ഇന്ത്യ-പാകിസ്ഥാൻ തിരിച്ചടിക്ക് സമയമാകുന്നുവോ..?

APRIL 30, 2025, 1:29 AM

കശ്മീർ പ്രശ്‌നം നീറി നീറി നിൽക്കുകയാണ്. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം..! അവിടെ ഒരുകാലത്ത് പ്രകൃതി സൗന്ദര്യത്തിന് കൊടും ഭീകരത കലർന്ന പരിവേഷമായിരുന്നു. എന്നാൽ അതു തുടച്ചുമാറ്റാനായിട്ടില്ലെ എന്നതിന്റെ തെളിവാണല്ലോ പഹൽഗാമിലേ സംഭവവികാസങ്ങൾ. ഇന്ത്യയിലെ കര-നാവീക-വ്യാമസേന എല്ലാ അർത്ഥത്തിലും യുദ്ധത്തിന് സജ്ജമായിക്കഴിഞ്ഞു. ഇതിൽ പാകിസ്ഥാന് കടുത്ത ആശങ്കയുണ്ടെങ്കിലും അവർ പ്രകോപനപരമായ നീക്കങ്ങൾ കുറക്കുന്നില്ല. ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ കരാർ ലംഘനം നടത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പരിശോധിച്ചാൽ പാകിസ്ഥാൻ പ്രകോപനപരമായ നടപടികൾ തുടരുകയാണ്.

ഇങ്ങനെയൊക്കെ ചെയ്യുന്നതിനിടയിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ അശങ്കയുമായി എത്തിയിരിക്കുകയാണ്. യുഎൻ സെക്രട്ടറീ ജനറൽ ഇടപെടെണമെന്നാണ് ആവശ്യം. ഇന്ത്യയിലെ പ്രധാനപ്പെട്ട 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുകഴിഞ്ഞു. സീയാകോട്ട് മേഖലയിൽ റഡാർ എത്തിച്ചുകഴിഞ്ഞു. ഭീകരരെ ജീവനോടെ തന്നെ പിടികൂടണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എങ്കിൽ അത് രാജ്യത്തിനു നേട്ടമാകും. കാരണം ഭീകരർ പാകിസ്ഥാനികളാണെങ്കിൽ ലോകത്തിനുമുന്നിൽ നമുക്ക് തെളിവ് നൽകാൻ കഴിയുമല്ലോ. ഇതിനിടെ തുർക്കിയുടെ സൈനീക സംഘം പാകിസ്ഥാൻ ആസ്ഥാനത്ത് എത്തിയത് വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുന്നു.

തുർക്കി സഹായത്തിനെത്തിയതാണെന്നും അതല്ല, മുൻകൂട്ടി നിശ്ചയിച്ചപ്രകാരമുള്ള സന്ദർശനമാണെന്നും പറയപ്പെടുന്നു. പഹൽഗാമിൽ അക്രമം നടത്തിയ ഭീകരരുടെ കൈകളിൽ ചൈനീസ് ഉപകരണങ്ങൾ കണ്ടെത്തിയതായും പറയുന്നു. എന്തായാലും ലോകം ഉറ്റുനോക്കുന്നൊരു വിഷയമായി ഈ പ്രശ്‌നം മാറുമ്പോഴും ഉടനെ ഒരു യുദ്ധത്തിലേക്ക് എടുത്തുചാടാതെ ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് ലോക രാഷ്ട്രങ്ങളിൽ പലരുടേയും അഭിപ്രായം.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും എന്നും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന ഇടംകൂടിയാണ് കശ്മീർ..!

vachakam
vachakam
vachakam

2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മുകശ്മീർ. എന്നാൽ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മുകശ്മീരിനും ബാധകമാണ്.ഇപ്പോൾ കണ്ണീർത്താഴ്‌വരയായിമാറിയ പഹൽഗാമിലും മറ്റും അടുത്തകാലത്തൊന്നും കാര്യമായ സെക്യൂരിറ്റി കടമ്പകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ അവിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേരാണ്. കൊല്ലപ്പെട്ടവരെല്ലാം വിനോദസഞ്ചാരികളാണ്. അതിൽ രണ്ടു വിദേശികളും പെട്ടുപോയി. എത്ര പെട്ടെന്നാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ജമ്മു കശ്മീരിലെ പഹൽഗാം ഭീതിയുടെ താഴ്‌വരയായി മാറിയത്.

കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ നിഷ്‌കളങ്കരും തികച്ചും സാധാരണക്കാരുമായ വിനോദസഞ്ചാരികൾക്കാണ് ഈ ദുർവിധിയുണ്ടായത്. 2019ൽ പുൽവാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്. 2019 ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണമാണ് ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതി. 40 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. വനങ്ങളാൽ ചുറ്റപ്പെട്ട, കാൽനടയായും കുതിരപ്പുറത്തും സഞ്ചാരികളെത്തുന്ന പഹൽഗാമിലെ അമർനാഥ് ബേസ് ക്യാമ്പിന് നേരെ 2000 ത്തിൽ നടന്ന ഭീകരാക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. 60 ഓളം പേർക്ക് അന്ന് പരിക്കേറ്റു.

2000 മാർച്ചിൽ അനന്ത്‌നാഗ് ജില്ലയിലെ ചത്തിസിംഗ്‌പോര ഗ്രാമത്തിൽ സിഖ് വിഭാത്തെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 30 പേരാണ്. ഇതേ വർഷമാണ് നുൻവാൻ ബേസ് ക്യാമ്പിൽ അമർനാഥ് തീർഥാടകരുൾപ്പെടെ 32 പേർ കൊല്ലപ്പെടുന്നത്. തൊട്ടടുത്ത വർഷം രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്. 2001 ജൂലൈയിൽ അനന്ത് നാഗിലെ ശേഷ്‌നാഗ് ബേസ് ക്യാമ്പിൽ 13 അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ടു. രണ്ടു മാസങ്ങൾക്കിപ്പുറം 2001 ഒക്ടോബറിൽ ശ്രീനഗറിലെ ജമ്മു കശ്മീരിലെ നിയമസഭ സമുച്ചയത്തിലെ കാർബോംബാക്രമണത്തിൽ 36 ജീവനുകളാണ് നഷ്ടമായത്.

vachakam
vachakam
vachakam

2002ൽ ചന്ദൻവാരി ബേസ് ക്യാമ്പിലെ ഭീകരാക്രമണത്തിൽ 11 തീർഥാടകർ കൊല്ലപ്പെടുന്നു. ഇതേ വർഷം തന്നെ ജമ്മു ശ്രീനഗർ ദേശീയ പാതയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേരും കൊല്ലപ്പെട്ടു. 2003 മാർച്ചിലാണ് തെക്കൻ കശ്മീരിലെ ഷോപിയാൻ പ്രദേശത്ത് 24 പേരെ അജ്ഞാതർ വെടിവെച്ചുകൊല്ലുന്നത്. 2005 ൽ പുൽവാമയിലെ തിരക്കേറിയ മാർക്കറ്റിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് രണ്ട് സ്‌കൂൾ കുട്ടികളുൾപ്പെടെ 13 സാധാരണക്കാരും മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. പുൽവാമയിലെ ഒരു സർക്കാർ സ്‌കൂളിനു മുന്നിലായിരുന്നു ആ സ്‌ഫോടനം നടത്തിയത്. 

കുൽഗാമിൽ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെടുന്നത് 2006 ലാണ്. 2017 ൽ ഇപ്പോൾ ആക്രമണം നടന്ന പഹൽഗാമിൽ എട്ട് തീർഥാടകർക്കു നേരെയും ഭീകരവാദികൾ നിറയൊഴിച്ചു. അതിനു ശേഷം ഈ മേഖലയിൽ കാര്യമായ അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇത്തവണ ഭീകരർ തന്ത്രം മാറ്റി. അവർ സൈനിക വേഷത്തിലാണ് എത്തിയത്. ആർക്കും ഒരു സംശയത്തിന് ഇടനൽകാത്ത വിധത്തിൽ..! രാജ്യത്തെ ഏറ്റവം വലിയ സഞ്ചാരകേന്ദ്രമായിട്ടും കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ല എന്ന പഴുതുപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ജമ്മുകശ്മീരിൽ പലയിടത്തും നേരത്തെ ഭീകരാക്രമണവും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികൾക്കു നേരെ ഇതാദ്യമായാണ് ഇത്രയും വലിയ ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ഭീകരർക്ക് സഞ്ചാരികളെ സമീപിക്കാനും അക്രമം അഴിച്ചുവിടാനും സാധിച്ചു എന്നത് വലിയ വീഴ്ച തന്നെയാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഭീകരാക്രമണവും തീവ്രവാദവും പൂർണമായും ഇല്ലാതാക്കാനായി എന്ന കേന്ദ്ര സർക്കാറിന്റെ അവകാശവാദത്തെ റദ്ദാക്കുന്നതാണ് പഹൽഗാം സംഭവം. ജമ്മു കശ്മീരിലെ ആഭ്യന്തര സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത തല യോഗം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇത്ര വലിയ ആക്രമണമെന്നത് ഗൗരവകരമാണ്. നേരത്തെയുള്ള ആക്രമണങ്ങളിൽ അക്രമികൾ കേന്ദ്ര സേനയെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോഴത് വിനോദ സഞ്ചാരികളടക്കമുള്ള സാധാരണക്കാരിലേക്ക് എത്തിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ആറ് ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം മാത്രം കാശ്മീരിലുണ്ടായത്. തദ്ദേശീയരെയും ഇതരസംസ്ഥാന തൊഴിലാളികളെയും തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണ് കശ്മീരിൽ നടക്കുന്നതെന്ന് ചുരുക്കം. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ പഹൽഗാമിൽ ഉണ്ടായിരിക്കുന്നതെന്ന് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിട്ടുമുണ്ട്.

vachakam
vachakam
vachakam

വിദേശികൾക്കുപുറമെ രാജസ്ഥാൻ, കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര... തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണ മനുഷ്യരാണ് പഹൽഗാമിൽ ആക്രമണത്തിനിരയായത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റവർക്ക് രണ്ട് ലക്ഷവും ചെറിയ പരുക്കുകൾ പറ്റിയവർക്ക് ഒരു ലക്ഷവും ധനസഹായം നൽകുമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടെന്തുകാര്യം..? തങ്ങളുടെ പ്രിയപ്പെട്ടവർ ഇല്ലാതായതിന്റെ നഷ്ടം ആർക്കാണ് നകത്താനാവുക.? 

ഏറെ ചെങ്കുത്തായ വഴിയിലൂടെ  കുതിരപ്പുറത്തോ കാൽനടയായോ മാത്രം പോകാൻ പറ്റുന്ന മേഖലയിലാണ് ഇപ്പോൾ ഭീകരാക്രമണം നടന്നിരിക്കുന്നത്. സഞ്ചാരികൾക്ക് ഇടയ്ക്ക് വിശ്രമിക്കാൻ ഒരുക്കിയിരിക്കുന്ന പുൽമേട്ടിൽ കയറിയാണ് അക്രമികൾ വെടിവെച്ചത്. താനും ഭർത്താവും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഭർത്താവിന് നേരെ ആക്രമണം ഉണ്ടായതെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി  വിതുമ്പിക്കരഞ്ഞ് പറഞ്ഞത് ആരുടെ ഹൃദയമാണ് ഉലക്കാത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16ന് വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാൾ എന്തെല്ലാം സ്വപ്‌നങ്ങളോടെയാണ് പങ്കാളി ഹിമാൻഷിയും ഒത്ത് കശ്മീരിലെത്തിയത്. നയനമനോഹരമായ കഴ്ചകൾ കണ്ട് ഇണക്കുരുവികളെപ്പോലെ ഒട്ടിച്ചേർന്നിരുന്ന് ഭേൽപൂരി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ. 

അതിനിടെയായണ് ആ കശ്മലന്മാരുടെ തോക്കിൻ കുഴലിലൂടെ വെടിയുണ്ട ചീറിയടുത്തത്. നിമിഷങ്ങൾക്കകം വിനയ് രക്തത്തിൽ കുളിച്ച്  മരണത്തിന് കീഴ്‌പ്പെടുന്ന ദാരുണമായ കാഴ്ച വേദനയോടെ കണ്ടുനിൽക്കാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു. കർണാടകയിലെ ശിവമോഗയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു മഞ്ചുനാഥ് റാമും കുടുംബവും.  ആക്രമണത്തിനിരയായ മഞ്ചുനാഥിനെ പങ്കാളിയായ പല്ലവിയുടെയും അവരുടെ കുഞ്ഞിന്റെയും മുന്നിൽ വെച്ചാണ് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്. പഹൽഗാമിൽ  ആക്രമണം നടത്തിയ ഭീകരരേയും ആസൂത്രകരേയും കണ്ടെത്തി അവർക്ക് സങ്കല്പപിക്കാൻ കഴിയുന്നതിനും അപ്പുറത്തുള്ള ശിക്ഷ നൽകുമെന്നാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. അതുനല്ലതു തന്നെ. 

എന്നാലിപ്പോൾ സിന്ധു നദീജല കരാർ മരവിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ഇന്ത്യയിൽ ഭീകരതയ്ക്ക് വളമിട്ടുന്നത് അവസാനിപ്പിക്കാതെ ഇതിൽ നിന്നും പിന്മാറില്ലെന്നും അറിയിച്ചുകഴിഞ്ഞു. അതിന്റെ പ്രത്യാഘാതം അത്രനിസാരമായി കാണാനാകുമോ..? സിന്ധു നദിയിലൂടെ പാകിസ്ഥാനിലേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെങ്കിൽ നാം ഒട്ടേറെ വൻകിട പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. അണക്കെട്ട് നിർമ്മിക്കാൻ കഴിയണം. അതിന് ഇപ്പോഴത്തെ അവസ്ഥയിൽ വർഷങ്ങൾ തന്നെ വേണ്ടിവരും. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 64 വർഷം മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട കരാറാണിത്. ഉഭയകക്ഷി കരാർ ഏകപക്ഷിയമായി ഒരു കക്ഷിക്ക് റദ്ദാക്കാൻ കഴിയില്ല. മാത്രമല്ല, ഇന്ത്യയുടെ ഈ തീരുമാനത്തിന് വേറേയും പ്രത്യാഘാതങ്ങളുണ്ടാകും. ഇന്ത്യയോട് അത്ര മമതയില്ലാത്ത ചൈന ആ രാജ്യത്തുകടി ഒഴുകിയെത്തുന്ന ബ്രഹ്മപുത്ര നദിയുടെ പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നാലോ, ഇപ്പോൾ തന്നെ ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരെ അന്താരാഷ്ട വേദികളിൽ നിയമപരമായ പോരാട്ടത്തിന് പാകിസ്ഥാൻ ഒരുങ്ങുകയാണ്. 

തീർന്നില്ല, ഇന്ത്യ വിമാനങ്ങൾക്ക് ആകാശപാത അടക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതോടെ നൂറുകണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നിരിക്കുന്നു. 2025 ഏപ്രിൽ 24മുതലാണ് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചത്. ഇതേത്തുടർന്ന് നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പറന്ന എയർ ഇന്ത്യ, ഇന്റിഗോ വിമാനങ്ങൾക്കാണ് റൂട്ട് മാറ്റേണ്ടി വന്നത്. നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പറന്നപ്പോൾ ഇന്ധനം നിറക്കുന്നതിനായി ഏതാണ്ട് 125 വിമാനങ്ങൾക്ക് യാത്രക്കിടെ സർവ്വീസ് നിർത്തിവെയ്‌ക്കേണ്ടിവന്നു. ബദൽ വ്യോമപാതയിലൂടെ സഞ്ചരിക്കേണ്ടിവരുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ചിലവേറിയ കാര്യമാണ്. സർവ്വീസുകളെല്ലാമിപ്പേൾ സങ്കീർണമായിരിക്കുകയുമാണ്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam