കൊല്ലം: കൊല്ലം സിറ്റി പോലീസിന്റെ 'സുരക്ഷിത തീരം' പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ബംഗ്ലാദേശ് സ്വദേശിയായ പരിമൽ ദാസ് (21) പോലീസിന്റെ പിടിയിലായത്. ആയിരത്തി മുന്നൂറോളം അതിഥി തൊഴിലാളികളെയാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ മൽസ്യബന്ധന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി കൊല്ലം സിറ്റി പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് സുരക്ഷിത തീരം.
പരവൂർ മുതൽ ഓച്ചിറ വരെയുള്ള കടലോര മേഖലകളിലെ മത്സ്യബന്ധന മേഖലകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്തു വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണിത്. അതിഥി തൊഴിലാളികളെക്കുറിച്ച് സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നേതൃത്വത്തിൽ തീരദേശ പോലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് 'സുരക്ഷിത തീരം' പദ്ധതി നടപ്പിലാക്കി വരുന്നത്.
തൊഴിലാളികളുടെ താമസസ്ഥലം, വിലാസം, തൊഴിലുടമകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കേന്ദ്രീകൃത സംവിധാനത്തിൽ സൂക്ഷിക്കും. ആധാർ വെരിഫിക്കേഷനും ബയോമെട്രിക് മെഷീനുകളും ഇതിനായി ഉപയോഗിക്കും. ബോട്ടുകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനും തീരദേശ സുരക്ഷ ശക്തമാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനും ഈ പദ്ധതി സഹായിക്കും
പിടിയിലായ ബംഗ്ലാദേശ് സ്വദേശിയെ ചോദ്യം ചെയ്തതിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ബംഗാളിൽ പ്രവേശിച്ച് അവിടെ നിന്നും വ്യാജ വിലാസത്തിൽ ഏജൻറ്മാർ വഴി ആധാർ എടുത്തതാണെന്ന് വ്യക്തമായി. വ്യാജ ആധാർ എടുക്കാൻ സഹായിച്ച ഏജന്റിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ചതിനും ഫോറിനേഴ്സ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ വ്യാപക പരിശോധനയ്ക്കാണ് സിറ്റി പോലീസ് പദ്ധതിയിടുന്നത്. ശക്തികുളങ്ങര ഐ എസ്.എച്ച്.ഒ ആർ രതീഷ്, എസ്.ഐ ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റിമാൻഡിൽ ആയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ഇത്തരത്തിൽ മറ്റാരൊക്കെ കൊല്ലം തീരത്ത് ഉണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ആധാർ എടുക്കാൻ സഹായിച്ചവരെയും അറസ്റ്റ് ചെയ്തു തുടരന്വേഷണം നടത്തണമെന്നും കൊല്ലം എ.സി.പി എസ്.ഷെരീഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്