ബാങ്കോക്കില്‍ നിന്ന് ട്രോളി ബാഗില്‍ 11.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മുന്‍ മിസിസ് കേരള റണ്ണറപ്പ് മുംബൈയില്‍ അറസ്റ്റില്‍

JUNE 12, 2026, 7:58 PM

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ 11.82 കോടി രൂപ വിലമതിക്കുന്ന അതീവ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വയനാട് സ്വദേശിനിയായ യുവതി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. 2025 ലെ മിസ്സിസ് കേരള ഗ്ലോബല്‍ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പും സ്വകാര്യ ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജരുമായ വയനാട് മാനന്തവാടി പുതുശേരി സ്വദേശി ഹര്‍ഷ സണ്ണി (29) ആണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെയും കസ്റ്റംസിന്റെയും സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്.

ജൂണ്‍ 10 ന് രാത്രി ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണങ്ങള്‍ക്കിടെ യാത്രക്കാരുടെ പ്രൊഫൈലിങ് പരിശോധനയിലാണ് ഇവരുടെ യാത്രാ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തി വിശദമായി പരിശോധിക്കുകയായിരുന്നു.

ഹര്‍ഷയുടെ വ്യക്തിപരമായ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും, ഇവരുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ബാഗിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച നിലയില്‍ വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകള്‍ ഉണ്ടായിരുന്നു. പാക്കറ്റുകള്‍ തുറന്നപ്പോള്‍ കഞ്ചാവിന്റെ കടുത്ത ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്' കിറ്റ് ഉപയോഗിച്ച് നടത്തിയ രാസ പരിശോധനയിലാണ് ഇത് പ്രീമിയം വിഭാഗത്തില്‍പ്പെട്ട ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.

പിടിച്ചെടുത്ത ലഹരി മരുന്നിന് 11.82 കിലോയിലധികം തൂക്കമുണ്ട്. എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഹര്‍ഷയെ മുംബൈ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം ഹര്‍ഷ സണ്ണിയെ രാജ്യാന്തര ലഹരി മാഫിയ ചതിയില്‍പ്പെടുത്തിയതാണെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പ്രഭാകര്‍ ത്രിപാഠി കോടതിയില്‍ വാദിച്ചത്. നെയില്‍ ആര്‍ട്ട്, മോഡലിങ് മേഖലകളിലെ പ്രൊഫഷണല്‍ സാധ്യതകള്‍ തേടാനും വിനോദയാത്രയ്ക്കുമായാണ് ഹര്‍ഷ ബാങ്കോക്കില്‍ പോയത്. അവിടെ വെച്ച് പരിചയപ്പെട്ട ഒരാള്‍ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം ഇന്ത്യയിലുള്ള തന്റെ കുടുംബത്തിന് നല്‍കാനായി വിമാനത്താവളത്തില്‍ വെച്ച് അവസാന നിമിഷം ഒരു ബാഗ് കൈമാറുകയായിരുന്നു എന്നാണ് ഹര്‍ഷയുടെ വാദം. ബാഗിനുള്ളില്‍ ലഹരിമരുന്നാണെന്ന് ഹര്‍ഷയ്ക്ക് അറിയില്ലായിരുന്നു എന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

എന്നാല്‍, ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരിക്കടത്ത് ശൃംഖലയിലെ ക കണ്ണിയാണോ ഇവരെന്ന കാര്യമാണ് കസ്റ്റംസും പൊലീസും അന്വേഷിക്കുന്നത്. ഈ ലഹരിമരുന്ന് മുംബൈയിലേക്കാണോ അതോ കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണോ കൊണ്ടുവന്നത് എന്ന് കണ്ടെത്താന്‍ അന്വേഷണ സംഘം ഹര്‍ഷയുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും ബാങ്കോക്കിലെ സന്ദര്‍ശന വിവരങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam