വെനിസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ സൈനിക നടപടിയും അവിടുത്തെ ഭരണാധികാരിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടി നാടു കടത്തി എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ലാറ്റിനമേരിക്കയ്ക്കും അപ്പുറത്തേക്കും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
കാരക്കാസുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാലമായി സന്തുലിതമായ ഒരു ബന്ധം ഉണ്ട്. എന്നാല്‍ നിലവിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വെനിസ്വേലയുമായും ലാറ്റിനമേരിക്കയുമായുള്ള ബന്ധത്തെ പുനപരിശോധിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കും. വെനിസ്വേലക്കും പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കുമെതിരെ വന്‍ തോതില്‍ വിജയകരമായി ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ ക്രമസമാധാന പാലന സംഘങ്ങളുടെ കൂട്ടായ്മയിലാണ് ഇത് സാധ്യമായതെന്നും ട്രംപ് സ്വന്തം സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
ആഗോള ദക്ഷിണ മേഖലയുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ പ്രതിസന്ധി വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പരമാധികാരം, അധിനിവേശം വളര്‍ന്ന് വരുന്ന ഒരു രാജ്യത്തെ തകര്‍ക്കാനായി രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ മാറ്റി വരച്ച് കൊണ്ട് സൈന്യത്തെ ഉപയോഗിക്കല്‍ തുടങ്ങിയവയെ ആണ് ഇന്ത്യ ചോദ്യം ചെയ്യുന്നത്. വെനിസ്വേലയില്‍ അമേരിക്കന്‍ അധിനിവേശവും പ്രസിഡന്റ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കലും കേവലം കാരക്കസില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. മറിച്ച് ഇന്ത്യയുടെ എണ്ണ നയതന്ത്രത്തെയു ലാറ്റിനമേരിക്കന്‍ ബന്ധത്തെയും വിശാല ഭൗമ രാഷ്ട്രീയ കണക്കുകൂട്ടലുകളെയും ആകെ തകര്‍ത്ത് കളയുന്നതാണ്.
പരമാധികാരത്തെ മാനിക്കല്‍, അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കല്‍, രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ എന്നിവയില്‍ ഊന്നിയതാണ് പരമ്പരാഗതമായി ഇന്ത്യയുടെ വിദേശ നയം. ഒരു വന്‍ ശക്തി ഏകപക്ഷീയമായി സൈനിക അധിനിവേശം നടത്തുക വഴി-വാഷിങ്ടണ്‍ ഇതിനെ ഭീകരതയ്ക്കും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടമെന്ന് പറഞ്ഞ് മഹത്വവത്ക്കരിക്കുന്നുണ്ടെങ്കിലും- ഈ തത്വങ്ങളെല്ലാം വെല്ലുവിളിക്കപ്പെടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
മാത്രമല്ല ഇന്ത്യയും വെനിസ്വേലയും തമ്മില്‍ ഊഷ്മളമായ ബന്ധത്തിന്റെ ചരിത്രമാണ് ഉള്ളത്. സുപ്രധാന രാജ്യാന്തര, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളില്‍ സമാനമായ കാഴ്ചപ്പാട് ഉള്ളവരുമാണ്. ഉഭയകക്ഷി സഹകരണത്തിനപ്പുറം ഈ ശക്തമായ പങ്കാളിത്തം വ്യാപിച്ചിരിക്കുന്നു. ബഹുവിധ വേദികളില്‍ ഇരുരാജ്യങ്ങളും സജീവമായി സഹകരിക്കുന്നു.
വെനിസ്വേല ദീര്‍ഘകാലമായി ഇന്ത്യയുടെ ഊര്‍ജ്ജ പങ്കാളിയാണ്. വന്‍തോതില്‍ അസംസ്‌കൃത എണ്ണ മികച്ച വ്യവസ്ഥയില്‍ ഇവര്‍ ഇന്ത്യയ്ക്ക് നല്‍കുന്നു. ഉപരോധങ്ങളും സാമ്പത്തിക അസ്ഥിരതയും മൂലം എണ്ണവിതരണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെനിസ്വേലന്‍ ഊര്‍ജ്ജ വിഭവങ്ങളിലാണ് താത്പര്യം. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്(ഒവിഎല്‍) കോര്‍പ്പറേഷന്‍ വെനസ്വലന ഡെല്‍ പെട്രോളിയോ(സിവിപി) എന്ന വെനസ്വേല പെട്രോളിയോസിന്റെ അനുബന്ധ സ്ഥാപനം, വെനിസ്വേലന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ പ്രകൃതിവാതക കമ്പനി എസ്എ(പിഡിവിഎസ്എ) എന്നിവയ്ക്ക് പെട്രോളെറ ഇന്തോ വെനിസ്വേലന എസ്എ എന്ന സംയുക്ത സംരംഭവും സാന്‍ ക്രിസ്റ്റോബാല്‍ എണ്ണപ്പാടത്തെ എണ്ണ പര്യവേഷണത്തിനും ഉതപാദനത്തിനുമായി ഉണ്ട്. ഇതില്‍ ഒവിഎല്ലിന് നാല്‍പ്പത് ശതമാനം ഓഹരി പങ്കാളിത്തവും പിഡിവിഎസ്എയ്ക്ക് അറുപത് ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉള്ളത്. സാന്‍ക്രിസ്റ്റോബാല്‍ പദ്ധതിക്കായി 2000 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഒവിഎല്‍ നിക്ഷേപിച്ചിട്ടുള്ളത്.
ഒവിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി)ഓയില്‍ ഇന്ത്യ ലിമിറ്റഡ്(ഒഐഎല്‍), സ്പെയിനിലെ റിപോസല്‍, മലേഷ്യയുടെ പെട്രോനാസ് എന്നിവയുടെ ഒരു കൂട്ടായ്മ 2008 ല്‍ ബഹുശതകോടിയുടെ ഒരു രാജ്യാന്തര എണ്ണ പദ്ധതി കരാര്‍ സ്വന്തമാക്കിയിരുന്നു. വെനിസ്വേലയിലെ ഒരിനോകോ ബെല്‍റ്റിലുള്ള കാരാബോബോയിലാണ് ഈ പദ്ധതി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പതിനഞ്ച് വര്‍ഷമായി പിഡിവിഎസ്എയുമായി അസംസ്‌കൃത എണ്ണ വിതരണ കരാറുണ്ട്.
ഇന്ത്യയും വെനിസ്വേലയും തമ്മില്‍ 2023-24ല്‍ 117.5 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നതായി കാരക്കസിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പങ്കുവച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് വെനിസ്വേലയിലേക്ക് പ്രധാനമായും കയറ്റി അയക്കുന്നത് ധാതു ഇന്ധനങ്ങള്‍, എണ്ണ, ഇവ ശുദ്ധീകരിക്കാനാവശ്യമായ ഉത്പന്നങ്ങള്‍, ബിറ്റുമിന്‍, മരുന്നുകള്‍, പരുത്തി, ആണവ റിയാക്ടറുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, സൗണ്ട് റെക്കോര്‍ഡറുകള്‍, ടെലിവിഷന്‍ ക്യാമറകള്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയാണ്.
വെനിസ്വേലയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാകട്ടെ ധാതു ഇന്ധനങ്ങള്‍, അനുബന്ധ വസ്തുക്കള്‍, ഇരുമ്പുരുക്ക്, അലൂമിനിയം, പച്ചക്കറികള്‍, കിഴങ്ങുകള്‍,ചെമ്പ്, സിങ്ക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തുകലും തുകലുല്പന്നങ്ങളും, പഴങ്ങള്‍, നട്സുകള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍ തുടങ്ങിയവാണ്.
ഇന്ത്യയെ പോലുള്ള വന്‍കിട വാണിജ്യ പങ്കാളികള്‍ക്ക് വെനിസ്വേലയില്‍ അമേരിക്ക നടത്തുന്ന അധിനിവേശം വലിയ തിരിച്ചടിയാകുമെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായ ഒരു സോഷ്യല്‍ സയന്‍സ് സ്ഥാപനത്തിന്റെ മുന്‍ മേധാവിയും ലാറ്റിനമേരിക്കന്‍ കാര്യ വിദഗ്ദ്ധനുമായ ആഷ് നരെയ്ന്‍ റോയ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ദീര്‍ഘകാലമായി വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ട്രംപിന്റെ നിയന്ത്രണത്തിലുള്ള ഒരു ലോകക്രമം പിന്തുടരാന്‍ നാം നിര്‍ബന്ധിതരാകുമെന്നതാണ് വസ്തുത.
ഇറാന്‍, റഷ്യ, വെനിസ്വേല തുടങ്ങി ഇന്ത്യ ഊര്‍ജ്ജ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേലെല്ലാം ട്രംപ് ഉപരോധം ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ വന്‍തോതില്‍ അസംസ്‌കൃത എണ്ണ വാങ്ങുകയും അത് മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് അമേരിക്കയും ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയാകട്ടെ നിശബ്ദത തുടരുകയാണ്.
വെനിസ്വേലയില്‍ അധികാരമാറ്റമുണ്ടായാലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം നല്ല രീതിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ ശക്തികളുടെ തോക്ക് നയതന്ത്രജ്ഞതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെനിസ്വേലയിലെ അമേരിക്കന്‍ അധിനിവേശമെന്നും അദ്ദേഹം പറഞ്ഞു. നൊബേല്‍ പുരസ്‌കാര വിതരണ ചടങ്ങിന് തൊട്ടുമുമ്പ് മച്ചാഡോയെ അമേരിക്കന്‍ പ്രത്യേക സേന സ്വീഡനിലേക്ക് കടത്തിയപ്പോള്‍ തന്നെ മഡൂറോയ്‌ക്കെതിരെയുള്ള അമേരിക്കന്‍ നടപടി പിന്നാലെയുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നതായി മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസിലെ ഗവേഷകനും വിശകലന വിദഗ്ദ്ധനുമായ സൗരഭ് മിശ്ര ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ അനുകൂല നേതാവ് വെനിസ്വേലയില്‍ അധികാരത്തിലേറിയാല്‍ ഇന്ത്യയ്ക്ക് അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി കൂടുതല്‍ അനായാസമാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കാരണം വാഷിങ്ടണിന്റെ ഉപരോധം അവിടെ ഉണ്ടാകില്ല. മാത്രമല്ല വെനിസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കമായാണ് വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
