കഴിഞ്ഞദിവസം ഒരു സ്വകാര്യ സംഭാഷണത്തിൽ പ്രതിപക്ഷത്തെ ഒരു വനിതാ എംഎൽഎ ചോദിച്ചു, അവർക്ക് ... ഇടത് മുന്നണിക്ക്, ഇത്തവണ ജനങ്ങൾക്ക് മുന്നിൽ നിർത്താൻ ഒരു നേതാവുണ്ടോ പിണറായി വിജയൻ അല്ലാതെ എന്ന് ! എന്നാൽ കോൺഗ്രസിലേക്ക് നോക്കൂ, മുഖ്യമന്ത്രിയാകാൻ കെല്പുള്ള എത്രയെത്ര നേതാക്കളാണ് ഞങ്ങൾക്കുള്ളത്. കേട്ടപ്പോൾ,ആ പുതുമുഖ വനിതാ നേതാവിന്റെ നിരീക്ഷണത്തിൽ സത്യത്തിന്റെ അംശമുണ്ടെന്നു തോന്നി.
എന്നും നേതൃബാഹുല്യം കൊണ്ട് സ്റ്റേജ് തകരാറുള്ള, ഭാരവാഹി പട്ടികയുടെ പെരുക്കം കൊണ്ട് അന്തം വിടാറുള്ള കോൺഗ്രസിനെ സംബന്ധിച്ച് അതൊരു സത്യപ്രസ്താവന തന്നെയാണ്.
എന്നാൽ 2021ലെ അലസഭാവം കൊണ്ട് അധികാരത്തിൽ എത്താൻ കഴിയാതെ പോയ കോൺഗ്രസ് അല്ല 2026ലെ യു.ഡി.എഫ് നേതൃത്വം. ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് കോൺഗ്രസ്. കൃത്യമായ പ്ലാനിങ് നേതൃത്വത്തിന് ഉണ്ടെന്ന് അണികൾക്ക് പോലും തോന്നും വിധം നടത്തിയ 'ലക്ഷ്യ' ക്യാമ്പ്.
ഗ്രൂപ്പുകളുടെ പേരിൽ തമ്മിൽ തല്ലുമ്പോഴും, പണ്ട് ഊഴം വെച്ച് കിട്ടിയിരുന്ന സംസ്ഥാന ഭരണം എന്ന സദ്യ മുടങ്ങിയത് പാർട്ടി നേതൃത്വത്തെ തികഞ്ഞ പട്ടിണിയിലേക്ക് തള്ളിയിട്ടതിന്റെ നൊമ്പരം പേറുന്നവരാണ് കോൺഗ്രസ് നേതാക്കളും അണികളും. തദ്ദേശത്തിൽ കിട്ടിയ അവിശ്വസനീയ പിന്തുണ അണികളെ മാത്രമല്ല നേതാക്കളെയും അമ്പരപ്പിച്ചു. അധ്യക്ഷൻ സണ്ണി ജോസഫിനെക്കാളും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിജയമായി അതിനെ കാണുന്ന പ്രവർത്തകർ കുറവല്ല. സമുദായ സംഘടനകളുടെ മുന്നിൽ മുട്ടുമടക്കാത്ത സതീശൻ.
പിണറായിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ ബൈറ്റ് കൊടുക്കുന്ന നേതാവ്. തക്കസമയത്ത് പറന്നിറങ്ങും എന്ന് കരുതപ്പെടുന്ന കെ.സി. വേണുഗോപാൽ എന്ന ഹൈക്കമാന്റിന്റെ വലംകൈ.
പോയ തവണ മുഖ്യമന്ത്രിപദം ലഭിച്ചേക്കും എന്ന് കരുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാർട്ടിക്കും മേലെ പടർന്നു പന്തലിച്ചു നിൽക്കുന്ന കേരളീയ നേതാക്കളുടെ പേടിസ്വപ്‌നമായ ശശി തരൂർ. ലീഡർ കരുണാകരന്റെ മാനസപുത്രൻ മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. മുരളീധരൻ.
മുഖ്യമന്ത്രിയാവാൻ യോഗ്യരായ നേതാക്കളുടെ പട്ടിക നീളും.
ലക്ഷ്യ 2026 എന്ന സണ്ണി ജോസഫിന്റെ മാർഗ്ഗരേഖ ലക്ഷ്യം കണ്ടാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ 70 സീറ്റ് പാർട്ടിക്കും 100 സീറ്റ് മുന്നണിക്കും അതാണ് സ്വപ്‌നം. അധ്യക്ഷനായ സണ്ണി ജോസഫ് ഇപ്പോൾതന്നെ മത്സര സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അതിന് ഹൈക്കമാന്റിന്റെ അനുമതി വേണം.
എന്നാൽ ആരെല്ലാം സ്ഥാനാർത്ഥിയാവണമെന്ന് ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കോൺഗ്രസിലെ ഗ്രൂപ്പുകളുടെ തനിനിറം തെളിയുകയുള്ളൂ.
തദ്ദേശത്തിൽ തഴയപ്പെട്ട നേതാക്കൾക്ക് നിയമസഭയിൽ പരിഗണന എന്ന വാദം ഉയർന്നേക്കാം.
നിശബ്ദ നീക്കത്തിലൂടെ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, വിദ്യാർത്ഥി സംഘടനാ നേതൃത്വം പിടിച്ചെടുത്ത കെ.സി. വേണുഗോപാലിനെയാണ് മറ്റു നേതാക്കൾക്ക് പേടി.
സീറ്റുകളുടെ കുറവുള്ള യു.ഡി.എഫിലെ ചെറുകക്ഷികൾ വിജയസാധ്യതയുള്ള സീറ്റുകൾ ഇപ്പോൾതന്നെ തേടിക്കഴിഞ്ഞു. സി.എം.പി യും ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും ജയ സീറ്റുകളിൽ കണ്ണുവെച്ചു കഴിഞ്ഞു. അവരെ കൂടി തൃപ്തിപ്പെടുത്തണം.
19 മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ബി.ജെ.പി. മറ്റൊരു ഭീഷണിയാണ്.
വിവാദ പുനർജനി
പ്രളയവും കോവിഡുമാണ് ഇടതിന്റെ തുടർഭരണത്തിന് വഴിവെച്ചതെന്ന് കരുതാമെങ്കിൽ അതേ പ്രളയകാലത്ത് പുനരധിവാസത്തിനായി സതീശൻ നടത്തിയ നീക്കമാണ് അഴിമതി ആരോപണത്തിന്റെ രൂപത്തിൽ സർക്കാർ എടുത്തിട്ടത്. അത് കാര്യമായി ഏശിയില്ല. സതീശന്റെ ചെറുത്തുനിൽപ്പ് സർക്കാരിനെ അമ്പരപ്പിക്കുകയും ചെയ്തു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിരോധത്തിലായ സി.പി.എം, ഇനി പ്രയോഗിക്കുന്ന ഓരോ ആയുധവും കോൺഗ്രസിന് തിരിച്ചടിക്കാനുള്ള വടിയായി മാറുന്ന സ്ഥിതിയാണ്. പുനർജനി അഴിമതി ആരോപണത്തിൽ അതാണ് കണ്ടത്.
ഒരേയൊരു നേതാവ്
പിണറായി വിജയൻ അല്ലാതെ മറ്റൊരു നേതാവിനെ മൂന്നാംവട്ടം അധികാരം മോഹിക്കുമ്പോഴും മുന്നോട്ടുവെക്കാൻ വല്ലാതെ കഷ്ടപ്പെടുകയാണ് സി.പി.എം. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സങ്കേതിക തടസ്സമുണ്ട്. പണ്ട് കെ.ആർ. ഗൗരിയമ്മയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് നേരിട്ടതു പോലെ ശൈലജ ടീച്ചറെ അവതരിപ്പിക്കാനുള്ള ആർജ്ജവം തൽക്കാലം സി.പി.എമ്മിന് ഇല്ല. വി.ഡി. സതീശൻ പറഞ്ഞതുപോലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നുണ്ടോ!
ഏതായാലും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കും. സി.പി.എമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റും. വ്യവസ്ഥകൾ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും വക്താവ് വേഷത്തിലെത്തുന്ന എ.കെ. ബാലൻ പറഞ്ഞു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകും. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യു.ഡി.എഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർ പൊടിക്കാരന്റെ സ്വപ്‌നമാണെന്നും എ.കെ. ബാലൻ പരിഹസിച്ചു.
എന്നാൽ യു.ഡി.എഫിൽ വിള്ളലുണ്ടാക്കാൻ എ.കെ. ബാലൻ നടത്തിയ ശ്രമം ഒരു ചെറുകിട മിസൈലിന്റെ ഫലം ചെയ്തു. 'യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ആഭ്യന്തരം മുസ്ലിംലീഗിന് ആയിരിക്കുമെന്നാണ് ബാലൻ പറഞ്ഞത്.
കണക്കുകൂട്ടലുകൾ
'ലക്ഷ്യ' യിലൂടെ കോൺഗ്രസ്സും വീട് കയറിയുള്ള അഭിപ്രായ ശേഖരണത്തിലൂടെ സി.പി.എമ്മും ഏതാണ്ട് ഒരേ പാതയിലാണ് തെരഞ്ഞെടുപ്പ് ദിനത്തിലേക്ക് കുതിക്കുന്നത്. തദ്ദേശത്തിൽ കിട്ടിയ ജനസ്‌നേഹം നിലനിർത്താൻ ആദ്യം ചെയ്യേണ്ടത് കോൺഗ്രസിലെ ഗ്രൂപ്പ് തമ്മിലടി മയപ്പെടുത്തുകയാണെന്ന് പാർട്ടിയണികൾ അടക്കം പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പി.ആർ. ഏജൻസി തലവൻ കനുഗോലു, കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് റിപ്പോർട്ട് നൽകിയെന്നാണ് സി.പി.എം ആശ്വസിക്കുന്നത്. യു.ഡി.എഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ചിട്ടില്ല; പകരം മുസ്ലിം വോട്ടുകൾ മാത്രമാണ് അവർക്കുള്ളത് സി.പി.എം കണക്കുകൂട്ടുന്നു.
അതിനിടെ സി.പി.ഐയുമായുള്ള ബന്ധത്തിൽ പഴയ കെട്ടുറപ്പില്ലാത്തതും സി.പി.എമ്മിന് തലവേദനയാണ്. ബിനോയ് വിശ്വത്തെ പരസ്യമായി അവഹേളിക്കും വിധം സി.പി.എം പ്രാദേശിക നേതാക്കൾ സംസാരിച്ചത് പോലും അതിന്റെ സൂചനയാണ്. അണികളെ സമാധാനിപ്പിക്കാൻ സി.പി.എം വല്ലാതെ യത്‌നിക്കുന്നു. പ്രദേശത്തിലെ തോൽവിക്ക് സി.പി.ഐയുടെ നിലപാടും വെള്ളാപ്പള്ളി കൂട്ടുകെട്ടും കാരണമായി എന്ന് കരുതുന്ന സഖാക്കൾ കുറവല്ല.
2021 മുതൽ 20ലേറെ മണ്ഡലങ്ങളിൽ കൃത്യമായി വോട്ട് ഉയർത്തുന്ന ബി.ജെ.പിയാണ് സി.പി.എമ്മിന് നേരിടേണ്ട മറ്റൊരു വെല്ലുവിളി. ഭരണ നേട്ടങ്ങൾ അക്കമിട്ട് നിരത്തി വീടുകളിൽ നേരിട്ട് ചെന്ന് ആശയവിനിമയം നടത്താൻ കിലയിലെ അധ്യാപകർ പരിശീലിപ്പിക്കുന്ന സഖാക്കൾ മുന്നിട്ടിറങ്ങും. ഇന്ത്യയിൽ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് ഭരണം കൈമോശം വന്നാലുള്ള അപമാനം ചെറുതല്ല. ഏതായാലും നേടിയാലും വീണാലും അതിന്റെ പേര് മറ്റാർക്കും അല്ല പിണറായി വിജയന് തന്നെ എന്ന് എം.എ. ബേബി പോലും സമ്മതിക്കും.
ചെറിയാന്റെ സൽകൃത്യം
സപ്തതി തികഞ്ഞ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് നടത്തിയ പ്രഖ്യാപനം കുറിക്കു കൊള്ളുന്ന സമയത്താണ് പുറത്തുവന്നത്.
ഏപ്രിൽ മധ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് സർവ്വ നേതാക്കളും കച്ചമുറുക്കി നിൽക്കുന്ന നേരത്താണ് ആദർശധീരൻ എ.കെ. ആന്റണിയുടെ ഉത്തമ ശിഷ്യനായ ചെറിയാന്റെ വിടവാങ്ങൽ പ്രഖ്യാപനം. ചെറിയാൻ തൊടുത്തുവിട്ട അമ്പ് ആരുടെയെല്ലാം നെഞ്ചിനു നേരെയെന്ന് ആർക്കറിയാം!
ഏതായാലും, 2026ൽ തെരഞ്ഞെടുപ്പ് മാസം 70 തികയുന്ന രമേശ് ചെന്നിത്തല കളത്തിൽ സജീവമാണ്. വി.ഡി. സതീശനും എ.സി. വേണുഗോപാലിനും സപ്തതി കടമ്പ കടക്കാൻ ഇനിയുമുണ്ട് കഷ്ടിച്ച് ഒരു പതിറ്റാണ്ട്. അധികാരത്തിലേക്ക് ചുവട് വെക്കുന്നു എന്ന തോന്നൽ ഉറച്ചതോടെ കോൺഗ്രസ് ക്യാമ്പിൽ അണികൾക്ക് പോലും പിടികിട്ടാത്ത മായക്കാഴ്ചകളാണ്.
ആ ട്രിപ്പീസ് കളിയിൽ ആര് ആരുടെ കൈ പിടിക്കുമെന്ന് പ്രവചിക്കാൻ കോൺഗ്രസ് ഹൈക്കമാന്റിന് പോലും കഴിയില്ലെന്ന് മറ്റാരെക്കാളും കെ.സി.വേണുഗോപാലിന് നന്നായി അറിയാം.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
