ലണ്ടനിലെ ഫ്‌ളീറ്റ് സ്ട്രീറ്റ് പോലെ ഡൽഹിയിലെ പത്രത്തെരുവാണ് ബഹാദൂർ ഷാ സഫർ മാർഗ്. 1975 ജൂൺ 25 രാത്രി ആ തെരുവിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങൾ ആ രാത്രി അച്ചടിക്കാൻ കഴിഞ്ഞില്ല. വൈദ്യുതി മുടക്കിയവരുടെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. രാജ്യത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി വിളംബരം പുറപ്പെടുവിച്ച രാത്രിയായിരുന്നു അത്. വിനാശകാലേ വിപരീതബുദ്ധി എന്ന പ്രസിദ്ധമായിത്തീർന്ന പ്രസ്താവനയോടെ ജയപ്രകാശ് നാരായൺ ജയിലിലേക്കുപോയ രാത്രി.
ജേപി മാത്രമല്ല പേരറിയാവുന്ന ആയിരക്കണക്കിന് രാഷ്ട്രീയപ്രവർത്തകർ ജയിലിലായ രാത്രി. ഒന്നും ആരും ആ പ്രഭാതത്തിൽ അറിയരുതെന്ന താത്പര്യത്തിലാണ് പത്രങ്ങളുടെ അച്ചടി തടസപ്പെടുത്തിയത്. അടുത്ത ദിവസം ഇറങ്ങിയ ഇന്ത്യൻ എക്‌സ്പ്രസിന്റെ ഒന്നാം പേജിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു: POWERLESS PRESS. സെൻസർഷിപ്പിനു വിധേയമായി നിർവീര്യമാക്കപ്പെട്ട പത്രങ്ങളെ അർത്ഥവത്തായി വിശേഷിപ്പിക്കുന്നതായിരുന്നു ദ്വയാർത്ഥത്തിലുള്ള ആ തലക്കെട്ട്.
എഡിറ്റ് പേജിൽ അസാധാരണമായ ഒഴിച്ചിടലോടെയാണ് ജൂൺ 26ന് ചില പത്രങ്ങൾ ഇറങ്ങിയത്. എഡിറ്റോറിയൽ എഴുതാതെ അത്രയും സ്ഥലം ബ്‌ളാങ്കായി ഇട്ടതായിരുന്നു അസാധാരണത്വം. എഡിറ്റർ നിശ്ശബ്ദനാക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശം വായനക്കാരിലേക്കെത്തിക്കാൻ ദീപികയും ദേശാഭിമാനിയും കേരള ടൈംസും ഉൾപ്പെടെ പല പത്രങ്ങളും പ്രത്യേകിച്ച് കൂടിയാലോചനയില്ലാതെ ഈ പ്രതിഷേധമാർഗം സ്വീകരിച്ചു. അടിയന്തരാവസ്ഥയും മിസകോഫെപോസ അറസ്റ്റുകളും പ്രസ് സെൻസർഷിപ്പും എഡിറ്റോറിയലിനു പറ്റിയ വിഷയമായി കാണാതെ ദക്ഷിണപൂർവേഷ്യയിലെ ഇന്ത്യൻ നയത്തെക്കുറിച്ചും രാജസ്ഥാനിലെ വെട്ടുക്കിളിശല്യത്തെക്കുറിച്ചും മുഖപ്രസംഗമെഴുതി തറവാടികളായ മുഖ്യപത്രങ്ങൾ സെൻസറുടെ വിശ്വാസവും പ്രീതിയും സമ്പാദിച്ചു. എകെജിയുടെ പെൺഹിറ്റ്‌ലർ എന്ന വിശേഷണം പ്രാധാന്യത്തോടെ ഒന്നാം പേജിൽ അച്ചടിച്ച ദേശാഭിമാനി ഇന്ത്യൻ എക്‌സ്പ്രസിനൊപ്പം കരിമ്പട്ടികയിൽപ്പെട്ടു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് കൂടുതലായി പരാമർശിക്കപ്പെടുന്ന കാലമാണിത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും അക്കാര്യം റേഡിയോയിലൂടെ രാഷ്ട്രത്തെ അറിയിക്കുന്നതിനുമുള്ള സത്യസന്ധത പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ദിരാ ഗാന്ധി കാണിച്ചു. ഇന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാത്തത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയാത്ത രീതിയിൽ ഭരണഘടനയുടെ പ്രതിരോധം ശക്തമായതുകൊണ്ടാണ്. സായുധകലാപം നടക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ അനുമതിയോടെ മാത്രം പ്രഖ്യാപിക്കാവുന്ന ഒന്നായി അടിയന്തരാവസ്ഥ മാറിയപ്പോൾ പ്രത്യേകിച്ച് പ്രഖ്യാപനമൊന്നുമില്ലാതെ രാജ്യത്തെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലാക്കുന്നതിനുള്ള മാർഗം നരേന്ദ്ര മോദി കണ്ടെത്തി.
ഭരണഘടന പ്രവർത്തനക്ഷമമല്ലാതാകുന്ന അവസ്ഥയാണ് അടിയന്തരാവസ്ഥ. അന്നുവരെ പരിചയമില്ലാത്ത രീതിയിൽ പത്രങ്ങൾ കടുത്ത സെൻസർഷിപ്പിനു വിധേയമായി. പാരതന്ത്ര്യത്തിൽ പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത് മൃതിയാണെന്നു കരുതിയ മാനികളായ പത്രാധിപന്മാർ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. നെഹ്‌റുവിന്റെ പ്രീതിക്കും പ്രോത്സാഹനത്തിനും പാത്രമായ ശങ്കേഴ്‌സ് വീക്‌ലി അദ്ദേഹത്തിന്റെ പുത്രിയുടെ കാലത്ത് അപ്രത്യക്ഷമായി. പേരില്ലാതെ പ്രസിദ്ധനായ കാർട്ടൂൺ കഥാപാത്രത്തിനൊപ്പം ആർ.കെ. ലക്ഷ്മൺ ടൈംസ് ഓഫ് ഇന്ത്യയിൽനിന്ന് അപ്രത്യക്ഷനായി. രാജ്യസഭാംഗമായിരുന്ന അബു എബ്രഹാം വരച്ച് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച രാഷ്ട്രപതി ഭവനിലെ കുളിത്തൊട്ടിക്കാർട്ടൂൺ മാത്രം സെൻസർഷിപ്പെന്ന ഇരുട്ടിൽ പ്രത്യക്ഷപ്പെട്ട നുറുങ്ങ് വെട്ടമായി.
അടിയന്തരാവസ്ഥയിൽ നിലനിൽക്കുന്നുവെന്ന് ഭരണകർത്താക്കൾ തെറ്റായി അവകാശപ്പെട്ട സ്വാതന്ത്ര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചിലർക്ക് ചില നേരങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിരുന്നു. സർക്കാരിന്, കൃത്യമായി പറഞ്ഞാൽ സഞ്ജയ് ഗാന്ധിക്ക്, അഹിതകരമായേക്കാവുന്നതെല്ലാം തടയുകയെന്നതായിരുന്നു സെൻസർ നയം. അക്കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ സംശയമുള്ളതെല്ലാം വെട്ടും. വെട്ടുന്നതിന് കാരണം പറയുന്നതിനുള്ള ബാധ്യത സെൻസർക്കില്ലായിരുന്നു. തുഗ്‌ളക്കിലെ ചോദ്യോത്തര പംക്തിയിൽ ഇന്ദിര ഗാന്ധി ആരെന്ന ചോദ്യത്തിന് പത്രാധിപർ ചോ രാമസ്വാമി നൽകിയ ''മോത്തിലാൽ നെഹ്‌റുവിന്റെ പൗത്രി, ജവാഹർ ലാൽ നെഹ്‌റുവിന്റെ പുത്രി, സഞ്ജയ് ഗാന്ധിയുടെ അമ്മ'' എന്ന ഉത്തരം വെട്ടപ്പെട്ടു.
ഈസ്റ്റേൺ ഇക്കണോമിസ്റ്റിൽ ഇന്ത്യയിലിന്ന് 580 ദശലക്ഷം ആടുകളുണ്ട് എന്ന തുടക്കവാചകത്തോടെ വി. ബാലസുബ്രഹ്മണ്യം എഴുതിയ ലേഖനം ആടുമാടുകളെ സംബന്ധിക്കുന്ന ഏതോ റിപ്പോർട്ടാണെന്നു കരുതി സെൻസർ ക്‌ളിയർ ചെയ്തു. ആടുകൾ എന്നത് ജനങ്ങൾ എന്നു തിരുത്തിയായിരുന്നു വായിക്കേണ്ടിയിരുന്നത്. ഇന്ത്യൻ എക്‌സ്പ്രസിൽ കുൽദീപ് നയ്യാർ എഴുതിയ No, Mr Bhutto, No എന്ന ലേഖനം സെൻസർ ക്‌ളിയർ ചെയ്‌തെങ്കിലും പ്രസിദ്ധീകരണത്തിനുശേഷം പ്രശ്‌നമായി. ഭുട്ടോ എന്ന പേര് ലേഖനത്തിലുടനീളം ഇന്ദിര എന്നു തിരുത്തി വായനക്കാർ വായിക്കുകയായിരുന്നു. കുൽദീപ് നയ്യാരെ ജയിലിലാക്കിയത് ഈ ലേഖനമായിരുന്നു.
ഹേബിയസ് കോർപസ് കേസിൽ രാജന്റെ തിരോധാനത്തേക്കാൾ അറിയുന്നതിനുള്ള തന്റെ അവകാശത്തിനാണ് ഈച്ചരവാരിയർ പ്രാധാന്യം നൽകിയത്.
പൊലീസ് പിടിച്ചുകൊണ്ടുപോയ തന്റെ മകന് എന്തു സംഭവിച്ചുവെന്നാണ് ആ പിതാവ് ചോദിച്ചത്. പത്രങ്ങൾ നിശ്ശബ്ദമാക്കപ്പെടുമ്പോൾ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഇടമില്ലാതാകുന്നു. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന് സ്വതന്ത്രമായ പത്രങ്ങൾ അനിവാര്യമാണെന്ന് ജോൺ ആഡംസ് തയാറാക്കിയ മാസച്ചുസെറ്റ്‌സ് ഭരണഘടനയിൽ പറയുന്നതിന്റെ ശരിയായ അർത്ഥം അടിയന്തരാവസ്ഥയിൽ ഇന്ത്യ മനസ്സിലാക്കി. പത്രങ്ങളുടെ സഹായമില്ലാതെ ഉചിതമായ രാഷ്ട്രീയതീരുമാനമെടുക്കാൻ തങ്ങൾ പ്രാപ്തരാണെന്ന് ഉത്തരേന്ത്യയിലെ പത്രം വായിക്കാത്തവരെന്ന് ആക്ഷേപിക്കപ്പെടുന്ന ജനങ്ങൾ തെളിയിച്ച സന്ദർഭം കൂടിയായിരുന്നു അടിയന്തരാവസ്ഥ.
സെൻസർഷിപ്പിന്റെ ഹാങ്ഓവർ പല രൂപത്തിലും പേരിലും ഈ അമ്പതാം വർഷത്തിലും നിലനിൽക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞാൽ അദൃശ്യവും അനുഭവിക്കാൻ മാത്രം കഴിയുന്നതുമായ അവസ്ഥയാണ്. സെൻസർഷിപ് ഏർപ്പെടുത്തി പേരുദോഷമുണ്ടാക്കുന്നതിനേക്കാൾ സർക്കാരിന് അഭികാമ്യമായത് അറിഞ്ഞ് വിധേയരാകുന്ന മാധ്യമപ്രവർത്തകർ ഉണ്ടാകുന്നതാണ്. രാജ്യത്തെ 80 ശതമാനം മാധ്യമങ്ങളും ഒരു കുടുംബത്തിന്റെ വകയാകുകയും ആ കുടുംബം സർക്കാരുമായി ചങ്ങാത്തത്തിൽ കഴിയുകയും ചെയ്യുമ്പോൾ എന്തിനാണ് സെൻസർഷിപ്?
എൻഡിടിവി എന്ന സ്വതന്ത്ര ചാനലിനെയും പ്രണോയ് റോയ് എന്ന മാധ്യമപ്രവർത്തകനെയും നിർവീര്യമാക്കുന്നതിന് അടിയന്തരാവസ്ഥയുടെ സഹായം വേണ്ടിവന്നില്ല. പിന്നിൽനിന്ന് എത്തിനോക്കുന്ന അദൃശ്യനായ സെൻസറെ ഭയന്നാണ് ഇന്ന് ഇന്ത്യയിൽ മാധ്യമപ്രവർത്തനം നടക്കുന്നത്. അതുകൊണ്ടാണ് റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് തയാറാക്കുന്ന ആഗോള പ്രസ് ഫ്രീഡം ഇൻഡെക്‌സിൽ 2024ൽ ഇന്ത്യയുടെ സ്ഥാനം 180ൽ 159 ആയത്. ജനാധിപത്യത്തിലെ സ്വാതന്ത്ര്യത്തിന്റെ ലോഡ് ഷെഡ്ഡിങ് ആയിരുന്നു അടിയന്തരാവസ്ഥ. ഈ അമ്പതാം വർഷം ഓർമകൾ പുതുക്കുന്നത് അപകടം ആവർത്തിക്കാതിരിക്കുന്നതിനുള്ള കരുതലിന്റെ ഭാഗമായാണ്.
സെബാസ്റ്റ്യൻ പോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്