കുവൈറ്റില്‍ നിന്നുള്ള ഷെയ്ഖാ അലി അല്‍ ജാബിര്‍ അല്‍ സബാഹിന് ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ്. യോഗയുടെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിക്കുന്ന ആദ്യ കുവൈറ്റ് പൗരയാണ് ഷെയ്ഖാ. രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഇന്ത്യയിലെ പരമോന്നത ബഹുമതികളില്‍ ഒന്നാണ് പത്മശ്രീ. കല, സാമൂഹിക പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലെ മികച്ച സേവനത്തിനാണ് രാജ്യം ഈ അംഗീകാരം നല്‍കി ആദരിക്കുന്നത്.
പത്മശ്രീ പുരസ്‌കാരത്തിനായി തന്നെ തിരഞ്ഞെടുത്തതില്‍ ഇന്ത്യയോട് ആദരവും അത്ഭുതവും തോന്നുന്നുവെന്നാണ് ഷെയ്ഖാ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയില്‍ എത്തിയതില്‍ അഭിമാനം തോന്നുന്നതായും ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. ഇന്ത്യ തനിക്ക് വീട് പോലെയാണെന്ന് പറഞ്ഞ ഷെയ്ഖാ പലപ്പോഴും ഇന്ത്യ സന്ദര്‍ശിക്കാറുണ്ടെന്നും ഇന്ത്യയെ താന്‍ സ്നേഹിക്കുന്നുവെന്നും വ്യക്തമാക്കി.
യോഗ ജീവിതത്തെ കുറിച്ചും ഷെയ്ഖാ സംസാരിച്ചു. മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നുമാണ് ഷെയ്ഖാ യോഗ പരിശീലിച്ചത്. ഷെയ്ഖായുടെ മുത്തച്ഛന്‍ യോഗ പരിശീലകനായിരുന്നു. യോഗ തനിക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്നെങ്കിലും ആദ്യത്തെ കുഞ്ഞ് ജനിച്ചതോടെയാണ് ശരിക്കും യോഗയിലേക്ക് തിരിഞ്ഞതെന്ന് ഷെയ്ഖാ വിശദീകരിച്ചു. യോഗയിലൂടെ ശരീരത്തിനും മനസ്സിനും വളരെയധികം ആരോഗ്യകരമായ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഈ വര്‍ഷം പുരസ്‌കാരം നേടിയ എട്ട് അന്താരാഷ്ട്ര ജേതാക്കളില്‍ ഒരാളാണ് ഷെയ്ഖാ. കുവൈറ്റില്‍ ആദ്യമായി യോഗ സ്റ്റുഡിയോ നടത്തുന്നതിനുള്ള ലൈസന്‍സ് നേടിയ ആളാണ് ഷെയ്ഖാ. 'ദാറാത്മ' എന്നാണ് ഇവരുടെ യോഗ സ്റ്റുഡിയോയുടെ പേര്. അറബി പദമാണ് 'ദാര്‍'. വീട് എന്നാണ് ഇതിന്റെ അര്‍ത്ഥം. സംസ്‌കൃത പദമായ 'ആത്മ' (ആത്മാവ്) ഉം ചേര്‍ത്താണ് സ്റ്റുഡിയോയ്ക്ക് 'ദാറാത്മ' എന്ന് പേര് നല്‍കിയത്. ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.
14 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഷെംസ് യൂത്ത് യോഗ'യും ഷെയ്ഖാ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ സഹസ്ഥാപകയാണ് അവര്‍. യോഗ പ്രചാരണത്തിനുള്ള ഷെയ്ഖായുടെ ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം യോഗ എജ്യുക്കേഷന്‍ ലൈസന്‍സ് അവതരിപ്പിച്ചു. പ്രൊഫഷണലായി യോഗ പരിശീലിപ്പിക്കുന്നതിന് കൂടുതല്‍ പ്രചാരം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. മേഖലയില്‍ യോഗയുടെ പ്രചാരണത്തില്‍ ഷെയ്ഖാ നിര്‍ണായക പങ്കുവഹിച്ചു.
'റെയ്കി ജിന്‍ കീ ദോ' മാസ്റ്റര്‍ പരിശീലനം സംഘടിപ്പിക്കുന്നതും അമേരിക്കയിലെ മണ്‍റോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിക്കുന്നതുമടക്കം ഷെയ്ഖായുടെ ആഗോള സംഭാവനകളില്‍ ഉള്‍പ്പെടുന്നു.
2024ല്‍ കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗയുടെ പ്രചാരണത്തില്‍ അവര്‍ നല്‍കിയിട്ടുള്ള സംഭാവനകളെ മോദി പ്രശംസിക്കുകയും ചെയ്തിരുന്നു. ഷെയ്ഖായെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റും എക്സ് പ്ലാറ്റ്ഫോമില്‍ മോദി പങ്കുവെച്ചിരുന്നു.
യോഗയ്ക്ക് പുറമേ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഷെയ്ഖാ സജീവമായി ഇടപ്പെട്ടിരുന്നു. യെമന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'യോംനാക് ലില്‍ യമന്‍' എന്ന പേരില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ തുടക്കം കുറിച്ചിരുന്നു. കോവിഡ് 19 സമയത്ത് നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സാമഗ്രികകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്