.
കിഴക്കൻ പാകിസ്ഥാനിൽ കൃഷി, കുടിവെള്ളം, വൈദ്യുതോൽപ്പാദനം തുടങ്ങി പല ആവശ്യങ്ങൾക്കും പ്രധാനമാണ് സിന്ധു നദീജല കരാർ. ഇതിൽ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക്കിസ്ഥാൻ്റെ കുടിവെള്ളം മുട്ടും. കടുത്ത വരള്‍ച്ചയിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും വരെ പാക്കിസ്ഥാനെ തള്ളിവിട്ടേക്കും.
സ്വാതന്ത്ര്യാനന്തരം തുടങ്ങിയതാണ് സിന്ധുനദീജലതര്‍ക്കം. പലതവണ ചര്‍ച്ച നടത്തിയശേഷം 1960 സെപ്റ്റംബര്‍ 19 ന് ലോകബാങ്ക് മധ്യസ്ഥതയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഉടമ്പടിയില്‍ ഒപ്പുവച്ചു. സിന്ധു നദിയുടെ ഭാഗമായ കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും എന്നതായിരുന്നു കരാര്‍. പാക്കിസ്ഥാന് 99 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവുമാണ് ലഭിച്ചിരുന്നത്. പാക്കിസ്ഥാന്‍റെ പ്രധാന ജലസ്രോതസും ഈ മൂന്ന് നദികളാണ്.
68 ശതമാനംപേരും ജലസേചനത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഉടമ്പടി മരവിപ്പിക്കുന്നത് പാക്കിസ്ഥാന്‍റെ കാര്‍ഷിക മേഖലയെ വന്‍ തോതില്‍ ബാധിക്കുമെന്നുറപ്പ്. വിളവെടുപ്പ് കുറയുമ്പോള്‍ സ്വാഭാവികമായും ഭക്ഷ്യക്ഷാമമുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് കാര്‍ഷികമേഖലയിലെ തിരിച്ചടി ഇരട്ടിപ്രഹരമാകും.
അതേസമയം നദി കടന്നുപോകുന്ന പ്രദേശത്ത് ഏതെങ്കിലും നിർമ്മാണ പദ്ധതികൾ ആലോചിക്കുന്നെങ്കിൽ അക്കാര്യം ഇരു കക്ഷികളും പരസ്പരം അറിയിക്കണമെന്നാണ് ധാരണ. അത്തരം ജോലികളെക്കുറിച്ചുള്ള ഡാറ്റയും നൽകണം. നേരത്തെ പല തർക്കങ്ങളും ഉണ്ടായപ്പോഴും സിന്ധു നദീജല കരാറിൽ ഇന്ത്യ കൈവച്ചിരുന്നില്ല. 1965ലെ യുദ്ധകാലത്തും ഈ കരാർ പ്രകാരമുള്ള ജലവിതരണം തടസപ്പെട്ടില്ല.
ഈ കരാർ പ്രകാരം തർക്കങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ പ്രത്യേക കമ്മീഷനും ആർബിട്രേഷൻ കോടതിയും നിലവിലുണ്ട്. കരാർ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവിൻറെ അടക്കം പശ്ചാത്തലത്തിൽ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. ഈ കരാറാണ് ഇപ്പോൾ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്